24 April 2025, Thursday
KSFE Galaxy Chits Banner 2

Related news

March 11, 2025
February 16, 2025
February 15, 2025
January 18, 2025
December 26, 2024
December 26, 2024
December 15, 2024
December 13, 2024
November 25, 2024
November 23, 2024

മൂന്ന് പതിറ്റാണ്ടിന്റെ ഇടതുപക്ഷ ഉറപ്പ്

ചില്ലോഗ് തോമസ് അച്ചുത്
November 6, 2024 4:45 am

ചേലക്കരക്കാർ എന്നും ചേർത്തുപിടിച്ചിട്ടേയുള്ളൂ ഇടതുമുന്നണിയെ, ഇനിയും അങ്ങനെതന്നെ ചെയ്യുമെന്നാണവരുടെ ഉറപ്പ്. ഇത് മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി യു ആർ പ്രദീപിന്റെ ആത്മവിശ്വാസമാണ്. ആ വിശ്വാസം തന്നെയാണ് ആഹാരവും വിശ്രമവും ഉപേക്ഷിച്ച് ജനങ്ങളിലേക്കിറങ്ങാൻ സ്ഥാനാര്‍ത്ഥിയെ പ്രേരിപ്പിക്കുന്നത്. ജനങ്ങളുടെ ആവശ്യങ്ങളും നാടിന്റെ വികസനവും തന്നെയാണ് എൽഡിഎഫ് മുന്നോട്ടുവയ്ക്കുന്നത്. മൂന്ന് പതിറ്റാണ്ടിന്റെ ഉറപ്പിന്മേൽ തന്റെ രണ്ടാമൂഴം തേടുന്ന യു ആർ പ്രദീപ് പര്യടനത്തിനിടെ സംസാരിക്കുന്നു.
ചേലക്കരയിൽ മത്സരം ശക്തമെന്ന് പറയപ്പെടുന്നു. വിജയമുറപ്പിക്കുന്നതിനായി എന്തെല്ലാം ശ്രമങ്ങളാണ് നടത്തുന്നത്?
1996 മുതൽ ഇടതുപക്ഷത്തെ ചേർത്തുപിടിച്ചിട്ടുള്ള മണ്ഡലമാണിത്. വികസനം മാത്രമാണ് എല്‍ഡിഎഫ് മുന്നോട്ടുവച്ചിട്ടുള്ളത്. അതിൽ ജനങ്ങൾക്ക് പൂർണ വിശ്വാസമായതിനാലാണ് ഇവിടെ വിജയം സമ്മാനിക്കുന്നത്. അപ്പുറത്ത് ആരാണെന്നത് എൽഡിഎഫിന് വിഷയമല്ല. പ്രതിപക്ഷത്തെ കുറച്ചുകാണുകയല്ല, നാടിന് വികസനം കൊണ്ടുവന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ചേലക്കരക്കാർ കൈവിടില്ല എന്ന വിശ്വാസമാണ്. ഞങ്ങൾ നടത്തിയ പ്രവർത്തനം ജനങ്ങൾക്ക് മുന്നിൽ വച്ച്, നൽകിയ വാഗ്ദാനങ്ങൾ പാലിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
1996 മുതൽ മികച്ച രീതിയിലുള്ള അടിസ്ഥാന സൗകര്യ വികസനമാണ് നടന്നിട്ടുള്ളത്. ഇനിയും എന്താണ് ചേലക്കരയിലെ ജനങ്ങൾക്കായി ചെയ്യാനുള്ളത്?
ഇടതുമുന്നണി സമർപ്പിച്ചിട്ടുള്ള പ്രകടന പത്രികയിലെ വാഗ്ദാനങ്ങളെല്ലാം സർക്കാർ സഹായത്തോടെ നടപ്പിലാക്കുന്നതിനുള്ള പരിശ്രമങ്ങൾ നടത്തും. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയനുസരിച്ച് ഏറ്റക്കുറവുകളുണ്ടാകാം. എന്നാലും വാഗ്ദാനങ്ങളെല്ലാം പാലിക്കും.
