23 December 2024, Monday
KSFE Galaxy Chits Banner 2

തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍: യാഥാര്‍ത്ഥ്യവും മിഥ്യയും

പ്രൊഫ. കെ അരവിന്ദാക്ഷന്‍
April 5, 2022 6:24 am

കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പുതന്നെ, അതായത് 2017–18 കാലയളവില്‍ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് അതി ഗുരുതരാവസ്ഥയിലെത്തിയിരുന്നതായി “സെന്റര്‍ ഫോ­ര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി” (സിഎംഐഇ) അടക്കമുള്ള അനൗദ്യോഗിക ഏജന്‍സികളും ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി വെളിപ്പെടുത്താതിരുന്ന ഔദ്യോഗിക ഏജന്‍സികളായ എന്‍എസ്ഒയും മറ്റും സമ്മതിച്ചിരുന്നതാണ്. അന്ന് തൊഴില്‍ രഹിതരായ ഉദ്യോഗാര്‍ത്ഥികള്‍ 6.1 ശതമാനം വരെ ആയിരുന്നു. നഗര മേഖലയിലെ തൊഴിലില്ലായ്മ 7.8 ശതമാനമായിരുന്നെങ്കില്‍ ഗ്രാമീണ മേഖലയിലേത് 5.3 ശതമാനവുമായിരുന്നു. 2018–19ല്‍ തൊഴിലില്ലായ്മാ നിരക്ക് നേരിയ തോതില്‍ താഴ്ന്ന് 5.8 ശതമാനത്തിലും 2019–20 ല്‍ 4.8 ശതമാനത്തിലും എത്തുകയുണ്ടായി. ഇതേ കാലയളവില്‍ നഗരമേഖലാ-ഗ്രാമീണ മേഖലാ തൊഴിലില്ലായ്മാ നിരക്കുകളില്‍ യഥാക്രമം 7.7 ശതമാനം, 6.9 ശതമാനം എന്നിങ്ങനെയുള്ള മാറ്റങ്ങളുമുണ്ടായി. ഇതിനെല്ലാം വിപരീതമായ നിലയിലാണ് 2021 ആയതോടെ 7.8 ശതമാനത്തില്‍ തന്നെ സ്ഥിരമായി തളച്ചിടപ്പെട്ടതും. പ്രശ്നം ഇവിടെയും അവസാനിച്ചില്ല. 2021 ജനുവരി-മാര്‍ച്ച് കാലയളവില്‍ ഈ നിരക്ക് 9.4 ശതമാനമായും തുടര്‍ന്ന് ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഇത് 12.6 ശതമാനമായും കുതിച്ചുയര്‍ന്നു.

 


ഇതുകൂടി വായിക്കൂ: തൊഴിലില്ലാത്ത വളർച്ച


 

