19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 10, 2024
December 19, 2023
December 14, 2023
October 30, 2023
September 11, 2023
August 22, 2023
August 21, 2023
August 20, 2023
August 20, 2023
July 29, 2023

ഉമ്മന്‍ചാണ്ടിയുടെയും, ചെന്നിത്തലയുടേയും യുഡിഎഫ് യോഗ ബഹിഷ്‍കരണം; കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനും, കെപിസിസി നേതൃത്വത്തിനുമുള്ള മുന്നറിയിപ്പ്

പുളിക്കല്‍ സനില്‍രാഘവന്‍
November 30, 2021 11:40 am

മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കെപിസിസി നേതൃത്വത്തിനെതിരെ നിലപാട് കടുപ്പിക്കുന്നതിന്റെ സൂചനകളാണ് കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് യോഗം ബഹിഷ്‌ക്കരണത്തിലൂടെ പുറത്തുവന്നത്. തിരുവനന്തപുരത്ത് ഉണ്ടായിരുന്ന ഇരു നേതാക്കളും പരസ്പരം കൂടിയാലോചന നടത്തിയതിന് ശേഷമാണ് യുഡിഎഫ് യോഗത്തിൽ നിന്നും വിട്ടു നിൽക്കാൻ തീരുമാനിച്ചത്. 

എതിർപ്പ് അവഗണിച്ച് പുനഃസംഘടനയുമായി മുന്നോട്ടുപോകാനുള്ള കെപിസിസി നേതൃത്വത്തിന് നീക്കമാണ് നേതാക്കളെ ചൊടിപ്പിച്ചത്. സോണിയാഗാന്ധിയെ നേരിൽ കണ്ട് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം കൂടിയായ ഉമ്മന്‍ചാണ്ടി പരാതി പറഞ്ഞിട്ടും പ്രശ്നപരിഹാരം ഉണ്ടാകാത്തതിലെ അതൃപ്തിയും ബഹിഷ്‌കരണത്തിന് കാരണമായി.പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തത് മുതൽ കെപിസിസി ഭാരവാഹി നിയമനം വരെ ഏകപക്ഷീയമാണെന്ന പരാതിയാണ് മുതിർന്ന നേതാക്കൾക്കുള്ളത്. പുനഃസംഘടന നിർത്തിവെച്ച് സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഇരു നേതാക്കളും പ്രധാനമായും ഉന്നയിക്കുന്ന ആവശ്യം. പക്ഷേ ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടാണ് സുധാകരനും വി.ഡി സതീശനും സ്വീകരിച്ചിരിക്കുന്നത്.

പുനഃസംഘടനയ്ക്ക് ഹൈക്കമാൻഡ് പച്ചക്കൊടി കാട്ടുകയും ചെയ്തതോടെ പരസ്യ പ്രതിഷേധത്തിലേക്ക് നീങ്ങാൻ തന്നെയാണ് ഗ്രൂപ്പുകളും ആലോചിക്കുന്നത്.അതേസമയം, കണ്ണൂർ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി സൊസൈറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മമ്പറം ദിവാകരനെതിരെ നടപടിയെടുത്തതിൽ സുധാകരൻ ഉറച്ചുനിന്നു. അച്ചടക്കലംഘനം കാട്ടിയതിനാലാണു നടപടിയെടുത്തത്. ഇതു വച്ചുപൊറുപ്പിക്കാനാകില്ലെന്നും സുധാകരൻ വ്യക്തമാക്കി. അച്ചടക്കലംഘനം ശ്രദ്ധയിൽപെട്ടാൽ വലിപ്പ ചെറുപ്പം നോക്കാതെ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കോണ്‍ഗ്രസ് പുനസംഘടനാ വിഷയത്തിലെ അതൃപ്തി ഇനിയും പരിഹരിക്കാത്ത സാഹചര്യത്തില്‍ ഗ്രൂപ്പുമായി നീങ്ങാനാണ് തീരുമാനം. 

