റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യാ ഗവര്‍ണര്‍ ശക്തികാന്ത് ദാസ്, ജപ്പാന്റെ തലസ്ഥാനമായ ടോക്യോയില്‍ ചേര്‍ന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ഇക്കണോമിക്ക് സ്റ്റഡീസ് എന്ന സ്ഥാപനം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ അടിസ്ഥാനമാക്കി സംഘടിപ്പിച്ച ഒരു ചര്‍ച്ചാ സമ്മേളനത്തില്‍ ചില പരാമര്‍ശങ്ങള്‍ നടത്തി. കോവിഡ് ദുരന്തത്തിനു ശേഷം സമ്പദ്‌വ്യവസ്ഥയുടെ പ്രകടനം മെച്ചപ്പെട്ടാണ് വന്നിട്ടുള്ളതെങ്കിലും പണപ്പെരുപ്പത്തിന്റെ ആവര്‍ത്തനപ്രക്രിയ നിസാരമായ വെല്ലുവിളിയല്ല ഉയര്‍ത്തുന്നതെന്ന് അദ്ദേഹം മനസില്ലാമനസോടെ ഏറ്റുപറഞ്ഞു. സ്വാഭാവികമായും റിസര്‍വ്ബാങ്കിന്റെ പണനയനിര്‍ണയ സമിതി ഈ സാഹചര്യം പരിഗണിച്ചുവരുന്നുമുണ്ട്. അതേയവസരത്തില്‍ പണപ്പെരുപ്പ പ്രതിരോധ നടപടികള്‍ ഒരിക്കല്‍പ്പോലും സമ്പദ്‌വ്യവസ്ഥയില്‍ പണഞെരുക്കത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നതിലേക്ക് നയിക്കാനും പാടില്ല.
ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം മുന്‍ഗണന നല്‍കേണ്ട സാമ്പത്തികവളര്‍ച്ചയ്ക്ക് പണഞെരുക്കം ഒരിക്കലും ഒരു പ്രതിബന്ധമായിക്കൂടാ. വളര്‍ച്ചാനിരക്ക് ലക്ഷ്യത്തിലെത്തുന്നതിന് പണപ്പെരുപ്പം ഒരു പരിധിക്കപ്പുറം കടക്കാതെ നോക്കുകയാണ് കരണീയം. ഭക്ഷ്യധാന്യങ്ങളടക്കമുള്ള നിത്യോപയോഗ വസ്തുക്കളുടെ വിലവര്‍ധന ഒരു പരിധിവിട്ടാല്‍ സാധാരണക്കാര്‍ക്കിടയില്‍ സാമ്പത്തികവളര്‍ച്ചയ്ക്കെതിരായ വികാരം ശക്തമാകും. തന്മൂലം വികസനം തന്നെ താളം തെറ്റുന്നതിലേക്ക് സമ്പദ്‌വ്യവസ്ഥയെ കൊണ്ടെത്തിക്കുകയും ചെയ്യും. ഇതിനര്‍ത്ഥം പണപ്പെരുപ്പത്തിന്റെ നിരക്കും വികസനത്തിന്റെ ലക്ഷ്യവും തമ്മില്‍ എന്തുവില നല്‍കിയും പൊരുത്തപ്പെടുകതന്നെ വേണമെന്നാണ്.
ഉപഭോക്തൃവില സൂചികയെ അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പ നിരക്ക് 2023 സെപ്റ്റംബറില്‍ പിന്നിട്ട മൂന്ന് മാസക്കാലയളവിലേതിനെ അപേക്ഷിച്ച് 5.02 ശതമാനത്തിലെത്തിയിരുന്നു. ഇതിനിടയാക്കിയത് പച്ചക്കറികളുടെ വില നിലവാരം പരിമിതമായതായിരുന്നു. എങ്കിലും ആര്‍ബിഐ നിജപ്പെടുത്തിയ മൊത്ത പണപ്പെരുപ്പ നിരക്കായ നാല് ശതമാനത്തിലേറെയാണ്. അതേ അവസരത്തില്‍ ചില്ലറ പണപ്പെരുപ്പ നിരക്ക് 2023 ഓഗസ്റ്റില്‍ 6.83 ശതമാനം വരെയായിരുന്നു എന്നതും ശ്രദ്ധേയമാണ്.
