23 June 2024, Sunday

Related news

June 20, 2024
June 17, 2024
June 17, 2024
June 17, 2024
June 16, 2024
June 16, 2024
June 14, 2024
June 12, 2024
June 9, 2024
June 9, 2024

യുഡിഎഫും ബിജെപിയും അങ്കലാപ്പില്‍

കെ രംഗനാഥ്
തിരുവനന്തപുരം
April 25, 2024 4:16 pm

ലോക്‌സഭാ പോളിങ്ങിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ മതന്യൂനപക്ഷ കേന്ദ്രങ്ങളില്‍ നിന്നെത്തുന്ന റിപ്പോര്‍ട്ടുകള്‍ യുഡിഎഫിനെയും ബിജെപിയെയും ആശങ്കയിലാഴ്ത്തുന്നു. മണ്ഡലങ്ങളില്‍ നടന്ന അവലോകനയോഗങ്ങളിലും ഈ മുന്നണികള്‍ നടത്തിയ ആഭ്യന്തര സര്‍വേകളിലും പരമ്പരാഗതമായി തങ്ങള്‍ക്കുകിട്ടിയ മതന്യൂനപക്ഷ വോട്ടുകളില്‍ 60 ശതമാനത്തിലേറെ ഇത്തവണ നഷ്ടപ്പെടുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ച എട്ട് ശതമാനത്തോളം ന്യൂനപക്ഷ വോട്ടുകള്‍ നാമമാത്രമായി ചുരുങ്ങുമെന്നാണ് ബിജെപി സര്‍വേകളിലെ കണക്ക്.
28 ശതമാനം മുസ്ലിം ന്യൂനപക്ഷ, 18 ശതമാനം ക്രൈസ്തവ വോട്ടുകളിലുള്ള വന്‍ ചോര്‍ച്ച എല്ലാ മണ്ഡലങ്ങളിലെയും വിജയസാധ്യത ചോര്‍ത്തിക്കളയുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടിയത്. എന്നും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്ന ബിജെപി ന്യൂനപക്ഷ വോട്ടുകളില്‍ ഒരു കാലവും പ്രതീക്ഷ പുലര്‍ത്തിയിരുന്നെങ്കിലും ഭൂരിപക്ഷ വോട്ടുകളിലും ഇത്തവണ ചോര്‍ച്ചയുണ്ടാകുമെന്നാണ് ബിജെപി ഭയപ്പെടുന്നത്.
യുഡിഎഫ് തൂത്തുവാരുമെന്ന് ചില ചാനലുകള്‍ക്കുവേണ്ടി സര്‍വേ നടത്തിയ ന്യൂഡല്‍ഹിയിലെ രണ്ട് ഏജന്‍സികളെക്കൊണ്ട് യുഡിഎഫ് നടത്തിയ ആഭ്യന്തര സര്‍വേകളാണ് യുഡിഎഫിന് കനത്ത തിരിച്ചടി പ്രവചിക്കുന്നതെന്നും ശ്രദ്ധേയം. 

