27 April 2024, Saturday

ടി എം കൃഷ്ണ, ജാസി ഗിഫ്റ്റ്, ആർ എൽ വി രാമകൃഷ്ണൻ

കുരീപ്പുഴ ശ്രീകുമാർ
വര്‍ത്തമാനം
March 28, 2024 4:49 am

ഈ തെരഞ്ഞെടുപ്പ് കാലത്ത് കലാകാരൻമാർക്കെതിരെയുള്ള അവഹേളനശ്രമങ്ങൾ വർധിച്ചു വരുന്നുണ്ട്. ഒന്നു ശ്രദ്ധിച്ചാൽ ഈ സാംസ്കാരിക കയ്യേറ്റങ്ങളെല്ലാം ഉണ്ടായിട്ടുള്ളത് സവർണതയെ താലോലിക്കുന്നവരിൽ നിന്നാണ് എന്നുകാണാം. ഈ പരാക്രമങ്ങൾ കഴിഞ്ഞ നൂറ്റാണ്ടിൽ അവസാനിച്ചു എന്നാണ് നമ്മൾ കരുതിയിരുന്നത്. എന്നാൽ മരിച്ചെന്നു കരുതിയിരുന്ന പ്ലേഗിന്റെ അണുക്കൾ കഴിഞ്ഞ നൂറ്റാണ്ടിൽത്തന്നെ ഗുജറാത്തിൽ പ്രത്യക്ഷപ്പെട്ട് നിരവധി മനുഷ്യരെ കൊന്നൊടുക്കിയിരുന്നല്ലോ. നവോത്ഥാന പരിശ്രമങ്ങൾ കേരളത്തെ ശുദ്ധമാക്കിയെന്നു കരുതിയവർക്ക് തെറ്റി. ആ രോഗാണുക്കൾ പലരുടേയും മനസിലുണ്ട്. അതാണ് ആർ എൽ വി രാമകൃഷ്ണനെതിരെ വർഷിക്കപ്പെട്ടത്. ആരാണ് ആർ എൽ വി രാമകൃഷ്ണൻ? തൃപ്പൂണിത്തുറയിലെ രാധാലക്ഷ്മി വിലാസം (ആർ എൽ വി) കോളജ് എന്ന സംഗീതത്തിന്റെയും മറ്റു സുകുമാര കലകളുടെയും പാഠശാലയിൽ നിന്നും പരിശീലനം നേടിയ പ്രതിഭാശാലി. ‘ചിന്ന ചിന്ന ആസെെ’ എന്ന തമിഴ് സിനിമാപ്പാട്ടിലൂടെ പ്രസിദ്ധയായ മിൻമിനിയും മറ്റും ഈ കലാശാലയിൽ നിന്നും പരിശീലനം നേടിയ കലാകാരിയാണ്. നാട്ടിപ്പാട്ടുകളുടെ ഈറ്റില്ലത്തിൽ പിറന്ന രാമകൃഷ്ണൻ, മോഹിനിയാട്ടം തുടങ്ങിയ നൃത്തരൂപങ്ങളിൽ കലാമണ്ഡലത്തിൽ ഗവേഷണം നടത്തുകയും ഡോക്ടറേറ്റ് നേടുകയും ചെയ്ത സമർത്ഥനാണ്.
കലാമണ്ഡലം ജൂനിയർ സത്യഭാമ അദ്ദേഹത്തെ ഉന്നംവച്ച് നടത്തിയ പരാമർശങ്ങൾ ദ്രാവിഡനീതികളോടുള്ള ചോദ്യം ചെയ്യലായിപ്പോയി. വെളുത്തവരുടെ ഹുങ്ക് ദക്ഷിണാഫ്രിക്കയിൽ പോലും അടിയറവ് പറഞ്ഞിട്ടും അതിന്റെ ദുർഗന്ധം കേരളത്തിൽ നിലനിൽക്കുകയാണ്. കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഈ വർണവിവേചനത്തെ എതിർത്തെങ്കിലും അപൂർവം ചിലർ അതിനെ ന്യായീകരിക്കുന്നുണ്ട്. ഹിന്ദുമത തീവ്രവാദികളുടെ രാഷ്ട്രീയ മുഖമായ ബിജെപിയിൽ അംഗത്വം എടുത്തിട്ടുള്ളവരാണ് ആക്ഷേപിച്ചത് എന്നുള്ളത് ആ രാഷ്ട്രീയ ബോധത്തിന്റെ തലച്ചോറ് എന്താണെന്ന് വെളിപ്പെടുത്തുന്നുണ്ട്.

