December 9, 2023 Saturday

Related news

December 6, 2023
December 5, 2023
December 4, 2023
December 4, 2023
November 27, 2023
November 26, 2023
November 24, 2023
November 24, 2023
November 24, 2023
November 23, 2023

ഒരു ഇന്ത്യന്‍ വിജയകഥ

ആദ്യ ഏകദിനത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെ അഞ്ച് വിക്കറ്റ് ജയം
Janayugom Webdesk
മൊഹാലി:
September 22, 2023 10:21 pm

ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ജയം. അഞ്ച് വിക്കറ്റിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ ഓസീസിനെ അഞ്ച് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയാണ് തകര്‍ത്തത്. ഓസ്ട്രേലിയ നിശ്ചിത 50 ഓവറിൽ 276 റൺസിന് ഓള്‍ഔട്ടായി. 53 പന്തിൽ 52 റൺസ് നേടിയ ഡേവിഡ് വർണറാണ് ടോപ് സ്കോറർ. സ്റ്റീവ് സ്മിത്ത് (60 പന്തിൽ 41), ജോഷ് ഇംഗ്‌ലിസ് (45 പന്തിൽ 45) എന്നിവരും മികച്ച രീതിയിൽ ബാറ്റു ചെയ്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 48.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
തകര്‍പ്പന്‍ തുടക്കമാണ് ഇന്ത്യക്ക് ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും റുതുരാജ് ഗെയ്ക്‌വാദും സമ്മാനിച്ചത്. 142 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ഈ സഖ്യം പിരിയുന്നത്. ഗെയ്ക്‌വാദ് 77 പന്തില്‍ 71 റണ്‍സെടുത്താണ് മടങ്ങിയത്. മൂന്നാമനായെത്തിയ ശ്രേയസ് അയ്യര്‍ അധികം വൈകാതെ കളംവിട്ടു. മൂന്ന് റണ്‍സ് നേടിയ ശ്രേയസ് റണ്ണൗട്ടാകുകയായിരുന്നു. ഇതിന് പിന്നാലെ ഗില്ലും വീണു. ആദം സാംപയുടെ പന്തില്‍ ബൗള്‍ഡാകുകയായിരുന്നു. ഇതോടെ സ്കോര്‍ 151/3. പിന്നാലെയൊന്നിച്ച കെ എല്‍ രാഹുലും ഇഷാന്‍ കിഷനും ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡിനെ ചലിപ്പിച്ചു. 34 ഇരുവരും കൂട്ടിച്ചേര്‍ത്തു. സ്കോര്‍ 185ല്‍ നില്‍ക്കെ ഇഷാന്‍ കിഷനെ (18) പാറ്റ് കമ്മിന്‍സ് മടക്കി. പിന്നാലെയെത്തിയ സൂര്യകുമാര്‍ രാഹുലിന് മികച്ച പിന്തുണ നല്‍കി. വിജയത്തിനരികെ സൂര്യയും മടങ്ങി. 49 പന്തില്‍ 50 റണ്‍സെടുത്തു. രാഹുല്‍ 63 പന്തില്‍ 58 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഓസ്ട്രേലിയയ്ക്കായി ആദം സാംപ രണ്ട് വിക്കറ്റ് വീഴ്ത്തി.
സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ്മ, വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ എന്നിവരില്ലാതെയാണ് ഇന്ത്യയിറങ്ങിയത്.
