18 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 28, 2023
October 28, 2023
April 29, 2023
January 30, 2023
September 19, 2022
July 14, 2022
March 8, 2022
February 15, 2022
January 9, 2022

ഉക്രെയ്ൻ: ഏകധ്രുവലോകം ചരിത്രമാകുന്നു

രാജാജി മാത്യു തോമസ്
February 15, 2022 5:35 am

വാഷിങ്ടണിൽനിന്നും ലണ്ടനിൽനിന്നും ബ്രസ­ൽ­സിൽനിന്നും ഇതര പാശ്ചാത്യ തലസ്ഥാനങ്ങളിനിന്നും വരുന്ന മുന്നറിയിപ്പുകൾ എല്ലാംതന്നെ നൽകുന്ന സൂചനകൾ ഉക്രെയിനുമേൽ റഷ്യൻ സൈനിക കടന്നുകയറ്റം ആസന്നമാണെന്നാണ്. യുഎസും ബ്രിട്ടനും പാശ്ചാത്യ സഖ്യശക്തികളും തങ്ങളുടെ പൗരന്മാരെ മാത്രമല്ല നയതന്ത്ര കാര്യാലയങ്ങൾതന്നെ ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു. യൂറോപ്പ് മറ്റൊരു യുദ്ധത്തിന്റെ നിഴലിലാണ്. ഒരുപക്ഷെ, രണ്ടാം ലോകമഹായുദ്ധത്തിനുശേഷം നടന്നേക്കാവുന്ന മറ്റൊരു ദുരന്തയുദ്ധത്തിന്റെ പടിവാതില്‍ക്കൽ.

തൊണ്ണൂറുകളുടെ ആരംഭത്തിൽ ശിഥിലമായ സോവിയറ്റ് യൂണിയനും അതിനുമുമ്പുതന്നെ തകർന്ന കിഴക്കൻ യൂറോപ്യൻ സോഷ്യലിസ്റ്റുലോകവും അവശേഷിപ്പിച്ച രാഷ്ട്രീയ അസ്ഥിരതയും കലുഷിതമായ സാമൂഹികാന്തരീക്ഷവും ആ മേഖലയെയും ജനതകളെയും കൂടുതൽ തീവ്രതയോടെ വേട്ടയാടുകയാണ്. ആ തകർച്ചകൾ സൃഷ്ടിച്ച ശൂന്യത കയ്യടക്കാൻ യുഎസും പാശ്ചാത്യശക്തികളും തുടർന്നുവന്ന ശ്രമങ്ങൾ അതിന്റെ പാരമ്യത്തിലേക്ക് നീങ്ങുകയാണോ എന്നുവേണം സംശയിക്കാൻ. തകർച്ചയുടെ മൂന്നു പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ ലോകം ഗതിമാറ്റാനാവാത്തവിധമുള്ള മാറ്റങ്ങൾക്കു വിധേയമായി. ഉത്തര-ദക്ഷിണധ്രുവങ്ങളിലെ മഞ്ഞുമലകൾ ഉരുകിയൊലിക്കുന്ന വേഗത്തിലാണ് ഏകധ്രുവ ലോകസങ്കല്പം ചരിത്രമായി മാറുന്നത്.

ഏകധ്രുവ ലോക സങ്കല്പത്തിന്റെ തലപ്പത്തു സ്വയം അവരോധിച്ചിരുന്ന യുഎസ് സാമ്രാജ്യത്വം ഇന്ന് അതിന്റെ വെറും നിഴൽമാത്രം. പശ്ചിമേഷ്യയും ഇറാനും അഫ്ഗാനിസ്ഥാനും യുഎസ്, നാറ്റോ സൈനിക‑സാമ്രാജ്യത്വ അതിമോഹങ്ങളുടെ ചുടലക്കളങ്ങളായിമാറി. ആഗോള സമ്പദ്ഘടനയിലെ പഴയ മുടിചൂടാമന്നൻ ഇന്ന് ചൈനയ്ക്ക് ഏറെ പിന്നിലേക്ക് പിന്തള്ളപ്പെട്ടിരിക്കുന്നു. അധികാരത്തിൽനിന്ന് പുറത്താക്കപ്പെട്ടുവെങ്കിലും ഡൊണാൾഡ് ട്രംപ് നേതൃത്വം നൽകുന്ന തീവ്രവലതുപക്ഷത്തിന്റെ കനത്ത വെല്ലുവിളിയെയാണ് ആഭ്യന്തര രംഗത്ത് പ്രസിഡന്റ് ജോബൈഡൻ നേരിടുന്നത്.