 


ഇതുകൂടി വായിക്കൂ: ഡ്യൂപ്ലിക്കേറ്റ് സത്യഭാമയും ബിജെപിയുടെ അലക്ക് യന്ത്രവും


കേരളത്തെ വേദനിപ്പിച്ച മറ്റൊരു പെരുമാറ്റം ജാസിഗിഫ്റ്റ് എന്ന ഗായകനില്‍ നിന്നും മൈക്ക് തട്ടിയെടുത്തതാണ്. സൗദി അറേബ്യയിൽ ഗാനമേളയ്ക്ക് പോയ മലയാളത്തിന്റെ ഒരു പ്രിയഗായകനോട്, പക്കമേളമൊന്നുമില്ലാതെ ഒറ്റയ്ക്ക് പാടണമെന്ന് മതപൊലീസ് നിർദേശിച്ചത് പോലെയായിപ്പോയി അത്. അന്ന് ആ ഗായകൻ പാട്ടുപാടാതെ മടങ്ങുകയായിരുന്നു. സൗദി അറേബ്യയിൽ മതപൊലീസിന്റെ ആധിപത്യം അവസാനിച്ചിട്ടും കേരളത്തിൽ ആ സമീപനം തുടരുകയാണ്.
കുസാറ്റിൽ ഉണ്ടായ ദുരന്തം കേരളത്തെ ഒന്നടങ്കം വേദനിപ്പിച്ചതായിരുന്നു. ആ ദുരന്തം ആവർത്തിക്കാതിരിക്കാനുള്ള കരുതൽ സംഗീതത്തെ നിരോധിക്കുകയെന്നുള്ളതല്ല. ജാസി ഗിഫ്റ്റിന്റെ പാട്ട് യുവതയിൽ സമുദ്രതരംഗങ്ങൾ ഉണ്ടാക്കുമെന്നത് നേരാണ്. ഉടലിനെ സ്വതന്ത്രമാക്കാനുള്ള അവകാശം മനുഷ്യർക്കുണ്ട്. അത് അനുവദിക്കുന്നതിന് പകരം മൈക്ക് പിടിച്ചുവാങ്ങി ജാസിയെ അപമാനിച്ചത് കേരളത്തെ അപമാനിച്ചതിന് തുല്യമായിപ്പോയി.
കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജിലെ പ്രധാനാധ്യാപികയിൽ നിന്നും ജാസിയെ ആദരിച്ചുകൊണ്ടുള്ള ഒരു വിശദീകരണം പിന്നീട് വന്നെങ്കിലും ഉണ്ടായ വേദന അവശേഷിക്കുകയാണല്ലോ. അങ്ങനെയൊരു സമീപനം പോലും മഹാകവിയുടെ കലാസ്ഥാപനത്തിൽ കയറിയിറങ്ങിയ നൃത്താധ്യാപികയിൽ നിന്നും ഉണ്ടായില്ല. ഇപ്പോൾ നിലവിലുള്ള കലാവിരുദ്ധകരിനിയമങ്ങൾ ഒഴിവാക്കാൻ സർവകലാശാലകളും ശ്രദ്ധിക്കേണ്ടതാണ്. ടി എം കൃഷ്ണയ്ക്ക് നേരെ ഉണ്ടായത് നഗ്നമായ സവർണാക്രമണമാണ്. തന്തൈ പെരിയാറിനെക്കുറിച്ച് പാടുകയും പറയുകയും ചെയ്യുന്ന കൃഷ്ണയ്ക്ക് സംഗീതകലാനിധി എന്ന ബിരുദം നൽകരുതെന്നാണ് ഭരണഘടനാവിരുദ്ധരായ സവർണസംസ്കാരക്കാരുടെ ആവശ്യം. വൈക്കം സത്യഗ്രഹത്തിന് നേതൃത്വം കൊടുത്ത പെരിയാർ ഇ വി രാമസ്വാമിയെക്കുറിച്ചുള്ള കൃതികൾ പോലെതന്നെ നാരായണഗുരുവിന്റെ കൃതികളും അസാധാരണഭംഗിയോടെ ആലപിച്ച ടി എം കൃഷ്ണയെയും കേരളീയർക്ക് ഇഷ്ടമാണ്. അരികുവല്‍ക്കരിക്കപ്പെട്ടവർക്കുവേണ്ടി അദ്ദേഹം നടത്തുന്ന പ്രവർത്തനങ്ങൾ അഭിവാദ്യങ്ങളോടെയാണ് ലോകം ശ്രദ്ധിക്കുന്നത്. തമിഴ്‌നാട്ടിലെ ഭരണകൂടം ഗായകനോടൊപ്പം ഉണ്ടെന്നത് ആശ്വാസകരമാണ്. ഈ മൂന്നു സംഭവങ്ങളും ജാഗ്രതയുടെ സാംസ്കാരിക ആയുധങ്ങൾ കൈവെടിയാൻ സമയമായിട്ടില്ലെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.