പണപ്പെരുപ്പ നിരക്ക് നിര്‍ണയിക്കാന്‍ ചുമതലയുള്ള ആര്‍ബിഐ സമിതി, 2022 മേയ് — 2023 ഫെബ്രുവരി കാലയളവിലേക്കുള്ള റിപ്പോ നിരക്കില്‍ 250 പോയിന്റുകള്‍ വര്‍ധനവ് വരുത്തിയിരുന്നു. ഈ നിരക്കില്‍ കഴിഞ്ഞ നാല് കമ്മിറ്റി യോഗങ്ങളും മാറ്റം വരുത്തിയിട്ടുമില്ല. സമിതിയുടെ നിഗമനത്തില്‍ 2023–24ല്‍ ശരാശരി പണപ്പെരുപ്പ നിരക്ക് 2022–23ലെ 6.7 ശതമാനത്തില്‍ നിന്ന് 5.4 ശതമാനത്തിലേക്ക് താഴാന്‍ സാധ്യതയുണ്ട്.
ആഭ്യന്തര രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക മേഖലകളില്‍ ഗുരുതരമായ പ്രതിസന്ധികളൊന്നും കോവിഡിനുശേഷം ഉണ്ടായിട്ടില്ലെന്നതിനാല്‍ത്തന്നെ വന്‍തോതിലുള്ള മലക്കംമറിച്ചിലുകളും ഏറ്റക്കുറച്ചിലുകളും സമ്പദ്‌വ്യവസ്ഥയില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല. വളര്‍ച്ചാനിരക്ക് നിശ്ചിത ‘ട്രാക്കി‘ലൂടെയാണ് മുന്നോട്ടുപോകുന്നതും പണപ്പെരുപ്പം പരിമിതമായി മാത്രമാണ് തുടരുന്നതും എന്നോര്‍ത്ത് അല്പം ആശ്വസിക്കാമെങ്കില്‍ത്തന്നെയും പണപ്പെരുപ്പനിരക്ക് തുടര്‍ച്ചയായി പരമാവധി നിരക്കായ നാല് ശതമാനത്തിന് മുകളില്‍ത്തന്നെ തുടരുകയാണെന്നത് ഒട്ടും ആശ്വാസകരമല്ല. ബാങ്കുകളുടെയും കോര്‍പറേറ്റുകളുടെയും ബാലന്‍സ്ഷീറ്റുകള്‍ ഒരുവിധം തൃപ്തികരമായി തുടരുന്നതും സര്‍ക്കാരിന്റെ പൊതുനിക്ഷേപത്വര ഏറെക്കുറെ സ്ഥിരതപാലിക്കുന്നതും പൊതുനിക്ഷേപ കാലാവസ്ഥയ്ക്ക് അനുകൂല സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
സാമ്പത്തികവളര്‍ച്ച ത്വരിതപ്പെടുത്തുന്നതിന് ഏറെ സഹായകമായൊരു ഘടകം ഉപഭോക്തൃ ആത്മവിശ്വാസമാണ്. ഇതിന്റെ പ്രാധാന്യം കൂടുതല്‍ പ്രകടമാകുന്നത് കോവിഡനന്തര കാലഘട്ടത്തിലും. ആര്‍ബിഐ നടത്തിയ പഠനം വെളിവാക്കുന്നത് ഉപഭോക്താക്കളുടെ ആത്മവിശ്വാസം കോവിഡിനുശേഷം കൂടുതല്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നത് ആശ്വാസകരമാണെന്നാണ്. ഒന്നാമത്, ഇന്ത്യയുടെ വിദേശ വ്യാപാര മേഖല അനുകൂല അനുരണനങ്ങളാണ് ഉളവാക്കുന്നത്. വിശിഷ്യ, സേവനമേഖലയിലാണ് ഈ പ്രവണത കൂടുതലായും പ്രതിഫലിച്ചുകാണുന്നത്. ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി (സിഎപി) ഒരുവിധം മാനേജ്മെന്റിന് വിധേയമാണെന്നതാണ് അനുമാനിക്കാന്‍ കഴിയുക. അടിയന്തരഘട്ടങ്ങളില്‍ ആവശ്യമെങ്കില്‍ സാമാന്യം നല്ല തോതില്‍ നീക്കിയിരിപ്പുള്ള ഡോളര്‍ വിനിമയ ശേഖരം വിനിയോഗിച്ച് കമ്മി ഭാഗികമായി നികത്താനും കഴിഞ്ഞിട്ടുണ്ടെന്നാണ് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസ് അവകാശപ്പെടുന്നത്.