ചാനലുകള്‍ നടത്തിയ സര്‍വേകള്‍ യാഥാര്‍ത്ഥ്യവുമായി പുലബന്ധം പുലര്‍ത്തുന്നവയായിരുന്നില്ലെന്നും ഇ­തില്‍ നിന്നും വ്യക്തമാവുന്നു. ‍ഡല്‍ഹിയിലെ മറ്റൊരു ഏജന്‍സിയെക്കൊണ്ട് സംസ്ഥാന ബിജെപി നടത്തിയ സര്‍വേയില്‍ ഹിന്ദു വോട്ടുകളില്‍ മുന്‍തവണയെയപേക്ഷിച്ച് ഇത്തവണ 29 ശതമാനത്തിന്റെ കുറവുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.
മോഡിയുടെ വിഷലിപ്തമായ മുസ്ലിം വിദ്വേഷപ്രസംഗപരമ്പരകള്‍, മണിപ്പൂരിലെ ക്രസ്ത്യന്‍ വംശീയഹത്യയും കൂട്ടബലാ‍ത്സംഗങ്ങളും ക്രൈ­സ്തവസഭകളുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കല്‍, മതപരിവര്‍ത്തന വിരുദ്ധ കാടത്തനിയമങ്ങള്‍, കൊലപാതക പരമ്പരകളും നൂറുകണക്കിന് മുസ്ലിം-ക്രൈസ്തവ ആരാധനാലയങ്ങള്‍ കത്തിക്കല്‍, പലസ്തീന്‍ അരുംകൊലകള്‍ നടത്തുന്ന ഇസ്രയേലുമായുള്ള മോഡിയുടെ ചങ്ങാത്തം, ഗോവധത്തിന്റെ മറവില്‍ ഉത്തരേന്ത്യയില്‍ നടക്കുന്ന മുസ്ലിം ഹത്യകളും കൂട്ടബലാ‍ത്സംഗങ്ങളും തുടങ്ങി എ­ണ്ണി­യാലൊടുങ്ങാ­ത്ത വിഷയങ്ങള്‍ ന്യൂനപക്ഷങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. വംശീയത കു­ത്തിനിറച്ച പൗരത്വ ഭേദഗതി നിയമത്തിലെ കോണ്‍ഗ്രസിന്റെ നിലപാടില്ലായ്മയും ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിനെതിരായി തിരിയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിനിടെ ക്രൈ­സ്തവസഭകളെ പ്രീണിപ്പിക്കാനും ഇഡി മോഡലില്‍ ഭയപ്പെടുത്താനും ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വിനോദ് കുമാര്‍ സക്സേനയെ കേരളത്തിലേക്ക് അയച്ചതും വെളുക്കാന്‍ തേച്ചത് പാണ്ടുപോലെയായി. ചില സഭാ മേലധ്യക്ഷന്മാര്‍ ആതിഥ്യമര്യാദയനുസരിച്ച് സക്സേനയെ സ്വീകരിച്ചുവെങ്കിലും തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ അദ്ദേഹത്തെ കാണാന്‍പോലും കൂട്ടാക്കിയിട്ടില്ല. 

ലത്തീന്‍സഭയെ സാമ്പത്തികമായി ശ്വാസം മുട്ടിച്ചശേഷം അനുനയത്തിനെത്തുന്നത് വകവയ്ക്കാനാവില്ലെന്നാണ് ആര്‍ച്ച് ബിഷപ്പ് വെട്ടിത്തുറന്ന് പറഞ്ഞത്. കള്ളപ്പണക്കേസില്‍ ഇഡി അന്വേഷണം നേരിടുന്ന ബിലീവേഴ്സ് ചര്‍ച്ച് മേധാവി ബിഷപ്പ് യോഹന്നാന്‍ എന്ന മാനത്തുകണ്ണി മാത്രമാണ് ഗവര്‍ണറുടെ വലയിലായത്.
പടപൊരുതുന്ന പലസ്തീന്‍ ജനതയ്ക്കും ഹമാസിനുമെതിരെ ശശിതരൂര്‍ നടത്തിയ ഇസ്രയേല്‍ അനുകൂല നിലപാടും തീരശോഷണത്തിലും തൊഴിലില്ലായ്മയിലും പട്ടിണിയിലും നട്ടം തിരിയുന്ന വിഴിഞ്ഞമടക്കമുള്ള പ്രദേശങ്ങളിലെ ക്രൈസ്തവ‑മുസ്ലിം മത്സ്യത്തൊഴിലാളികള്‍ക്കെതിരെ മോഡിയുടെ കോര്‍പറേറ്റ് ഭീമന്‍ അഡാനിക്കുവേണ്ടി നടത്തിയ വാഴ്ത്തുപാട്ടും തീരദേശ ന്യൂനപക്ഷ വോട്ടര്‍മാരെ പ്രകോപിപ്പിച്ചിട്ടുണ്ട്. 

Eng­lish Sum­ma­ry: UDF and BJP are at loggerheads

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.