28 May 2024, Tuesday

Related news

May 27, 2024
May 22, 2024
May 17, 2024
May 15, 2024
May 15, 2024
May 10, 2024
May 5, 2024
May 4, 2024
April 27, 2024
April 13, 2024

ആകെ തെളിവ് ‘കുറവര്‍’ എന്ന സമുദായനാമം; ഇല്ലാത്ത കുറ്റത്തിന് ഗോത്രവര്‍ഗക്കാരെ പൊലീസ് വേട്ടയാടുന്നു

Janayugom Webdesk
ചെന്നൈ
September 1, 2021 3:44 pm

കഴിഞ്ഞ മുപ്പത് വര്‍ഷത്തിലേറെയായി തമിഴ്‌നാട് ഭാഗത്തുള്ള ഗോത്ര വിഭാഗക്കാരായ കുറവ വര്‍ഗ്ഗത്തിലുള്ളവര്‍ക്ക് പൊലീസില്‍ നിന്ന് നേരിടേണ്ടി വന്നത് അതിരൂക്ഷമായ അതിക്രമങ്ങളെന്ന് റിപ്പോര്‍ട്ട്. മോഷണം, പിടിച്ചുപറി, ലഹരി മരുന്നിന്റെ കടത്ത് തുടങ്ങിയ എല്ലാ കേസുകളിലും അന്വേഷണമേതും കൂടാതെ ഈ വിഭാഗത്തില്‍പ്പെട്ടവരെ മനപ്പൂര്‍വ്വം പൊലീസ് പ്രതിചേര്‍ക്കുന്നതായി ദി വയര്‍ പുറത്തുവിട്ട വിവരങ്ങള്‍ വ്യക്തമാക്കുന്നു. ഇത്തരത്തില്‍ വ്യാജകേസുകളില്‍പ്പെട്ട് കുറവ വിഭാഗത്തിലുള്ള നിരവധി ജനങ്ങള്‍ ജയില്‍ശിക്ഷ അനുഭവിക്കുന്നതായും വിവിധ ആക്ടിവിസ്റ്റുകള്‍ നടത്തിയ സര്‍വേകളിലും പറയുന്നു. വ്യാജകേസുകളില്‍ പ്രതിചേര്‍ക്കുന്നതിനുപുറമെ ജനങ്ങള്‍ സമര്‍പ്പിക്കുന്ന കേസുകളില്‍ പ്രതിയെ കണ്ടെത്തുന്നതിനും പൊലീസ് കുറവ സമുദായത്തില്‍പ്പെട്ടവരെയാണ് ബലിയാടാക്കുന്നത്. പൊലീസുകാര്‍ രാത്രിതോറും ഈ ആദിവാസി സമൂഹങ്ങള്‍ പാര്‍ക്കുന്ന ഇടങ്ങളില്‍ റെയ്ഡ് നടത്താറുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസ് എന്താണെന്ന് പോലും പറയാതെയാണ് പൊലീസുകാര്‍ ഇവരെ കൊണ്ടുപോകുന്നത്. ചെയ്യാത്തതാണെങ്കില്‍പ്പോലും കുറ്റസമ്മതം നടത്താത്തപക്ഷം കസ്റ്റഡിയില്‍ ക്രൂര പീഡനം നടത്തും, സമുദായത്തില്‍പ്പെട്ട നാഗപ്പന്‍ പറയുന്നു. 45 വയസിനിടയ്ക്ക് 35 ക്രിമിനല്‍ കേസുകളാണ് തമിഴ്‌നാട് പൊലീസ് നാഗപ്പനെതിരെ ചുമത്തിയിട്ടുള്ളത്. 2016ല്‍ മാത്രം കുറവ സമുദായത്തില്‍പ്പെട്ട ഓരോ ആളുകളില്‍ കുറഞ്ഞപക്ഷം അഞ്ച് ക്രിമിനല്‍ കുറ്റകൃത്യങ്ങളെങ്കിലും ചുമത്തപ്പെട്ടിട്ടുള്ളതായി നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ പുറത്തുവിട്ട റിപ്പോര്‍ട്ടുകളിലുമുണ്ട്. 2021 ഫെബ്രുവരിയിലും നാഗപ്പനെ മോഷണക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്തിരുന്നെങ്കിലും അടുത്തിടെ ജാമ്യത്തില്‍ വിട്ടയയ്ച്ചു. ‘കുറവര്‍’ എന്ന സമുദായ നാമം മാത്രമാണ് ഇവരെ അറസ്റ്റ് ചെയ്യുന്നതിനുള്ള ആകെ തെളിവ്.

അതേസമയം ഈ വിഭാഗത്തിലെ സ്ത്രീകളുടെ കാര്യവും വ്യത്യസ്തമല്ല. മയക്കുമരുന്ന് കൈവശം വച്ചുവെന്നാരോപിച്ച് ഗര്‍ഭിണിയായ സ്ത്രീകളെ പോലും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലിരിക്കെ പൊലീസിന്റെ അതിക്രമംമൂലം ഗര്‍ഭം അലസിയതായും പൊലിസിന്റെ ക്രൂരതയ്ക്കിരയായ പളനിയമ്മാള്‍ പറയുന്നു. സ്ത്രീകളെ കസ്റ്റഡിയിലിരിക്കെ ലൈംഗികമായി പീഡിപ്പിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ മുളക് പ്രയോഗം നടത്തുകവരെയും പൊലീസ് ചെയ്തിട്ടുണ്ടെന്നും നാഷണല്‍ കമ്മിഷന്‍ ഫോര്‍ ഷെഡ്യൂള്‍ കാസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

 


കുട്ടികള്‍ക്കുമേലെയും ഇത്തരത്തില്‍ വ്യാജ കേസുകള്‍ ചുമത്താറുണ്ടെന്നാണ് വിവരം. സ്കൂള്‍ ഉപേക്ഷിക്കാന്‍ പൊലീസുകാര്‍ കുട്ടികളെ നിര്‍ബന്ധിച്ച സംഭവങ്ങളുമുള്ളതായി ദി വയറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പട്ടികജാതി പട്ടിക വര്‍ഗ നിയമപ്രകാരമുള്ള സംരക്ഷണങ്ങളെക്കുറിച്ച് ധാരണയില്ലാത്തതിനാല്‍ത്തന്നെ പരാതി ഉന്നയിച്ച് മുന്നോട്ട് വരാന്‍ കഴിയാത്തത് ഇവരുടെ ജീവന്‍ തന്നെ പ്രതിസന്ധിയിലാക്കുകയാണ്.

Eng­lish sum­ma­ry; Trib­al minori­ties were sub­ject­ed to extreme vio­lence by the police
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.