2021 ല്‍ ഉടനീളം ശരാശരി തൊഴിലില്ലായ്മാ നിരക്ക് 9.4 ശതമാനത്തിലും 2021 ജനുവരി-മാര്‍ച്ച് കാലയളവില്‍ 12.6 ശതമാനത്തിലും കുതിച്ചെത്തിയിരുന്നു എന്നാണ്. മാത്രമല്ല, 2021ല്‍ ശരാശരി തൊഴിലില്ലായ്മാ നിരക്ക് 9.04 ശതമാനത്തിലും 2022 ജനുവരി-ഫെബ്രുവരി കാലയളവില്‍ ഏഴ് ശതമാനത്തിലും തുടരുകയും ചെയ്തു. ഗ്രാമീണ തൊഴിലില്ലായ്മാ നിരക്ക് ഫെബ്രുവരി 2022ല്‍ രേഖപ്പെടുത്തിയ 8.35 ശതമാനത്തിലേക്കുള്ള കുതിച്ചുചാട്ടമായിരുന്നു. തൊഴിലില്ലായ്മാ നിരക്കുകള്‍ കണക്കാക്കുന്നതും അളന്നു തിട്ടപ്പെടുത്തുന്നതും ഏതുവിധേന ആയിരുന്നാലും അതിനു തയാറാകുന്ന ഏജന്‍സി ഏതുതന്നെയായിരുന്നാലും രാജ്യത്തെ തൊഴിലില്ലായ്മ ഉയര്‍ത്തുന്ന വെല്ലുവിളി ഗുരുതരമാണെന്നതില്‍ തര്‍ക്കമില്ല. ഗ്രാമീണ മേഖലയില്‍ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഒരു പരിധിവരെ ആശ്വാസമാണെങ്കിലും നഗരമേഖലയില്‍ ഇതിനുള്ള ഇടംപോലുമില്ലെന്നതാണ് സ്ഥിതി. കോവിഡ് അനന്തര സമ്പദ്‌വ്യവസ്ഥാ പുനര്‍നിര്‍മ്മാണമെന്ന പ്രക്രിയയിലൂടെ നഗര‑ഗ്രാമീണ മേഖലകളില്‍ പൊടുന്നനെ തൊഴിലും വരുമാനസ്രോതസുകളും സൃഷ്ടിക്കാനും സാധ്യതകള്‍ വിരളമാണ്. മാത്രമല്ല, ചീറ്റിപ്പോയ മോഡിയുടെ ഡിമോണറ്റൈസേഷന്‍ എന്ന സാഹസവും. തുടര്‍ന്ന് നിലവില്‍ വന്ന ജിഎസ്‌ടി വ്യവസ്ഥയും ഗ്രാമീണമേഖലയേയും നഗരമേഖലയെയും ഒരുപോലെ തകര്‍ത്തുകളയുകയായിരുന്നു. നമുക്കു മുന്നിലുള്ള ഒരേ ഒരു മാര്‍ഗം, ഒരു സമഗ്ര തൊഴിലില്ലായ്മാ ആശ്വാസ പദ്ധതിക്ക് രൂപം നല്കുകയാണ്. അതില്‍ നഗരമേഖലയ്ക്ക് വര്‍ധിച്ച ഊന്നല്‍ നല്‍കുമ്പോഴും ഗ്രാമീണ മേഖലയിലെ എംഎന്‍ആര്‍ഇജിയുടെ പ്രാധാന്യം കൂടി ഉള്‍ക്കൊള്ളാന്‍ പര്യാപ്തമായൊരു ആശ്വാസ പദ്ധതി തന്നെ ആയിരിക്കുകയും വേ­ണം രൂപീകരിക്കാന്‍.

 


ഇതുകൂടി വായിക്കൂ: പൊതുമുതല്‍ വിറ്റു തുലയ്ക്കുമ്പോള്‍


 

