23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 22, 2024
December 22, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 19, 2024
December 19, 2024

രണ്ടുലക്ഷം കോടിയുടെ ഭക്ഷണക്കൊള്ള പാളുന്നു; ആറുലക്ഷം പാവങ്ങളെ പട്ടിണിയിലേക്ക് എറിയുന്നു

കെ രംഗനാഥ്
തിരുവനന്തപുരം
March 19, 2023 9:47 pm

തീവണ്ടിയാത്രക്കാര്‍ക്ക് ഭക്ഷണം നല്കി കൊള്ളവില ഈടാക്കുന്നതിലൂടെ പ്രതിവര്‍ഷം രണ്ട് ലക്ഷം കോടി തട്ടാനുള്ള ഇന്ത്യന്‍ റെയില്‍വേയുടെ പദ്ധതി തുടക്കത്തിലേ പാളുന്നു. ഈ മാസം ഒന്നു മുതല്‍ വിലകള്‍ ആകാശത്തോളം ഉയര്‍ത്തിയ നടപടിക്കെതിരെ യാത്രക്കാര്‍ തിരിച്ചടിച്ചു തുടങ്ങി. വര്‍ധിപ്പിച്ച വില നടപ്പാക്കിയശേഷം തീവണ്ടികളില്‍ ഭക്ഷണവിതരണം നടത്തുന്ന ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ടൂറിസം കോര്‍പറേഷന്റെ കണക്കനുസരിച്ച് ഭക്ഷണ വില്പനയില്‍ ആദ്യത്തെ ഒരാഴ്ച 67 ശതമാനം കുറവുണ്ടായി. പദ്ധതി പാളുമെന്നുറപ്പായതോടെ റെയില്‍വേ പ്ലാറ്റ്ഫോമുകളില്‍ ലൈസന്‍സോടെ സ്വാദിഷ്ടമായ പ്രാദേശിക ഭക്ഷണസാധനങ്ങള്‍ കുറഞ്ഞവിലയ്ക്ക് വില്ക്കുന്ന ആറു ലക്ഷത്തോളം പേരെ നിരോധിക്കാന്‍ നീക്കം തുടങ്ങി. ജനങ്ങളെ പിഴിഞ്ഞ് പുതിയ വരുമാന സ്രോതസുകള്‍ കണ്ടെത്താനുള്ള പുതുവഴികള്‍ തേടുന്നതിനിടെയാണ് റെയില്‍വേ ഭക്ഷണത്തിന്റെ വില കുത്തനെ ഉയര്‍ത്താന്‍ മോഡി സര്‍ക്കാര്‍ തീരുമാനിച്ചത്. 

പ്രതിദിനം 2.3 കോടി ജനങ്ങള്‍ യാത്രചെയ്യുന്ന ഇന്ത്യന്‍ റെയില്‍വേയില്‍ വില കൂട്ടിയാല്‍ അസംഘടിതരായ തീവണ്ടി യാത്രക്കാര്‍ പ്രതിഷേധിക്കില്ലെന്ന കണക്കുകൂട്ടലിലായിരുന്നു അധികൃതര്‍. അതും ഔദ്യോഗിക ഉത്തരവിറക്കാതെ. ഒരു ചായയും ഒരു കടിയും കഴിച്ചാല്‍ മാത്രം യാത്രക്കാരനെ കൊള്ളയടിക്കുന്നത് 25 രൂപ. ഈ ചുരുങ്ങിയ കണക്കുവച്ച് യാത്രക്കാരെ പിഴിയുന്നത് പ്രതിദിനം 600 കോടി രൂപ. പ്രതിവര്‍ഷം രണ്ട് ലക്ഷം കോടി പുറത്ത് എട്ടും പത്തും രൂപയ്ക്കു ലഭിക്കുന്ന പഴംപൊരിക്ക് തീവണ്ടിയില്‍ 20 രൂപ നല്‍കണം. 13 രൂപയായിരുന്നതാണ് 20 രൂപയാക്കിയത്. ഊണിന് വില 55ല്‍ നിന്ന് 95 രൂപയാക്കി. കടലക്കറി‍ 28 രൂപയില്‍ നിന്നും 40 രൂപ. മുട്ടക്കറി 32 രൂപയില്‍ നിന്ന് 50 രൂപ. പരിപ്പുവട, ഉഴുന്നുവട, സമോസ എന്നിവയുടെ വില 17ല്‍ നിന്നും 25 രൂപയായി വര്‍ധിപ്പിച്ചു. മുട്ടബിരിയാണി 50ല്‍ നിന്നും 80 രൂപയായി. 

സാധാരണഗതിയില്‍ ഒരു ദീര്‍ഘദൂര യാത്രക്കാരന്‍ ഒരു ദിവസത്തെ റെയില്‍വേ ഭക്ഷണത്തിന് ശരാശരി 120 രൂപവരെ ചെലവാക്കുമായിരുന്നു. ആ തുക ഇനി ഇരട്ടിയിലേറെയാകുമ്പോള്‍ പ്രതിവര്‍ഷം അഞ്ച് ലക്ഷം കോടി രൂപയുടെ അധികവരുമാനമുണ്ടാക്കാമെന്ന മനക്കോട്ടയിലാണ് വിലകള്‍ വര്‍ധിപ്പിച്ചത്. എന്നാല്‍ രണ്ടു ലക്ഷം കോടി രൂപയായാലും അഞ്ച് ലക്ഷം കോടി രൂപയായാലും ഇതില്‍ 80 ശതമാനവും സ്വകാര്യ ഇന്ത്യന്‍ ഭക്ഷണ നിര്‍മ്മാണ കോര്‍പറേറ്റുകളുടെ കീശയിലേക്കാണ് പോകുന്നതെന്ന വസ്തുത റെയില്‍വേ മറച്ചുവച്ചു. ഒരു യാത്രക്കാരന്‍ ഒരു ചായയും ഒരു വടയും മാത്രം കഴിച്ചാല്‍ കൊയ്യുന്ന ലാഭം 25 രൂപ. ഒരു വര്‍ഷം ഈയിനത്തില്‍ മാത്രമുള്ള ലാഭം രണ്ട് ലക്ഷം കോടിയെങ്കില്‍ ഇതില്‍ 1.8 ലക്ഷം കോടിയും ചെന്നെത്തുന്നത് സ്വകാര്യ ഭക്ഷ്യ കോര്‍പറേറ്റുകളുടെ ഖജനാവിലേക്ക്. എന്നാല്‍ തീവണ്ടികളിലെ ഈ തീവെട്ടിക്കൊള്ളയ്ക്കെതിരെ യാത്രികര്‍ തിരിച്ചടിച്ചു തുടങ്ങിയിരിക്കുന്നുവെന്നാണ് വില്പനയിലെ വന്‍ തകര്‍ച്ച നല്കുന്ന സൂചന. സ്വന്തം ഭക്ഷണം കൂടെ കൊണ്ടുവരികയോ റെയില്‍വേ പ്ലാറ്റ്ഫോമുകളിലെ അന്നന്നത്തെ അന്നം തേടുന്ന സ്വകാര്യ കച്ചവടക്കാരെ ആശ്രയിക്കുകയോ ചെയ്യുന്ന ശീലത്തിലേക്ക് ‍യാത്രക്കാര്‍ മാറിത്തുടങ്ങി. ഇതു കണക്കിലെടുത്താണ് പ്ലാറ്റ്ഫോമുകളിലെ കൊച്ചു കച്ചവടക്കാര്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള നീക്കം. 

Eng­lish Summary;Two lakh crores worth of food is stolen; Throw­ing six lakh poor peo­ple into starvation
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.