21 May 2024, Tuesday

ബിജെപിയെ ഭയക്കുന്ന യുഡിഎഫ്; ജനങ്ങളോടൊപ്പം ഇടതുപക്ഷം

സത്യന്‍ മൊകേരി
വിശകലനം
April 11, 2024 4:30 am

കോണ്‍ഗ്രസ് സ്വീകരിക്കുന്ന മൃദു ഹിന്ദുത്വ നിലപാട് ആ പാര്‍ട്ടിയെ നാശത്തിലേക്ക് നയിക്കുകയാണ്. ബിജെപിക്കും ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികള്‍ക്കുമെതിരായി അടിയുറച്ചതും വിട്ടുവീഴ്ചയില്ലാത്തതുമായ നിലപാട് സ്വീകരിക്കുവാന്‍ കഴിയാത്തതാണ് കോൺഗ്രസ് നേരിടുന്ന ഇന്നത്തെ പ്രതിസന്ധി. രാഹുൽഗാന്ധി കോണ്‍ഗ്രസിന്റെ മുഖവും ഇന്ത്യ മുന്നണിയുടെ പ്രമുഖ നേതാവും ആണ്. രാഹുല്‍ഗാന്ധിക്ക് എന്തുകൊണ്ട് ബിജെപിക്കെതിരെ നേര്‍ക്കുനേര്‍ പോരാടാന്‍ കഴിയുന്നില്ല?. രാഹുല്‍ഗാന്ധി എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം കോണ്‍ഗ്രസിനും അദ്ദേഹത്തിനും തന്നെയാണ്. രാഹുല്‍ എന്തുകൊണ്ട് ഹിന്ദുത്വശക്തികളുടെ കേന്ദ്രങ്ങളില്‍ അവരുമായി നേരിട്ട് ഏറ്റുമുട്ടാന്‍ ഭയക്കുന്നു എന്നതാണ് ചോദ്യം.
ഇന്ത്യയില്‍ ബിജെപിക്ക് ഇടം ലഭിക്കാത്ത മണ്ണാണ് കേരളം. നിയമസഭയില്‍ ഇടക്കാലത്ത് ഒരു അംഗം ഉണ്ടായിരുന്നു. ഇപ്പോള്‍ അതും ഇല്ലാത്ത സ്ഥിതിയാണ്. സംസ്ഥാനത്ത് ബിജെപി ഏറ്റവും ദുര്‍ബലമായ പ്രദേശമാണ് വയനാട് പാര്‍ലമെന്റ് മണ്ഡലം. ഹിന്ദുത്വ ശക്തികള്‍ക്ക് ഒട്ടും ശക്തിയില്ലാത്ത വയനാട് മണ്ഡലത്തില്‍ത്തന്നെ മത്സരിക്കുവാന്‍ എന്തുകൊണ്ട് രാഹുല്‍ഗാന്ധി തയ്യാറായി എന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ കോണ്‍ഗ്രസിനും രാഹുല്‍ഗാന്ധിക്കും കഴിയുന്നില്ല. ‘രാഹുലിന് എവിടെയും മത്സരിക്കാന്‍ അവകാശമുണ്ട്. വയനാട്ടില്‍ എന്തുകൊണ്ട് മത്സരിച്ചുകൂടാ’ എന്ന ചോദ്യമാണ് എഐസിസി, കെപിസിസി നേതാക്കള്‍ തിരിച്ചുന്നയിക്കുന്നത്. തീര്‍ച്ചയായും ഇന്ത്യയില്‍ എവിടെയും മത്സരിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. ചോദ്യം, എന്തുകൊണ്ട് ബിജെപി-സംഘ്പരിവാര്‍ കേന്ദ്രങ്ങളായ വടക്കേ ഇന്ത്യയില്‍ ഹിന്ദുത്വ ശക്തികളുമായി നേരിട്ട് ഏറ്റുമുട്ടാന്‍ അദ്ദേഹം ഭയക്കുന്നു എന്നതാണ്? ‌ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടുന്നതിന് തയ്യാറാകാത്ത കോണ്‍ഗ്രസ്, ദേശീയ രാഷ്ട്രീയ പ്രശ്നങ്ങളില്‍ സ്വീകരിക്കുന്ന നിലപാട് വിമര്‍ശനവിധേയമാവുകയാണ്.

നെഹ്രുവിയന്‍ രാഷ്ട്രീയ, സാമ്പത്തിക നയങ്ങളില്‍ നിന്നും കോണ്‍ഗ്രസ് പിന്‍വാങ്ങാന്‍ തുടങ്ങിയത് രാജീവ് ഗാന്ധിയുടെ കാലം മുതലാണ്. ബാബറി മസ്ജിദില്‍ രാമവിഗ്രഹം കണ്ടെത്തിയെന്ന് പ്രധാനമന്ത്രിയായ നെഹ്രുവിനെ അറിയിച്ചപ്പോള്‍ ആ വിഗ്രഹം സരയൂ നദിയില്‍ എറിയാനായിരുന്നു അദ്ദേഹം നിര്‍ദേശിച്ചത്. അവിടെനിന്ന് കോണ്‍ഗ്രസിന്റെ യാത്ര എവിടേക്കായിരുന്നു. നരസിംഹറാവുവിന്റെ കാലത്താണ് ബാബറി മസ്ജിദ് തകര്‍ക്കുന്നതിനുള്ള കേന്ദ്ര ഭരണകൂടത്തിന്റെ മൗനാനുവാദം സംഘ്പരിവാര്‍ സംഘടനകള്‍ക്ക് ലഭിച്ചത്. കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാട് ശക്തമായിത്തുടങ്ങിയത് രാജീവ് ഗാന്ധിയുടെ കാലത്താണ്. അതാണ് പാര്‍ട്ടിയുടെ ദയനീയ തകര്‍ച്ചയ്ക്ക് കാരണമായത്.
കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിമാരും കേന്ദ്ര മന്ത്രിമാരും പിസിസി പ്രസിഡന്റുമാരും എംപി, എംഎല്‍എമാരുമായിരുന്നവര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേക്കേറി. ഇന്നത്തെ ബിജെപി നേതൃത്വത്തില്‍ പ്രമുഖരായ നിരവധിപേര്‍ മുന്‍ കോണ്‍ഗ്രസ് നേതാക്കളാണ്. കേരളത്തില്‍ രണ്ട് മുന്‍ മുഖ്യമന്ത്രിമാരുടെ മക്കള്‍ ഇപ്പോള്‍ ബിജെപിയിലാണ്. ബിജെപിയിലേക്ക് ഇങ്ങനെ തങ്ങളുടെ നേതാക്കള്‍ കൂടുമാറുന്നത് എന്തുകൊണ്ടാണെന്ന് കോണ്‍ഗ്രസ് പരിശോധിക്കണം. അതിന്റെ കാരണം കണ്ടെത്തി തിരുത്താന്‍ തയ്യാറാകണം. തങ്ങളുടെ പ്രധാനശത്രു ഇടതുപക്ഷ ജനാധിപത്യ മുന്നണിയും, കേരള സര്‍ക്കാരും ആണെന്ന നിലപാട് കോണ്‍ഗ്രസിനെ കൂടുതല്‍ക്കൂടുതല്‍ ദുര്‍ബലമാക്കും.
പൗരത്വ നിയമത്തെക്കുറിച്ച് കോണ്‍ഗ്രസ് സ്വന്തം പ്രകടനപത്രികയിൽ മൗനം പാലിക്കുന്നതിന്റെ ഉദ്ദേശ്യം എന്താണ്. കേന്ദ്ര സര്‍ക്കാരിന്റെ കരിനിയമങ്ങളെക്കുറിച്ചും പ്രകടനപത്രിക മൗനം പാലിക്കുന്നു. ഉത്തരേന്ത്യയിലെത്തിയാല്‍ ബിജെപിയുടെ ഹിന്ദുത്വ അജണ്ടതന്നെയാണ് കോണ്‍ഗ്രസിന് എന്നത് പരസ്യമായ രഹസ്യമാണ്. അതിന്റെ വെളിപ്പെടലാണ് വയനാട്ടിലെ രാഹുലിന്റെ റാലിയില്‍ നിന്ന് പാര്‍ട്ടി പതാക പോലും ഉപേക്ഷിച്ച അവരുടെ ദയനീയാവസ്ഥ. ഘടകകക്ഷിയായ മുസ്ലിം ലീഗിന്റെ പതാക ഉപയോഗിച്ചാല്‍ പാകിസ്ഥാന്‍ പതാകയെന്ന് ഉത്തരേന്ത്യന്‍ സംഘ്പരിവാര്‍ ലോബി പ്രചാരണം നടത്തുമെന്ന ഭയമാണ് കോണ്‍ഗ്രസിനെ ഭരിച്ചത്. ലീഗ് പതാക മാത്രം ഒഴിവാക്കാന്‍ പറയുന്നതിലെ സംഘര്‍ഷം ഭയന്ന് സ്വന്തം കൊടി പോലുമില്ലാതെ റാലി നടത്തേണ്ടി വന്നു. ലീഗിന്റെ കൊടിയെ ഭയക്കുന്നവര്‍ എങ്ങനെ ന്യൂനപക്ഷ സംരക്ഷണം ഉറപ്പാക്കും എന്ന ചോദ്യം ലീഗ് അണികളില്‍ നിന്നുതന്നെ ഉയര്‍ന്നിട്ടുണ്ട്.

