ആസന്നമായ യു പി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം എന്തുതന്നെയായാലും കഴിഞ്ഞ രണ്ടു ദിവസങ്ങളായി ആദിത്യനാഥ് മന്ത്രിസഭയിലെ രണ്ട് അംഗങ്ങളടക്കം ആറ് നിയമസഭാംഗങ്ങളുടെ രാജി ബിജെപിയെ അക്ഷരാര്‍ത്ഥത്തില്‍ അങ്കലാപ്പിലാക്കാന്‍ പോന്നതാണ്. അധികാര രാഷ്ട്രീയാങ്കത്തില്‍ തങ്ങള്‍ വിജയകരമായി പയറ്റിത്തെളിയിച്ച പാതയാണ് ഭരണകക്ഷിയെ തിരിഞ്ഞുകുത്തുന്നത്. അതുകൊണ്ടുതന്നെ രാഷ്ട്രീയ ധാര്‍മ്മികതയുടെ പേരില്‍ ആരെയെങ്കിലും കുറ്റപ്പെടുത്താനോ വിലപിക്കാനോ പോലും ഇപ്പോഴത്തെ രാജിപരമ്പര അവര്‍ക്ക് അവസരം നല്കുന്നില്ല. ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി, ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടികള്‍ പയറ്റിത്തെളിയിച്ച ജാതിരാഷ്ട്രീയം തുറുപ്പുശീട്ടാക്കിയാണ് ബിജെപി 2017 ല്‍ സംസ്ഥാനത്ത് അധികാരം കയ്യാളിയത്. പിന്നാക്ക ജാതി രാഷ്ട്രീയം മുതലെടുത്താണ് മുന്നാക്ക ജാതിക്കാരനും മതസ്ഥാപന മേധാവിയുമായ ആദിത്യനാഥിനെ അധികാരത്തില്‍ എത്തിച്ചത്. ആ രാഷ്ട്രീയ കളിയില്‍ അവഗണിക്കപ്പെട്ടുവെന്ന പരാതിയുള്ള ബ്രാഹ്മണരെ കൂടി കൂട്ടുപിടിച്ചുള്ള വരേണ്യ – പിന്നാക്ക വിഭാഗങ്ങളുടെ ‘മണ്ഡല്‍-കമണ്ഡല്‍’ പരീക്ഷണത്തിനാണ് ഇപ്പോള്‍ തിരിച്ചടി ഏറ്റിരിക്കുന്നത്. ആദിത്യനാഥ് മന്ത്രിസഭയില്‍ നിന്നും ബിജെപിയില്‍ നിന്നും രാജിവച്ച മന്ത്രിമാര്‍ ഇരുവരും ബിഎസ്‌പിയില്‍ നിന്നും ‘അവസരോചിത’മായി ബിജെപിയില്‍ ചേക്കേറിയവരാണ്. അവസരവാദ രാഷ്ട്രീയത്തില്‍ അവഗാഹമുള്ള ഇരുവരും നടത്തിയ കൂടുമാറ്റം, വരാന്‍പോകുന്ന തെരഞ്ഞെടുപ്പ് ഫലത്തെപ്പറ്റിയുള്ള ഉത്തമബോധ്യത്തില്‍ നിന്നും ആവണം. അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ എസ്‌പി തുടര്‍ന്നുവരുന്ന പ്രചണ്ഡപ്രചാരണവും രാഷ്ട്രീയ മുന്നേറ്റവും സംബന്ധിച്ച വാര്‍ത്തകളെയും വിലയിരുത്തലുകളെയും സാധൂകരിക്കുന്ന സംഭവവികാസങ്ങളാണ് ഉത്തര്‍പ്രദേശില്‍ അരങ്ങേറുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച പടിഞ്ഞാറന്‍ യുപിയില്‍ ഇത്തവണ പാര്‍ട്ടി കനത്ത വെല്ലുവിളിയാണ് നേരിടുന്നത്.
