രാജ്യത്തെ പ്രധാന കുത്തക മാധ്യമങ്ങളെല്ലാം കര്‍ഷകരുടെ ഉജ്ജ്വല പോരാട്ടത്തിന്റെ കാര്യകാരണങ്ങളും നാള്‍വഴികളിലെ സുപ്രധാന സംഭവങ്ങളും തമസ്കരിച്ചപ്പോള്‍ അവ ജനങ്ങളിലെത്തിച്ചതില്‍ പ്രധാന പങ്കുവഹിച്ചത് നവമാധ്യമങ്ങളായിരുന്നു. അവയില്‍ ‘ട്രാക്ടര്‍ ടു ട്വിറ്റര്‍’, ‘ട്രോളി ടൈംസ്’ തുടങ്ങിയ ചില ട്വിറ്റര്‍ ഹാന്‍ഡിലുകളുടെ പ്രസക്തി കര്‍ഷകസമരത്തിന്റെ വിജയത്തോടൊപ്പം രാജ്യം ചര്‍ച്ച ചെയ്യുകയാണ്. കര്‍ഷകരുടെ സമരത്തിന് കാരണമായ വിഷയങ്ങള്‍ ഓണ്‍ലൈന്‍ ലോകത്തേക്ക് എത്തിക്കുകയും സമൂഹമാധ്യമങ്ങളില്‍ കര്‍ഷകരുടെ ശബ്ദമാവുകയും ചെയ്തവരില്‍ ഏറ്റവും മുന്നിലാണ് ഇവ രണ്ടും. ഇന്ത്യയിലെ കര്‍ഷകസമരം ലോകശ്രദ്ധയാകര്‍ഷിക്കുന്ന വിഷയമായി മാറ്റിയതും ഇവരുടെ ഇടപെടലുകള്‍ തന്നെ.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നുവെന്ന് വെള്ളിയാഴ്ച പ്രധാനമന്ത്രി പ്രഖ്യാപിച്ചതോടെ, സമൂഹമാധ്യമങ്ങളില്‍ സമരത്തിന്റെ സജീവസാന്നിധ്യമായി മാറിയ ഇവരുടെയും കൂടി വിജയമാവുകയാണ്. അക്കൗണ്ട് മരവിപ്പിക്കല്‍ ഉള്‍പ്പെടെയുള്ളവ അതിജീവിച്ചാണ് ഒരു വര്‍ഷത്തോളം നീണ്ടുനിന്ന സമരകാലത്ത് പ്രധാനമായും ട്വിറ്ററില്‍ ഈ ഹാന്‍ഡിലുകളുടെ ഇടപെടലുകളുണ്ടായത്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പത്തോളം പ്രൊഫഷണലുകള്‍ ചേര്‍ന്നാണ് ട്രാക്ടര്‍ ടു ട്വിറ്റര്‍ എന്ന ട്വിറ്റര്‍ അക്കൗണ്ട് രൂപീകരിച്ചതും ഇടപെട്ടതും. ഇതേ പേരില്‍തന്നെ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും കര്‍ഷകസമരത്തെ അനുകൂലിച്ചുകൊണ്ടുള്ള അക്കൗണ്ടുകള്‍ ഇവര്‍ സൃഷ്ടിച്ച് പ്രവര്‍ത്തനം നടത്തിവരുന്നു. കര്‍ഷകസമരവുമായി ബന്ധപ്പെട്ട് പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്ന കേന്ദ്ര സര്‍ക്കാരിന്റെ പരാതിയെത്തുടര്‍ന്ന് രണ്ട് തവണയാണ് ഇതിനിടയില്‍ അക്കൗണ്ട് ട്വിറ്റര്‍ മരവിപ്പിച്ചത്. ഇന്നുവരെ ട്വിറ്റര്‍ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞാല്‍ കിട്ടാത്ത തരത്തിലും പുതിയ ഫോളോവേഴ്സിനെ ഉള്‍പ്പെടുത്താന്‍ പറ്റാത്ത വിധത്തിലുമൊക്കെയായി നിരോധിത അവസ്ഥയിലാണ് ട്രാക്ടര്‍ ടു ട്വിറ്റര്‍ പ്രവര്‍ത്തിച്ചത്. അപ്രതീക്ഷിതമായാണ് ഇങ്ങനെയൊരു ട്വിറ്റര്‍ ഹാന്‍ഡില്‍ ഉണ്ടാക്കാന്‍ തീരുമാനിച്ചതെന്ന് സ്ഥാപകര്‍ വ്യക്തമാക്കുന്നു. തീവ്രവാദികളെന്നും ഖലിസ്ഥാനികളെന്നുമെല്ലാം വിളിച്ച് കര്‍ഷകസമരത്തെ തകര്‍ക്കാന്‍ ഭരണകൂടം ശ്രമിക്കുമ്പോള്‍ കര്‍ഷകരുടെ ഭാഗം പറയാന്‍ ഒരു വേദി വേണമെന്ന ചിന്തയാണ് ഇതിലേക്ക് നയിച്ചതെന്നും അവര്‍ പറയുന്നു. നിരവധി ഫോളോവേഴ്സുള്ള ട്രോളി ടൈംസ്, കിസാന്‍ ഏക്താ മോര്‍ച്ച, ടിക്രി അപ്ഡേറ്റ്സ് തുടങ്ങിയ സമൂഹമാധ്യമ പേജുകളും കര്‍ഷകസമരത്തിന്റെ ഓരോ ദിവസത്തെയും വിവരങ്ങളും നിലപാടുകളും ജനങ്ങളിലേക്കെത്തിച്ചു.
ആധുനിക കാലത്ത് ഒരു പ്രക്ഷോഭസമരത്തിന്റെ ഭാഗമായി പ്രതിവാര മാഗസിന്‍ പുറത്തിറങ്ങുകയെന്ന അപൂര്‍വതയാണ് ട്രോളി ടൈംസ് എന്ന മാഗസിനിലൂടെ കര്‍ഷകസമരത്തിലുണ്ടായത്. സംയുക്ത കര്‍ഷക സമിതിയുടെ പിന്തുണയോടെ പുറത്തിറങ്ങുന്ന പ്രതിവാര വാര്‍ത്താപത്രികയായ ട്രോളി ടൈംസില്‍ കര്‍ഷക ജീവിതവുമായി ബന്ധപ്പെട്ട് വിദഗ്ധരുടെ ലേഖനങ്ങള്‍ക്കും വിവിധ കലാ-സാഹിത്യ സൃഷ്ടികള്‍ക്കുമൊപ്പം സാധാരണ കര്‍ഷകര്‍ക്ക് അവരുടെ വിഷയങ്ങള്‍ തുറന്നെഴുതാനുള്ള അവസരവുമുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ സമരം ആരംഭിച്ചപ്പോള്‍ മുതല്‍ പ്രിന്റ് ചെയ്ത് എല്ലാ ആഴ്ചയിലും വിതരണം ചെയ്യപ്പെടുന്ന ട്രോളി ടൈംസ് ഓരോ ആഴ്ചയിലും ഒരു ലക്ഷത്തോളം പേര്‍ വായിക്കുന്നുണ്ടെന്നാണ് എഡിറ്റര്‍മാര്‍ അവകാശപ്പെടുന്നത്. 21 ലക്കങ്ങളാണ് ഇതുവരെ പുറത്തിറങ്ങിയത്. ഇതേ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടിന് 60,000 ഫോളോവേഴ്സുമുണ്ട്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചുവെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും കുറേ കാര്യങ്ങളില്‍ വ്യക്തത വരാനുണ്ടെന്നും ഇത് സംബന്ധിച്ചുള്ള കാര്യങ്ങളുമായി തുടര്‍ന്നും ട്രോളി ടൈംസ് പ്രസിദ്ധീകരിക്കുമെന്നും പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തമാക്കുന്നു.
english summary;Twitter handles took farmers from fields to social media
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.