ഇതിന മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പച്ചക്കൊടി കാട്ടിയതിന്‍റെ ഭാഗമാണ് ഇരുവരുടേയും ബഹിഷ്കരണവും. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവുമായി തുടരുന്ന അതൃപ്തിയുടെ പശ്ചാത്തലത്തിലാണ് ഇരുവരും യോഗം ബഹിഷ്‌കരിച്ചത്.തിരുവനന്തപുരത്തു തന്നെ ഇരു നേതാക്കളും ഉണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഡിസിസി, കെപിസിസി പുനസംഘടനകളില്‍ ഗ്രൂപ്പു നേതാക്കളെ സംസ്ഥാന നേതൃത്വം തഴയുകയാണെന്ന പരാതിയാണ് എ,ഐ ഗ്രൂപ്പുകള്‍ക്ക് ഉള്ളത്. അതുകൊണ്ടുതന്നെ ഇനി നേതൃത്വത്തിന്റെ തീരുമാനങ്ങള്‍ക്ക വഴങ്ങേണ്ടെന്നും ഇവര്‍ പറയുന്നു.. നേരത്തെ കെപിസിസി രാഷ്ട്രീയ കാര്യസമിതി വിളിക്കണമെന്ന് ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനെ നേരിട്ടു കണ്ട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഇതുവരെ ആവശ്യം അംഗീകരിക്കപ്പെട്ടിട്ടില്ല.അതിനിടെയാണ് പുതിയ കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍ക്ക് ചുമതലകള്‍ വീതിച്ചു നല്‍കിയത് ഉന്നത നേതാക്കളോട് ആലോചിക്കാതെയായിരുന്നു. ഗ്രൂപ്പുകളുടെ പ്രതിനിധിയായി ജനറല്‍ സെക്രട്ടറിമാരായവര്‍ക്ക് കാര്യമായ പരിഗണനയുണ്ടായില്ലെന്ന പരാതി നേതാക്കള്‍ക്ക് ഉണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാന നേതൃത്വവുമായി സഹകരിക്കേണ്ടെന്നു തന്നെയാണ് ഗ്രൂപ്പു നേതൃത്വത്തിന്റെ നിലപാട്.തങ്ങള്‍ നേരിട്ടെത്തി പറഞ്ഞ കാര്യങ്ങള്‍ക്ക് പോലും കാര്യമായ പരിഗണന കിട്ടുന്നില്ലെന്നും നേതാക്കള്‍ പറയുന്നു. രാഷ്ട്രീയകാര്യസമിതിയും പുനസംഘടനയുമൊക്കെ ചൂണ്ടിക്കാണിച്ചാണ് നേതാക്കളുടെ വാദം. എന്നാല്‍ സംസ്ഥാന നേതൃത്വത്തെ പൂര്‍ണമായി വിശ്വാസത്തിലെടുക്കാതെ ഗ്രൂപ്പു നേതാക്കള്‍ നടത്തുന്ന നീക്കത്തോട് ഹൈക്കമാന്‍ഡിന് യാതൊരു താല്‍പര്യവുമില്ല.കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ മുതിര്‍ന്ന നേതാക്കളുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നെങ്കിലും കാര്യമായ പ്രയോജനമുണ്ടായിരുന്നില്ല. സംഘടനാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ നടത്താനാണ് എ,ഐ ഗ്രൂപ്പുകള്‍ തീരുമാനിച്ചിട്ടുള്ളത്. 