1947 മുതല്‍ നിലവിലുള്ള വ്യവസായ തര്‍ക്ക നിയമത്തിനു കീഴില്‍ നൂറോ അതിലേറെയോ തൊഴിലാളികള്‍ പണിയെടുക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ക്ക് ബാധകമായൊരു നിയമം നിലവിലുള്ളതാണ്. ഇതനുസരിച്ച് സര്‍ക്കാര്‍ അനുമതിയെ തുടര്‍ന്നോ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടലിനെ തുടര്‍ന്നോ തൊഴില്‍ നഷ്ടമാകുന്നവര്‍ക്ക് അവര്‍ പണിയെടുത്ത വര്‍ഷങ്ങള്‍ കണക്കിലെടുത്തതിന്റെ അടിസ്ഥാനത്തില്‍ ലഭ്യമായ 15 ദിവസത്തെ ശരാശരി വേതനം നഷ്ടപരിഹാരമായി തൊഴില്‍ നഷ്ടമാകുന്ന ഓരോ തൊഴിലാളിക്കും നിയമാനുസൃതം കിട്ടേണ്ടതാണ്. ഇവിടെ തൊഴിലില്ലായ്മ അലവന്‍സ് നല്കാനുള്ള സാധ്യത തൊഴിലുടമയാണ് ഏറ്റെടുക്കേണ്ടത്. ഇത്തരം തൊഴിലിടങ്ങളില്‍ നിന്നും കൂടുതല്‍ തൊഴില്‍ ശക്തി വിനിയോഗിക്കപ്പെടുന്ന‑ലേബര്‍ ഇന്റന്‍സീവ്- വ്യവസായങ്ങളും സേവന മേഖലകളും ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നതാണ്.
2020ല്‍ നിലവില്‍ വന്ന സോഷ്യല്‍ സെക്യൂരിറ്റി കോഡ് എന്ന സംവിധാനം “സാമൂഹ്യ സുരക്ഷ”, തൊഴിലില്ലായ്മാ സംരക്ഷണം അതിന്റെ ഭാഗമാക്കിയിട്ടുണ്ടെങ്കിലും അത്തരമൊരു സൗകര്യം ഒരുക്കുന്നതിനെപ്പറ്റി മൗനം പാലിക്കുകയാണ് ചെയ്യുന്നതും. ഗുരുതരമായ ഈ വീഴ്ച സംബന്ധമായ സംശയം പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ ഉയര്‍ന്നപ്പോള്‍ സര്‍ക്കാരിന്റെ പ്രതികരണം, ഇതിനാവശ്യമായ വ്യവസ്ഥ ഇഎസ്ഐ നിയമത്തിന്റെ ഭാഗമായി ഉണ്ടെന്നാണ്. നിയമത്തിന്റെ അടിസ്ഥാനത്തില്‍ തൊഴിലാളികള്‍ക്ക് കിട്ടുന്ന ആനുകൂല്യങ്ങളുടെ അപര്യാപ്തത എത്രമാത്രമുണ്ടെന്ന് ഇതെല്ലാം തെളിയിക്കുന്നു. പുതുതായി നിലവില്‍ വന്ന എസ്എസ് കോഡിലെ അസംഘടിത മേഖലയിലെ തൊഴിലാളികളുടെ താല്പര്യങ്ങള്‍ മാത്രം കണക്കിലെടുക്കുന്നതിലും അത് ഒതുക്കിനിര്‍ത്തപ്പെട്ടു. ഇതാണ് മോഡി സര്‍ക്കാരിന്റെ നിലവിലുള്ള തൊഴിലാളി വര്‍ഗത്തോടുള്ള നിലപാട്.
ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങള്‍ നഷ്ടപരിഹാരം നല്കുന്ന കാര്യത്തില്‍ വ്യവസായ തര്‍ക്ക നിയമത്തില്‍ തൊഴിലാളികള്‍ക്ക് അനുകൂലമായ ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. മുന്നൂറോ അതിലധികമോ തൊഴിലാളികള്‍ പണിയെടുക്കുന്ന സ്ഥാപനങ്ങളില്‍ നിന്നും പിരിച്ചുവിടലിന് വിധേയമാക്കപ്പെടുന്നവര്‍ക്കാണ് ഇതിന്റെ പ്രയോജനം കിട്ടുക. സര്‍വീസ് പൂര്‍ത്തിയാക്കുന്ന ഓരോ വര്‍ഷത്തിനും 45 മുതല്‍ 90 വരെ ദിവസങ്ങള്‍ക്ക് ബന്ധപ്പെട്ട തൊഴിലാളികള്‍ക്ക് കിട്ടുന്ന വേതനത്തിന്റെ ശരാശരി തുകയായിരിക്കും നഷ്ടപരിഹാരം അനുവദിക്കപ്പെടുന്നത്. അതേസമയം കേന്ദ്രസര്‍ക്കാരാണ് ഇന്നും നിസാരമായ നഷ്ടപരിഹാരത്തുക നല്കി വരുന്നത്. സംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കു മാത്രമായി നിലവില്‍ വരുന്ന എല്ലാ നിയമഭേദഗതികളും ഒതുങ്ങിപ്പോകുന്നു എന്നതാണ് ഇതില്‍ നിന്നും ഉരുത്തിരിയുന്ന വസ്തുത.
യഥാര്‍ത്ഥത്തില്‍ ഇന്നത്തെ നിലയില്‍ പരിശോധിക്കുമ്പോള്‍ പ്രയോഗത്തിലിരിക്കുന്ന പിരിച്ചുവിടപ്പെടുന്ന തൊഴിലാളികള്‍ക്കായുള്ള പദ്ധതികളൊന്നും തന്നെ വിജയകരമായിട്ടല്ല നടന്നുവരുന്നത്. ഇഎസ്ഐസിയുടെ 2021 ജൂലെെ ഒന്നിന് പുറത്തുവന്ന വാര്‍ഷിക റിപ്പോര്‍ട്ടുകളില്‍ ഇന്‍ഷുര്‍ ചെയ്യപ്പെട്ട 13,341 തൊഴിലാളികള്‍ക്കുള്ള തൊഴിലില്ലായ്മ നഷ്ടപരിഹാര അലവന്‍സ് ലഭ്യമായവര്‍ പ്രതിവര്‍ഷം 2007-08 മുതല്‍ 2019–20 വരെ വെറും 1,034 പേര്‍ മാത്രമാണുള്ളതെന്നാണ്. അതായത്, മൊത്തം 3,09,66,930 പേരില്‍ തന്നെ ഇന്‍ഷുര്‍ ചെയ്ത 13,341 പേരില്‍ പ്രയോജനം ലഭ്യമായത് വെറും 0.043 ശതമാനം പേര്‍ക്കു മാത്രം. ഇഎസ്ഐ പദ്ധതിക്കായി വകയിരുത്തിയിരുന്ന മൊത്തം പണത്തിന്റെ 0.25 ശതമാനം മുതല്‍ 0.99 ശതമാനം വരെയാണ് പദ്ധതിയുടെ ഗുണഭോക്താക്കളായത്. ഇന്‍ഷുര്‍ ചെയ്ത തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമാകുമ്പോള്‍, തൊഴിലില്ലായ്മാ അലവന്‍സ് ലഭ്യമാക്കുക വഴി അവര്‍ക്കു മാത്രമല്ല, ഭാവിയില്‍ തൊഴില്‍ ശക്തിയുടെ ഭാഗമാകാനിടയുള്ള മുഴുവന്‍ പേര്‍ക്കും ഇതിന്റെ ആനുകൂല്യങ്ങള്‍ ലഭ്യമാകുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെയും തൊഴില്‍ മന്ത്രാലയത്തിന്റെയും അവകാശവാദം.

