31 March 2025, Monday
KSFE Galaxy Chits Banner 2

യുജിസി കരട് ഭേദഗതി ഭരണഘടനാ വിരുദ്ധം

പ്രൊഫ. കെ അരവിന്ദാക്ഷൻ
February 26, 2025 4:45 am

ബിജെപിയിതര പാര്‍ട്ടികള്‍ അധികാരത്തിലിരിക്കുന്ന മുഴുവന്‍ സംസ്ഥാന സര്‍ക്കാരുകളും ഒറ്റക്കെട്ടായാണ് യുജിസി പുറത്തിറക്കിയിരിക്കുന്ന സര്‍വകലാശാലകളുടെ നിയന്ത്രണങ്ങള്‍ സംബന്ധമായ കരട് വിജ്ഞാപനരേഖയിലെ മാര്‍ഗനിര്‍ദേശങ്ങളോടുള്ള വിയോജിപ്പ് ശക്തമായ ഭാഷയില്‍ പ്രകടമാക്കുന്നത്. കേരളം ഭരിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരും സമാനമായൊരു നിലപാടിലാണുള്ളത്. എതിര്‍പ്പിന്റെ കാതലായ കാരണം, നിര്‍ദിഷ്ട പരിഷ്കാരം ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറല്‍ തത്വങ്ങളുടെ പൂര്‍ണമായ നിഷേധത്തിലേക്കാണ് നയിക്കുക എന്നതാണ്. ഭരണഘടന തുടക്കത്തില്‍ വിഭാവനം ചെയ്തത്, വിദ്യാഭ്യാസം മുഖ്യമായും സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലായിരിക്കണമെന്നായിരുന്നു. പിന്നീട് കേന്ദ്രത്തില്‍ മാറിമാറി അധികാരത്തിലെത്തിയ ഭരണകൂടങ്ങള്‍ ഇതില്‍ വെള്ളം ചേര്‍ക്കുകയും വിദ്യാഭ്യാസ മേഖലയെ കേന്ദ്രത്തിനും സംസ്ഥാനത്തിനും അവകാശം നല്‍കുന്ന സമാവര്‍ത്തി (കണ്‍കറന്റ്) പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. എങ്കിലും നയപരമായ വ്യതിയാനങ്ങള്‍ വരുത്തേണ്ടിവരുമ്പോള്‍ മുന്‍തൂക്കം സംസ്ഥാനങ്ങളുടെ നിര്‍ദേശങ്ങള്‍ക്ക് തന്നെയായിരിക്കണം എന്നായിരുന്നു.

ഈ യാഥാര്‍ത്ഥ്യം കണക്കിലെടുക്കാതെയാണ് 2010ലെ യുജിസി നിയമവ്യവസ്ഥ ഭേദഗതി ചെയ്യുകയും സര്‍വകലാശാലാ വെെസ് ചാന്‍സലര്‍ നിയമനത്തില്‍ കേന്ദ്ര ഏജന്‍സിയായ യുജിസിക്ക് കൂടി അധികാരം നല്‍കാനുള്ള വ്യവസ്ഥ നിലവില്‍ വരികയും ചെയ്തത്. വിസി നിയമനത്തില്‍ അക്കാദമിക് ബിരുദവും നിലവാരവും അര്‍ഹതയും തീരുമാനിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കേന്ദ്ര ഏജന്‍സിയായിരിക്കും തീരുമാനിക്കുക. പ്രൊഫഷണല്‍ മേഖലയില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് വ്യവസായം, പൊതുഭരണം, പൊതു നയരൂപീകരണം എന്നീ മേഖലകളില്‍ 10 വര്‍ഷമോ അതിലേറെയോ പരിചയമുണ്ടെങ്കില്‍ വിസി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ അര്‍ഹതയുണ്ടെന്നാണ് കരടില്‍ പറയുന്നത്. ഭരണഘടനാ സംബന്ധമായ നിയമതര്‍ക്കങ്ങള്‍ക്കും അക്കാദമിക്ക് പ്രാധാന്യമുള്ള വിവാദങ്ങള്‍ക്കും പുതിയ യുജിസി നിയമഭേദഗതി വഴിയൊരുക്കിയിരിക്കുകയാണ്. 1956ലെ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്‍ ആക്ട് പാസാക്കിയപ്പോള്‍ ഇന്ത്യന്‍ പാര്‍ലമെന്റ് വിഭാവനം ചെയ്തത് രാജ്യത്തെമ്പാടുമുള്ള സര്‍വകലാശാലകളുടെ സംയോജിതമായ പ്രവര്‍ത്തനം ഉറപ്പാക്കുകയും, അതിലൂടെ അവയുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു കേന്ദ്ര ഏജന്‍സിയെന്ന നിലയില്‍ യുജിസിയുടെ പദവി നിലനിര്‍ത്തുകയുമായിരുന്നു.