ഇതുകൂടി വായിക്കൂ:  ലോകം ഉറ്റുനോക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ്


കടുത്ത സാമ്പത്തിക സമ്മർദ്ദങ്ങളിൽപ്പെട്ട് ഉഴലുന്ന യൂറോപ്യൻ സമ്പദ്ഘടനകൾക്ക് ദുർബലമായ യുഎസിന് പകരം മറ്റുമാർഗങ്ങൾ ആരായാതെ വയ്യ. അങ്ങനെ സംഭവിക്കുന്നത് യൂറോപ്യൻ വിപണിയുടെമേലുള്ള യുഎസ് താല്പര്യങ്ങൾക്കു കനത്ത തിരിച്ചടിയാവും. ഈ പശ്ചാത്തലത്തിൽ വേണം പഴയ “മൺറോ സിദ്ധാന്തം” പൊടിതട്ടിയെടുത്തു യൂറോപ്പിനെ വീണ്ടും ഒരു യുദ്ധത്തിലേക്ക് തള്ളിനീക്കാനുള്ള യുഎസ് — നാറ്റോ നീക്കങ്ങളെ നോക്കിക്കാണാൻ.

യുഎസ് കോൺഗ്രസിലേക്ക് നവംബറിൽ നടക്കുന്ന മധ്യകാല തെരഞ്ഞെടുപ്പ് ഉക്രെയ്ൻ വിഷയം സജീവമാക്കി നിലനിർത്താൻ ബൈഡനെ നിർബന്ധിതനാക്കുന്നു. ബഹുമുഖ വെല്ലുവിളികൾ നേരിടുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയും തന്റെതന്നെ നിലനില്പിന് വേണ്ടി യുദ്ധാന്തരീക്ഷം നിലനിർത്താനുള്ള തത്രപ്പാടിലാണ്. പ്രമുഖ യൂറോപ്യൻ ശക്തികളായ ഫ്രാൻസും ജർമ്മനിയും സംഗതി കൈവിട്ടുപോകുന്നതിനു അനുകൂലമല്ല. അവർക്ക് അതിനു തങ്ങളുടേതായ രാഷ്ട്രീയ, സാമ്പത്തിക കാരണങ്ങൾ ഉണ്ട്.

യുഎസും യൂറോപ്പും, എന്തിന് ഓസ്ട്രേലിയയും ന്യൂസിലാൻഡും അടക്കം പാശ്ചാത്യശക്തികളാകെ ഉക്രെയ്ൻ വിഷയത്തിൽ ഉൽക്കണ്ഠാകുലരായിരിക്കെ കീവിന്റെ നിലപാടുകൾ ആത്മനിയന്ത്രണത്തോടെ ആണെന്നത് ഒരേസമയം കൗതുകകരവും ശ്രദ്ധേയവുമാണ്. ഉക്രെയ്‌നെക്കാൾ യുദ്ധം യുഎസിന്റേയും ബ്രിട്ടന്റെയും ആവശ്യമാണെന്ന പ്രതീതിയാണ് ഉക്രെയ്ൻ നേതൃത്വവും നൽകുന്നത്. ഉക്രെയ്ന്റെമേൽ യുദ്ധം അടിച്ചേല്പിക്കപ്പെടുകയാണ്. പക്ഷെ, സ്വന്തം നിലപാടുകളിൽ ഉറച്ചുനിൽക്കാൻ കഴിയാത്തവിധം ആഭ്യന്തര വംശീയ ഫാസിസ്റ്റ്ശക്തികളുടെ സമ്മർദ്ദത്തിലാണ് അവർ. യുദ്ധസാധ്യതകളെ നിരാകരിക്കുന്ന ഔദ്യോഗിക നിലപാടുകൾ തമസ്കരിക്കപ്പെടുന്നു. ബാഹ്യ‑ആഭ്യന്തര സമ്മർദ്ദങ്ങൾക്ക് വഴങ്ങാൻ അവർ നിര്‍ബന്ധിതരാകുന്നു. 2014ൽ തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ ഭരണകൂടത്തെ അട്ടിമറിച്ചു അധികാരത്തിലേറിയവർക്ക് നിലനിൽപ്പിനു തീവ്ര വലതുപക്ഷ ഫാസിസ്റ്റ് ശക്തികളെ അവഗണിക്കാൻ ആവില്ല.


