1949 മുതൽ 51 വരെയുള്ള ഇരുളടഞ്ഞ കാലഘട്ടം. പാർട്ടിയും ബഹുജനസംഘടനകളും നിരോധിക്കപ്പെട്ടിരിക്കുന്നു. നാടാകെ ഭീകരമായ മർദ്ദനങ്ങളുടെ ഘോഷയാത്ര. ഒളിവിൽ കഴിയുന്ന പാർട്ടിപ്രവർത്തകരെ പൊലീസ് വേട്ടയാടിപ്പിടിക്കുകയാണ്. പാർട്ടിയുടെ തിരു-കൊച്ചി കമ്മിറ്റിയുടെ ഓഫീസ് സെക്രട്ടറി എന്ന ചുമതലയാണ് അക്കാലത്തു ഞാൻ നിർവഹിച്ചുകൊണ്ടിരുന്നത്.
പകൽ മുഴുവൻ അടച്ചുപൂട്ടി ശ്വാസംപോലും അടക്കിപ്പിടിച്ചു കഴിയുക, രാത്രിയിൽ പുറത്തിറങ്ങുക. ഇതാണ് ഒളിവുജീവിതത്തിന്റെ ചിട്ട. ഇങ്ങനെ അടച്ചുപൂട്ടിക്കഴിയുന്നതിന് ഉപയോഗിച്ചിരുന്ന ‘ഷെൽട്ടറു‘കൾ മിക്കതും പൊളിഞ്ഞു. മിക്ക സ്ഥലങ്ങളും സുരക്ഷിതമല്ലാതായി.
ഇതിനിടെ പാർട്ടിയുടെ നയത്തിൽ ചില മാറ്റങ്ങൾ വന്നുതുടങ്ങി. പ്രവർത്തനശെെലിയിലും സംഘടനാരൂപങ്ങളിലും മാറ്റങ്ങൾ വന്നുകൊണ്ടിരുന്നു. തിരു-കൊച്ചി, മലബാർ കമ്മിറ്റികളുടെ സ്ഥാനത്തു റീജിയണൽ ഓർഗനെെസിങ് കമ്മിറ്റികൾ രൂപീകരിക്കപ്പെട്ടു.
അക്കാലത്ത്, 1950 ലാണെന്നാണ് ഓർമ്മ. ഞങ്ങൾ പുതിയ ഒരുതരം ഒളിവുജീവിതം സംഘടിപ്പിച്ചു. പാർട്ടിയുടെ നേതൃത്വമായി പ്രവർത്തിച്ചിരുന്ന പ്രമാണപ്പെട്ട സഖാക്കൾ പരസ്യമായി ആൾമാറാട്ടം അഭിനയിക്കുന്ന ഒരടവ് സ്വീകരിച്ചു. നാഗർകോവിൽ പട്ടണത്തിൽ ഒരു വീട് വാടകയ്ക്കെടുത്തു. കെ സി ജോർജ്, സി അച്യുതമേനോൻ, എൻ ഇ ബാലറാം, കെ വി പത്രോസ് എന്നിവരായിരുന്നു അവിടെ താമസിക്കാൻ എത്തിയത്. ഞാൻ ആദ്യമായി ബാലറാമിനെ പരിചയപ്പെടുന്നതന്നാണ്.
കെ വി പത്രോസിന്റെ ഭാര്യയും മകനും ഞങ്ങളോടൊപ്പമുണ്ടായിരുന്നു. പത്രോസ് ഒരു തോട്ടമുടമയായി അഭിനയിച്ചു. അദ്ദേഹത്തിന്റെ തോട്ടങ്ങൾ സിലോണിലാണ്. വളരെക്കാലമായി അദ്ദേഹം സിലോണിലായിരുന്നു താമസം. അദ്ദേഹത്തിന്റെ ഭാര്യക്ക് സുഖമില്ല. വിശ്രമമെടുക്കാൻ നാഗർകോവിലിൽ വന്നതാണ്. ക്ഷയം പോലുള്ള രോഗങ്ങൾക്ക് നാഗർകോവിലിലെ അന്തരീക്ഷം ആശ്വാസം നൽകുന്നുവത്രേ. ഞങ്ങൾ ബാക്കിയുള്ളവരെല്ലാം തോട്ടമുടമയുടെയും ഭാര്യയുടെയും പലതരം ബന്ധുക്കളാണ്. അച്യുതമേനോൻ പത്രോസിന്റെ ഭാര്യാമാതുലൻ, ഞാൻ ഭാര്യാസഹോദരൻ എന്നിങ്ങനെയുള്ള ബന്ധുക്കൾ.
അന്നു മലബാറിൽ നിന്നു ഞങ്ങളോടൊപ്പമുണ്ടായിരുന്ന അനന്തനെ ഞാൻ ഓർക്കുന്നു. ശുദ്ധരിൽ ശുദ്ധനും ധീരനുമായിരുന്ന ഒരു നാട്ടിൻപുറത്തുകാരൻ. അദ്ദേഹമായിരുന്നു ഞങ്ങളുടെ അന്നദാതാവ്.
മറ്റു സഖാക്കളുമായും കമ്മിറ്റികളുമായും ബന്ധം പുലർത്താനുള്ള കണ്ണികളായി അന്നു പ്രവർത്തിച്ചിരുന്ന സഖാക്കൾ പപ്പേട്ടനും നാണുവുമായിരുന്നു.
