15 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 4, 2024
September 14, 2024
August 22, 2024
March 7, 2024
March 3, 2024
February 26, 2024
February 26, 2024
February 22, 2024
February 22, 2024
February 21, 2024

യുപിയില്‍ ബിജെപിയെ തോല്പിക്കാന്‍ കര്‍ഷകരുടെ ‘മിഷന്‍ യുപി’

Janayugom Webdesk
ന്യൂഡൽഹി
January 16, 2022 10:14 pm

ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ അടിവേരിളക്കാന്‍ തയ്യാറെടുത്ത് കര്‍ഷകര്‍ രംഗത്തിറങ്ങുന്നു. 2017 ൽ സംസ്ഥാനത്ത് 403 അംഗ നിയമസഭയിൽ 312 സീറ്റുകൾ നേടിയാണ് ബിജെപി വൻ വിജയത്തിലെത്തിയത്. സഖ്യകക്ഷികൾക്ക് 14 സീറ്റുകളും ലഭിച്ചു. എൻഡിഎ സഖ്യം ഏകദേശം 42 ശതമാനം വോട്ട് വിഹിതവും നേടി. എന്നാൽ ഇത്തവണ ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സഖ്യത്തിന് മാന്ത്രിക സംഖ്യയായ 202 മറികടക്കുക എളുപ്പമല്ലെന്ന് സാഹചര്യങ്ങൾ വെളിപ്പെടുത്തുന്നു. പാർട്ടിയിൽ നിന്നും മന്ത്രിസഭയിൽ നിന്നുമുള്ള കൂട്ടരാജിക്കിടെയാണ് ബിജെപിക്കെതിരെ ‘മിഷൻ യുപി’ പുനരാരംഭിക്കുമെന്ന് സംയുക്ത കിസാൻ മോർച്ചയുടെ പ്രഖ്യാപനം. ഡിസംബർ 11 ന് കർഷക പ്രക്ഷോഭം പിൻവലിച്ചതിന് അടിസ്ഥാനമായ വാഗ്ദാനങ്ങളൊന്നും മോഡി സർക്കാർ നടപ്പാക്കാത്തതിൽ നിരാശയും രോഷവും പ്രകടിപ്പിച്ചാണ് മിഷൻ യുപി നടപ്പാക്കുന്നത്.

പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ കണ്ട അതേ മാതൃകയിലാണ് ഇത് നടക്കുകയെന്നും ബിജെപിയുടെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ വോട്ട് ചെയ്യാൻ ജനങ്ങളോട് ആവശ്യപ്പെടുമെന്നും സിംഘു അതിർത്തിയിൽ നടന്ന യോഗത്തിന് ശേഷം എസ്‍കെഎം അംഗം ഡോ. ദർശൻ പാൽ പറഞ്ഞതായി ദ വയർ റിപ്പോർട്ട് ചെയ്തു. നിരപരാധികളായ നാല് കർഷകരെ ഇടിച്ചുവീഴ്ത്തി കൊലപ്പെടുത്തിയ ലഖിംപുർ ഖേരിയിൽ 21 ന് മിഷൻ യുപി ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അജയ് മിശ്ര മോഡി സർക്കാരിൽ മന്ത്രിയായി തുടരുകയാണ്. കർഷക പ്രതിഷേധത്തിൽ പങ്കെടുത്ത കർഷകർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ ഡൽഹി, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ പിൻവലിച്ചിട്ടില്ല. ഹരിയാനയിലും ചില കടലാസുപണികൾ ഒഴികെ വ്യക്തമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. ഇതിനെതിരെ രാകേഷ് ടികായത്തിന്റെ നേതൃത്വത്തിൽ 31 ന് രാജ്യത്തുടനീളം വഞ്ചന ദിനം ആചരിക്കാനും ജില്ലാ-ബ്ലോക്ക് തലങ്ങളിൽ വലിയ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കാനും എസ്‍കെഎം തീരുമാനിച്ചിട്ടുണ്ട്.