ചേലക്കരയിലെ ടൂറിസം സാധ്യതയെ കുറിച്ച് ?
2016ലെ ഇടതുപക്ഷ സർക്കാർ റെസ്പോൺസിബിൾ ടൂറിസവുമായി ബന്ധപ്പെട്ട് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിരുന്നു. ഇപ്പോഴത്തെ തുടര്‍ സർക്കാരിന്റെ കാലത്ത് രാധേട്ടൻ (കെ രാധാകൃഷ്ണന്‍) മന്ത്രിയായപ്പോൾ ഈ മാസ്റ്റർ പ്ലാനിനെ സംബന്ധിച്ച് കൂടുതൽ പഠിക്കുകയും വിശദമായ പദ്ധതി തയ്യാറാക്കുകയും ചെയ്തു. കുത്താമ്പുള്ളി, വില്വാദ്രി ക്ഷേത്രം, മുള്ളൂർക്കര ഡാം, ചെറുതുരുത്തി തടയണ, കലാമണ്ഡലം എന്നിവയെ കോർത്തിണക്കിയാണ് റെസ്പോൺസിബിൾ ടൂറിസം നടപ്പിലാക്കുക. കുത്താമ്പുള്ളിയിലെ ഭക്ഷണം, വസ്ത്രം തുടങ്ങി പുറമേനിന്നു വരുന്നവർക്ക് ദിവസം മുഴുവൻ സന്തോഷപ്രദമായി ചെലവഴിച്ച് കൈനിറയെ സാധനങ്ങളുമായി തിരികെപ്പോകാനുമുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുക.
വെടിക്കെട്ടിന് കേന്ദ്ര ഏജൻസിയായ പെസോ നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. ചേലക്കരയിലെ അന്തിമഹാകാളൻകാവിലെ ഉത്സവവും വെടിക്കെട്ടും ഇതിനിടെ ചർച്ചയായിരുന്നു. ഈ വിഷയങ്ങളെ കുറിച്ച് ?
പൂരം വേണ്ട, ആഘോഷം വേണ്ട എന്ന അഭിപ്രായം ഇടതുപക്ഷത്തിനില്ല. സമൂഹത്തിന്റെ കൂട്ടായ്മ നിലനിർത്താൻ ഇത്തരം ആഘോഷങ്ങൾ വേണം. മാധ്യമങ്ങൾ പറയുന്നത് വെടിക്കെട്ടിന്റെ കാര്യത്തിൽ കാര്യമായി ഇടപെടല്‍ നടന്നില്ല എന്നാണ്. യഥാർത്ഥത്തിൽ കേന്ദ്ര ഏജൻസിയായ പെസോയുടെ നിയമത്തിലാണ് ഭേദഗതികൾ വരുത്തേണ്ടത്. അഡ്ജസ്റ്റ്മെന്റുകൾ നടത്തിയ പുറ്റിങ്ങൽ അപകടത്തിൽ ഒരു കോൺഗ്രസ് നേതാവ് വെട്ടിലായത് നമുക്കെല്ലാം ഒരു പാഠമാണ്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇതേവിഷയം ഉന്നയിച്ചായിരുന്നു എതിർകക്ഷികൾ പ്രചാരണം നടത്തിയത്. എല്ലാ രാഷ്ട്രീയ പാർട്ടികളും കമ്മിറ്റിയിലുണ്ടായിരിക്കെയായിരുന്നു സംസ്ഥാന സർക്കാരിനുനേരെയുള്ള പഴിചാരൽ. കഴിഞ്ഞ ദിവസമുണ്ടായ നീലേശ്വരം അപകടത്തിൽ നാല് പേർ മരിക്കുകയും നിരവധി പേർ പരിക്കേറ്റ് ചികിത്സയിലുമാണ്. ഇത്തരം