സംസ്ഥാന നേതൃത്വത്തിനെതിരെ പൊതു സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ച് മത്സരിക്കാനാണ് തീരുമാനം. കീരിയും പാമ്പുമായി നിന്ന ഇരു ഗ്രൂപ്പുകളും ഒന്നിച്ചു നീങ്ങാനാണ് തീരുമാനം. മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിക്കും, രമേശ് ചെന്നിത്തലയ്ക്കും അതൃപ്തി ഉണ്ടെന്ന തെളിച്ചുപറഞ്ഞ് കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരൻ. ഇരുനേതാക്കളും യുഡിഎഫ് യോഗം ബഹിഷ്‌കരിച്ചതിനെ കുറിച്ചായിരുന്നു സുധാകരന്റെ പ്രതികരണം. ജനാധിപത്യ പാർട്ടിക്കകത്ത് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകും. എന്തുകൊണ്ട് ചിലർ യോഗത്തിനെത്തിയില്ലെന്ന് തനിക്കറിയില്ല. ഇതിലും വലിയ കൊടുങ്കാറ്റ് വന്നിട്ടും തളർന്നിട്ടില്ല. ഇത് ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണെന്നും സുധാകരൻ പറഞ്ഞു.അതേസമയം, ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും യുഡിഎഫ് യോഗത്തിൽ പങ്കെടുക്കാതിരുന്നതിൽ അസ്വാഭാവികതയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു. 

എന്തെങ്കിലും വിയോജിപ്പുകൾ ഇരുവരും പാർട്ടിയെ അറിയിച്ചിട്ടില്ലെന്നും കെ.സുധാകരനും യോഗത്തിൽ പങ്കെടുത്തിട്ടില്ലെന്ന് സതീശൻ വിശദീകരിച്ചു.ഇരുവരും യുഡിഎഫ് യോഗത്തിൽ നിന്ന് വിട്ടു നിന്നതിന്റെ കാരണമറിയില്ലെന്നാണ് എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ പ്രതികരിച്ചത്. ഇരുവരുമായി ചർച്ച നടത്തും. എല്ലാ കാര്യങ്ങളും അവരോടും ആലോചിച്ചാണ് ചെയ്യാറുള്ളത്. നേതാക്കൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളില്ല. കോൺഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് ആരും എതിർപ്പ് ഉന്നയിച്ചിട്ടില്ലെന്നും പുനഃസംഘടനയുമായി മുന്നോട്ട് പോകുമെന്നും താരീഖ് അൻവർ വ്യക്തമാക്കി. 

സംഘടനാ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ രമേശ് ചെന്നിത്തലയെ സുധാകനെതിരേ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കാന്‍ ഗ്രൂപ്പുകളില്‍ അനൗദ്യോഗിക ആലോചനകളും നടക്കുന്നു. ഇതിനിടയില്‍ ഇരു ഗ്രൂപ്പിന്റെയും പൊതു സ്ഥാനാര്‍ത്ഥിയായി കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ബെന്നി ബെഹന്നാന്‍ മത്സരിക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്. ബെന്നി ബെഹന്നാന്‍ ഇതിനായുള്ള താല്‍പര്യം ഗ്രൂപ്പ് നേതൃത്വത്തെ അറിയിച്ചെന്നാണ് വിവരം. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായി വന്നാല്‍ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തേക്ക് എ ഗ്രൂപ്പ് ഉദ്ദേശിച്ചത് ഉമ്മന്‍ചാണ്ടിയുടെ വലംകൈയായ കെ സി ജോസഫിനെയാണ് 

എന്നാല്‍ കാര്യങ്ങളെല്ലാം മാറി മറിയുകുയും പ്രതിപക്ഷനേതാവായി വി ഡി സതീശനും, കെപിസിസി അധ്യക്ഷനായി കെ .സുധാകനും എത്തിയതോടെ ഗ്രൂപ്പുകളുടെ താല്‍പര്യങ്ങളില്ലാതായി. എന്നാല്‍ നിലവിലെ നേതൃത്വം എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഗ്രൂപ്പിന്‍റെ നോമിനികളാണെന്നു എ , ഐ ഗ്രൂപ്പുകള്‍ അഭിപ്രായപ്പെടുന്നു. അതിനാല്‍ പുതിയ നേതൃത്വത്തിനെതിരേ ഗ്രൂപ്പ് പ്രവര്‍ത്തനം സജീവമാക്കി, ഒന്നിച്ചുനീങ്ങുവാനും തീരുമാനിച്ചിരിക്കുന്നു. അതിനായി അവര്‍ക്ക് രമേശും, ഉമ്മന്‍ചാണ്ടിയും കലവറയില്ലാത്ത പിന്തുണയും നല്‍കും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.