2017 ൽ സമാജ്‍വാദി പാർട്ടി-കോൺഗ്രസ് സഖ്യം വെറും 54 സീറ്റുകളാണ് നേടിയത്. വോട്ട് വിഹിതം 28 ശതമാനമായിരുന്നു. ബഹുജൻ സമാജ് പാർട്ടിക്ക് 22 ശതമാനം വോട്ട് കിട്ടിയെങ്കിലും 19 സീറ്റുകൾ മാത്രമാണ് നേടാനായത്. 42 ശതമാനം വോട്ട് നേടിയ ബിജെപിയുടെ വിജയം സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയതായിരുന്നു. കണക്കുകളുടെ അടിസ്ഥാനത്തിൽ ബിഎസ്‌പി-എസ്‍പി സഖ്യം വോട്ട് വിഹിതത്തിൽ ബിജെപിയെക്കാൾ മുന്നിലാണ്. എന്നാൽ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഈ രണ്ട് എതിരാളികളും ഒരുമിച്ചിട്ടും പരാജയപ്പെട്ടു. ഇത്തവണ വെവ്വേറെ പോരാടാൻ പോകുന്നു. എങ്കിലും സമകാലിക ചിത്രം ബിജെപിക്കും ബിഎസ്‍പിക്കും അടിത്തറ നഷ്ടപ്പെടുന്നുവെന്നതാണ്. എസ്‍പിയുടെ നേതൃത്വത്തിലുള്ള സഖ്യം കൂടുതൽ നേട്ടമുണ്ടാക്കുകയും ചെയ്യുന്നു.

അടിയൊഴുക്കുകള്‍ ശക്തം

ഒരാഴ്ചക്കിടെ മൂന്ന് മന്ത്രിമാരാണ് ബിജെപി വിട്ടത്. മൊത്തം ഒരു ഡസനോളം എംഎൽഎമാർ. മുൻ മന്ത്രിയും ഒബിസി നേതാവുമായ സ്വാമി പ്രസാദ് മൗര്യയാണ് ബിജെപിയിൽ നിന്നുള്ള കൊഴിഞ്ഞുപോക്കിന് തുടക്കം കുറിച്ചത്. ബിജെപി സർക്കാർ പിന്നാക്ക വിഭാഗങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് മൗര്യ രാജി വച്ച് സമാജ്‍വാദി പാർട്ടിയിൽ ചേർന്നത്. മറ്റൊരു മന്ത്രി ധരം സിങ് സൈനിയും സമാജ്‍വാദി പാർട്ടിയിൽ ചേർന്നു. പിന്നാലെ രാജിവച്ച ബിജെപി എംഎൽഎ ദാരാ സിങ് ചൗഹാനും സഖ്യകക്ഷിയായ അപ്നാദൾപാർട്ടി എംഎൽഎ ആർ കെ വർമയും ഇന്നലെ സമാജ്‍വാദി പാർട്ടിയിൽ ചേർന്നു. പശ്ചിമ യുപിയിൽ കർഷകർ കടുത്ത അമർഷത്തിലാണ്, രൂക്ഷമായ തൊഴിലില്ലായ്മ, വിലക്കയറ്റം, കോവിഡ് മഹാമാരി തെറ്റായി കൈകാര്യം ചെയ്യൽ എന്നിവയിൽ വ്യാപകമായ അതൃപ്തിയുണ്ട്. ന്യൂനപക്ഷങ്ങൾ, പിന്നാക്ക ജാതികൾ, ദളിതർ തുടങ്ങിയവരോടുള്ള അവഗണന എന്നിവ മൂലം ബിജെപിയുടെ വോട്ട് വിഹിതത്തിൽ കുറഞ്ഞത് അഞ്ച് ശതമാനം നഷ്ടപ്പെട്ടേക്കാമെന്നാണ് വിലയിരുത്തൽ.

eng­lish sum­ma­ry; To defeat BJP in UP Farm­ers’ ‘Mis­sion UP’

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.