ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയ പരിധി നിശ്ചയിച്ച സുപ്രീം കോടതി വിധി നിയമയുദ്ധത്തിന് വഴിവയ്ക്കുന്നു. വിധി പുറപ്പെടുവിച്ച സുപ്രീം കോടതി ഒരു ഭാഗത്തുനില്‍ക്കേ കേന്ദ്രവും ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകളും അണിനിരക്കുന്ന നിയമയുദ്ധത്തിനാണ് വേദിയൊരുങ്ങുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. കേന്ദ്രം ഹര്‍ജി നല്‍കിയാല്‍ വിവിധ സംസ്ഥാന സര്‍ക്കാരുകളും വിധി നിലനിര്‍ത്തുന്നതിനുള്ള നിയമയുദ്ധത്തിന്റെ ഭാഗമാകും. ഫലത്തില്‍ ത്രിമുഖ നിയമ പോരാട്ടത്തിനാണ് സാധ്യത തെളിയുന്നത്. കേന്ദ്രവാദങ്ങൾ പരിഗണിക്കപ്പെട്ടില്ലെന്നും സമയപരിധി നിശ്ചയിച്ചത് പുനഃപരിശോധിക്കണമെന്നുമാണ് സർക്കാരിന്റെ നിലപാട്. വിധി പുറപ്പെടുവിച്ച ജസ്റ്റിസുമാരായ ജെ ബി പർഡിവാല, ആർ മഹാദേവൻ എന്നിവരുടെ ബെഞ്ചിന് മുമ്പാകെയാകും കേന്ദ്ര സര്‍ക്കാര്‍ ഹര്‍ജി നൽകുക.
പരമാവധി മൂന്ന് മാസമാണ് ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർക്കും സുപ്രീം കോടതി അനുവദിച്ചത്. രാഷ്ട്രപതിക്കും സമ്പൂർണ വീറ്റോ അധികാരം ഇല്ലെന്നും പിടിച്ചുവയ്ക്കുന്ന ബില്ലുകളിൽ വ്യക്തമായ കാരണം വേണമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രപതി അനുമതി നിഷേധിച്ചാൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയിൽ ചോദ്യംചെയ്യാമെന്നും കോടതി ഉത്തരവിട്ടു. തുടര്‍ന്ന് ചരിത്രത്തില്‍ ആദ്യമായി രാഷ്ട്രപതിയോ ഗവര്‍ണറോ ഒപ്പുവയ്ക്കാതെ തമിഴ്‌നാട്ടില്‍ 10 നിയമങ്ങള്‍ പ്രാബല്യത്തിലായിരുന്നു.
അതേസമയം ഇത്തരമൊരു സമയപരിധി ഭരണഘടനയില്‍ പോലും നിഷ്‌കര്‍ഷിച്ചിട്ടില്ലെന്ന വാദം ഉയര്‍ത്താനാണ് കേന്ദ്ര ആലോചന. ഭരണഘടനയില്‍ ഭേദഗതി കൊണ്ടുവരാനുള്ള അധികാരം പാര്‍ലമെന്റിന് മാത്രമാണ്. പാര്‍ലമെന്റിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് സുപ്രീം കോടതി വിധിയെന്നും കേന്ദ്രം വാദിക്കും.
അതേസമയം കേന്ദ്രസര്‍ക്കാര്‍ ഫണ്ട് തടഞ്ഞുവച്ചിരിക്കുന്ന വിഷയത്തില്‍ കേന്ദ്രത്തിനെതിരെ തമിഴ്‌നാട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കും. സമഗ്ര ശിക്ഷാ അഭിയാന്‍ പദ്ധതിയിലെ 2,152 കോടി നല്‍കണമെന്നാണ് ആവശ്യം. ഇക്കാര്യത്തില്‍ നിയമോപദേശം ലഭിച്ചതായി തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കി. ഫണ്ടിനെ പിഎം ശ്രീയുമായി ബന്ധിപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും തമിഴ്‌നാട് വാദിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.