22 November 2024, Friday
KSFE Galaxy Chits Banner 2

Related news

August 26, 2024
December 26, 2023
October 21, 2023
May 18, 2023
January 31, 2023
January 20, 2023
January 1, 2023
December 3, 2022
November 11, 2022
September 22, 2022

കേന്ദ്ര ബജറ്റിനെ ഭയന്ന് തൊഴിലുറപ്പ് തൊഴിലാളികൾ

Janayugom Webdesk
January 1, 2023 4:45 am

വീണ്ടും ഒരു കേന്ദ്ര ബജറ്റ് വരികയാണ്. കഴിഞ്ഞ എട്ടു വർഷത്തിലധികമായി രാജ്യം ഭരിക്കുന്ന ബിജെപിസര്‍ക്കാര്‍ കോർപറേറ്റുകളെ വാനോളം ഉയര്‍ത്തുന്ന സാമ്പത്തിക പരിഷ്കാരങ്ങളാണ് നടത്തിവരുന്നത്. തൊഴിലാളികൾക്കും അന്നം നല്കുന്ന കർഷകർക്കും അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങൾക്കും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനോ അവരെ സംരക്ഷിക്കുന്നതിനോ ഫലപ്രദമായ യാതൊരുവിധ പദ്ധതിയും ബജറ്റിൽ ഉൾപ്പെടുത്താറില്ല. സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയിൽ ദാരിദ്ര്യ ലഘൂകരണം ലക്ഷ്യമിട്ട് നിരവധി പദ്ധതികളാണ് നടപ്പിലാക്കിയത്. പക്ഷേ പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ അവയൊന്നും പാവപ്പെട്ട മനുഷ്യരുടെ ദാരിദ്ര്യം ലഘൂകരിക്കുന്നതിന് ഉതകിയില്ല. മാത്രമല്ല, അനുവദിച്ച തുക ബഹുഭൂരിപക്ഷവും ഉദ്യോഗസ്ഥരുടെയും ഇടനിലക്കാരുടെയും കൈകളിൽ എത്തിച്ചേരുന്ന സാഹചര്യമാണുണ്ടായത്. ഐആര്‍ഡിപി, എന്‍ആര്‍ഇപി തുടങ്ങിയ പദ്ധതികളെല്ലാം വമ്പിച്ച പരാജയമായിരുന്നു. കോൺഗ്രസ്ഭരണകാലത്ത് അർജുൻ സിങ് ഗുപ്ത ചെയർമാനായി രൂപീകരിച്ച കമ്മിഷൻ രാജ്യത്തെ 70 ശതമാനം ജനങ്ങളുടെയും ശരാശരി ദൈനംദിന വരുമാനം 20 രൂപയിൽ താഴെയാണെന്ന് കണ്ടെത്തിയിരുന്നു. ആ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് സിപിഐ അടക്കമുള്ള ഇടതുപക്ഷത്തിന്റെ പിന്തുണയോടെ അധികാരത്തിൽ വന്ന ഒന്നാം യുപിഎ സര്‍ക്കാര്‍ പൊതുമിനിമം പരിപാടിയില്‍ നിര്‍ദ്ദേശിച്ച ദേശീയ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയത്. 2005 സെപ്റ്റംബർ ഏഴാം തീയതി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിലവിൽ വന്നു.