കെ എല്‍ രാഹുലാണ് ഇന്ത്യയെ നയിച്ചത്. ടോസ് ഭാഗ്യം തുണച്ചതും രാഹുലിനെയായിരുന്നു. പിച്ചിന്റെ സാഹചര്യം മനസിലാക്കി ആദ്യം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു ഇന്ത്യൻ നായകൻ. ക്യാപ്റ്റന്റെ തീരുമാനം ശരിവയ്ക്കുന്ന തരത്തിലായിരുന്നു ഇന്ത്യയുടെ തുടക്കവും. ആദ്യ ഓവറില്‍ തന്നെ ഓസീസ് ഓപ്പണര്‍ മിച്ചല്‍ മാര്‍ഷിനെ(നാല്) മുഹമ്മദ് ഷമി സ്ലിപ്പില്‍ ശുഭ്മൻ ഗില്ലിന്റെ കയ്യിലെത്തിച്ചു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ വാര്‍ണര്‍ — സ്മിത്ത് സഖ്യം 94 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വാര്‍ണറെ 15 റണ്‍സില്‍ പുറത്താക്കാനുള്ള അവസരമുണ്ടായിരുന്നെങ്കിലും ശ്രേയസ് അയ്യര്‍ക്ക് മുതലാക്കാനായില്ല. പിന്നീട് രവീന്ദ്ര ജഡേജയുടെ പന്തില്‍ വാര്‍ണര്‍ മടങ്ങി. വൈകാതെ സ്മിത്തിനെ ഷമി ബൗള്‍ഡാക്കി. ഇതോടെ മൂന്നിന് 112 റണ്‍സെന്ന നിലയിലായി ഓസീസ്.
കൂട്ടത്തകര്‍ച്ച മുന്നില്‍കണ്ട ഓസ്ട്രേലിയയെ കരകയറ്റാനുള്ള ദൗത്യം പിന്നീട് ഏറ്റെടുത്തത് മാര്‍നസ് ലബുഷെയ്ൻ. നാലാം വിക്കറ്റില്‍ കാമറോണ്‍ ഗ്രീനുമായി ചേര്‍ന്നായിരുന്നു രക്ഷാപ്രവര്‍ത്തനം. എന്നാല്‍, നിര്‍ഭാഗ്യകരമായൊരു സ്റ്റംപിങ്ങില്‍ ലബുഷെയ്നും വീണു. ദീര്‍ഘകാലത്തെ ഇടവേളയ്ക്കുശേഷം ഏകദിന ടീമില്‍ തിരിച്ചെത്തിയ ആര്‍ അശ്വിന്റെ പന്തില്‍ നാടകീയ നീക്കങ്ങള്‍ക്കൊടുവിലായിരുന്നു വിക്കറ്റ്. ലബുഷെയ്ന്റെ റിവേഴ്‌സ് സ്വീപ്പ് ശ്രമം പാളിയെങ്കിലും പന്ത് കയ്യിലൊതുക്കാൻ വിക്കറ്റിനു പിറകില്‍ രാഹുലിനായില്ല. എന്നാല്‍, പന്ത് നേരെ രാഹുലിന്റെ കാലില്‍ തട്ടി സ്റ്റംപില്‍. ലബുഷെയ്ൻ പുറത്തും. 49 പന്തില്‍ മൂന്ന് ഫോര്‍ സഹിതം 39 റണ്‍സെടുത്ത് താരം മടങ്ങി. പിന്നാലെ റണ്ണൗട്ടായി ഗ്രീനും(31) പുറത്ത്. ഇതിനിടെ സ്‌റ്റോയിനിസ് (29), മാത്യൂ ഷോര്‍ട്ട് (2), സീന്‍ അബോട്ട് (2) എന്നിവരെ കൂടി പുറത്താക്കി ഷമി അഞ്ച് വിക്കറ്റ് പൂര്‍ത്തിയാക്കി. പാറ്റ് കമ്മിന്‍സ് (21) പുറത്താവാതെ നിന്നു. ആഡം സാംപ (2) അവസാന പന്തില്‍ റണ്ണൗട്ടായി.
ഇന്ത്യക്കു വേണ്ടി മുഹമ്മദ് ഷമി 10 ഓവറിൽ 51 റൺസ് വഴങ്ങിയാണ് അഞ്ച് വിക്കറ്റ് നേടിയത്. ജസ്പ്രീത് ബുംറ, ആർ അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റു വീതം വീഴ്ത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.