താരസംഘടനേയും മലയാള സിനിമ മേഖലയെ തന്നെ പിടിച്ച് കുലുക്കുന്ന തരത്തിൽ സംഭവ വികാസങ്ങൾ അരങ്ങേറിയപ്പോളും ഏറെ പ്രതീക്ഷകൾ നൽകി ഓണം റീലീസായി തീയേറ്ററുകളിലെത്തിയ ചിത്രങ്ങൾക്ക് മികച്ച കളക്ഷൻ റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടുകളടക്കമുള്ള പ്രതിസന്ധികളിലും തിയേറ്ററുകളിലെത്തിയ ചിത്രങ്ങളെ പ്രേക്ഷകർ ചേർത്തുപിടിച്ചു എന്നു തന്നെയാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഓണത്തിന് പുറത്തിറങ്ങിയ ചിത്രങ്ങളിൽ പ്രധാനമായും എആർഎം, കിഷ്കിന്ധാകാണ്ഡം എന്നിവയാണ് കളക്ഷനിലും മുന്നിൽ. ടൊവിനോ നായകനായെത്തിയ എആർഎം 100 കോടി ക്ലബ് പിന്നിട്ടപ്പോൾ ആസിഫലിയുടെ അഭിനയ മേഖലയിൽ തന്നെ പുതിയൊരു തലത്തിലേക്കെത്തിച്ച കിഷ്കിന്ധാ കാണ്ഡം 57 കോടിയലധികം പിന്നിട്ടിരിക്കുന്നതായയാണ് പുറത്ത് വരുന്ന വിവരങ്ങൾ. ഒടിടിയിലെത്തിയ ചിത്രങ്ങളും വലിയ സ്വീകാര്യതയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.
ഹോളിവുഡ്, കോളിവുഡ്, ബോളിവുഡ് ചിത്രങ്ങളുടെ ശ്രേണിയിലേക്ക് ആഗോള ക്ലബിലേക്ക് മലയാള സിനിമയും ഉയരുന്ന കാഴ്ച മലയാള സിനിമയെ സ്നേഹിക്കുന്നവരെ സന്തോഷത്തിലാഴ്ത്തുന്നു. 2016ന് ശേഷം വീണ്ടും മലയാള സിനിമ ആഗോള ബോക്സ് ഓഫീസിൽ 100 കോടി ക്ലബിൽ വളരെ വേഗത്തിൽ ഇടം നേടിയിരിക്കുകയാണ്, ജിതിൻ ലാലിന്റെ സംവിധാനത്തിൽ ടൊവിനോ ട്രിപ്പിൾ റോളിലെത്തിയ എആർഎം (അജയന്റെ രണ്ടാം മോഷണം). കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ചിത്രം 100 കോടി പിന്നിട്ടതായി വിവരങ്ങൾ പുറത്ത് വിട്ടത്. ഇതോടെ ആഗോള ബോക്സ് ഓഫിസിൽ 100 കോടി ക്ലബ്ബ് ചിത്രങ്ങളിൽ ഇടം നേടിയ താരം എന്ന നിലയിലേക്ക് ടൊവിനോയുടെ താരമൂല്യവും ഉയർന്നു. നിലവിൽ മലയാളത്തിൽ രണ്ട് പേർക്ക് മാത്രമായി ഈ നേട്ടം മാറി. 2016ൽ പുലിമുരുകൻ എന്ന ചിത്രത്തിലൂടെ മോഹൻലാൽ ആണ് മലയാളത്തിൽ 100 കോടി ക്ലബ്ബലേക്കെത്തുന്നത്. തുടർന്ന് 2019ലും മോഹൻലാൽ നായകനായ ലൂസിഫറും 100 കോടി ക്ലബ്ബിലെത്തിയിരുന്നു. പ്രളയ പശ്ചാത്തലം മുൻ നിർത്തി 2023ൽ തിയേറ്ററുകളിലെത്തിയ 2018 ആഗോള ബോക്സോഫീസിൽ 177 കോടി നേടിയെങ്കിലും മലയാളത്തിലെ പ്രമുഖ നായക നിര തന്നെ ചിത്രത്തിലുണ്ടായതിനാൽ ഒരു നായകനുമാത്രമായി താരമൂല്യം ഉയർത്താൻ കഴിഞ്ഞില്ല.