ആഗോള ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ മൂഡിസ് അഭിപ്രായപ്പെട്ടിരിക്കുന്നത് ശക്തമായ ആഭ്യന്തര ഡിമാന്‍ഡ് നിലവിലുള്ളതിനാല്‍, ഹ്രസ്വകാലത്തേക്കെങ്കിലും ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 2023ലും 24ലും യഥാക്രമം 6.7ശതമാനം, 6.1 ശതമാനം എന്നിങ്ങനെ മുന്‍കാല പ്രവചനം സാധൂകരിക്കപ്പെടുമെന്നാണ്. ജിഎസ്‌ടി പിരിവ് ഊര്‍ജസ്വലമായതും മോട്ടോര്‍ വാഹന വില്പനയിലെ കുതിച്ചുചാട്ടവും ഉപഭോക്തൃ സമൂഹത്തിന്റെ വര്‍ധിച്ചുവരുന്ന ശുഭാപ്തി വിശ്വാസവും വായ്പാ മേഖലയിലെ ഡിമാന്‍ഡിലുണ്ടായ വര്‍ധനവും നല്‍കുന്ന സൂചന വരാനിരിക്കുന്ന ഉത്സവകാലയളവില്‍ ഡിമാന്‍ഡിന്റെ ഊര്‍ജസ്വലത ഉറപ്പാക്കാന്‍ കഴിയുമെന്നാണ്. ഇതാണ് മൂഡീസിന്റെ ‘ഗ്ലോബല്‍ മാക്രോ ഇക്കണോമിക്ക് ഔട്ട്‌ലുക്ക് 2024’ എന്ന റിപ്പോര്‍ട്ട് നല്‍കുന്ന വിവരങ്ങള്‍. അതേ അവസരത്തില്‍, ഉത്സവകാലത്തിനു ശേഷം ആഭ്യന്തര ഡിമാന്‍ഡ് പണപ്പെരുപ്പത്തെ ആശ്രയിച്ചായിരിക്കും നിജപ്പെടുക. കൂടാതെ, മുന്‍കാലങ്ങളില്‍ പണനയത്തിന്റെ സഹായത്തോടെ തടഞ്ഞുനിര്‍ത്തപ്പെട്ട പണപ്പെരുപ്പത്തിന്റെ ആഘാതവും കണക്കിലെടുക്കേണ്ടിവരും. ഇതിനുപുറമെ, കയറ്റുമതിയില്‍ ആനുപാതികമായ വര്‍ധന പുതിയ ആഗോള സാമ്പത്തിക സാഹചര്യങ്ങളില്‍ ബലഹീനമാവുന്നപക്ഷം, ആഭ്യന്തര ഡിമാന്‍ഡിന്റെ സഹായത്തോടെ ഹ്രസ്വകാലത്തേക്കെങ്കിലും സാമ്പത്തിക വളര്‍ച്ച കോട്ടം കൂടാതെ നിലനിര്‍ത്താന്‍ കഴിഞ്ഞേക്കാം. നഗരമേഖലാ ഡിമാന്‍ഡിന്റെ പൊതുസ്ഥിതി ഇതാണെങ്കില്‍ ഗ്രാമീണ മേഖലയിലേത് കാലാവസ്ഥാ വ്യതിയാനത്തെ ആശ്രയിച്ചായിരിക്കും. വിളവെടുപ്പിനെയും അവശ്യ, ഭക്ഷ്യ‑ഭക്ഷ്യേതര വാസ്തുക്കളുടെയും ലഭ്യത കാര്‍ഷിക മേഖലാ വരുമാനവും നിര്‍ണയിക്കപ്പെടുക എന്നതിലും തര്‍ക്കമില്ല.
