18 May 2024, Saturday

Related news

May 17, 2024
May 16, 2024
May 16, 2024
May 14, 2024
May 13, 2024
May 12, 2024
May 12, 2024
May 11, 2024
May 11, 2024
May 11, 2024

ഗുജറാത്തില്‍ ഇപ്പോഴും തൊട്ടുകൂടായ്മ

Janayugom Webdesk
അഹമ്മദാബാദ്
December 2, 2021 10:57 pm

ഗുജറാത്തില്‍ തൊട്ടുകൂടായ്മ ഇപ്പോഴും അതിരൂക്ഷമെന്ന് റിപ്പോര്‍ട്ട്. നിരോധനം നിലനില്‍ക്കുന്നുണ്ടെങ്കിലും സംസ്ഥാനത്തെ 14 ജില്ലകളിലെ 1,489 ഗ്രാമങ്ങളില്‍ നിന്നും ഇതുവരെ തൊട്ടുകൂടായ്മ തുടച്ചുനീക്കാനായിട്ടില്ലെന്ന് എന്‍ജിഒയായ നവ്സര്‍ജന്‍ ട്രസ്റ്റ് പറയുന്നു.

സമീപ വര്‍ഷങ്ങളില്‍ ഗ്രാമീണ മേഖലകളില്‍ തൊട്ടുകൂടായ്മ വര്‍ധിച്ചിട്ടുണ്ട്. ഗുജറാത്തില്‍ ദളിതര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടന വ്യക്തമാക്കുന്നു. 98 തരത്തിലുള്ള തൊട്ടുകൂടായ്മകൾ സംസ്ഥാനത്തുടനീളമുള്ള ദളിതർക്കെതിരെ ഉയർന്ന ജാതി സമുദായങ്ങൾ പ്രയോഗിക്കുന്നതായി സംഘടനയുടെ സര്‍വേയില്‍ വെളിപ്പെടുത്തുന്നത്.

ദളിതർക്ക് പ്രത്യേക പാത്രങ്ങളിൽ വിളമ്പുന്ന സമ്പ്രദായമായ രാംപതാർ ആണ് അവയിൽ ഏറ്റവും വ്യാപകമായി പ്രയോഗിക്കപ്പെടുന്നത്. ഗുജറാത്തിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും ദളിതർക്കെതിരെ 96.8 ശതമാനം ഉയർന്ന ജാതിക്കാരും രാംപതാർ പുലര്‍ത്തുന്നുണ്ട്. ഗ്രാമീണ മേഖലയിലാണ് ഈ സമ്പദ്രായം രൂക്ഷമായിട്ടുള്ളത്.

53.8 ശതമാനം സര്‍ക്കാര്‍ പ്രൈമറി സ്കൂളുകളിലും ദളിത് കുട്ടികള്‍ വിവേചനം നേരിടുന്നതായും സംഘടന ചൂണ്ടിക്കാട്ടുന്നു. ക്ലാസുകളിലും ഉച്ചഭക്ഷണം നല്‍കുമ്പോള്‍ അവരെ വേര്‍തിരിച്ചാണ് ഇരുത്തുന്നത്. കൂടാതെ അവരെ ശൗചാലയങ്ങള്‍ വൃത്തിയാക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നു. സ്കൂളുകളിലെ പ്രഭാത പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാന്‍ ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് അനുമതി ഇല്ല. ഗ്രാമങ്ങളിലെ കിണറുകളും ശ്മശാനങ്ങളും ഉപയോഗിക്കുന്നതില്‍ നിന്നും ദളിതരെ വിലക്കിയിട്ടുണ്ട്. ഗ്രാമത്തിനകത്ത് മുടിവെട്ടാനും താടി വളര്‍ത്താനും അനുമതിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അടുത്തിടെ ക്ഷേത്രത്തില്‍ പ്രവേശിച്ചുവെന്നാരോപിച്ച് കച്ചിലെ ദളിത് കര്‍ഷക കുടുംബത്തെ ഉയര്‍ന്ന ജാതിയിലുള്‍പ്പെട്ടവര്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചിരുന്നു. ആക്രമണത്തില്‍ വൃദ്ധദമ്പതികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഗുജറാത്തില്‍ ദളിതര്‍ക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ 32 ശതമാനം വര്‍ധനവുണ്ടായെന്നാണ് 2019ല്‍ സംസ്ഥാന സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ഈശ്വര്‍ പര്‍മാര്‍ നിയമസഭയെ അറിയിച്ചിരുന്നു. .

2019 മെയ് വരെ ദളിതര്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍ സംബന്ധിച്ച് 568 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 16 എണ്ണം കൊലപാതക കേസുകളും 30 എണ്ണം ഇരകളെ ക്രൂരമായി മര്‍ദ്ദിച്ച കേസുകളുമാണ്. 36 എണ്ണം ബലാത്സംഗക്കേസുകളാണ്. 2010 മുതല്‍ ദളിതര്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. 2010ല്‍ മാത്രം ഇത്തരത്തില്‍ 1006 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2011ല്‍ 1083ഉം 2013ല്‍ 1147ഉം ആയിരുന്നു. 2016,2017,2018 വര്‍ഷങ്ങളില്‍ ഇത് യഥാക്രമം 1355, 1515, 1544 എന്നിങ്ങനെയായിരുന്നു. ബലാത്സംഗക്കേസുകളുടെ എണ്ണം 2010ല്‍ 39 ആയിരുന്നത് 2011ല്‍ 51 ആയി ഉയര്‍ന്നു. 2013ല്‍ 70 ആയിരുന്നെങ്കില്‍ 2018ല്‍ എണ്ണം 108 ആയി. അതേസമയം 2019 (1416)നെ അപേക്ഷിച്ച് ദളിതര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ 2020ല്‍ 1326 ആയി കുറഞ്ഞുവെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകളില്‍ പറയുന്നു.

Eng­lish Sum­ma­ry: Untouch­a­bil­i­ty still in Gujarat

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.