യുഎസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ വന്‍ വിജയവുമായി ഇന്ത്യന്‍ വംശജര്‍. ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങളായ അഞ്ച് ഇന്ത്യൻ വംശജർ യുഎസ് ജനപ്രതിനിധി സഭയിലേക്കും ഒരാൾ സംസ്ഥാന ലഫ്. ഗവർണര്‍ സ്ഥാനത്തേക്കും തെരഞ്ഞെടുക്കപ്പെട്ടു. മേരിലാൻഡിൽ, ലെഫ്റ്റനന്റ് ഗവർണർ മത്സരത്തിൽ വിജയിക്കുന്ന ആദ്യ ഇന്ത്യൻ-അമേരിക്കൻ വംശജയായി അരുണ മില്ലർ ചരിത്രം സൃഷ്ടിച്ചു. ആമി ബേറ, രാജാ കൃഷ്ണമൂർത്തി, റോ ഖന്ന, പ്രമീള ജയപാൽ, ശ്രീധനേന്ദര്‍ എന്നിവരുൾപ്പെടെ ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നുള്ള അഞ്ച് ഇന്ത്യൻ-അമേരിക്കൻ സ്ഥാനാര്‍ത്ഥികളാണ് ജനപ്രതിനിധിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
മിഷിഗണിൽ നിന്ന് ജയിക്കുന്ന ആദ്യത്തെ ഇന്ത്യൻ ‑അമേരിക്കൻ വംശജനാണ് വ്യവസായിയായ ശ്രീധനേന്ദര്‍. റോ ഖന്ന, രാജാ കൃഷ്ണമൂർത്തി, പ്രമീള ജയപാൽ എന്നിവർ തുടർച്ചയായി നാലാം തവണയാണ് തെരഞ്ഞെടുക്കപ്പെടുന്നത്. ജനപ്രതിനിധി സഭയിലെ ഏക ഇന്ത്യന്‍— അമേരിക്കന്‍ വനിതാ അംഗമാണ് ചെന്നെെ സ്വദേശിയായ പ്രമീള ജയപാല്‍. മുതിര്‍ന്ന ഇന്ത്യന്‍ അമേരിക്കന്‍ രാഷ്ട്രീയ നേതാവായ ആമി ബേറ ആറാം തവണയാണ് ജനപ്രതിനിധിസഭയിലെത്തുന്നത്. കോൺഗ്രസിൽ ഏറ്റവും കൂടുതൽക്കാലം പ്രവർത്തിച്ച ഇന്ത്യൻ അമേരിക്കൻ വംശജനാണ് ബേറ. 2013 മുതൽ അദ്ദേഹം കാലിഫോർണിയയെ പ്രതിനിധീകരിക്കുന്നു. രവിന്ദ് വെങ്കട്ട്, താരിഖ് ഖാൻ, സൽമാൻ ഭോജാനി, സുലൈമാൻ ലലാനി, സാം സിങ്, രഞ്ജീവ് പുരി തുടങ്ങി നിരവധി ഇന്ത്യൻ അമേരിക്കൻ വംശജർ സംസ്ഥാന നിയമസഭകളിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.
ഇല്ലിനോയി ജനറൽ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധി നബീല സെയ്ദ്, ഇന്ത്യൻ — അമേരിക്കൻ മുസ്‌ലിം വനിതയാണ്. വിജയത്തിൽ ആഹ്ളാദം പങ്കുവച്ചുള്ള 23കാരിയായ നബീലയുടെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നബീല ട്വീറ്റ് ഇങ്ങനെയാണ്- ‘എന്റെ പേര് നബീല സെയ്ദ്. ഞാൻ 23 വയസുള്ള മുസ്‍ലിമാണ്, ഇന്ത്യൻ – അമേരിക്കൻ വനിതയാണ്. റിപ്പബ്ലിക്കൻ പാർട്ടിക്ക് സ്വാധീനമുള്ള ജില്ലയിൽ ഞങ്ങൾ അട്ടിമറി വിജയം നേടി. ജനുവരിയിൽ ഇല്ലിനോയി ജനറൽ അസംബ്ലിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം ഞാനായിരിക്കും’. ട്വീറ്റിന് വന്‍ പ്രതികരണമാണ് വിവിധ കോണുകളില്‍ നിന്ന് ലഭിച്ചത്. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ക്രിസ് ബോസിനെയാണ് നബീല പരാജയപ്പെടുത്തിയത്.
My name is Nabeela Syed. I’m a 23-year old Muslim, Indian-American woman. We just flipped a Republican-held suburban district.
And in January, I’ll be the youngest member of the Illinois General Assembly.
— Nabeela Syed (@NabeelaforIL) November 9, 2022
കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയ നബീല, പ്രാദേശിക വ്യവസായ സംരംഭങ്ങളെ സഹായിക്കുന്ന ഒരു കൺസൾട്ടിങ് സംഘടനയുടെ പ്രസിഡന്റായിരുന്നു. ‘മികച്ച ഇല്ലിനോയിയെ സൃഷ്ടിക്കും. ശക്തമായ സമ്പദ്‌വ്യവസ്ഥയും സുസ്ഥിരമായ അടിസ്ഥാന സൗകര്യങ്ങളും മികച്ച ആരോഗ്യ പരിരക്ഷയും ഉന്നത വിദ്യാഭ്യാസവും ലഭ്യമായ ഒരു ഇല്ലിനോയി’ എന്നാണ് നബീല വോട്ടർമാർക്ക് നൽകിയ വാഗ്ദാനം. തോക്കുകളുടെ ദുരുപയോഗം തടയും, ലിംഗ സമത്വം ഉറപ്പാക്കും, അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കും തുടങ്ങിയ ലക്ഷ്യങ്ങളും നബീല മുന്നോട്ടുവയ്ക്കുന്നു.
English Summary: US Midterms Elections: 5 Indian Americans Elected to House of Representatives
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.