28 March 2024, Thursday

Related news

March 27, 2024
March 27, 2024
March 27, 2024
March 26, 2024
March 25, 2024
March 25, 2024
March 25, 2024
March 25, 2024
March 24, 2024
March 24, 2024

യുപി: മയ്ൻപുരിയിൽ എസ്‍പിയും ബിജെപിയും നേർക്കുനേർ

Janayugom Webdesk
ലഖ്നൗ
November 19, 2022 9:16 pm

സൂക്ഷ്മപരിശോധന പൂർത്തിയായതോടെ സമാജ്‍വാദി പാർട്ടിയുടെ തട്ടകമായ യുപിയിലെ മയ്ൻപുരി ലോൿസഭാ മണ്ഡലത്തിൽ എസ്‍പി-ബിജെപി നേർക്കുനേർ മത്സരം. സൂക്ഷ്മപരിശോധനയിൽ സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടിയുടെ (എസ്‍ബിഎസ്‌പി) രമാകാന്ത് കശ്യപ് ഉൾപ്പെടെ ഏഴ് പേരുടെ പത്രികകൾ തള്ളി. ഇതോടെ സമാജ്‍വാദി പാർട്ടിയുടെ ഡിംപിൾ യാദവും ബിജെപിയുടെ രഘുരാജ് സിങ് ഷാക്യയും നേരിട്ടുള്ള മത്സരത്തിനാകും മയ്ൻപുരി സാക്ഷ്യം വഹിക്കുക. 21 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. 

സമാജ്‍വാദി പാർട്ടി സ്ഥാപകൻ മുലായം സിങ് യാദവിന്റെ മരണത്തെ തുടർന്നാണ് മയ്ൻപുരിയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മുലായം സിങ്ങിന്റെ കോട്ടയായ ഇവിടെ വിജയത്തിൽ കുറഞ്ഞൊന്നും എസ്‍പി ലക്ഷ്യമിടുന്നില്ല. പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിൾ യാദവാണ് ഭാര്യാപിതാവിന്റെ അനുയായിയാകാൻ മത്സരിക്കുന്നത്. തന്നോട് ഇടഞ്ഞു നിന്നിരുന്ന അമ്മാവനും പ്രഗതിശീൽ സമാജ്‍വാദി പാർട്ടി (ലോഹ്യ) അധ്യക്ഷനുമായ ശിവപാൽ യാദവിന്റെ പിന്തുണയും ഇത്തവണ അഖിലേഷ് ഉറപ്പാക്കിയിട്ടുണ്ട്. 

യാദവ് വോട്ട് ബാങ്കിന്റെ മികച്ച അടിത്തറയും മുലായം കുടുംബത്തിന്റെ ശക്തികേന്ദ്രവുമായതിനാൽ ബിജെപിയുടെ വെല്ലുവിളിയെ പ്രതിരോധിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സമാജ്‍വാദി പാർട്ടി. അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ ഒന്നിൽ അഖിലേഷും മറ്റൊന്നിൽ ശിവപാൽ യാദവുമാണ് എംഎൽഎമാർ. ശിവപാലിൽ നിന്ന് പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ അനുയായിയായ ഷാക്യയെ ബിജെപി രംഗത്തിറക്കിയത്. ശിവപാൽ യാദവ് എസ്‍പിയുമായുള്ള ബന്ധം ബിജെപിക്ക് പ്രഹരമാണ്. 

മുലായം സിങ്ങിന്റെ ജന്മസ്ഥലമായ സൈഫായി ഉൾപ്പെടുന്ന മണ്ഡലമാണ് മയ്ൻപുരി. സൈഫായി കുടുംബം തന്നെ ഒരു വലിയ രാഷ്ട്രീയ തറവാടാണ്. ഈ കുടുംബത്തിൽ രാഷ്ട്രീയത്തിൽ നിന്ന് മാറിനിന്നിരുന്ന ഒരാളേ ഉണ്ടായിരുന്നുള്ളു, മുലായത്തിന്റെ ഇളയ സഹോദരൻ അഭയ്റാം യാദവ്. ഇത്തവണ സഹോദരന്റെ വിടവ് നികത്താൻ അദ്ദേഹവും ആദ്യമായി പ്രചാരണത്തിനിറങ്ങിയിട്ടുണ്ട്. അഖിലേഷ്, മുലായത്തിന്റെ സഹോദരൻ അഭയ്റാം, ബന്ധു പ്രൊഫ. രാംഗോപാൽ, മരുമകൻ ധർമേന്ദ്ര യാദവ്, ചെറുമകൻ തേജ് പ്രതാപ് യാദവ് എന്നിവരും പ്രചാരണ രംഗത്ത് സജീവമാണ്. 

അതേസമയം 2024ലെ പൊതുതെരഞ്ഞെടുപ്പിൽ യുപിയിലെ 80 മണ്ഡലങ്ങളിലും വിജയം നേടുകയെന്ന ലക്ഷ്യത്തിന് മയ്ൻപുരിയിലെ വിജയം ശക്തിപകരുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ജൂണിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എസ്‍പിയുടെ ശക്തികേന്ദ്രങ്ങളായ അസംഗഡ്, രാംപുർ എന്നിവയിലെ വിജയം നൽകിയ ആവേശത്തിലാണ് ബിജെപി ക്യാമ്പ്. എന്നാൽ സ്വന്തം തട്ടകത്തിൽ ഭൂരിപക്ഷം വർധിപ്പിക്കാനുള്ള ലക്ഷ്യത്തോടെ പാർട്ടി ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവ് തന്നെയാണ് എസ്‍പിയുടെ തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്നത്. 

Eng­lish Sum­ma­ry: UP: SP and BJP face to face in Mainpuri

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.