4 March 2024, Monday

സ്വയംഭരണാവകാശത്തിനായുള്ള ആദിവാസി സമരങ്ങൾ

സി ദിവാകരൻ
April 24, 2022 6:00 am

സ്വാതന്ത്ര്യാനന്തര ഭാരതത്തിലും ആദിവാസികളുടെ അവസ്ഥ അത്യന്തം നിർഭാഗ്യകരമാണ്. ഇന്നും ഇന്ത്യയിലെ ആദിവാസികൾ അടിച്ചമർത്തപ്പെട്ടവരായി കഴിയുന്നു. ആ വിഭാഗത്തിന്റെ കരുത്തുറ്റ നേതാവായിരുന്നു അംബേദ്കർ. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഭരണഘടനയ്ക്ക് രൂപം നല്കാൻ നിയോഗിക്കപ്പെട്ട സമിതിയുടെ ചെയർമാനായി എത്തിയ അംബേദ്കർ അടിച്ചമർത്തപ്പെട്ട ദളിത‑പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്ക് പാർലമെന്റിലും നിയമസഭയിലേക്കും കടന്നുവരാനുള്ള അവകാശം ഭരണഘടനയിൽ വ്യക്തമാക്കി. സ്വാതന്ത്യ്രാനന്തരം നിലവിൽവന്ന ഭരണഘടന പ്രകാരം എല്ലാ അധികാരങ്ങളും ജനങ്ങൾക്കായിരിക്കും, ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്നവർ രാജ്യം ഭരിക്കും. ഒരു പൗരന്റെ മൗലികാവകാശങ്ങൾ, സംഘടിക്കാനും സ്വതന്ത്രമായ അഭിപ്രായം രേഖപ്പെടുത്താനും ഇഷ്ടമുള്ള മതവിശ്വാസം വച്ചു പുലർത്താനും തുടങ്ങി അഭിപ്രായ സ്വാതന്ത്യ്രം, സഞ്ചാരസ്വാതന്ത്യ്രം. തങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള അവകാശം തുടങ്ങി ഉത്തമമായ ഒരു ഭരണഘടനയ്ക്ക് ഡോ. അംബേദ്കർ രൂപം നല്കി. പ്രസ്തുത ഭരണഘടനയുടെ ആമുഖപ്രസ്താവന ലോകത്തിന്റെ ആകെ ശ്രദ്ധപിടിച്ചുപറ്റി. ഭരണഘടന വിഭാവനം ചെയ്ത അവകാശങ്ങളും അധികാരങ്ങളും മാത്രമല്ല, നമ്മുടെ രാഷ്ട്രത്തിന്റെ മഹത്തായ ലക്ഷ്യം നേടിയെടുക്കാൻ “സ്വാതന്ത്യ്രത്തിന്റെ 75-ാം അമൃതവർഷം” ആഘോഷിക്കുന്ന ഈ സന്ദർഭത്തിൽ ഇന്ത്യയുടെ സാമൂഹ്യ വ്യവസ്ഥിതിയിലെങ്കിലും എന്തെങ്കിലും മാറ്റം വരുത്താൻ കഴിഞ്ഞിട്ടുണ്ടോയെന്ന സമഗ്രമായ ഒരു പഠനം അനിവാര്യമായിത്തീരുകയാണ്. ഭാരതം കൈവരിച്ച ഭൗതികപുരോഗതിയൊന്നും നിഷേധിക്കാനാവില്ല. എന്നാൽ എന്നും ഉയർപ്പിടിച്ചിരുന്ന മതേതരത്വം വർത്തമാനകാലത്തിന്റെ ഒരു ദിവാസ്വപ്നമായി മാറുന്നു. മതങ്ങളെയും വിശ്വാസങ്ങളെയും ഇന്നത്തെ ഭരണാധികാരികൾ തെരഞ്ഞെടുപ്പു കമ്പോളത്തിലെ ‘കമ്മോഡിറ്റി‘യാക്കി മാറ്റുന്നു. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്യുന്നവർ ഭരണഘടനാ ഘാതകരായി മാറുന്നു. ഈ പശ്ചാത്തലത്തിൽ അവഗണനയുടെയും അടിച്ചമർത്തലുകളുടെയും ആഴങ്ങളിൽ മുങ്ങിത്താഴുന്ന ഒരു വിഭാഗമാണ് ഇന്ത്യയിലെ ദളിതവർഗം. ജീവിതകാലം പൂർണമായും ഇന്ത്യയുടെ ഘോരമായ വനാന്തരങ്ങളിൽ ജീവിക്കുന്ന ആദിവാസികൾ അവർക്ക് അർഹമായ ഭൂമിയിൽ അവകാശം നേടിയെടുക്കാനും തങ്ങളുടെ സ്വയംഭരണാവകാശങ്ങൾ അംഗീകരിച്ചെടുക്കാനും സ്വാതന്ത്ര്യത്തിനുമുമ്പ് ആരംഭിച്ച സമരം ഇന്നും തുടരുന്നു. പ്രസ്തുത ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഈ അടുത്തകാലത്ത് ആരംഭിച്ച “പതൽഗാഡി’ പ്രസ്ഥാനത്തെ കേന്ദ്ര സർക്കാർ അടിച്ചമർത്തുകയായിരുന്നു. സമരത്തിൽ പങ്കെടുത്ത ആദിവാസികളെ ഭീകരപ്രവർത്തകരായും, മാവോവാദികളായും കുറ്റംചാർത്തി ജയിലിലടച്ചു. എന്നിട്ടും ‘പതൽഗാഡി’ പ്രസ്ഥാനം ആദിവാസി മേഖലകളിൽ കാട്ടുതീ പോലെ പടർന്നുപിടിച്ചു. ആദിവാസികൾ പട്ടികജാതി-പട്ടികവർഗം എന്നീ വിഭാഗങ്ങളുടെ അംഗസംഖ്യ 2011‑ലെ സെൻസസ് കണ്ടെത്തിയതിനെക്കാൾ വലിയതാണെന്ന യാഥാർത്ഥ്യം നിഷേധിക്കാനാവില്ല. എന്നാൽ ഇവരും ഇന്ത്യാക്കാരാണെന്നും, അവർക്ക് ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ അനുവദിച്ചുകൊടുക്കാനും സന്നദ്ധമാകുന്നില്ലയെന്ന യാഥാർത്ഥ്യം നമ്മുടെ ജനാധിപത്യത്തിന് തീരാക്കളങ്കമായി മാറുകയാണ്. ഐക്യരാഷ്ട്ര സമിതിയിലെ അംഗമായി തുടരുന്ന ഇന്ത്യ ഈ വിഭാഗങ്ങളെ ഇന്ത്യയുടെ പൗരന്മാരായി പരിഗണിക്കണമെന്ന പ്രമേയം പാസാക്കി.


ഇതുകൂടി വായിക്കാം; ആദിവാസിയെ കൊന്നവരെ എന്തുചെയ്തു?


2007 സെപ്റ്റംബർ 13 ന് വൈകിയാണെങ്കിലും ചരിത്രത്തിലാദ്യമായി ദളിതരും, ആദിവാസികളും ഇന്ത്യാക്കാരാണെന്ന് കേന്ദ്രസർക്കാർ അംഗീകരിച്ചു. എന്നിട്ടും ഭരണാധികാരികൾ ഈ വിഭാഗത്തിന്റെ നേർക്ക് കൊടും ചൂഷണം ഇപ്പോഴും തുടരുന്നു. ആദിവാസികൾ കാടിന്റെ മക്കളാണ്. അവരുടെ ജീവിതത്തിന്റെ താളവും ലയവും കാടിന്റേതാണ്. അവരുടെ ആചാരങ്ങളും, അനുഷ്ഠാനങ്ങളും ജീവിതശൈലിയും പ്രകൃതിയുമായി താദാത്മ്യം പ്രാപിച്ചതാണ്. ആദിവാസികളുടെ പ്രത്യേകത അവർക്കിടയിൽ ജാതി വ്യവസ്ഥിതിയില്ല, വർഗവ്യത്യാസമില്ല എന്നതാണ്. സാമ്പത്തിക അടിസ്ഥാനത്തിൽ അവർക്കിടയിൽ വിവേചനം ഇല്ല. പ്രകൃതിയുമായി അവർ പൊരുത്തപ്പെട്ട് ജീവിക്കുന്നു. സ്വയംഭരണം, വ്യക്തിത്വം എന്നീ കാര്യങ്ങളിൽ ആദിവാസികൾ ഗൗരവമായി ശ്രദ്ധിക്കുന്നു. ആഗോളവൽക്കരണവും കമ്പോളവൽക്കരണവും കാരണം ആദിവാസികൾ സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. പരമ്പരാഗതമായ അവകാശങ്ങളെല്ലാം നിഷേധിക്കപ്പെടുന്ന ഭരണ വ്യവസ്ഥയില്‍ ഈ വിഭാഗം കൂടുതൽ ചൂഷണത്തിനും അടിമത്വത്തിനും