1 November 2024, Friday
KSFE Galaxy Chits Banner 2

അണ്ടര്‍ — 19 ക്രിക്കറ്റ് ലോകകപ്പ് : ഇന്ത്യ ഫൈനലിൽ കടന്നു

Janayugom Webdesk
ആന്റിഗ്വ
February 3, 2022 10:58 am

ഇന്ത്യ അണ്ടര്‍ — 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ കടന്നു. കരുത്തരായ ഓസ്ട്രേലിയയെ 96 റൺസിന് തകര്‍ത്താണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 290 ലക്ഷ്യത്തിന് മുന്നിൽ ഓസ്ട്രേലിയ കാലിടറി വീണു. 41.5 ഓവറിൽ 194 റൺസിൽ ഓസ്ട്രേലിയയുടെ പോരാട്ടം അവസാനിച്ചു.

അർധ സെഞ്ചുറി നേടിയ ലാച്ച്ലാൻ ഷ്വോയ്ക്ക് മാത്രമേ ഇന്ത്യൻ ആക്രമണത്തിന് മുന്നിൽ കുറച്ചെങ്കിലും പിടിച്ചുനിൽക്കാനായുള്ളു. 3 വിക്കറ്റ് നേടിയ വിക്കി ഓസ്വാലും രണ്ട് വിക്കറ്റ് വീതം നേടിയ നിഷാന്ത് സിന്ധുവും രവി കുമാറുമാണ് കംഗാരുക്കളെ ചുരുട്ടിക്കൂട്ടിയത്.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റിന് 290 റണ്‍സാണെടുത്തത്. സെഞ്ചുറിയുമായി നായകന്‍ യാഷ് ധൂലും സെഞ്ചുറിക്കരികെ പുറത്തായ വൈസ് ക്യാപ്റ്റന്‍ ഷെയ്‌ഖ് റഷീദുമാണ് ഇന്ത്യന്‍ കൗമാരപ്പടയ്‌ക്ക് കരുത്തായത്.

മോശം തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചതെങ്കിലും മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് രക്ഷക്കെത്തുകയായിരുന്നു. 12.3 ഓവറില്‍ രണ്ടിന് 37 റണ്‍സ് എന്ന നിലയിലാണ് സഖ്യം ഒന്നിക്കുന്നത്. മൂന്നാം വിക്കറ്റില്‍ സാവധാനം തുടങ്ങി 204 റണ്‍സ് ചേര്‍ത്ത് യാഷ് ദുള്‍— ഷെയ്‌ഖ് റഷീദ് സഖ്യം ഇന്ത്യയെ സുരക്ഷിത സ്‌കോറിലേക്ക് നയിച്ചു.

46-ാം ഓവറിലെ അഞ്ചാം പന്തില്‍ യാഷ് റണ്ണൗട്ടാവുകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 241ലെത്തിയിരുന്നു. ക്യാപ്റ്റന്‍റെ വീറോടെ മുന്നില്‍നിന്ന് നയിച്ച് സെഞ്ചുറി നേടിയ യാഷ് 110 പന്തില്‍ 110 റണ്‍സ് നേടി. എന്നാല്‍ സെഞ്ചുറിക്കരികെ റഷീദ് പുറത്തായത് ഇന്ത്യൻ ആരാധകരർക്ക് നോവായി.
108 പന്തില്‍ 94 റണ്‍സ് നേടിയ റഷീദിനെ ജാക്കാണ് പുറത്താക്കിയത്.

അവസാന ഓവറുകളില്‍ സ്‌കോറുയര്‍ത്താനുള്ള ശ്രമങ്ങള്‍ക്കിടെ രാജ്‌വര്‍ധന്‍ 13 റണ്‍സെടുത്ത് പുറത്തായി. നിഷാന്ത് സിന്ധുവും(12*), ദിനേശ് ബനയും(20*) ഇന്ത്യന്‍ സ്‌കോര്‍ മികച്ചതാക്കി ഇന്നിംഗ്‌സ് പൂര്‍ത്തിയാക്കുകയായിരുന്നു. അവസാന ഓവറില്‍ ഇരുവരും ചേര്‍ന്ന് 27 റണ്‍സാണ് വാരിക്കൂട്ടിയത്.

Eng­lish Sum­ma­ry: Under-19 Crick­et World Cup: India reach final

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.