ഇതുകൂടി വായിക്കൂ:  യൂറോപ്പിനു മുകളില്‍ ശീതയുദ്ധത്തിന്റെ കരിനിഴല്‍


സോഷ്യലിസ്റ്റ് വിപ്ലവത്തിന് മുൻപ് റഷ്യൻ സാമ്രാജ്യത്തിന്റെയും തുടർന്ന് സോവിയറ്റ് യൂണിയന്റേയും ഭാഗമായിരുന്ന ഉക്രെയ്‌നിന്റെ വംശീയ പ്രശ്നങ്ങൾ ചരിത്രത്തിന്റെ ഭാഗമാണ്. ജനസംഖ്യയിൽ 77 ശതമാനം വരുന്ന കിഴക്കൻ സ്ലാവ് ജനതയും റഷ്യൻ ഭാഷ സംസാരിക്കുന്ന ന്യൂനപക്ഷവും തമ്മിലുള്ള ബന്ധം ഒരിക്കലും പൂർണതോതിൽ ശ്രുതിമധുരം ആയിരുന്നില്ല. 2014 ലെ അട്ടിമറിയോടെ രാജ്യത്തിന്റെ തെക്കേ അറ്റത്തുള്ള ക്രിമിയയിലെയും കിഴക്കൻ അതിർത്തി പ്രദേശങ്ങളായ ലുഹാൻസ്ക്, ഡോണെട്സ്ക് എന്നീ മേഖലകളിലുമുള്ള റഷ്യൻ ഭൂരിപക്ഷം സ്വയംഭരണാധികാരം അടക്കമുള്ള അവകാശവാദങ്ങൾ ശക്തമാക്കി. അതാണ് ക്രിമിയയെ റഷ്യയോട് കൂട്ടിച്ചേർക്കുന്നതിൽ കലാശിച്ചത്. സംഘർഷങ്ങൾക്കു അറുതിവരുത്താൻ ഉണ്ടാക്കിയ കരാർ അനുസരിച്ചു ലുഹാൻസ്കിനും ഡോണെട്സ്കിനും സ്വയംഭരണാവകാശം നൽകാൻ ഉക്രെയ്ൻ ഇനിയും തയാറായിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ഉക്രെയ്‌നെ നാറ്റോ അംഗരാഷ്ട്രമാക്കാനുള്ള നീക്കം റഷ്യക്ക് വെല്ലുവിളിയാകുന്നത്.