സര്‍വകലാശാലാ വിദ്യാഭ്യാസ മേഖലയുടെ പുരോഗതിയും ഏകീകൃതമായ മുന്നേറ്റവും ഈ ഏജന്‍സിയുടെ ചുമതലയായി കണക്കാക്കപ്പെടുകയും ചെയ്തു. വിദ്യാഭ്യാസത്തിന്റെ ഉന്നത നിലവാരം കോട്ടം കൂടാതെ നിലനിര്‍ത്താനാവശ്യമായ അക്കാദമിക്ക് മേന്മയുള്ള അധ്യാപകരെ പ്രത്യേകം കണ്ടെത്തി നിയമിക്കുകയും കുറ്റമറ്റ പരീക്ഷാ നടത്തിപ്പ് ഉറപ്പാക്കുകയും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പ്രോത്സാഹനം നല്‍കുകയും വേണം. ഇത്തരം കാര്യങ്ങളില്‍ കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലകളുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിലും സമാനമായ അധ്യാപന, ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കേണ്ടതും അനിവാര്യമാണ്. കേന്ദ്ര സര്‍ക്കാരിനോടൊപ്പം സംസ്ഥാന സര്‍ക്കാരുകള്‍ക്കും മേന്മയേറിയ വിദ്യാഭ്യാസ നിലവാരം പുലര്‍ത്താനാവശ്യമായ ആന്തരഘടനാ സൗകര്യങ്ങള്‍ക്കായി — ലബോറട്ടറികള്‍, ലെെബ്രറികള്‍, ഗവേഷണ സൗകര്യങ്ങള്‍ തുടങ്ങിയവയ്ക്ക് മതിയായ ഗ്രാന്റും അനുവദിക്കേണ്ടതുണ്ട്. സര്‍വകലാശാലകളിലെ വിവിധ വിജ്ഞാനശാഖകളിലേക്ക് ആവശ്യമുള്ള അക്കാദമിക്ക് സ്റ്റാഫിന്റെ നിയമനത്തിനുള്ള യോഗ്യതകളും കര്‍ശനമായി പാലിക്കാനുള്ള ഭരണഘടനാ ബാധ്യതയും പാലിക്കപ്പെടേണ്ടതാണ്. മിനിമം നിലവാരം പുലര്‍ത്താത്ത സ്ഥാപനങ്ങള്‍ക്ക് യുജിസിയുടെ അംഗീകാരം മാത്രമല്ല ഗ്രാന്റും ലഭ്യമാകില്ല.