 


ഇതുകൂടി വായിക്കൂ: നഗരങ്ങളില്‍ തൊഴിലില്ലായ്മ പെരുകുന്നു


 

അടല്‍ ബിമിറ്റ് വ്യക്തി കല്യാണ്‍ യോജന (എബിവികെവെെ)ക്കു കീഴില്‍ 2018 ജൂലെെ 2020 മാര്‍ച്ച് 31 കാലയളവില്‍ ഇന്‍ഷുര്‍ ചെയ്തവരുടെ 120 അപേക്ഷകളാണ് കിട്ടിയതെന്നും അവരുടെ ശരാശരി പ്രതിദിന വേതന നിരക്ക് 73.33 രൂപയാണെന്നും കാണുന്നു. കോവിഡ് കാലത്ത് സര്‍ക്കാര്‍ ഇതിന്റെ ആനുകൂല്യത്തിന്റെ കാലാവധി നീട്ടിക്കൊടുത്തിരുന്നു- 2020 ജൂലെെ മുതല്‍ 2021 ജൂണ്‍ വരെ. ഇതിന്റെ ഭാഗമായി പ്രതിദിനം ശരാശരി അലവന്‍സായി 147.65 രൂപ 45,311 പേര്‍ക്കാണ് ആനുകൂല്യം കിട്ടിയതത്രെ! ഇതിന്റെയെല്ലാം ഗുണഭോക്താക്കള്‍ സംഘടിതമേഖലയിലെ, ഇന്‍ഷുര്‍ ചെയ്ത തൊഴിലാളികള്‍ മാത്രവുമായിരുന്നു എന്നോര്‍ക്കുക. മാത്രമല്ല, സംഘടിത മേഖലയിലുള്ള തൊഴില്‍രഹിതരാക്കപ്പെടുന്നവര്‍ക്ക് ഇത്രയും തുച്ഛമായ നഷ്ടപരിഹാരമാണെന്നു കരുതാനായെങ്കില്‍ അസംഘടിത മേഖലയിലെ തൊഴില്‍ നഷ്ടപ്പെടുന്നവരുടെയും തൊഴില്‍രഹിതരായവരുടെയും ഗതി ഊഹിക്കാവുന്നതേയുള്ളു.
കോര്‍പറേറ്റുകള്‍ക്ക് മോഡി സര്‍ക്കാര്‍ വാരിക്കോരി നല്കിവരുന്ന വിവിധതരം ഇളവുകളും ധനസഹായ പദ്ധതികളുമായി തുലനം ചെയ്യുമ്പോള്‍ അസംഘടിത മേഖലാ തൊഴിലാളികള്‍ക്കും സംഘടിത മേഖലയില്‍ നിന്നും നിയമവിരുദ്ധമായിപ്പോലും പിരിച്ചുവിടലിനു വിധേയമാക്കപ്പെടുന്ന തൊഴിലാളികള്‍ക്കും അസംഘടിത മേഖലയിലെ തൊഴില്‍രഹിതര്‍ക്കും താല്‍ക്കാലിക തൊഴിലാളികള്‍ക്കും കിട്ടുന്ന ധനസഹായവും മറ്റാനുകൂല്യങ്ങളും ജിഡിപിയുടെ നിസാരമായൊരു പങ്ക് മാത്രമാണ് വരുന്നത്.
‘സാമൂഹ്യസുരക്ഷാകോഡ്, 2020 ഫലത്തില്‍ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് നല്കുന്നത് അവ്യക്തത നിറഞ്ഞ വാഗ്ദാനങ്ങള്‍ മാത്രമാണ്. സംഘടിത മേഖലാ തൊഴിലാളികള്‍ക്കുള്ള നഷ്ടപരിഹാര പാക്കേജിനു സമാനമായ യാതൊരുവിധ ആനുകൂല്യങ്ങളും ഈ വിഭാഗക്കാര്‍ക്ക് ഇതില്‍ വ്യവസ്ഥ ചെയ്യുന്നില്ല. മാത്രമല്ല, വ്യവസായ ബന്ധ നിയമത്തിലെ ‘ഹയര്‍ ആര്‍ ഫയര്‍’ വ്യവസ്ഥ കോട്ടം കൂടാതെ ഇന്നും തുടരുന്നുമുണ്ട്. തൊഴിലില്ലായ്മാ പ്രതിസന്ധി പൊതുവിലും നഗരമേഖലയില്‍ വിശേഷിച്ചും കൂടുതല്‍ ഗുരുതരാവസ്ഥയിലാവും. അതായത്, തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്കും തൊഴിലവസരങ്ങള്‍ ലഭ്യമല്ലാത്തവര്‍ക്കും ഒരുപോലെ സാമ്പത്തിക സഹായമൊ, നഷ്ടപരിഹാരമൊ രണ്ടും ചേര്‍ന്നൊ ലഭ്യമാക്കേണ്ടതാണ്. ഇതിന് സാധ്യമാകണമെങ്കില്‍ എസ്എസ്‌സിയില്‍ ഭേദഗതി അനിവാര്യമാണ്.

