23 November 2024, Saturday
KSFE Galaxy Chits Banner 2

വിദ്യാഭ്യാസ സംവിധാനത്തെ ചോദ്യംചെയ്യുന്ന ദുരന്തം

Janayugom Webdesk
July 30, 2024 5:00 am

ൽഹിയിലെ കരോൾബാഗ് ഓൾഡ് രജീന്ദർനഗർ സിവിൽ സർവീസ് കോച്ചിങ് സെന്റർ ദുരന്തം രാജ്യം ഞെട്ടലോടെയാണ് ശ്രവിച്ചത്. കോച്ചിങ് സെന്ററിന്റെ വായനാമുറിയായി ഉപയോഗിച്ചുവന്ന ഭൂഗർഭനിലയിൽ സമീപത്തുള്ള കാനയുടെ സംരക്ഷണഭിത്തി തകർന്ന് വെള്ളം ഇരച്ചുകയറിയാണ് ദുരന്തം സംഭവിച്ചത്. മുങ്ങിമരിച്ച മൂന്നുപേരിൽ ഒരു മലയാളി വിദ്യാർത്ഥിയും ഉൾപ്പെട്ടുവെന്നത് സംസ്ഥാനത്തിന്റെ ദുഃഖത്തിന് തീവ്രതയേറ്റുന്നു. സാധനങ്ങൾ സൂക്ഷിക്കാൻ മാത്രം അനുമതിയുള്ള ഭൂഗർഭനിലയാണ് ഏറെ പ്രശസ്തമെന്ന് പരസ്യങ്ങൾ ഉദ്ഘോഷിക്കുന്ന കോച്ചിങ് സെന്ററിന്റെ നടത്തിപ്പുകാർ ഭാവിവാഗ്ദാനങ്ങളാവേണ്ട വിദ്യാർത്ഥികൾക്ക് വായനാമുറിയുടെ പേരിൽ കൊലമുറിയാക്കി മാറ്റിയത്. ഏതാനും നാളുകൾക്കുമുമ്പ് മഴയെത്തുടർന്ന് ഇതേ ‘വായനാമുറിയിൽ’ വെള്ളം കയറിയതായി വിവരം പുറത്തുവന്നിട്ടുണ്ട്. എന്നിട്ടും അപകട മുന്നറിയിപ്പുകൾ വകവയ്ക്കാതെ കച്ചവടം പൊടിപൊടിക്കുകയായിരുന്നു. നിരവധി കുട്ടികൾ ഒരേസമയം ഉപയോഗിക്കുന്ന ഭൂഗർഭ വായനാമുറിക്ക് ഒരേയൊരു കവാടം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നുവേണം കരുതാൻ. ഇത് ഏതെങ്കിലും ഒരു പ്രത്യേക സ്ഥാപനത്തിന്റെ മാത്രം പ്രശ്നമായി ചുരുക്കിക്കാണേണ്ടതില്ല. കഴിഞ്ഞവർഷം ഡൽഹിയില്‍ മുഖർജിനഗറിലെ കോച്ചിങ് സെന്ററിലും പേയിങ്ഗസ്റ്റ് സ്ഥാപനത്തിലും തീപിടിത്തത്തെ തുടർന്ന് വിദ്യാർത്ഥികൾ ജനൽവഴി പുറത്തേക്കുചാടി അപകടംനേരിട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അതേത്തുടർന്ന് കോച്ചിങ് സ്ഥാപനങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച മാനദണ്ഡങ്ങൾ കർക്കശമാക്കിയിരുന്നെങ്കിലും അവയെല്ലാം കടലാസിൽ ഒതുങ്ങിയെന്നാണ് ഇപ്പോഴത്തെ സംഭവവികാസം വ്യക്തമാക്കുന്നത്. ഇത് കേവലം കോച്ചിങ് സെന്ററുകളുടെ നടത്തിപ്പ് സംബന്ധിച്ച മാനദണ്ഡങ്ങളുടെയോ അവയുടെ നിർവഹണത്തിലെ കാര്യക്ഷമതയുടെയോ മാത്രം പ്രശ്നമല്ല. ഇപ്പോഴത്തെ ദുരന്തം സംബന്ധിച്ച് രാജ്യസഭയിൽ ഇന്നലെ നടന്ന ഹ്രസ്വ ചർച്ചയിൽ സിപിഐ അംഗം പി സന്തോഷ്‌കുമാർ പറഞ്ഞതനുസരിച്ച് വിവിധ മത്സരപരീക്ഷകൾക്കായി നടത്തുന്ന കോച്ചിങ് സെന്ററുകള്‍ 58,000 കോടി രൂപയെങ്കിലും മൂല്യമുള്ള വ്യവസായത്തിന്റെ മാനം കൈവരിച്ചിരിക്കുന്നു. ഔപചാരിക വിദ്യാഭ്യാസവൃത്തത്തിന് പുറത്ത് ഇത്തരമൊരു വിദ്യാഭ്യാസ വ്യവസായം തഴച്ചുവളരണമെങ്കിൽ നമ്മുടെ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഗുരുതരമായ പോരായ്മകളിലേക്കും കുഴപ്പങ്ങളിലേക്കുമാണ് അത് വിരൽ ചൂണ്ടുന്നത്.