വിധേയമായിക്കൊണ്ടിരിക്കുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് കൊണ്ടുവന്ന 1793‑ലെ പെർമനന്റ് സെറ്റിൽമെന്റ് ആക്ട്, 1865‑ൽ നിലവിൽവന്ന ഫോറസ്റ്റ് ആക്ട്’, 1894‑ൽ നിലവിൽവന്ന ലാന്റ് അക്വസിഷൻ ആക്ട് എന്നിവയെല്ലാം ആദിവാസികളുടെ ഭൂമിയിലും, വിഭവങ്ങളിലും അവർക്കുണ്ടായിരുന്ന അവകാശങ്ങളുടെ നേർക്കുള്ള ആക്രമണമായിരുന്നു. ഇത്തരം നിയമങ്ങൾ നടപ്പിലാക്കിയതോടെ ഭുമിയും, അവരുടെ ഭുമിയിലുള്ള വിഭവങ്ങളും നഷ്ടമായി ആദിവാസികൾ ഒറ്റപ്പെട്ടു. വികസനത്തിന്റേയും ദേശീയ താല്പര്യത്തിന്റേയും പേരിൽ ആദിവാസികളുടെ ഭുമി, ഖനികൾ, ജലസംഭരണികൾ, മലകൾ എന്നിവയെല്ലാം സർക്കാർ പിടിച്ചെടുക്കാൻ തുടങ്ങി. സ്വന്തം പാർപ്പിടങ്ങളിൽനിന്ന് 1950 മുതൽ 2022 വരെയുള്ള കാലഘട്ടങ്ങളിൽ 60 ദശലക്ഷം ജനങ്ങൾ കുടിയൊഴിപ്പിക്കപ്പെടുകയുണ്ടായി. വൈദ്യുതിയുല്പാദന കേന്ദ്രം, ഡാമുകൾ, ഖനികൾ, സിമന്റ്, മെറ്റൽ ഫാക്ടറികൾ കൂടാതെ വന്യമൃഗ സങ്കേതങ്ങൾ എന്നീ പദ്ധതികളുടെ അടിസ്ഥാനത്തിലാണ് കുടിയൊഴിപ്പിക്കപ്പെട്ടത്. ഇപ്രകാരം കുടിയൊഴിപ്പിക്കപ്പെട്ടവരിൽ 40 ശതമാനവും ആദിവാസികളായിരുന്നു. ഇവരിൽ 25 ശതമാനം പേർക്കുമാത്രം പുനരധിവാസം ലഭ്യമായി. ശേഷിച്ചവർ ഇന്നും പെരുവഴിയിലാണ്. ആദിവാസി വിഭാഗത്തിന്റെ ഹൃദയസ്പന്ദനമാണ് അവരുടെ സ്വയം ഭരണാവകാശവും സംസ്കാരവും ചരിത്രപാരമ്പര്യവും. മൗലികമായ ഇത്തരം അവകാശങ്ങളെല്ലാം നിരന്തരം നിഷേധിക്കപ്പെടുന്നു. ഈ അവകാശങ്ങൾ ഉന്നയിക്കുന്നവർ കഠിനശിക്ഷകൾക്ക് വിധേയരാകുന്നു. ഭരണഘടനയുടെ “അഞ്ചാം ഷെഡ്യൂൾഡ് ഏരിയാസ്” അടക്കമുള്ള ഭരണഘടനാവകുപ്പുകൾ ഉറപ്പുനൽകുന്ന ആദിവാസികളുടെ സ്വയംഭരണാവകാശം, തങ്ങളുടെ ചരിത്രപാരമ്പര്യങ്ങളും, സംസ്കാരവും, കലകളും ഭാഷയും മാത്രമല്ല, ഭൂമിയിലുള്ള അവകാശം, ഖനികൾ, വനവിഭവങ്ങൾ ഇവയെല്ലാം ഭരണകൂടം അവരില്‍ നിന്ന് പിടിച്ചെടുക്കുന്നു. ഈ നടപടികൾ ചോദ്യംചെയ്യപ്പെട്ടാൽ അവർ തീവ്രവാദികളായി, മാവോയിസ്റ്റുകളായി രാജ്യദ്രോഹികളായി മുദ്രകുത്തപ്പെടുന്നു. ഈ വിധമുള്ള വ്യാജകുറ്റങ്ങൾ ചുമത്തി അവരെ ജയിലിലടയ്ക്കുന്നു, ക്രൂരമാംവിധം പീഡിപ്പിക്കുന്നു. ഒടുവിൽ തടവറകളിൽ ഇവർ കൊല്ലപ്പെടുന്നു. ഇവരെ നിശബ്ദരാക്കുന്നു. ഇവരെക്കുറിച്ചൊന്നും പുറംലോകം അറിയുന്നില്ല. ഇങ്ങനെയൊരു പരിതസ്ഥിതിയില്‍ ഝാർഖണ്ഡ് സംസ്ഥാനത്തിലെ ‘കുന്തി’ ജില്ലയിൽനിന്ന് പൊട്ടിപ്പുറപ്പെട്ട ‘പതൽഗാഡി’ സമരം വളരെവേഗം ഇതരജില്ലകളിൽ പടർന്നുപിടിച്ചു.


