23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 9, 2024
August 10, 2024
March 28, 2024
February 11, 2024
December 17, 2023
October 16, 2023
October 10, 2023
October 6, 2023
September 29, 2023
July 28, 2023

അനാവശ്യ സാങ്കേതിക പരിഷ്കാരം: തൊഴിലുറപ്പ് തൊഴിലാളി സമരം കൂടുതല്‍ ശക്തമാക്കുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
March 24, 2023 11:30 pm

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന തൊഴിലാളി സൗഹൃദമല്ലാത്ത പരിഷ്കാരങ്ങള്‍ക്കെതിരെയുള്ള തൊഴിലാളികളുടെ സമരം ശക്തമാകുന്നു. ഓണ്‍ലൈന്‍ അറ്റന്റന്‍സ്, ആധാര്‍ അധിഷ്ഠിത കൂലി എന്നിവയ്ക്കെതിരെ ഒരു മാസമായി രാജ്യതലസ്ഥാനത്ത് സമരത്തിലാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലുറപ്പ് തൊഴിലാളികള്‍. 26 ദിവസമായി തുടരുന്ന സമരത്തില്‍ ഇതുവരെ ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
തൊഴിലാളികള്‍ ജോലിക്ക് ഹാജരായി എന്നു തെളിയിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നാഷണല്‍ മൊബൈല്‍ മോണിറ്ററിങ് സംവിധാനവും ആധാര്‍ അധിഷ്ഠിത വേതന സമ്പ്രദായവും തൊഴില്‍ സൗഹൃദമല്ല എന്നാണ് തൊഴിലാളികള്‍ പറയുന്നത്. ജോലിയില്‍ പ്രവേശിക്കുന്ന ദിവസം രാവിലെ 11 മണിക്ക് മുമ്പ് ഡിജിറ്റല്‍ ഹാജരും ഫോട്ടോയും അപ്‍ലോഡ് ചെയ്യുക അസാധ്യമാണെന്ന് തൊഴിലാളികള്‍ വ്യക്തമാക്കുന്നു. സുതാര്യത ലക്ഷ്യമിട്ട് നടപ്പിലാക്കിയ ആധാര്‍ അധിഷ്ഠിത വേതന സംവിധാനവും(എബിപിഎസ് ) തൊഴില്‍ ചെയ്യുന്നവര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. 

രാജ്യത്തെ ഗ്രാമീണര്‍ക്കുള്ള ഏറ്റവും വലിയ തൊഴില്‍ മേഖലയായ തൊഴിലുറപ്പ് രംഗത്ത് രണ്ടു തരം വേതന വിതരണമാണ് ഇപ്പോള്‍ നിലവിലുള്ളത്. അക്കൗണ്ട് അധിഷ്ഠിത രീതിയും ആധാര്‍ അധിഷ്ഠിത രീതിയും. അക്കൗണ്ട് സംവിധാനം അനുസരിച്ച് ബാങ്കില്‍ തൊഴിലാളിയുടെ പേര്, അക്കൗണ്ട് നമ്പര്‍ എന്നിവ ഹാജരാക്കിയാല്‍ മതി. മറുവശത്ത് ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട അക്കൗണ്ട് നമ്പര്‍ തന്നെ വേണമെന്ന നിബന്ധനയാണ് പുതിയതായി കൊണ്ടുവന്നത്. പരിഷ്കാരം ആദ്യമായി നടപ്പിലാക്കിയ ബിഹാര്‍, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ ആദ്യദിനം മുതല്‍ തന്നെ പദ്ധതി താളംതെറ്റി. മെബൈല്‍ സാങ്കേതിക വിദ്യ പ്രകാരം നടപ്പില്‍ വരുത്തിയ ഹാജര്‍ സ്ത്രീ തൊഴിലാളികള്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി മുസാഫര്‍പൂരില്‍ നിന്നുള്ള കുശ്ബു ദേവി പറയുന്നു. നെറ്റ്‍വര്‍ക്ക് തകരാര്‍, ആപ്പ് തുറക്കാന്‍ സാധിക്കാതെ വരിക തുടങ്ങിയവ സംഭവിക്കുന്നുണ്ട്. ജോലിക്കിടെ തങ്ങളുടെ ഫോട്ടോ അപ്‍ലോഡ് ആയില്ലെങ്കില്‍ അന്നത്തെ വേതനം നഷ്ടമാകുന്ന സ്ഥിതിയാണെന്നും അവര്‍ പറഞ്ഞു. 

ആഴ്ചയില്‍ ആറു ദിവസത്തെ ജോലിക്ക് മൂന്നു ദിവസം കണക്കാക്കി ശമ്പളം വിതരണം ചെയ്യുന്ന രീതി അശാസ്ത്രീയമാണെന്ന് ബിഹാറിലെ വൈശാലി ജില്ലയില്‍ നിന്നുള്ള വിനോദ് റാം പറയുന്നു. പുതിയ പരിഷ്കാരം തൊഴിലുറപ്പ് മേഖലയില്‍ വലിയ പ്രത്യാഘാതം ഉയര്‍ത്തുമെന്നും വിനോദ് റാം വ്യക്തമാക്കി. എബിപിഎസ് സംവിധാനം നിര്‍ബന്ധമാക്കിയതോടെ 43 ശതമാനം തൊഴിലാളികള്‍ക്ക് മാത്രമേ വേതന വിതരണം സാധിക്കുന്നുള്ളൂവെന്നും ബാക്കി 57 ശതമാനം വേതന പരിധിക്ക് പുറത്താകുമെന്നും അധികൃതര്‍ അറിയിച്ചു.
കേന്ദ്രം നടപ്പിലാക്കിയ പുത്തന്‍ പരിഷ്കാരം തൊഴിലാളി സൗഹൃദമല്ലെന്ന് ചുണ്ടിക്കാട്ടി സാങ്കേതിക വിദഗ്ധരും രംഗത്ത് വന്നു കഴിഞ്ഞു. ലിബ്ടെക് ഇന്ത്യ അംഗവും അസിം പ്രേംജി യുണിവേഴ്സിറ്റി പ്രൊഫസറുമായ രാജേന്ദ്രന്‍ നാരായണന്റെ അഭിപ്രായത്തില്‍ എബിപിഎസ് സംവിധാനത്തിന്റെ തകരാറും നിഷ്ക്രിയമായ ആധാറും പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. അടിസ്ഥാന വിദ്യാഭ്യാസം പോലുമില്ലാത്തവര്‍ വേതനത്തിനും മറ്റ് അനുബന്ധ കാര്യങ്ങള്‍ക്കും സാങ്കേതിക വിദ്യയെ ആശ്രയിക്കേണ്ടി വരുന്നത് തൊഴിലുറപ്പ് രംഗം സാധാരണക്കാര്‍ക്ക് അന്യമാകുന്ന സ്ഥിതിയാകും ഉണ്ടാക്കുകയെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: Unnec­es­sary tech­no­log­i­cal reform: inten­si­fies the labor strike

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.