 


ഇതുകൂടി വായിക്കൂ:  നീറ്റിനെ പുറത്താക്കി തമിഴ്‌നാട്: മെ‍ഡിക്കല്‍ പ്രവേശനം പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍


 

രാജ്യസഭയിൽ നടന്ന ചർച്ചയിൽ കേന്ദ്രം ഭരിക്കുന്ന ബിജെപിയും ഡൽഹിയിൽ അധികാരത്തിലിരിക്കുന്ന ആം ആദ്മി പാർട്ടിയും പരസ്പരം പഴിചാരുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. മുനിസിപ്പൽ ഭരണമടക്കം ഡൽഹി ഭരണം പേരിനെങ്കിലും എഎപിയുടെ കണക്കിലാണെങ്കിലും യഥാർത്ഥ കിരീടവും ചെങ്കോലും ഡൽഹി ലെഫ്റ്റനന്റ് ഗവർണറുടെയും അതുവഴി ബിജെപിയുടെ കൈകളിലും ശിരസിലുമാണെന്ന വസ്തുത ആർക്കാണ് അറിയാത്തത്? ഡൽഹി സര്‍ക്കാരിന്റെ ഏതുതരം പ്രവർത്തനങ്ങളെയും ഏത് ഹീനമാർഗവും ഉപയോഗിച്ചും അട്ടിമറിക്കുക മാത്രമാണ് ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും ഏക ദൗത്യം. മകൻ മരിച്ചാലും മരുമകളുടെ കണ്ണീരുകാണണമെന്ന ആ ദുഃശാഠ്യത്തിന്റെ ഇരകളായി മാറുകയാണ് ജനങ്ങൾ. കഴിഞ്ഞ 15വർഷങ്ങളായി ഡൽഹി മുനിസിപ്പൽ ഭരണം കയ്യാളിയിരുന്നത് ബിജെപിയാണ്. എഎപി മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ വിജയിച്ചിട്ട് ഒരു വർഷം പിന്നിടുന്നതേയുള്ളു. തങ്ങളുടെ അഴിമതിനിറഞ്ഞ ദുർഭരണത്തിന്റെ പാപഭാരം എഎപിയുടെ തലയിൽ കെട്ടിയേല്പിക്കാനാണ് ബിജെപി ശ്രമം. ഈ രാഷ്ട്രീയ ചക്കളത്തിപ്പോരിനിടയിൽ നമ്മുടെ വിദ്യാഭ്യാസ മേഖലയെ ബാധിക്കുന്ന കാതലായ പ്രശ്നങ്ങളും അത് സമൂഹത്തിൽ സൃഷ്ടിക്കുന്ന ജീവനാശമടക്കമുള്ള ദുരന്തപരമ്പരകളും ചർച്ചാവിഷയമാക്കാൻ ബന്ധപ്പെട്ടവരെ നിർബന്ധിതമാക്കാൻ ഇത്തരുണത്തിൽ സമൂഹത്തിന് കഴിയണം. സിവിൽ സർവീസ്, വിവിധ വൈദ്യശാസ്ത്ര ശാഖാ പഠനങ്ങൾ, എൻജിനീയറിങ് തുടങ്ങി സമൂഹത്തിൽ പണവും പദവിയും അധികാരവും ഉറപ്പുനൽകുന്ന തൊഴിൽ മേഖലകൾ മുതൽ അധോമണ്ഡലം ഗുമസ്തപ്പണിക്കുവരെയുള്ള മത്സര പരീക്ഷകൾക്ക് എന്തുകൊണ്ടാണ് നമ്മുടെ കുട്ടികൾക്ക് കോച്ചിങ് സെന്ററുകളെ ആശ്രയിക്കേണ്ടിവരുന്നത്? നമ്മുടെ പൊതുവിദ്യാഭ്യാസ സംവിധാനത്തിന് കുട്ടികളെ മത്സരപ്രാപ്തരാക്കാൻ കഴിയില്ലെങ്കിൽ അതുകൊണ്ട് എന്താണ്, ആർക്കാണ് പ്രയോജനം? കോച്ചിങ് സെന്റർ പോലെ ഭാരിച്ച ചെലവേറിയ സംവിധാനങ്ങളെ ആശ്രയിക്കാൻ സാമ്പത്തിക പ്രാപ്തിയില്ലാത്ത മഹാഭൂരിപക്ഷത്തെയും വേർതിരിച്ച് ഒഴിവാക്കാൻ വേണ്ടി ആസൂത്രണം ചെയ്തിട്ടുള്ളതാണോ നമ്മുടെ പൊതുവിദ്യാഭ്യാസം? തൊഴിൽബന്ധിതമല്ലാത്ത വിദ്യാഭ്യാസം പുതുതലമുറകളെ അവരുടെ രക്ഷിതാക്കളുടെ സാമ്പത്തികശേഷിയുടെ അടിസ്ഥാനത്തിൽ കൊടിയ സാമൂഹിക വിവേചനത്തിന്റെ ഇരകളാക്കി മാറ്റുന്നു. രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും ആശയാഭിലാഷങ്ങൾക്ക് വഴങ്ങി കോച്ചിങ് സെന്ററുകളിൽ എത്തി പ്രതീക്ഷയ്ക്കൊത്ത് ഉയരാൻകഴിയാതെ ആത്മഹത്യയിൽ അഭയം തേടുന്ന കുഞ്ഞുങ്ങൾ സമൂഹത്തിനും നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിനും നേരെ ഉയർത്തുന്ന ചോദ്യങ്ങൾ നമുക്ക് എത്രകാലം കണ്ടില്ലെന്ന് നടിക്കാനാവും?

