April 1, 2023 Saturday

Related news

March 21, 2023
March 21, 2023
February 27, 2023
February 25, 2023
February 22, 2023
February 20, 2023
February 20, 2023
February 19, 2023
February 19, 2023
February 17, 2023

തുര്‍ക്കി-സിറിയ ഭൂചലനം; മരണം 7800 കടന്നു

Janayugom Webdesk
ഇസ്താംബുള്‍
February 8, 2023 10:46 am

തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പങ്ങളില്‍ മരിച്ചവരുടെ എണ്ണം 7800 കടന്നു. മരണസംഖ്യ എട്ടുമടങ്ങായി ഉയരുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. തുര്‍ക്കിയിലെ പത്ത് പ്രവിശ്യകളില്‍ മൂന്ന് മാസത്തേയ്ക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സിറിയയില്‍ വിമതരുടെ നിയന്ത്രണത്തിലുള്ള മേഖലയിലാണ് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്. നിരവധി പേരാണ് കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്. ദുരന്ത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കടുത്ത മഞ്ഞുവീഴ്ച രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി സൃഷ്ടിക്കുന്നുണ്ട്. 25,00 അടിയന്തര സേവന സംഘങ്ങള്‍ തുര്‍ക്കിയിലും സിറിയയിലും സേവനം നടത്തുന്നുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്കിടെയും ചിലയിടത്ത് കെട്ടിടങ്ങൾ തകർന്നതായി റിപ്പോർട്ടുണ്ട്. ആയിരക്കണക്കിന് കുട്ടികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായാണ് കണക്കാക്കുന്നതെന്ന് യുണിസെഫ് അറിയിച്ചു. 

6000 കെട്ടിടങ്ങളെങ്കിലും തകര്‍ന്നു. രണ്ടായിരം വർഷത്തോളം പഴക്കമുള്ള ചരിത്രസ്മാരകങ്ങളും നിലംപൊത്തി. ഹതായ് മേഖലയില്‍ സ്റ്റേഡിയങ്ങള്‍, മാളുകള്‍, പള്ളികള്‍, കമ്മ്യൂണിറ്റി സെന്ററുകള്‍ എന്നിവിടങ്ങളിലാണ് ദുരിതബാധിതര്‍ അഭയം പ്രാപിച്ചിരിക്കുന്നത്. വൈദ്യസഹായം ആവശ്യമുള്ളവരെ തൊട്ടടുത്ത നഗരമായ മെര്‍സിനിലേക്ക് മാറ്റുന്നതിനായി പ്രത്യേക കപ്പല്‍ സര്‍വീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഭൂകമ്പം 1.4 ദശലക്ഷം കുട്ടികൾ ഉൾപ്പെടെ 23 ദശലക്ഷം ആളുകളെ ബാധിച്ചേക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. പ്രതിസന്ധിയോട് പ്രതികരിക്കാൻ തുർക്കിക്ക് ശേഷിയുണ്ടെങ്കിലും സിറിയയുടെ സ്ഥിതി മറിച്ചാണെന്നും സംഘടന കൂട്ടിച്ചേര്‍ത്തു. സിറിയയില്‍ ആഭ്യന്തര യുദ്ധം, പകര്‍ച്ചവ്യാധികള്‍ എന്നിവ പൊട്ടിപ്പുറപ്പെട്ടേക്കാമെന്നും സംഘടന മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 70ല്‍ അധികം രാജ്യങ്ങള്‍ ഇരുരാജ്യങ്ങള്‍ക്കുമായി സഹായം വാഗ്ദാനം നല്‍കിയിട്ടുണ്ട്. ഇന്നലെയും തുര്‍ക്കിയില്‍ ഭൂചലമുണ്ടായി.

അതിനിടെ പ്രദേശത്ത് പടരുന്ന അതിശൈത്യം രക്ഷാപ്രവര്‍ത്തനങ്ങള്‍ വൈകിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കുട്ടികള്‍ക്കും പ്രായമായവര്‍ക്കുമുള്‍പ്പെടെ കനത്ത മഞ്ഞ് അതിജീവനത്തിന് വെല്ലുവിളിയിയായി തുടരുകയാണ്.