സംഭവങ്ങൾ ഉദ്യോഗസ്ഥരിൽ ഭയമുണ്ടാക്കുന്ന സാഹചര്യവുമുണ്ട്. അതിനാൽ കേന്ദ്ര നിയമത്തിൽ ഭേദഗതികൾ വരുത്തിയാൽ അതനുസരിച്ച് പൂരങ്ങളും വെടിക്കെട്ടും ആഘോഷങ്ങളും നന്നായി നടക്കും. അല്ലാതെ സംസ്ഥാന സർക്കാരിന്റെ തലയിൽ ഈ പ്രശ്നം വച്ചുകെട്ടുന്നത് അധിക കാലം നീണ്ടുനിൽക്കില്ല.
കാർഷിക മേഖലയെ ശക്തിപ്പെടുത്താനുള്ള പദ്ധതികള്‍?
രാജ്യത്തിന് മാതൃകയായ ഇടപെടലുകളാണ് കേരളത്തിന്റെ കാർഷിക മേഖലയിൽ നടക്കുന്നത്. കേന്ദ്ര സർക്കാർ തരാനുള്ള കുടിശിക തീർത്തു തരാത്തത് സംസ്ഥാന സർക്കാരിനെ ശ്വാസംമുട്ടിക്കുകയാണ്. അതിനിടയിൽ പിടിച്ചുനിന്നാണ് സംസ്ഥാന സർക്കാർ ഇവിടെ പദ്ധതികൾ നടപ്പിലാക്കുന്നത്. വന്യജീവി ആക്രമണത്തെ സംബന്ധിച്ചുള്ള കേന്ദ്രനിയമങ്ങളിൽ ഭേദഗതികൾ വരുത്തേണ്ട സമയം അതിക്രമിച്ചു. ആരും കേന്ദ്രത്തിന്റെ നിയമങ്ങൾക്കെതിരെ അധികം സംസാരിക്കുന്നില്ല. കേന്ദ്ര നിയമത്തിൽ ഭേദഗതികൾ ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും നിരന്തരം പ്രമേയം പാസാക്കി അയച്ചുകൊണ്ടേയിരിക്കുകയാണ്. 2016ൽ എംഎൽഎ ആയിരുന്ന കാലത്ത് ഞാനും പ്രമേയം പാസാക്കുന്നതിനായുള്ള ചർച്ചകളിൽ പങ്കെടുത്തിരുന്നു. കഴിഞ്ഞ സഭയിലുൾപ്പെടെ ഈ ആവശ്യമുന്നയിച്ചിട്ടും ഒരു ചെറുവിരൽപോലുമനക്കാൻ കേന്ദ്രം തയ്യാറായിട്ടില്ല. പിന്നെങ്ങനെയാണ് കർഷകർ രക്ഷപ്പെടുക.
പൊതുപ്രവർത്തനത്തില്‍ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണ?
ചെറുപ്പം മുതലേ സംഘടനാപ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്നവരാണ് ഞങ്ങൾ. “രാത്രി ഏറെ വൈകിയാണ് അച്ഛൻ വരിക, രാവിലെ നേരത്തെ പോകും” ഈ രീതികളുമായി കുട്ടികളൊക്കെ പൊരുത്തപ്പെട്ടുകഴിഞ്ഞു. ഇടതുപക്ഷ പ്രവർത്തകനെന്ന നിലയ്ക്ക് നാടിനുവേണ്ടി നാടിനൊപ്പം നിൽക്കുകയാണ്.
പ്രതീക്ഷിക്കുന്ന ഭൂരിപക്ഷം?
അസംബ്ലി തെരഞ്ഞെടുപ്പുകളിൽ എക്കാലവും ചേലക്കര, എൽഡിഎഫ് സ്ഥാനാർത്ഥികളെ ചേർത്തുപിടിച്ചിട്ടേയുള്ളൂ. ഇത്തവണയും നല്ല ഭൂരിപക്ഷത്തോടെ തന്നെ ചേലക്കരയിലെ ജനങ്ങൾ ഇടതുമുന്നണിയെ വിജയിപ്പിക്കും, സംശയമില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.