 


ഇതുകൂടി വായിക്കൂ: ജെഇഇ പരീക്ഷയില്‍ ക്രമക്കേട്: വിദ്യാര്‍ത്ഥികളില്‍ നിന്ന് പണം വാങ്ങി പരീക്ഷ നടത്തിയ സ്ഥാപനങ്ങളില്‍ റെയ്ഡ്


പന്ത്രണ്ടുവർഷത്തെ ഹയർസെക്കന്‍ഡറി പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥി പുതിയരീതി അനുസരിച്ച്, മൂന്നോ നാലോവർഷത്തെ ഡിഗ്രി പഠനത്തിന് മറ്റൊരു മത്സരപ്രവേശനപരീക്ഷ എഴുതി തന്റെ യോഗ്യത തെളിയിക്കണമെന്ന് വന്നിരിക്കുന്നു. ബോര്‍ഡ് പരീക്ഷയിലൂടെ പന്ത്രണ്ടാംക്ലാസ് വിജയിക്കുന്ന വിദ്യാർത്ഥിക്ക് ലഭിക്കുന്ന സാക്ഷ്യപത്രം അവര്‍ക്ക് ഉപരിപഠന യോഗ്യത ഉണ്ടോ ഇല്ലയോ എന്നതിന്റെ തെളിവാണ്. ആ സാക്ഷ്യപത്രം അത്രയും വർഷത്തെ കഠിനാധ്വാനം കൊണ്ട് നേടിയെടുക്കുന്ന വിദ്യാർത്ഥി തുടർപഠനത്തിന് മറ്റൊരു മത്സരപരീക്ഷ എഴുതി വിജയിക്കണമെന്ന് നിഷ്കർഷിക്കുന്നത് അതുവരെയുള്ള പഠനനേട്ടങ്ങളെ അപ്പാടെ റദ്ദാക്കുന്നതിന് തുല്യമാണ്. അത് നിലവിലുള്ള ബോര്‍ഡുകളോടും, അവർ നടത്തുന്ന പരീക്ഷകളോടും, നൽകുന്ന സാക്ഷ്യപത്രങ്ങളോടുമുള്ള അവിശ്വാസം രേഖപ്പെടുത്തൽ കൂടിയാണ്. രാജ്യത്ത് നടക്കുന്ന മത്സരപരീക്ഷകൾ ബഹുഭൂരിപക്ഷവും പുനർവിചിന്തനത്തിന് വിധേയമാകണം. കോച്ചിങ് വ്യവസായം നിയന്ത്രിക്കാനും അവർ നടത്തുന്ന വിദ്യാഭ്യാസക്കച്ചവടം നിരീക്ഷണവിധേയമാക്കാനും മാത്രമല്ല, രാജ്യത്തെ വിദ്യാഭ്യാസ സംവിധാനമാകെ പുനഃപരിശോധനാ വിധേയമാക്കാൻ കോച്ചിങ് സെന്റർ ദുരന്തം പ്രേരകമാവണം.

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.