ഇതെല്ലാം ആവശ്യകതയുമായി ബന്ധപ്പെട്ട കാര്യങ്ങളാണെങ്കില്‍, വിതരണത്തില്‍ സാമ്പത്തിക വളര്‍ച്ചയുടെ ഗതിവേഗം നിര്‍ണയിക്കപ്പെടുക ഉല്പാദന – സേവന മേഖലകളുടെയും വിശിഷ്യ, കാതലായ വ്യവസായങ്ങളുടെയും മറ്റും വളര്‍ച്ചാ നിലവാരമായിരിക്കുകയും ചെയ്യും. രണ്ടാം പാദത്തില്‍ സമ്പദ്‌വ്യവസ്ഥയിലുണ്ടായ അനുകൂല സ്ഥിതി മൂന്നാം പാദത്തിലും തുടരുമെന്നാണ് പൊതുവില്‍ മൂഡീസ് അടക്കമുള്ള ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികള്‍ കണക്കുകൂട്ടുന്നത്. എന്നാല്‍, ഇത് എത്രമാത്രം യാഥാര്‍ത്ഥ്യബോധത്തോടെയുള്ള കണക്കുകൂട്ടലാണെന്നത് സംശയകരമാണ്. ഉദാഹരണത്തിന് ജി20 രാജ്യങ്ങളുടെ വളര്‍ച്ചാ സാധ്യതകള്‍ 2023ല്‍ 2.8ശതമാനമായിരുന്നത് 2024ല്‍ 2.1 ശതമാനത്തിലേക്ക് താഴുകയും 2025ല്‍ വീണ്ടും 2.6ശതമാനത്തിലേക്ക് ഉയരുകയും ചെയ്യുമെന്നാണ് ഏകദേശ കണക്കുകൂട്ടല്‍. ആഗോള ഭൗമ‑രാഷ്ട്രീയ സാഹചര്യങ്ങള്‍ കണക്കിലെടുക്കുന്നതിനുപുറമെ കാലാവസ്ഥാ മാറ്റങ്ങളുടെയും പശ്ചാത്തലത്തില്‍ സാമ്പത്തിക സുസ്ഥിരതയും വളര്‍ച്ചയും എത്രമാത്രം ഉണ്ടാകുമെന്നത് കണ്ടുതന്നെ അറിയണം. റഷ്യ – ഉക്രെയ്ന്‍ യുദ്ധം തുടരുന്നതിനു പുറമെ, പലസ്തീന്‍ — ഇസ്രയേല്‍ യുദ്ധം പുതിയ പ്രതിസന്ധികള്‍ക്കിടയാക്കുകയും അവയുടെ ആക്കം വര്‍ധിപ്പിച്ചിരിക്കുകയുമാണ്. ഇത്തരം ആഗോള സാഹചര്യങ്ങളില്‍ നിന്നും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് മാത്രം വേറിട്ടുനില്‍ക്കാനോ ദേശീയ സാമ്പത്തിക സുരക്ഷ കൈവരിക്കാനോ സാധ്യമായേക്കില്ല.