പുതിയ യുജിസി കരട് രേഖയിലെ നിര്‍ണായകമായൊരു പ്രശ്നം, വെെസ് ചാന്‍സലര്‍മാരുടെ തെരഞ്ഞെടുപ്പിനുള്ള അക്കാദമിക്ക് മാനദണ്ഡങ്ങളിലെ പൊരുത്തക്കേടാണ്. നിലവിലുള്ള നിയമത്തില്‍, വെെസ് ചാന്‍സലര്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള വ്യവസ്ഥകളോ, അവരെ നിയമിക്കുന്നതെങ്ങനെയെന്ന രീതികളോ കൃത്യമായോ, കര്‍ശനമായോ പരാമര്‍ശിക്കപ്പെടുന്നുമില്ല. നിയമത്തിന്റെ മുഖ്യലക്ഷ്യം സര്‍വകലാശാലകളുടെ അക്കാദമിക്ക് നിലവാരം തീരുമാനിക്കുകയും സര്‍വകലാശാലാ വിദ്യാഭ്യാസത്തിന്റെ ഏകോപനവും ഗുണമേന്മയും ഉറപ്പാക്കുകയുമാണ്. ഇത്തരം കാര്യങ്ങളിലെ അവസാന വാക്കും യുജിസിയുടേതാണ്. ഇതിലേക്കായി പുതിയ നിയമവ്യവസ്ഥകള്‍ പ്രഖ്യാപിക്കുകയോ, പഴയവയില്‍ ഭേദഗതികള്‍ വരുത്തുകയോ ചെയ്യുന്നതും യുജിസിയാണ്. എന്നാല്‍, ഈ പ്രക്രിയ ഇനിമേല്‍ അത്ര എളുപ്പമാവില്ല. വിശിഷ്യ, ഇതിന്റെ ഏതെങ്കിലും നടപടിക്രമം യുജിസിയുടെ അസല്‍ നിയമത്തിന്റെ ഭാഗമല്ലെങ്കില്‍. നിലവിലുള്ള നിയമത്തില്‍ ഉള്‍പ്പെടാത്ത എന്തെങ്കിലും ഭേദഗതികളാണ് വരുത്തുന്നതെങ്കില്‍ അതെല്ലാം നിയമസാധുത ഇല്ലാത്തവയായി കരുതപ്പെടും.