 


ഇതുകൂടി വായിക്കൂ: തൊഴിലില്ലായ്മയും കാര്‍ഷിക സാങ്കേതികവല്‍ക്കരണവും


 

തൊഴിലുടമകളും തൊഴിലാളികളും സര്‍ക്കാരും അടങ്ങുന്ന ഒരു ത്രികക്ഷി സംവിധാനം നിര്‍ബന്ധമായും നിലവില്‍ വരണം. 2022ലെ നാഷണല്‍ കമ്മിഷന്‍ ഓണ്‍ ലേബര്‍ ഇത്തരമൊരു സംവിധാനം അനിവാര്യമാണെന്ന് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.
കേന്ദ്ര ധനമന്ത്രാലയവും ധനമന്ത്രി നിര്‍മ്മല സീതാരാമനും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്തദാസും കൂട്ടരും എന്തൊക്കെ വീരവാദം മുഴക്കിയാലും ചില്ലറ പണപ്പെരുപ്പ നിരക്ക് ആറ്-ഏഴ് ശതമാനം നിരക്കില്‍ത്തെന്ന കുറേക്കാലത്തേക്കുകൂടി തുടരുമെന്നുറപ്പാണ്. മൊത്തവില സൂചികയാണെങ്കില്‍ ഏതുനിമിഷവും 12 ശതമാനത്തിനപ്പുറവുമാകാം. ആഗോള ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ ഫിച് ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാനിരക്ക് (2022–23) 10.3 ല്‍ നിന്ന് 8.5 ശതമാനത്തിലേക്ക് താഴ്ത്തിയിരിക്കുകയാണ്. ഇതിനിടെ എംപ്ലോയ്‌മെന്റ് പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്) പലിശനിരക്ക് 8.1 ശതമാനമാക്കി കുറയ്ക്കാനുള്ള തീരുമാനവും തൊഴിലാളി വര്‍ഗത്തിനുമേല്‍ ഒരു ഇടിത്തീപോലെയാണ് വന്ന് പതിച്ചിരിക്കുന്നത്.
ചുരുക്കത്തില്‍, ഇന്ത്യയിലെ സംഘടിത‑അസംഘടിത മേഖലകളിലെ തൊഴിലാളികള്‍ മാത്രമല്ല, സമൂഹത്തിലെ മാന്യവര്‍ഗവും മറ്റു സാധാരണ ജനവിഭാഗങ്ങളും വ്യത്യസ്ത നിലയിലുള്ള ആഘാതങ്ങള്‍ക്ക് ഇരകളായി വരുകയാണ്. എംഎന്‍ആര്‍ഇജിഎക്കനുസൃതമായ തൊഴിലവസരങ്ങള്‍ ഗ്രാമീണമേഖലയില്‍ നിസാരമാണെങ്കിലും ആശ്വാസം നല്കിവരുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം നിലവിലിരിക്കെ, നിരവധി സാമൂഹ്യശാസ്ത്രജ്ഞന്മാരും ധനശാസ്ത്ര വിദഗ്ധന്മാരും ഇതിനു സമാനമായൊരു പദ്ധതി നഗരമേഖലക്കു കൂടി രൂപപ്പെടുത്തി അടിയന്തര പ്രാധാന്യം നല്കി നടപ്പാക്കണമെന്ന ന്യായമായ ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നത്. ഈ ആവശ്യം മോഡി ഭരണകൂടം ഏതറ്റം വരെ നടപ്പാക്കുമെന്നത് കണ്ടുതന്നെ അറിയേണ്ടിയിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.