പി ടി തോമസിന്റെ നിര്യാണത്തോടെ ഒഴിവുവന്ന തൃക്കാക്കര നിയമസഭാ സീറ്റ് ലക്ഷ്യമിട്ട് സ്ഥാനാർത്ഥിത്വമോഹികളുടെ നീണ്ട നിര. ഓരോരുത്തർക്കും വേണ്ടി വാദങ്ങളുമായി അനുയായികളും രംഗത്തിറങ്ങിയതോടെ കോൺഗ്രസിനുള്ളില്‍ കടിപിടി.
കെപിസിസി ഭാരവാഹികളായ വിടി ബൽറാം, ജെയ്സൺ ജോസഫ്, അബ്ദുൽ മുത്തലിബ്, ദീപ്തി മേരി വർഗീസ്, മുൻ കൊച്ചി മേയർ ടോണി ചമ്മിണി, മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ജെബി മേത്തർ ഹിഷാം, മുൻ മന്ത്രി ഡൊമിനിക് പ്രസന്റേഷൻ, ഡിസിസി സെക്രട്ടറി ഷെറിൻ വർഗീസ് തുടങ്ങി ഉമ്മൻ ചാണ്ടിയുടെ പുത്രി അച്ചു ഉമ്മൻ വരെയുള്ളവരുടെ പേരുകളുമായി അനുയായികൾ കളത്തിൽ നിറഞ്ഞിട്ടുണ്ട്. കെപിസിസി ജന. സെക്രട്ടറിയും കൊച്ചി കോർപ്പറേഷൻ കൗൺസിലറുമായ ദീപ്തി മേരി വർഗീസ് ഒഴികെ എല്ലാവരും എ ഗ്രൂപ്പുകാർ തന്നെയാണ്. ദീപ്തിയുടെ ചായ് വ് എഐസിസി ജന. സെക്രട്ടറി കെ സി വേണുഗോപാലന്റെ പക്ഷത്തോടാണ്.
പി ടി തോമസ് എ ഗ്രൂപ്പുകാരനായിരുന്നെങ്കിലും ഇടക്കാലത്ത് ഗ്രൂപ്പിനോട് അകലം പാലിച്ചിരുന്നു. അത് അവസരമാക്കിയെടുക്കാനാണ് വേണുഗോപാലിലൂടെ ദീപ്തിയുടെ ശ്രമം. പിടി തോമസിന്റെ വിയോഗം മൂലമുണ്ടായ വിടവ് നികത്താൻ കെപിസിസി വൈസ് പ്രസിഡണ്ട് വിടി ബൽറാമിനെ സ്ഥാനാർത്ഥിയാക്കണമെന്നാണ് ഒരുവിഭാഗത്തിന്റെ നിർബന്ധം. എന്നാല്‍ പുറത്തു നിന്ന് ഒരാളെ കെട്ടിയിറക്കേണ്ടതില്ലെന്നാണ് ടോണി ചമ്മണിക്കും ഡൊമിനിക് പ്രസന്റേഷനും ദീപ്തിക്കും വേണ്ടി വാദിക്കുന്നവരുടെ നിലപാട്. ലതിക സുഭാഷിനു പകരക്കാരിയായി വന്ന ജെബി മേത്തർ ഹിഷാമിനായും ശക്തമായ വിഭാഗം രംഗത്തുണ്ട്. മുൻ കെപിസിസി പ്രസിഡണ്ടും എംഎൽഎയുമായിരുന്ന ടി ഒ ബാവയുടെ ചെറുമകളും കെപിസിസി സെക്രട്ടറിമാരിലൊരാളുമായ ജെബി മേത്തർ ഹിഷാമിന്റെ നിയമനം അടുത്ത കാലത്ത് ഹൈക്കമാൻറിൽ നിന്നു നേരിട്ടായിരുന്നു. കെപിസിസി പ്രസിഡണ്ട് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ചുമതലയേറ്റശേഷം സംസ്ഥാനത്ത് നടക്കാൻ പോകുന്ന ആദ്യ തെരഞ്ഞെടുപ്പായതുകൊണ്ട് സിറ്റിംഗ് സീറ്റായ തൃക്കാക്കര ഇരുവർക്കും വലിയ വെല്ലുവിളിയാണ്.
English Summary: Thrikkakara: Group A with claims
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.