പടിഞ്ഞാറന്‍ യുപിയുടെ രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിവരുന്ന ജാട്ട് കര്‍ഷകര്‍ മോഡി സര്‍ക്കാരിന്റെ കര്‍ഷക മാരണനിയമങ്ങളെ ചെറുത്തു പരാജയപ്പെടുത്തുന്നതില്‍ സുപ്രധാന പങ്കാണ് നിര്‍വഹിച്ചത്. ഹിന്ദുത്വ വര്‍ഗീയത സൃഷ്ടിച്ച കലാപങ്ങളുടെ മുറിപ്പാടുകള്‍ ഉണക്കാനും വിദ്വേഷത്തിന്റെ അന്തരീക്ഷം ലഘൂകരിച്ച് ഹിന്ദു-മുസ്‌ലിം-സിഖ് ഐക്യം ഊട്ടിഉറപ്പിക്കുന്നതിലും കര്‍ഷക പ്രക്ഷോഭം നിര്‍ണായകമായി. കര്‍ഷകരുടെ പിന്തുണ ആര്‍ജിച്ച എസ്‌പി-ആര്‍എല്‍ഡി സഖ്യം മേഖലയില്‍ ബിജെപിക്ക് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഈ പശ്ചാത്തലത്തിലാണ് 23,000 കോടിയോളം രൂപയുടെ ‘പൂര്‍വാഞ്ചല്‍ എക്സ്പ്രസ്‌വേ’യടക്കം അനേകായിരം കോടികളുടെ പദ്ധതി പ്രഖ്യാപനവുമായി കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ സ്വാധീനം നിലനിര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി തന്നെ നേരിട്ട് രംഗത്തിറങ്ങിയത്. അയോധ്യ, മഥുര തുടങ്ങി മതതീവ്രവാദ ആഖ്യാനങ്ങളും ഉന്മൂലന രാഷ്ട്രീയമടക്കം തീവ്രവര്‍ഗീയ വിദ്വേഷ അജണ്ടകളും മാത്രം കൊണ്ട് അധികാരം നിലനിര്‍ത്താനാകില്ലെന്ന ബോധ്യമാണ് വികസന വാഗ്ദാന പരമ്പരകളും മണ്ഡല്‍-കമണ്ഡല്‍ ജാതി രാഷ്ട്രീയ മുതലെടുപ്പും ബിജെപി തെരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമായത്. ദശകങ്ങളായി ജാതിരാഷ്ട്രീയം അരങ്ങുവാഴുന്ന ഉത്തര്‍പ്രദേശില്‍ ഭാഗ്യാന്വേഷികളായ രാഷ്ട്രീയ നേതാക്കള്‍ ആ മുതലെടുപ്പ് രാഷ്ട്രീയത്തെ ഒരു മഹാ കലയായി വികസിപ്പിച്ചെടുത്തിരുന്നു. 2017ല്‍ ബിജെപി അതിനെ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റുന്നതില്‍ വിജയിച്ചെങ്കില്‍ ഇത്തവണ അവര്‍ അതിന് വലിയ വിലനല്കേണ്ടി വരുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. ദളിത് ജനവിഭാഗങ്ങള്‍ നേരിടുന്ന വിവേചനവും അതിക്രമങ്ങളും, പിന്നാക്ക വിഭാഗങ്ങള്‍ തമ്മിലുളള രൂക്ഷമായ കിടമത്സരം, ബ്രാഹ്മണാധിപത്യം നിലനിര്‍ത്താന്‍ ആ വിഭാഗം നടത്തുന്ന രാഷ്ട്രീയ വിലപേശല്‍, സ്ത്രീകള്‍ക്കെതിരായ ഞെട്ടിപ്പിക്കുന്ന അതിക്രമങ്ങളും അവകാശലംഘനങ്ങളും, യുവാക്കള്‍ നേരിടുന്ന തൊഴില്‍രാഹിത്യം തുടങ്ങിയ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, പ്രശ്നങ്ങള്‍ ഇവിടെ അവഗണിക്കപ്പെടുന്നു. രാഷ്ട്രീയ സാമ്പത്തിക യാഥാര്‍ത്ഥ്യങ്ങളെക്കാള്‍ ഉപരി മത, ജാതി ആഖ്യാനങ്ങള്‍ ദൈനംദിന രാഷ്ട്രീയത്തില്‍ ആധിപത്യം പുലര്‍ത്തുന്നു. രാജ്യത്തിനാകെ ബാധകമായ ഒരു രാഷ്ട്രീയ ബദലിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍പോലും അപ്രസക്തമാക്കുന്ന രാഷ്ട്രീയ വ്യവഹാരത്തിനാണ് ഉത്തര്‍പ്രദേശ് വേദിയാവുന്നത്.
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.