മൂഡീസ് ആവര്‍ത്തിച്ചു പറയുന്നത്, കാതലായ പണപ്പെരുപ്പ നിരക്ക് 2023 ഓഗസ്റ്റിനും സെപ്റ്റംബറിനും ഇടയ്ക്ക് 4.8ശതമാനത്തില്‍ നിന്ന് 4.5ശതമാനത്തിലേക്ക് ഇടിഞ്ഞിട്ടുണ്ടെങ്കിലും ഉപഭോക്തൃ വിലനിലവാര സൂചിക നിയന്ത്രണ വിധേയമാക്കുക ശ്രമകരമായിരിക്കുമെന്നതിനാല്‍ ആര്‍ബിഐയുടെ നിയന്ത്രണ സംവിധാനങ്ങള്‍ എത്രതന്നെ പ്രയോഗിച്ചാലും പ്രശ്നത്തിന്റെ ഗൗരവം കുറയ്ക്കുക അസാധ്യമായിരിക്കും എന്നാണ്. ഭൗമ രാഷ്ട്രീയ സാഹചര്യങ്ങള്‍ പ്രവചനാതീതമായി തുടരുന്നുവെന്നതിനു പുറമെ കാലാവസ്ഥാവ്യതിയാനം മൂലം ഭക്ഷ്യധാന്യങ്ങളുടെയും അവശ്യവസ്തുക്കളുടെയും ഊര്‍ജവിഭവങ്ങളുടെയും വിലനിലവാരം നിയന്ത്രിക്കുക മനുഷ്യസാധ്യമാവുകയുമില്ല. അതേ അവസരത്തില്‍ത്തന്നെ വളര്‍ച്ചാ സാധ്യതകള്‍ ഒരു പരിധിവരെയെങ്കിലും നിലനിര്‍ത്തുന്നതിന് ഇന്ത്യ, ബ്രസീല്‍, മെക്സിക്കോ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങള്‍ നടത്തുന്ന കൂട്ടായ യത്നങ്ങളുടെ ഫലമായി ചൈനയില്‍ നിന്നുള്ള സപ്ലൈ ചെയിന്‍ തിരിച്ചുവിടല്‍ തന്ത്രത്തിനെതിരെ പ്രതിരോധമുയര്‍ത്തുന്നതിലൂടെ സാധ്യമാകുമെന്നും മൂഡീസ് കണക്കുകൂട്ടുന്നു.
ഇതിനെല്ലാം പുറമെ, മൂഡീസ് കണ്ടെത്തുന്ന മറ്റൊരു ആശ്വാസമുണ്ട്. 2022ലേതിനെ അപേക്ഷിച്ച് പുതുതായി വികസന പാതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥകളും വികസിത സമ്പദ്‌വ്യവസ്ഥകളും പണപ്പെരുപ്പനിരക്കിന്റെ കാര്യത്തില്‍ നേരിയ തോതിലെങ്കിലും കുറവു നേടിയെടുക്കുന്നതില്‍ വിജയിച്ചിട്ടുണ്ടെന്നതാണിത്. ഈ പ്രവണത തുടരുകയാണെങ്കില്‍ 2025 മധ്യത്തോടെ ജി20 രാജ്യങ്ങളിലെ മുഴുവന്‍ സമ്പദ്‌വ്യവസ്ഥകളും ദേശീയ ഭരണകൂടങ്ങളും കേന്ദ്രീയ ബാങ്കുകളും ലക്ഷ്യമിടുന്ന നിരക്കിലേക്ക് പണപ്പെരുപ്പം വന്നെത്താനും സാധ്യതയുണ്ട്. അതേയവസരത്തില്‍ കാലാവസ്ഥയിലും ഭൗമ‑രാഷ്ട്രീയ സാഹചര്യങ്ങളിലും സംഭവിച്ചേക്കാനിടയുള്ള ചാഞ്ചാട്ടങ്ങളും ഒരു പരിധിവരെ പണപ്പെരുപ്പ നിരക്കില്‍ ഏറ്റക്കുറച്ചിലുകള്‍ക്ക് വഴിയൊരുക്കാന്‍ സാധ്യതകളുണ്ട്. ഭക്ഷ്യോല്പന്നങ്ങളിലും ഊര്‍ജോല്പന്നങ്ങളിലും സപ്ലൈ-ഡിമാന്‍ഡ് വൈരുധ്യം സംഭവിക്കാം. പണപ്പെരുപ്പ നിരക്കിനെ വരുതിയിലാക്കുന്നതിന് യുഎസ് ഫെഡറല്‍ റിസര്‍വ് ആവര്‍ത്തിച്ചു വരുത്തുന്ന പലിശനിരക്ക് ഉയര്‍ത്തല്‍ നയവും പ്രത്യേകം ശ്രദ്ധയോടെ നോക്കിക്കാണണം. നിലവിലുള്ള ഡോളര്‍ വിനിമയശേഖരം ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യുന്നതിനും ജാഗ്രത അനിവാര്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.