27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 26, 2024
July 26, 2024
July 25, 2024
July 25, 2024
July 21, 2024
July 21, 2024
July 18, 2024
July 17, 2024
July 17, 2024
July 17, 2024

കേന്ദ്രത്തെ വെളുപ്പിക്കാന്‍ യുഡിഎഫിന്റെ ധവളപത്രം

Janayugom Webdesk
തിരുവനന്തപുരം
January 28, 2023 6:59 pm

കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ കാരണം രാജ്യത്താകെയുള്ള വിലക്കയറ്റവും ബിജെപി (BJP) ഇതര സംസ്ഥാന സര്‍ക്കാരുകളോടുള്ള ചിറ്റമ്മ നയം മൂലമുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിയുമെല്ലാം കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെതിരെയുള്ള കുറ്റപത്രമാക്കി മാറ്റി യുഡിഎഫി(UDF) ന്റെ ധവളപത്രം. ജിഎസ്‌ടി (GST) നഷ്ടപരിഹാരം നല്‍കാത്തതും കേന്ദ്രവിഹിതം കൃത്യമായി അനുവദിക്കാത്തതുമുള്‍പ്പെടെയുള്ള കാര്യങ്ങളിലും കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധം പേരിന് മാത്രമാണുള്ളത്. കേരളം അതിരൂക്ഷമായ ധനപ്രതിസന്ധിയിലെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് യുഡിഎഫ് തയ്യാറാക്കിയ ധവളപത്രത്തിന് പേരിട്ടിരിക്കുന്നത് കട്ടപ്പുറത്തെ കേരള സര്‍ക്കാര്‍ എന്നാണ്. ഫലത്തില്‍ കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയെയും വെളുപ്പിക്കാനുള്ള പത്രമായി യുഡിഎഫിന്റെ ധവളപത്രം മാറി. 

കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ വഴിയുണ്ടായ വിലക്കയറ്റവും കാര്‍ഷിക മേഖലയിലുണ്ടായ പ്രതിസന്ധിയുമെല്ലാം സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലമാണെന്നാണ് ധവളപത്രത്തില്‍ കുറ്റപ്പെടുത്തുന്നത്. ബഫര്‍ സോണ്‍ (Buffer Zone) പ്രശ്നത്തിലെ സാമ്പത്തിക ആഘാതം എന്ന തലക്കെട്ടിലുള്ള ഭാഗത്തും സുപ്രീം കോടതി (Supreme Court) വിധി മൂലമുണ്ടായ അനിശ്ചിതാവസ്ഥയെ മറച്ചുവച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള കുറ്റപത്രമാക്കി മാറ്റുന്നു. വ്യവസായ രംഗത്ത് തകര്‍ച്ചയാണെന്നും പൊതുമേഖല നഷ്ടത്തിലാണെന്നും ധവളപത്രത്തില്‍ വാദിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പദ്ധതികളും പൊതുമേഖലയെ സംരക്ഷിക്കാനുള്ള ഇടപെടലുകളെയുമെല്ലാം തമസ്കരിച്ചുകൊണ്ടാണ് ഈ നിലപാട് യുഡിഎഫ് സ്വീകരിക്കുന്നത്. കെഎസ്ആര്‍ടിസിയെ (KSRTC) സംരക്ഷിക്കാനുള്ള നടപടികളെല്ലാം അവഗണിച്ചുകൊണ്ടാണ് പഞ്ചറായ കെഎസ്ആര്‍ടിസിയെന്ന് ധവളപത്രത്തില്‍ പുച്ഛിക്കുന്നത്. 

സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ കുടിശിക തീര്‍ത്ത് കൃത്യമായി നല്‍കുന്നതും സപ്ലൈകോ വഴി വിലകുറച്ച് സബ്സിഡി സാധനങ്ങള്‍ നല്‍കുന്നതുമുള്‍പ്പെടെ ജനങ്ങളെ സഹായിക്കുന്നതിനായുള്ള വിവിധ നടപടികളിലൂടെ സംസ്ഥാന സര്‍ക്കാരിനുണ്ടാകുന്ന സാമ്പത്തിക ബാധ്യതകളെയും വിലകുറച്ച് കാണുകയാണ് യുഡിഎഫിന്റെ ധവളപത്രത്തില്‍. വിദേശയാത്രകള്‍ വഴി ഒന്നും നേടിയില്ലെന്ന് യുഡിഎഫ് കുറ്റപ്പെടുത്തുന്നു. മദ്യവിലയില്‍ വര്‍ധനവ് നേരിയ തോതിലാണെങ്കിലും അത് മയക്കുമരുന്ന് ലോബിയെ സഹായിക്കാനാണെന്ന കണ്ടുപിടിത്തവും ധവളപത്രത്തില്‍ എഴുതിവച്ചു. വികസന പദ്ധതികളില്‍ ചെലവഴിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തുന്ന ധവളപത്രം തന്നെ സില്‍വര്‍ ലൈന്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ അനാവശ്യമാണെന്നും ധൂര്‍ത്താണെന്നും പറയുന്നു. 

സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള കുറ്റപ്പെടുത്തലുകള്‍ക്ക് ശേഷം അവസാനഭാഗത്താണ് കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള ചുരുക്കം ചില വിമര്‍ശനങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജിഎസ്‌ടി നഷ്ടപരിഹാരം നല്‍കണം, കേരളത്തിനുള്ള കേന്ദ്ര നികുതി വിഹിതം കൃത്യമായി നല്‍കണം, കേന്ദ്രാവിഷ്കൃത പദ്ധതികള്‍ സംസ്ഥാന താല്പര്യങ്ങള്‍ അനുസരിച്ചും ആവശ്യമായ ഭേദഗതികള്‍ വരുത്താനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്ക് നല്‍കണം തുടങ്ങിയ കാര്യങ്ങള്‍ നേടിയെടുക്കാന്‍ കേരളത്തിന്റെ താല്പര്യങ്ങള്‍ പരിഗണിച്ച് എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്ന് ധവളപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. 

സംസ്ഥാന സര്‍ക്കാരിനുള്ള ചില ഉപദേശങ്ങളോടെയാണ് ധവളപത്രം അവസാനിപ്പിക്കുന്നത്. കുറച്ച് കാലത്തേക്ക് ചെലവേറിയ ആഘോഷങ്ങളും ആര്‍ഭാടപൂര്‍ണമായ പരിപാടികളും ഉപേക്ഷിക്കണമെന്നും ഭരണകൂടത്തിന്റെ എല്ലാ തലങ്ങളിലും അനാവശ്യമായ ചെലവുകള്‍ നിയന്ത്രിക്കാന്‍ കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കണമെന്നും പദ്ധതി ചെലവ് കുറയുകയും പദ്ധതിയേതര ചെലവ് വര്‍ധിക്കുകയും ചെയ്യുന്ന പ്രവണത ഒഴിവാക്കണമെന്നും യുഡിഎഫ് ധവളപത്രത്തില്‍ നിര്‍ദേശിക്കുന്നു.

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.