തുർക്കിയിലേക്ക് ഇന്ത്യൻ മെഡിക്കൽ സംഘം; നന്ദിപറഞ്ഞ് തുര്‍ക്കി

ന്യൂ‍ഡൽഹി: ഭൂകമ്പബാധിത പ്രദേശമായ തുർക്കിയിലേക്ക് ഇന്ത്യയുടെ രക്ഷാപ്രവര്‍ത്തന, മെഡിക്കല്‍ സംഘം പുറപ്പെട്ടു. ആഗ്ര ആസ്ഥാനമായുള്ള ആർമി ഫീൽഡ് ഹോസ്പിറ്റൽ 89 അംഗ മെഡിക്കൽ ടീമാണ് തുർക്കിയിലേക്ക് തിരിച്ചത്.
ക്രിട്ടിക്കൽ കെയർ സ്പെഷ്യലിസ്റ്റുകൾ അടങ്ങുന്നതാണ് മെഡിക്കൽ സംഘം. ഓർത്തോപീഡിക് സർജിക്കൽ ടീമുകൾ, ജനറൽ സർജിക്കൽ സ്പെഷ്യലിസ്റ്റ് ടീം, മെഡിക്കൽ സ്പെഷ്യലിസ്റ്റ് ടീമുകൾ എന്നിവ ഉൾപ്പെടുന്നു. എക്സ്റേ മെഷീനുകൾ, വെന്റിലേറ്ററുകൾ, ഓക്സിജൻ ജനറേഷൻ പ്ലാന്റ്, കാർഡിയാക് മോണിറ്റേഴ്സ്, കിടക്കകൾ തുടങ്ങിയവയും സംഘം തുര്‍ക്കിയിലെത്തിക്കും. കൂടാതെ നൂറുപേർ അടങ്ങുന്ന എൻഡിആർഎഫിന്റെ രണ്ട് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.
ആദ്യ സംഘത്തിൽ പരിശീലനം ലഭിച്ച തിരച്ചിൽ, രക്ഷാപ്രവർത്തകർക്കു പുറമേ, വിദഗ്ധരായ ഡോഗ് സ്ക്വാഡ് അംഗങ്ങളും ഡോക്ടർമാരുമുണ്ട്. അഞ്ച് സ്ത്രീകൾ ഉൾപ്പെടുന്ന 101 ദുരന്തനിവാരണ സംഘമാണ് ആദ്യ ഘട്ടത്തില്‍ എത്തിയത്.
ദൗത്യ സംഘം പുറപ്പെട്ടതിന് പിന്നാലെ ഇന്ത്യയിലെ തുര്‍ക്കി അംബാസിഡര്‍ ഫിരാത് സുനെല്‍ ഇന്ത്യക്ക് നന്ദി സന്ദേശം അയച്ചു. ഇന്ത്യയെ ദോസ്ത് എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു തുര്‍ക്കി സ്ഥാനപതിയുടെ ട്വീറ്റ്. 

സിപിഐ അനുശോചിച്ചു

ന്യൂഡൽഹി: തുർക്കിയിലും സിറിയയിലുമുണ്ടായ വിനാശകരമായ ഭൂകമ്പത്തിൽ ആയിരക്കണക്കിനാളുകൾ മരിക്കാനിടയായ സംഭവത്തിൽ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അഗാധമായ ദുഃഖം രേഖപ്പെടുത്തി. ദുരിതബാധിത മേഖലയിലെ ജനങ്ങൾക്ക് മരുന്ന്, ഭക്ഷണം, വസ്ത്രങ്ങൾ ഉൾപ്പെടെ ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തുനല്കണമെന്ന് സെക്രട്ടേറിയറ്റ് സർക്കാരിനോട് അഭ്യർത്ഥിച്ചു.

Eng­lish Sum­ma­ry: Turkey-Syr­ia earth­quake; The death toll has crossed 7800

You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.