യുജിസി നിയമത്തിന്റെ അടിസ്ഥാനത്തില്‍ വെെസ് ചാന്‍സലര്‍മാരുടെ അക്കാദമിക്ക് യോഗ്യതകള്‍ പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യാനോ, അവരെ തെരഞ്ഞെടുക്കാനോ, ഗ്രാന്റ്സ് കമ്മിഷന് അധികാരമില്ല. ബന്ധപ്പെട്ട സംസ്ഥാന നിയമസഭകള്‍ പാസാക്കിയ നിയമങ്ങളുടെയും കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ വിഭാവനം ചെയ്യുന്ന നിയമസംവിധാനങ്ങളുടെയും അധികാര പരിധിയിലായിരിക്കും ഇതെല്ലാം ഉള്‍പ്പെട്ടിരിക്കുക. വിസിമാരുടെ യോഗ്യതകള്‍, തെരഞ്ഞെടുപ്പ് പ്രക്രിയകള്‍, വേതന സേവന വ്യവസ്ഥകള്‍ എല്ലാം തീരുമാനിക്കുക നിയമസഭകള്‍ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലുമായിരിക്കും. യുജിസി നിയമത്തില്‍ 26-ാം സെക്ഷന്‍ അനുസരിച്ചാണെങ്കില്‍ യുജിസിക്ക് വെെസ് ചാന്‍സലര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട് ഏതൊരു വ്യവസ്ഥയിലും കെെകടത്താനുള്ള ‘മാന്‍ഡേറ്റ്’ വിഭാവനം ചെയ്യുന്നതേയില്ല. അത്തരം ഏത് പ്രവൃത്തിയും നിയമവിരുദ്ധമായിരിക്കും. ഇത്തരമൊരു സാഹചര്യത്തിലാണ് യുജിസിയുടെ കരട് ഭേദഗതികള്‍ രസകരമായൊരു ഭരണഘടനാ പ്രശ്നത്തിന് വഴിയൊരുക്കുന്നത്. യുജിസി ഒരു കേന്ദ്ര ഏജന്‍സിയാണെങ്കില്‍ത്തന്നെയും പ്രസ്തുത ഏജന്‍സിക്ക് ഒരു സംസ്ഥാന നിയമസഭ പാസാക്കിയ നിയമപ്രാബല്യമുള്ള സംവിധാനത്തില്‍ ഭേദഗതി വരുത്താന്‍ കഴിയുമോ എന്നതാണിത്. വളരെ ഗൗരവമേറിയൊരു നിയമ പ്രശ്നം തന്നെയാണിത്. വെെസ് ചാന്‍സലര്‍മാരെ നിര്‍ദിഷ്ട യോഗ്യതകളുടെ അടിസ്ഥാനത്തില്‍ നിശ്ചയിക്കുന്നതും അവരെ തെരഞ്ഞെടുക്കുന്ന പ്രക്രിയയും അവരുടെ സേവന വ്യവസ്ഥകളും മറ്റും തീരുമാനിക്കാനുള്ള ചുമതല സംസ്ഥാന നിയമനിര്‍മ്മാണ സഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും. അതായത്, കേന്ദ്രസര്‍ക്കാര്‍ വെറും നോക്കുകുത്തിയായിരിക്കും. ഇത്തരമൊരു പശ്ചാത്തലത്തിലാണ് മോഡിഭരണകൂടം സംസ്ഥാന സര്‍വകലാശാലകളിലെ വെെസ് ചാന്‍സലര്‍ നിയമനത്തില്‍ കേന്ദ്രത്തിന്റെ ആധിപത്യം ഉറപ്പാക്കുക ലക്ഷ്യമാക്കി ചാന്‍സലര്‍ പദവി വഹിക്കുന്ന സംസ്ഥാന ഗവര്‍ണര്‍മാര്‍ക്ക് അധികാരം നല്‍കാന്‍ പര്യാപ്തമായ യുജിസി ചട്ടഭേദഗതികള്‍ക്കായുള്ള കരട് ഏതുവിധേനെയും പ്രയോഗത്തിലാക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നത്. കേന്ദ്രമായിരിക്കുമല്ലോ ഗവര്‍ണര്‍മാരെ നിയമിക്കുക.