ഇതുകൂടി വായിക്കാം; അംബേദ്കര്‍ ജയന്തി; ചിന്തകള്‍ക്കും പോരാട്ടങ്ങള്‍ക്കും പ്രസക്തിയേറുന്നു


തങ്ങളുടെ അവകാശം സ്ഥാപിക്കുന്ന ഒരു ചിഹ്നമായി ‘കല്ല്’ സ്ഥാപിക്കുന്നതാണ് ‘പതൽഗാഡി’ സമരത്തിലൂടെ ആദിവാസികൾ നിർവഹിക്കുന്നത്. ഈ പരിപാടിയിൽ ഗ്രാമങ്ങളിലെ എല്ലാ ആദിവാസികളും പങ്കാളികളാകുന്നു. ‘പതൽഗാഡി’ ആദിവാസി വിഭാഗത്തിന്റെ ഒരു ജനകീയ സമരമായി വളർന്നു. 2017‑ൽ കുന്തി പ്രദേശത്തെ മുണ്ടയിൽ ആദിവാസികളുടെ വിപുലമായ കേന്ദ്രീകരണം നടന്നു. ഭൂമിക്കുവേണ്ടിയുള്ള ആദിവാസികളുടെ ധീരമായ മുന്നേറ്റത്തിന് തുടക്കം കുറിച്ചു. ആദിവാസി മഹാസഭ ഈ സമരം ഏറ്റെടുത്തു. തുടർന്ന് ഭദ്രാഗ്രാമത്തിൽ ആദിവാസികളുടെ ഉജ്ജ്വലമായ റാലി സംഘടിപ്പിച്ചു. ഝാർഖണ്ഡ് സർക്കാർ 2016‑ൽ നിലവിലുണ്ടായിരുന്ന ഭൂനിയമത്തിൽ ഭേദഗതി വരുത്തി ആദിവാസികളുടെ ഭുമി പിടിച്ചെടുക്കാൻ നടപടികൾ ആരംഭിച്ചു. സർക്കാരിന്റെ ഈ നീക്കത്തെ ചെറുക്കാൻ ആദിവാസികൾ നിരന്തരം സമരം നടത്താൻ തീരുമാനിച്ചു. സർക്കാർ കൊണ്ടുവന്ന നിയമത്തെ എതിർത്തുകൊണ്ട് ഝാർഖണ്ഡ് നിയമസഭയിൽ ഭരണ പ്രതിപക്ഷ ഏറ്റുമുട്ടൽ നടന്ന സാഹചര്യത്തിൽ ബില്ല് വോട്ടിനിടാതെ കേവലം മൂന്നു മിനിറ്റുകൾ കൊണ്ട് ആദിവാസികളുടെ ഭുമി പിടിച്ചെടുക്കാനുള്ള നിയമം പാസാക്കി. സർക്കാരിന്റെ ഏകപക്ഷീയമായ നടപടികൾ ആദിവാസികളെ കൂടുതൽ രോഷാകുലരാക്കി. അവർ 200 വില്ലേജുകളിലേക്ക് ‘പതൽഗാഡി’ സമരം വ്യാപിപ്പിച്ചു. ഭൂമി കൈമാറ്റം ചെയ്യാനുള്ള അവകാശം ആദിവാസി കൗൺസിലുകൾക്കാണെന്ന് അവർ പ്രഖ്യാപിച്ചു. അവർ ഗ്രാമസഭകൾ വിളിച്ചുകൂട്ടി. ആദിവാസി കൗൺസിൽ യോഗങ്ങൾ സംഘടിപ്പിച്ചു. ഭരണഘടനാപരമായി ഭൂമിയുടെ അവകാശം തങ്ങൾക്കാണെന്നവർ പ്രഖ്യാപിച്ചു. തങ്ങളുടെ അനുവാദം കൂടാതെ ഈ വില്ലേജുകളിൽ പുറത്തുനിന്ന് ആർക്കും പ്രവേശനം അനുവദിക്കില്ലെന്നും പ്രഖ്യാപിച്ചുകൊണ്ട് ആദിവാസി ഭൂമി സംരക്ഷിക്കാൻ അവർ ശക്തമായ പ്രതിരോധം സൃഷ്ടിച്ചു. ‘പതൽഗാഡി’ സമരം പുതിയ ഘട്ടത്തിലേക്ക് കടന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ എല്ലാ ഉത്തരവുകളും ലംഘിച്ചുകൊണ്ട് ബന്ധപ്പെട്ട സർക്കാരുകളെ ബഹിഷ്കരിക്കാൻ തീരുമാനിച്ചു. വില്ലേജുകളിൽ പ്രവേശിക്കാൻ പ്രത്യേക “ഐഡന്റിറ്റി കാർഡുകൾ’ വിതരണം ആരംഭിച്ചു. ആദിവാസികൾ സ്വന്തം വിദ്യാലയങ്ങൾ സ്ഥാപിച്ചു. ആദിവാസികളുടെ ഭാഷയും, സംസ്കാരവും ആചാരങ്ങളും അടങ്ങുന്ന പാഠ്യപദ്ധതിക്ക് രൂപം നൽകി. ആദിവാസി യുവാക്കളുടെ സന്നദ്ധ സംഘടന രൂപീകരിച്ചു. അവർക്കായി അമ്പും വില്ലും, പച്ചനിറത്തിലുള്ള യൂണിഫോമും നൽകി. അന്യർ ആദിവാസി ഗ്രാമങ്ങളിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞു. അവർ അതിശക്തമായ ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ചു. കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങൾ അമ്പരന്നു. ഈ സമരത്തെ പട്ടാളത്തെ ഉപയോഗിച്ച് അടിച്ചമർത്താൻ സർക്കാർ തീരുമാനിച്ചു. ഇവർ രാജ്യദ്രോഹികളും, തീവ്രവാദികളുമാണെന്ന് സർക്കാർ ചാപ്പകുത്തി. ആദിവാസികൾ തീർത്ത ചെക്ക്പോസ്റ്റുകൾ തകർത്തുകൊണ്ട് അർധ സൈനികവിഭാഗവും പൊലീസും ആദിവാസി ഗ്രാമങ്ങളിൽ കടന്നുകയറി. കൂട്ട അറസ്റ്റും കൊടിയ മർദ്ദനവും നടത്തിയ പൊലീസ് പിടിയിലകപ്പെട്ട ആദിവാസികളെ സമാനതകളില്ലാത്ത വിധം പീഡിപ്പിച്ചു. കുന്തി ഗ്രാമത്തിൽ പൊലീസും അർധസൈനികരും അഴിഞ്ഞാടി. അവർ ആരാധനാലയങ്ങൾ തകർത്തു. സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരകളാക്കി. ആദിവാസി ഗ്രാമങ്ങളിലെല്ലാം പൊലീസിന്റെ തേർവാഴ്ച ആരംഭിച്ചു. ആദിവാസികളും ചെറുത്തുനില്പ് ആരംഭിച്ചു. ‘ഗാഗ്രാ’ ഗ്രാമത്തിൽ കടന്നുകയറാൻ എത്തിയ 500‑ൽ പരം പൊലീസുകാരും 2000‑ത്തിലേറെ ആദിവാസികളും തമ്മിലേറ്റുമുട്ടി. ആ ‘ഗാഗ്രാ’ ഗ്രാമത്തിൽ പൊലീസ് വെടിവയ്പുനടത്തി. നിരവധി ആദിവാസികൾക്ക് വെടിവയ്പ്പിൽ പരിക്കേറ്റു. ഒരാൾ കൊല്ലപ്പെട്ടു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ധീരോദാത്തമായ ഒരു സമരമായി ‘പതൽഗാഡി’ സമരം ചരിത്രത്തിൽ ഇടംനേടി. സുസംഘടിതരായി മുന്നോട്ടുവന്നാൽ ആദിവാസികളുടെ സ്വയം ഭരണാവകാശവും, അവർക്കു നഷ്ടപ്പെട്ട ഭൂമിയും മറ്റ് അവകാശങ്ങളും നേടിയെടുക്കാൻ കഴിയുമെന്ന സന്ദേശമാണ് ‘പതൽഗാഡി’ സമരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.