കേരളത്തിന്റെ പൊതു ആവശ്യങ്ങള്‍ക്കുവേണ്ടി നിലപാടെടുക്കുന്നതിന് പകരം കോണ്‍ഗ്രസ് ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണ്. ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രന്റെയും കെപിസിസി പ്രസിഡന്റ് വി ഡി സതീശന്റെയും നിലപാട് ഇക്കാര്യത്തില്‍ ഒന്നുതന്നെയാണ്. കേന്ദ്രനിലപാടുകള്‍ക്കെതിരെ കേരളത്തിന്റെ ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താന്‍ കേരളത്തിലെ പ്രതിപക്ഷവും കെപിസിസിയും തയ്യാറല്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതൃത്വം നല്‍കുന്ന സര്‍ക്കാരിനെതിരായി നീക്കങ്ങള്‍ നടത്തുകയാണ് അവര്‍ ചെയ്യുന്നത്. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധികളില്‍പ്പെടുത്തി ശ്വാസംമുട്ടിക്കുവാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിന്, യുഡിഎഫ് എല്ലാ സഹായവും ചെയ്യുകയാണ്. പരോക്ഷമായും പ്രത്യക്ഷത്തിലും ബിജെപിയുമായി ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസ് ഇക്കാലമത്രയും ചെയ്തിട്ടുള്ളത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ മാത്രമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സംസ്ഥാനത്ത് വിജയിച്ചത്. യുഡിഎഫിന്റെ 18 എംപിമാര്‍ കേരളത്തിന്റെ അവകാശങ്ങള്‍ക്കുവേണ്ടി എന്ത് ശബ്ദമാണ് ‌ലോക്‌സഭയില്‍ ഉന്നയിച്ചത്. കേന്ദ്രം കേരളജനതയെ പൂര്‍ണമായി അവഗണിച്ചപ്പോള്‍ ലോക്‌സഭയില്‍ കേരളത്തിന്റെ ശബ്ദമുയര്‍ത്താന്‍ യുഡിഎഫ് എംപിമാര്‍ തയ്യാറായില്ല. അവര്‍ കേരളത്തിന്റെ താല്പര്യത്തിനെതിരായ ബിജെപി നിലപാടുകള്‍ക്ക് പിന്തുണ നല്‍കുകയായിരുന്നു. കേരളത്തിനായി ദേശീയതലത്തില്‍ ശബ്ദമുയര്‍ത്താന്‍ ലോക്‌സഭയില്‍ അംഗങ്ങള്‍ ഉണ്ടാകണം. ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം രാജ്യത്ത് ഉയര്‍ന്നുവരുന്ന രാഷ്ട്രീയ സാഹചര്യങ്ങളില്‍ ശക്തമായി ഇടപെടാന്‍ കഴിയേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഇടതുപക്ഷ എംപിമാരുടെ എണ്ണം ലോക്‌സഭയില്‍ വര്‍ധിപ്പിക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്. കേരളത്തിലെ ഉയര്‍ന്ന രാഷ്ട്രീയബോധമുള്ള ജനത ആ കടമ ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.