18 December 2024, Wednesday
KSFE Galaxy Chits Banner 2

‘തുവലില്ലാപക്ഷികൾ’ ലഹരിക്കെതിരെ ഒരുണർത്തുപാട്ട്

വി അനിലാൽ
December 15, 2024 7:45 am

ലഹരിക്കെതിരെ കൊല്ലം വടക്കേവിള എസ് എൻ വി ലൈബ്രറി അവതരിപ്പിക്കുന്ന നാടകം ‘തുവലില്ലാപക്ഷികൾ’ പ്രേക്ഷക ഹൃദയം കയ്യടക്കുന്നു. ലഹരിയിൽ എരിയുന്ന കൗമാരം. കൊച്ചു കുട്ടികളും പെൺകുട്ടികളും വരെ അതിൽ പുകയുന്ന കാലം. കാടുകളിലല്ല, നമ്മുടെ ചുറ്റുവട്ടത്തെ നാട്ടിടവഴികളിലാണ് ഇന്ന് ലഹരി പൂക്കുന്നത്. കുരുന്നു കൈകളിൽ മിഠായികൾക്ക് പകരം മയക്കു പൊതികൾ വന്നു ചേരുന്നത് ആരും അറിയുന്നില്ല, പെട്ടിക്കടകൾ മുതൽ സമൂഹ മാധ്യമങ്ങൾ വരെ അതിന്റെ ഒളിയിടങ്ങളാണ്.

റോഡരുകുകളിൽ, സ്കൂൾവഴികളിൽ, കാമ്പസുകളിൽ കൂട്ടുചേരലുകളിലൊക്കെ ലഹരിയുടെ ഇടത്താവളങ്ങൾ പതിയിരിക്കുന്നു. സഹപാഠിയൊ കൂട്ടുകാരനൊ, അയൽക്കാരനൊ ബന്ധുവൊ ഒക്കെ ലഹരിയുടെ ഏജന്റുമാരായി നമ്മുടെ മക്കളെ കെണിയിലാക്കുന്നു. നോക്കൂ… നമ്മുടെ മക്കൾ എവിടെ പോകുന്നു… ആരെയെല്ലാം കാണുന്നു… അതിലാവണം നാം ജാഗ്രതപ്പെടേണ്ടത് അവരുടെ സ്വപ്നങ്ങളുടെ നിറക്കൂട്ടുകൾ നഷ്ടമാകാതിരിക്കാൻ, അവരെ നിങ്ങളിൽ നിന്ന് അപഹരിക്കാതിരിക്കാൻ യാതൊന്നിനും കീഴ്പ്പെടാതിരിക്കാൻ മക്കളെ ചേർത്ത് നിർത്തേണ്ടതുണ്ട്. വിവര സാങ്കേതിക വിദ്യയും കൃത്രിമബുദ്ധിയും മനുഷ്യമസ്തിഷ്കത്തെ നിയന്ത്രിക്കുന്ന ഈ കാലഘട്ടത്തിലും ലഹരി വ്യാപനത്തിനെതിരെ ഫലപ്രദമായ പ്രതിരോധം തീർക്കാൻ നമുക്ക് കഴിയുന്നില്ല എന്നോർക്കണം ഇവിടെയാണ് ‘തൂവലില്ലാ പക്ഷികൾ ’ എന്ന നാടകം പ്രസക്ത മാക്കുന്നത്.

ഒരു പൊതുമാർക്കറ്റാണ് നാടകത്തിന്റെ രംഗപടം. നിത്യവും അവിടെ വന്നു പോകുന്ന സന്ദർശകരുടേയും അമ്മമാരുടേയും വീടുകളിൽ നടക്കുന്ന കഥകളിലാണു് ഈ നാടകം പറയുന്നത്, മീൻ കച്ചവടക്കാരി കത്രീന, മകൻ എബിൻ, പച്ചക്കറി കടക്കാരനായ അബൂബേക്കർ, പ്രധാന അധ്യാപകൻ പ്രഭാകരൻ സാർ, മകൻ അഖിൽ നിത്യവും വന്നു പോകുന്ന ശങ്കർ എന്ന തമിഴൻ, സ്ത്രൈണ സ്വഭാവമുള്ള ഡാൻസ് മാസ്റ്റർ മനോജ് മണി, സ്ഥലം സിഐയുമൊക്കെ ഈ നാടകത്തെ ഫലപ്രാപ്തിയിലെത്തിച്ച കഥാപാത്രങ്ങളാണ് പൂജയുടേയും മന്ത്രവാദത്തിന്റെയും ആളാണ് ശങ്കർ കത്രീനയുടെയും അബൂബേക്കറിന്റെയും സഹായി. ആ അടുപ്പത്തിലുടെ അയാൾ എബിനേയും അഖിലിനേയും ലഹരിവില്പനയുടെ ഏജന്റുമാരാക്കുന്നു, ഒരു പോലീസ് റെയ്ഡിൽ എബിനും. അഖിലും പിടിക്കപ്പെടുന്നു. പ്രതികളുമായി മാർക്കറ്റിലെത്തുന്ന പൊലീസ്, ശങ്കറാണ് ഇതിന്റെ പിന്നിലെന്ന് കണ്ടെത്തുന്നു. അബൂബേക്കർ ഉൾപ്പെടെയുള്ള കച്ചവടക്കാർ ശങ്കറെ കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നു. പ്രതികളുമായി പോലീസ് രംഗം വിടുന്ന തോടെ നാടകത്തിന് തിരശീല വീഴുന്നു.

അണിയറ ശില്പികളും കഥാപാത്രങ്ങളും: നാടക രചന, ഗാനം, സംവിധാനം:രാജുവിഭീഷണൻ, കത്രീന — സവിതാ ബിനു (കൊല്ലം കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്ലണ്‍) അബൂബേക്കർ — ആകർഷ് എ കൃഷ്ണ ( ഹയർ സെക്കന്ററി തലത്തിൽ നാടകത്തിന് സംസ്ഥാന അവാർഡ് ജേതാവ്, ഇപ്പോൾ ടിടിസി വിദ്യാർത്ഥി), അഖിൽ (സ്വാലിഹ് ) ഹയർ സെക്കന്ററി തലത്തിൽ നാടകത്തിന് സംസ്ഥാന അവാർഡ് ജേതാവ് എൻജിനീയറിങ് വിദ്യാർത്ഥി, അഖിൽ, നന്ദു ( വിദ്യാർത്ഥികൾ) സർക്കിൾ ഇൻസ്പെക്ടർ — ജയകൃഷ്ണൻ (സീരിയൽ നടൻ, സ്പ്പോർട്സ് കൗൺസിൽ അംഗം) സംഗീത സംവിധാനം- സജി വിനായകം ( സംഗീത സംവിധായകൻ രവീന്ദ്രൻ മാഷിന്റെ സഹോദരപുത്രൻ ) ഗായകർ- വിജയ് രവി, വൈഷ്ണവി, സാങ്കേതിക സഹായം-ഉദയകുമാരി, അവതരണം ‑എസ് എൻ വി ലൈബ്രറി കൊല്ലം തെക്കേവിള.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.