സിലോണിൽ നിന്നുള്ള തോട്ടമുടമയുടെ വീട്ടിൽ ചില ദിവസങ്ങളിലെങ്കിലും തീ പുകഞ്ഞിരുന്നില്ല. അന്നത്തെ സാമ്പത്തിക്ലേശങ്ങൾ വിവരിക്കുക പ്രയാസമാണ്. ദിവസവും ജോലിക്കു വരുന്ന തമിഴത്തിക്കും അയൽപ്പക്കക്കാർക്കും സംശയം ജനിക്കുമോ എന്നു ഞങ്ങൾ പലപ്പോഴും ഭയപ്പെട്ടു. തോട്ടമുടമയുടെ വീട്ടിൽ എന്താണു സാമ്പത്തികമായി വലിയ പരുങ്ങലെന്നു തോന്നിക്കുമല്ലോ. രാവിലെ ജോലിക്കു വരുന്ന തമിഴത്തിക്കു തലേദിവസം ബാക്കിവരുന്ന പഴഞ്ചോറു കൊടുക്കുക പതിവാണ്. ചില ദിവസം ചോറല്ല, കഞ്ഞിവെള്ളംപോലും കാണുകയില്ല. അപ്പോഴും ഞങ്ങൾ സമർത്ഥമായ അടവുകൾ പ്രയോഗിച്ചിരുന്നു. എന്നും അരിവയ്പില്ലാത്ത വീടാണു ഞങ്ങളുടേത്. കാരണം, ഞങ്ങൾക്കു ചില ദിവസങ്ങൾ ഏകാദശിയാണ്. അതുമല്ലെങ്കിൽ മറ്റെന്തെങ്കിലും വ്രതമാണ്.
ഇങ്ങനെ ഞങ്ങൾ മുണ്ടുമുറുക്കിയുടുത്തുകൊണ്ട് പ്രമാണിമാരുടെ ജീവിതം നടിച്ചു കഴിഞ്ഞുകൂടി. ഏതായാലും പൊലീസിന്റെ കണ്ണിൽ പൊടിയിടുന്ന കാര്യത്തിൽ ഞങ്ങൾ വിജയിക്കുകതന്നെ ചെയ്തു.
അതിനിടെ ഒരു ദിവസം ഞങ്ങൾ സിനിമയ്ക്കു പോകാൻ തീരുമാനിച്ചു. രണ്ടാമത്തെ ഷോയ്ക്കാണ് പോയത്. കെ സി സിനിമയ്ക്ക് വന്നിരുന്നില്ല. ബാക്കി എല്ലാവരും ഉണ്ടായിരുന്നു. സിനിമ തുടങ്ങി ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ തിയേറ്ററിന്റെ മുറ്റത്തു ബൂട്ട്സുകളുടെ ശബ്ദം കേട്ടുതുടങ്ങി. പുറത്തേക്ക് നോക്കിയപ്പോൾ നാലഞ്ചു പൊലീസുദ്യോഗസ്ഥന്മാരെയാണ് കണ്ടത്. അവർ അകത്തേക്ക് പ്രവേശിക്കുന്നില്ല. മുറ്റത്ത് ഉലാത്തുകയാണ്. പൊലീസിന്റെ നോട്ടപ്പുള്ളികളായ ഞങ്ങൾ പലതും ചിന്തിച്ചു; സംശയങ്ങളുടെയും ആശങ്കകളുടെയും ഒരു വേലിയേറ്റം തന്നെയായിരുന്നു ഞങ്ങളുടെ ബുദ്ധിമണ്ഡലത്തിൽ. അവരും സിനിമ കാണാൻ വന്നതാകുമോ? പടം തുടങ്ങി ഒരു മണിക്കൂർ കഴിഞ്ഞു. സിനിമയ്ക്കു വരാൻ അവർക്കു ഭ്രാന്തുണ്ടോ? മാത്രമല്ല, അവർ തിയേറ്ററിലേക്ക് പ്രവേശിക്കുന്നുമില്ല. എല്ലാം കുഴപ്പമായോ? ഞങ്ങൾ കണ്ടുപിടിക്കപ്പെട്ടോ? പൊലീസ് തിയേറ്റർ വളഞ്ഞിരിക്കുകയാണോ? അവസാനമില്ലാത്ത സംശയങ്ങൾ!
ഏതായാലും ഞങ്ങൾ ശ്വാസം അടക്കിപ്പിടിച്ചു നിമിഷങ്ങൾ തള്ളിനീക്കി. കുറേക്കഴിഞ്ഞപ്പോൾ അവർ വന്നതുപോലെ തിരിച്ചുപോയി. ഞങ്ങൾ പരിഭ്രമിച്ചു. വല്ല അവിവേകവും പ്രവർത്തിച്ചിരുന്നെങ്കിൽ സർവത്ര കുഴപ്പമാകുമായിരുന്നു. കുറേ മാസങ്ങൾ തന്നെ ഞങ്ങൾ ഇത്തരത്തിൽ ‘ഓവർ ഗ്രൗണ്ടിൽ’ അണ്ടർ ഗ്രൗണ്ട് ജീവിതം നയിക്കുകയുണ്ടായി.
(ജനയുഗം പ്രത്യേകപതിപ്പ് ‑1975)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.