സൗബിൻ ഷാഹിർ പ്രധാന വേഷത്തിലെത്തിയ മഞ്ഞുമ്മൽ ബോയ്സ്, പൃഥ്വിരാജ് സുകുമാരന്റെ ആടുജീവിതം, ഫഹദ് ഫാസിലിന്റെ ആവേശം, നസ്ലെന്റെ പ്രേമലു എന്നീ ചിത്രങ്ങളെല്ലാം 100 കോടി ക്ലബിലെത്തിയിട്ടുണ്ട്. എന്നാൽ ഇവയെല്ലാം ക്ലബിലെത്താൻ കുറേ സമയമെടുത്തിട്ടുണ്ട്. അതേ സമയം പുലിമുരുകൻ, ഓണം റീലിസായെത്തിയ എആർഎം ചിത്രങ്ങൾ 100 കോടി ക്ലബിലെത്തിയത് വളരെ വേഗത്തിലായിരുന്നു. മോഹൻലാലിന് ശേഷം ടൊവിനോയും അപൂർവ നേട്ടത്തിനും അർഹനായത് തന്നെയാണ് ഏറ്റവും പുതിയ ബോക്സ് ഓഫിസ് ചർച്ചക്ക് വഴിയൊരുക്കിയിരിക്കുന്നത്. ഇതോടൊപ്പം പ്രതീക്ഷകൾക്കപ്പുറം ഹിറ്റായിരിക്കുകയാണ് ആസിഫ് അലി നായകനായ ചിത്രം കിഷ്‍കിന്ധാ കാണ്ഡം. ചിത്രം 50 കോടി ക്ലബിലെത്തിയെന്നത് വൻ നേട്ടമായിട്ടാണ് സിനിമ അനലിസ്റ്റുകൾ വിലയിരുത്തുന്നത്. നിലവിൽ ആഗോളതലത്തിൽ 57 കോടി പിന്നിട്ട ചിത്രം 75 കോടി എന്ന മാർക്കറ്റും തുടർന്ന് 100 കോടിയുമാണ് ലക്ഷ്യം വയ്ക്കുന്നതെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. വിദേശത്ത് 21.6 കോടിയലധികം രൂപ കളക്ഷൻ നേടിയിട്ടുണ്ട്. 50 ലക്ഷത്തിൽ താഴെ മാത്രം റീലിസ് ദിവസത്തിൽ ലഭിച്ച ചിത്രം പിന്നീട് പ്രേക്ഷക ചർച്ച നേടുകയും കൂടുതൽ തീയേറ്ററുകളിലേക്ക് ചിത്രം എത്തുകയും കളക്ഷനിൽ വലിയ വർധവുണ്ടാകുന്നതുമാണ് നാം കണ്ടത്. കിഷ്‍കിന്ധാ കാണ്ഡം സിനിമയുടെ സംവിധാനം നിർവഹിച്ചത് ദിൻജിത്ത് അയ്യത്താനാണ്.
ആസിഫിനൊപ്പം കിഷ്‍കിന്ധാ കാണ്ഡം എന്ന സിനിമയിൽ വിജരാഘവൻ, അപർണ ബാലമുരളി, ജഗദീഷ്, അശോകൻ, ജഗദീഷ്, മേജർ രവി, നിഴൽഗൾ രവി നിഷാൻ, ഷെബിൻ ബെൻസൺ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ചിത്രത്തിലെ വിജരാഘവന്റെ പ്രകടനം ഏറെ ജനശ്രദ്ധ നേടിയിരുന്നു. വൈകാതെ തീയേറ്ററുകളിലെത്താനിരിക്കുന്ന മമ്മൂട്ടി ചിത്രം ബസൂക്ക, മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ്, അദ്ദേഹം നായകനാകുന്ന എമ്പുരാൻ, തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന കഴിഞ്ഞ ദിവസം ടൈറ്റിൽ റിലീസ് ചെയ്ത നസ്ലെൻ നായകനായെത്തുന്ന ആലപ്പുഴ ജിംഖാന, പുഷ്പക വിമാനം ഇവയെല്ലാം വരുന്നാൾ മലയാള സിനിമക്ക് ആഗോള ക്ലബിൽ 100 കോടിയിലെത്തുമെന്ന് പ്രതീക്ഷയുള്ള ചിത്രങ്ങളാണ്.
**********************
നാല് കോടി മുടക്കി രണ്ടിരട്ടി കളക്ഷനിലേക്ക് കുതിച്ച് വാഴ, ഒടിടിയിലും സൂപ്പർ ഹിറ്റ്.
സെപ്റ്റംബർ 23ന് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചത്. നാല് കോടി ചെലവഴിച്ച് നിർമിച്ച ചിത്രം രണ്ടിരട്ടി കളക്ഷനിലേക്ക് കുതിച്ചത് വളരെ വേഗത്തിലായിരുന്നു. എല്ലാത്തരം പ്രേക്ഷകരും ഒരേ മനസോടെ ചിത്രം സ്വീകരിക്കുകയായിരുന്നു. ഹാഷിർ, സാഫ് ബോയ്, ജോമോൻ ജ്യോതിർ, സിജു സണ്ണി, അലൻ, വിനായക്, അജിൻ ജോയ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആനന്ദ് മേനോൻ സംവിധാനം നിർവഹിച്ച ചിത്രമാണ് വാഴ. തീയേറ്ററുകളിൽ റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് കേരളത്തിലെ തിയറ്ററുകളിൽ നിന്ന് നേടിയത് അഞ്ച് കോടി 40 ലക്ഷമായിരുന്നു. ആദ്യ ദിനത്തിൽ ഒരു കോടി 44 ലക്ഷം രൂപയാണ് ചിത്രത്തിന് ലഭിച്ചത്. ജയ ജയ ജയ ജയഹേ, ഗുരുവായൂർ അമ്പലനടയിൽ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ സംവിധായകനായ വിപിൻ ദാസിന്റേതാണ് തിരക്കഥ. ചിത്രം വലിയ വിജയം നേടിയതോടെ (വാഴ 2) രണ്ടാം ഭാഗവും അണിയറക്കാർ പ്രഖ്യാപിച്ചിരുന്നു. സിനിമയുടെ ആദ്യ ഭാഗത്തിലെ പ്രധാന താരങ്ങൾക്കൊപ്പം ഇൻസ്റ്റഗ്രാം താരങ്ങളായ ഹാഷിർ, അലൻ, അജിൻ, വിനായക് എന്നിവരും രണ്ടാം ഭാഗത്തിലുണ്ടാകും. നവാഗതനായ സവിൻ എസ് എ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.