ശീതയുദ്ധത്തിനു അറുതിവരുത്താൻ യുഎസും സോവിയറ്റ് യൂണിയനും തമ്മിൽ ഉണ്ടാക്കിയ ധാരണകളിൽ മുഖ്യം നാറ്റോ സൈനികസഖ്യത്തിന്റെ അതിരുകൾ കിഴക്കൻ യൂറോപ്പിലേക്ക് മാറ്റിവരയ്ക്കില്ല എന്നതായിരുന്നു. എന്നാൽ, സോവിയറ്റ് യൂണിയന്റെ തകർച്ചയെ തുടർന്ന് നാറ്റോയുടെ വിപുലീകരണം നടക്കുകയും പാശ്ചാത്യ സൈനിക സഖ്യം ഫലത്തിൽ റഷ്യയുടെ പടിഞ്ഞാറൻ അതിർത്തികളിൽ ഉടനീളം എത്തിനില്ക്കുകയും ചെയ്യുന്നു എന്നതാണ് യാഥാർത്ഥ്യം. റഷ്യയിൽ നിലവിലുള്ള ജനാധിപത്യവിരുദ്ധ ഭരണസംവിധാനത്തെയും അതിന്റെ ചെയ്തികളെയും അപലപിക്കുമ്പോഴും ആ രാജ്യത്തിന്റെയും ജനതയുടെയും ന്യായമായ സുരക്ഷാവകാശം നിഷേധിക്കപ്പെട്ടുകൂടാ. റഷ്യകഴിഞ്ഞാൽ യൂറോപ്പിലെ ഭൂവിസ്തൃതിയിൽ രണ്ടാമത്തെ ഏറ്റവും വലിയ രാഷ്ട്രവും പ്രധാന സൈനിക ശക്തികളിൽ ഒന്നുമാണ് ഉക്രെയ്ൻ. അത്തരമൊരു അയൽരാഷ്ട്രം നാറ്റോ പാളയത്തിൽ എത്തുന്നതും ആയുധസമാഹരണം നടത്തുന്നതും വിദേശ സൈനികത്താവളമായി മാറുന്നതും സൗഹാർദ്ദപരമായ നടപടിയായി ആർക്കാണ് വിലയിരുത്താനാവുക.


ഇതുകൂടി വായിക്കൂ:  ട്രംപിന്റെ അധികാര ദുര: ലോകം മുള്‍മുനയില്‍


മേഖലയിലെ ഭൂരാഷ്ട്രതന്ത്രത്തേക്കാൾ ഉപരി ബന്ധപ്പെട്ട എല്ലാവരുടെയും സാമ്പത്തിക താല്പര്യങ്ങൾക്കും ഇപ്പോഴത്തെ സംഘർഷപൂര്‍ണമായ അന്തരീക്ഷത്തിൽ നിർണായക പങ്കാണുള്ളത്. യൂറോപ്യൻ സമ്പദ്ഘടനയുടെ നിലനില്പിനും വികാസത്തിനും റഷ്യയിൽനിന്നുള്ള പ്രകൃതിവാതകത്തിനു സുപ്രധാന സ്ഥാനമുണ്ട്. യൂറോപ്പിന്റെ ഇന്ധനാവശ്യത്തിന്റെ ഏതാണ്ട് 40 ശതമാനവും നിറവേറ്റുന്നത് റഷ്യയാണ്. യൂറോപ്യൻ സമ്പദ്ഘടനയുടെ ലോക്കോമോട്ടീവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജർമ്മനിയുടെ പ്രകൃതിവാതക ആവശ്യത്തിന്റെ 65 ശതമാനത്തിലേറെയും റഷ്യയിൽനിന്നുമാണ്. ജര്‍മ്മനിയിലേക്കും പടിഞ്ഞാറൻ യൂറോപ്പിലേക്കുമുള്ള റഷ്യയുടെ പ്രകൃതിവാതക കുഴലുകൾ ഇപ്പോൾ കടന്നുപോകുന്നത് ഉക്രെയ്‌നിൽകൂടിയാണ്. വാതകത്തിന്റെ വിലയും കുഴൽശൃംഖലയ്ക്ക് നൽകേണ്ട വാടകയും സംബന്ധിച്ച് റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള തർക്കവും ഉഭയകക്ഷി ബന്ധത്തിൽ നിലനിൽക്കുന്ന ശൈത്യവും റഷ്യയുടെ സാമ്പത്തിക താല്പര്യങ്ങൾക്കു വിരുദ്ധമാണ്.