അതുകൊണ്ടുതന്നെ അവരുടെ കടപ്പാടും കേന്ദ്രസര്‍ക്കാരിനോടായിരിക്കും. സര്‍വകലാശാലകളിലെ ഉന്നതപദവികളിലേക്കുള്ള നിയമനങ്ങളും ചാന്‍സലറുടെ അംഗീകാരത്തിന് വിധേയമായിരിക്കും. ഈവിധത്തിലൊരു അജണ്ട സുഗമമായി നടപ്പാക്കുന്നതിന് നിലവിലുള്ള യുജിസി ചട്ടങ്ങള്‍ പ്രതിബന്ധമാണ്. അതിനാലാണ് അവയില്‍ ഭേദഗതി വരുത്താനുള്ള കരടുമായി യുജിസിയും രംഗത്തുവന്നിട്ടുള്ളത്. യുജിസിയുടെ നിര്‍ദിഷ്ട കരടുരേഖയ്ക്ക് കമ്മിഷന്റെ അംഗീകാരം 2024 ഡിസംബര്‍ 23ന് കിട്ടിക്കഴിഞ്ഞിരിക്കുന്നു. ഇതിന് പാര്‍ലമെന്റിന്റെ അംഗീകാരം നേടാന്‍ കഴിഞ്ഞാല്‍ മാത്രമേ, നിയമസാധുത യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയൂ. അതിനുള്ള കടുത്ത പരിശ്രമത്തിലാണിപ്പോള്‍ യുജിസി ഏര്‍പ്പെട്ടിരിക്കുന്നത്. ഈ കരടുനിയമം ജനാധിപത്യ വിരുദ്ധവും ഫെഡറല്‍ ബന്ധങ്ങള്‍ക്ക് പ്രതിബന്ധം സൃഷ്ടിക്കുന്നതും ആണെങ്കിലും മോഡി സര്‍ക്കാര്‍ അതില്‍ തെറ്റ് കാണുന്നില്ല. ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തെ താലോലിക്കുന്ന ബിജെപിയെ സംബന്ധിച്ചിടത്തോളം ജനാധിപത്യ തത്വങ്ങള്‍ ബലികഴിക്കുന്നതില്‍ തെല്ലും അറച്ചുനില്‍ക്കേണ്ടതുമില്ല. അതേയവസരത്തില്‍ പാര്‍ലമെന്റിന്റെ നിയമാനുസൃതമായ ഭൂരിപക്ഷത്തോടെ, നിര്‍ദിഷ്ട ഭേദഗതി അംഗീകരിക്കപ്പെടുന്നതില്‍ പ്രതിബന്ധങ്ങള്‍ നിലവിലുണ്ട്. കോണ്‍ഗ്രസ് അടക്കമുള്ള ഇന്ത്യ സഖ്യത്തിലെ അംഗങ്ങള്‍ മാത്രമല്ല, ഏതാനും ബിജെപി സഖ്യകക്ഷികളും എതിര്‍പ്പുമായി രംഗത്തുവന്നിട്ടുണ്ട്. സിപിഐ, സിപിഐ(എം) എന്നീ പാര്‍ട്ടികള്‍ മാത്രമല്ല ഡിഎംകെയും ഗവര്‍ണര്‍ പദവി തന്നെ അനാവശ്യമാണെന്ന അഭിപ്രായം പരസ്യമായി പ്രഖ്യാപിച്ചിട്ടുമുണ്ട്. എന്‍ഡിഎ സര്‍ക്കാരിന്റെ ഭാഗമായ ജെഡിയു കരട് പ്രമേയം പൂര്‍ണമായി അംഗീകരിച്ചിട്ടില്ല. ടിഡിപിയാണെങ്കില്‍ സംസ്ഥാന സര്‍ക്കാരുകളുടെ പങ്ക് പരിമിതപ്പെടുത്തിയുള്ള കരടു ബില്ലിലെ വ്യവസ്ഥ സംസ്ഥാന സര്‍ക്കാരുകളുടെ അധികാരം കവര്‍ന്നെടുക്കുമെന്നതിനാല്‍ തങ്ങള്‍ക്ക് യോജിക്കാനാവില്ലെന്ന നിലപാടിലുമാണ്. തെലങ്കാനയിലെ ചന്ദ്രശേഖര്‍ റാവുവിന്റെ ബിആര്‍എസും യുജിസി ബില്ലിനോട് യോജിക്കുന്നില്ല. തമിഴ്‌നാട് നിയമസഭ നിര്‍ദിഷ്ട ഭേദഗതിക്കെതിരായി പ്രമേയം പാസാക്കിക്കഴിഞ്ഞിരിക്കുകയാണ്. കേരള നിയമസഭയും ഐക്യകണ്ഠേനയാണ് കരട് ബില്ലിനെതിരായ നിലപാടെടുത്തിരിക്കുന്നത്. പശ്ചിമ ബംഗാളിലെ മമതാ ഭരണകൂടത്തിന്റെയും നീക്കം സമാനമായ നിലയിലാണ്. മറ്റു സംസ്ഥാന ഭരണകൂടങ്ങളും നിര്‍ദിഷ്ട ഭേദഗതിയോട് യോജിക്കാനുള്ള സാധ്യത കുറവാണ്. ചുരുക്കത്തില്‍ മോഡി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ നീക്കം വിജയിക്കുമോ എന്നത് കണ്ടുതന്നെ അറിയേണ്ടിയിരിക്കുന്നു.

TOP NEWS

March 31, 2025
March 31, 2025
March 31, 2025
March 30, 2025
March 30, 2025
March 30, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.