ഗ്രാമീണ ഇന്ത്യയിലെ ഒരു കുടുംബത്തിന് ഒരു സാമ്പത്തിക വർഷം 100 ദിവസത്തെ തൊഴിൽ ഉറപ്പുനല്‍കുന്ന ഈ പദ്ധതി രാജ്യത്തെ കോടാനുകോടി ജനങ്ങളുടെ ഉപജീവനമായി മാറുകയായിരുന്നു. ഗ്രാമപഞ്ചായത്തിൽ അപേക്ഷ നല്കിയാൽ 14 ദിവസത്തിനകം തൊഴിൽ നല്കണമെന്നും ഏഴ് മുതൽ 14 ദിവസത്തിനുള്ളിൽ വേതനം തൊഴിലെടുത്തവരുടെ ബാങ്ക് അക്കൗണ്ടിൽ എത്തണമെന്നും നിയമം അനുശാസിക്കുന്നു. തൊഴിലാളിക്ക് അവരുടെ താമസ സ്ഥലത്തിന് അഞ്ച് കിലോമീറ്ററിനുള്ളിൽ ജോലി നല്കണമെന്നും അതിൽ കൂടുതൽ ദൂരത്താണെങ്കില്‍‍ 10 ശതമാനം തുക യാത്രാബത്തയായി നല്കണമെന്നും നിയമത്തിൽ പറയുന്നുണ്ട്. തൊഴിലാളികൾ ഉപയോഗിക്കുന്ന പണിയായുധത്തിന് ദിവസം 10 രൂപ വരെ വാടകയായി നല്കാമെന്നും വ്യവസ്ഥ ചെയ്യുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ സാമൂഹിക തൊഴിൽദാന പദ്ധതിയായി ലോക ബാങ്ക് വിലയിരുത്തിയ ഈ പദ്ധതിയെ വികലമാക്കി നിർത്തലാക്കുവാൻ പരിശ്രമിച്ചു വരികയാണ് മോഡി സര്‍ക്കാര്‍. ഓരോ ബജറ്റിലും പദ്ധതിക്ക് ആവശ്യമായ തുക വകയിരുത്തുന്നതിന് സര്‍ക്കാര്‍ വിമുഖത കാണിക്കുകയാണ്. നിലവിൽ ഒമ്പത് കോടി കുടുംബങ്ങളിൽ നിന്നായി 15,63,00,000 പേര്‍ തൊഴിലെടുക്കുന്ന ഈ മേഖലയിൽ എല്ലാ കുടുംബത്തിനും 100 ദിവസത്തെ തൊഴിൽ നല്കണമെങ്കിൽ 1,75,000 കോടിയിലധികം രൂപ ആവശ്യമായി വരും. 2021–22 സാമ്പത്തിക വർഷം 50 ദിവസത്തെ ശരാശരി തൊഴിൽ ദിനങ്ങൾ നല്കിയപ്പോൾ 1,17,000 കോടി രൂപയാണ് വിതരണം ചെയ്തത്. എന്നാൽ 2022 — 23 സാമ്പത്തിക വർഷം കേന്ദ്ര ബജറ്റിൽ പദ്ധതിക്ക് വകയിരുത്തിയത് 73,000 കോടി മാത്രമാണ്.


ഇതുകൂടി വായിക്കൂ: ഉപഭോക്താക്കള്‍ രാജാക്കന്മാരല്ലാതാകുമ്പോള്‍


ഈ സാമ്പത്തിക വർഷം എല്ലാ സംസ്ഥാനങ്ങളിലും വേതനത്തിൽ പത്ത് മുതൽ 22 രൂപയുടെ വരെ വർധന ഉണ്ടാവുകയും ചെയ്തു. ഇതനുസരിച്ച് 50 ദിവസത്തെ തൊഴിൽ നല്കണമെങ്കിലും 1,35,000 കോടിയിൽ അധികം ആവശ്യമായിരുന്നു. ഈ വർഷം എട്ടുമാസം പിന്നിട്ടപ്പോൾ തന്നെ അനുവദിച്ച മുഴുവൻ തുകയും ചെലവഴിച്ചു കഴിഞ്ഞുവെന്ന് മാത്രമല്ല രണ്ടുമാസത്തെ വേതനം കുടിശികയുമാണ്. ബജറ്റിൽ കൂടുതൽ തുക വകയിരുത്താതെ മുന്നോട്ടുപോകുന്നതിന് വളഞ്ഞവഴി സര്‍ക്കാര്‍ അവലംബിച്ചു. ഒന്ന് ആയുധ വാടക (ഷാർപ്പനിങ് ചാർജ്) ഒഴിവാക്കിക്കൊണ്ട് 2022 ജൂൺ 14 ന് ഉത്തരവിറക്കി. ഇതിലൂടെ ഏകദേശം 125 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ പ്രതിദിനം ലാഭപ്പെടുത്തി. 2022 ജൂലൈ 18 ന് ഇറക്കിയ കേന്ദ്ര ഗ്രാമ വികസന വകുപ്പിന്റെ ഉത്തരവിലൂടെ ഗ്രാമപഞ്ചായത്തുകളുടെ മസ്റ്റര്‍റോളുകളുടെ എണ്ണം 20 ആയി പരിമിതപ്പെടുത്തി. തൊഴിൽദിനങ്ങളുടെ എണ്ണം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യമായിരുന്നു ഇതിന് പിന്നില്‍. എന്‍ആര്‍ഇജി വർക്കേഴ്സ് ഫെഡറേഷന്റെ അടക്കം നേതൃത്വത്തിൽ നടന്ന സമരങ്ങളെത്തുടര്‍ന്ന് കേരളത്തില്‍ മസ്റ്റര്‍ റോളുകളുടെ എണ്ണം 50 ആയി വർധിപ്പിച്ചു. എന്നാൽ മറ്റൊരു സംസ്ഥാനത്തും ഈ തീരുമാനം നടപ്പിലാക്കിയിട്ടില്ല. കഴിഞ്ഞ സാമ്പത്തിക വർഷം 50 ദിവസത്തെ ശരാശരി ദിനങ്ങൾ മാത്രമാണ് നല്കിയതെങ്കിൽ ഈ വർഷം അതിൽ താഴെ മാത്രമായിരിക്കും ലഭിക്കുക. നൂറു ദിവസത്തെ തൊഴിലെന്ന നിയമത്തെ സര്‍ക്കാര്‍ പരിഗണിക്കുന്നേയില്ല. സമയബന്ധിതമായി തൊഴിലാളികൾക്ക് തൊഴിലും വേതനവും ലഭിക്കുന്നില്ല.