ഉക്രെയ്ൻ യൂറോപ്പിലേക്കുള്ള വാതക പ്രവാഹം തടഞ്ഞാൽ അത് റഷ്യയുടെ സാമ്പത്തിക നിലനില്പിന് വെല്ലുവിളിയാകും. റഷ്യൻ പ്രകൃതിവാതകത്തിന്റെ നാലിൽ മൂന്നു ഭാഗവും വാങ്ങുന്നത് യൂറോപ്പാണ്. 2021ൽ ആറായിരം കോടിയിൽ അധികം ഡോളറിന്റെ പ്രകൃതിവാതകമാണ് റഷ്യ യൂറോപ്പിന് വിറ്റത്. ഈ സാഹചര്യത്തിലാണ് ഉക്രെയ്ൻ ഒഴിവാക്കി ബാൾട്ടിക് സമുദ്രംവഴി റഷ്യൻ പ്രകൃതിവാതകം ജർമ്മനിയിലേക്ക് നേരിട്ടെത്തിക്കുന്ന ‘നോർഡ്സ്ട്രീം രണ്ട്’ വാതകക്കുഴൽ നിർമ്മാണം പൂര്‍ത്തിയാക്കിയത്. തടസങ്ങൾ കൂടാതെ റഷ്യൻ പ്രകൃതിവാതകം യൂറോപ്പിൽ എത്തുന്നത് ഉക്രെയ്‌നെയും യുഎസിനെയും ഒരേപോലെ അസ്വസ്ഥമാക്കുന്നു.


ഇതുകൂടി വായിക്കൂ:  വിശപ്പില്ലാ ലോകം സാധ്യമാണ്


ഉക്രെയ്‌ന് റഷ്യയുടെ വിലകുറഞ്ഞ പ്രകൃതിവാതകവും വാതകക്കുഴൽ കടന്നുപോകുന്ന വകയിൽ കിട്ടിക്കൊണ്ടിരിക്കുന്ന വാടകയും ആണ് നഷ്ടമാവുക. യുഎസിനാവട്ടെ തങ്ങളുടെ പെട്രോളിയം ഇന്ധനങ്ങളുടെ വിപണിയും ഭൂരാഷ്ട്രതന്ത്രത്തിൽ നിർണായകമായ യൂറോപ്യൻ സ്വാധീന മേഖലയുമാണ് കൈവിട്ടുപോകുക. ആഗോള സാമ്പത്തിക രംഗത്ത് തങ്ങളെ പിന്നിലാക്കി ഉയർന്നുവരുന്ന ചൈനയും, അവരും റഷ്യയും തമ്മിലുള്ള ബന്ധത്തിൽ വര്‍ധിച്ചുവരുന്ന ഊഷ്മളതയും യുഎസിനെ അസ്വസ്ഥമാക്കുന്നു.

ശീതയുദ്ധത്തിന്റെ അന്ത്യത്തോടെ തങ്ങളുടെ നേതൃത്വത്തിൽ രൂപംകൊണ്ടതെന്ന് അവർ സ്വപ്നംകണ്ട ഏകധ്രുവലോകത്തിന്റെ തകർച്ചയ്ക്കാണ് യുഎസ് സാക്ഷ്യം വഹിക്കുന്നത്. ആ യാഥാർത്ഥ്യം അംഗീകരിക്കാൻ വിസമ്മതിക്കുകയാണ് യാഥാസ്ഥിതിക യുഎസ്. ആ യാഥാര്‍ത്ഥ്യം അംഗീകരിച്ചാൽ ജോബൈഡൻ കേവലം യുഎസ് പ്രസിഡന്റായി ചുരുങ്ങും. യുഎസ് മറ്റേതൊരു രാജ്യത്തെയും പോലെ ഒന്നായി ഒതുങ്ങേണ്ടിവരും. ലോക പൊലീസുകാരനും ആഗോള സമ്പദ്ഘടനയുടെ ആത്യന്തിക വിധികർത്താവുമായി തുടരാനുള്ള അവസാനയത്നത്തിലാണ് ബൈഡൻ ഭരണകൂടം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.