ഈ രംഗത്ത് മിനിമം കൂലി നല്കണമെന്നും തൊഴിൽ ദിനങ്ങൾ വർധിപ്പിക്കണമെന്നും ഇഎസ്ഐ അടക്കമുള്ള ക്ഷേമ പദ്ധതികൾ തൊഴിലാളികൾക്ക് നല്കണമെന്നുമുള്ള നീണ്ടനാളത്തെ തൊഴിലാളികളുടെ ആവശ്യം സര്‍ക്കാര്‍ അവഗണിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ സമീപനത്തിൽ പ്രതിഷേധിച്ചുകൊണ്ടും അടുത്ത ബജറ്റിൽ പദ്ധതിക്ക് മതിയായ തുക വകയിരുത്തുക, തൊഴിൽദിനങ്ങളുടെ എണ്ണം 200 ആയി ഉയർത്തുക, ഇഎസ്ഐ ആനുകൂല്യം നല്കുക, അപകട ഇൻഷുറൻസ് തുക 25000 ത്തിൽ നിന്ന് അഞ്ച് ലക്ഷമായി വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ജനുവരി 20ന് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ആയിരക്കണക്കിന് തൊഴിലുറപ്പ് തൊഴിലാളികൾ ഡൽഹിയിൽ പാർലമെന്റ് മാർച്ചും ധര്‍ണയും നടത്തും.\ ഈ സമരത്തിന്റെ പ്രചരണാർത്ഥം കേരളത്തിൽ തിരുവനന്തപുരം മുതൽ എറണാകുളം വരെയും മഞ്ചേശ്വരം മുതൽ തൃശൂർ വരെയും രണ്ടു പ്രക്ഷോഭ ജാഥകൾ പര്യടനം നടത്തും. രണ്ടു ജാഥകളും ജനുവരി രണ്ടിന് ആരംഭിക്കും. തെക്കൻ മേഖലാ ജാഥ തിരുവനന്തപുരത്ത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വടക്കൻ മേഖലാ ജാഥ മഞ്ചേശ്വരത്ത് എഐടിയുസി ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രനും ഉദ്ഘാടനം ചെയ്യും. വടക്കൻ മേഖലാ ജാഥയുടെ ക്യാപ്റ്റൻ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ അനിമോനും തെക്കൻ മേഖല ജാഥയുടെ ക്യാപ്റ്റൻ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ചെങ്ങറ സുരേന്ദ്രനുമാണ്. (ലേഖകന്‍ എന്‍ആര്‍ഇജി വർക്കേഴ്സ് ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറിയാണ്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.