23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 11, 2024
December 11, 2024
December 10, 2024
November 26, 2024
November 24, 2024
November 13, 2024
November 12, 2024
November 12, 2024
November 10, 2024

കമണ്ഡല്‍ രാഷ്ട്രീയത്തില്‍ നിന്ന് മണ്ഡല്‍ രാഷ്ട്രീയത്തിലേക്ക് തിരിയുന്ന ഉത്തര്‍പ്രദേശ് രാഷ്ട്രീയം

ഡോ. ജിപ്‍സണ്‍ വി പോള്‍
(ലേഖകന്‍ സുല്‍ത്താന്‍ബത്തേരി സെന്റ് മേരീസ് കോളജില്‍ രാഷ്ട്രമീമാംസ വിഭാഗം വകുപ്പ് അധ്യക്ഷനാണ്)
February 9, 2022 5:24 am

2022ല്‍ ഉത്തര്‍പ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ യഥാര്‍ത്ഥത്തില്‍ 2022ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലും ചൂണ്ടുപലകയും ആയാണ് വിലയിരുത്തപ്പെടുന്നത്. മണ്ഡല്‍-കമണ്ഡല്‍ രാഷ്ട്രീയത്തില്‍ കുടുങ്ങിയാണ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഉത്തരേന്ത്യന്‍ രാഷ്ട്രീയവും ഉത്തര്‍പ്രദേശ് രാഷ്ട്രീയവും മുന്നോട്ടുപോകുന്നത്. മണ്ഡലിന്റെ എല്ലാവരേയും ഉള്‍ക്കൊള്ളുക എന്ന രാഷ്ട്രീയ ആശയം പിന്‍പറ്റുന്ന പിന്നാക്ക ദളിത്, മുസ്‌ലിം അടക്കമുള്ള വിഭാഗങ്ങളും സംവരണ വിരുദ്ധരും ഉന്നതകുല ജാതീയ‑വര്‍ഗീയവാദികള്‍ മുന്നോട്ടു വയ്ക്കുന്ന കമണ്ഡല്‍ രാഷ്ട്രീയ വ്യവസ്ഥിതിയും തമ്മിലുള്ള പോരാട്ടങ്ങള്‍ക്കാണ് പലപ്പോഴും ഉത്തരേന്ത്യന്‍ രാഷ്ട്രീയം സാക്ഷിയാകുന്നത്. ഉത്തര്‍പ്രദേശിലെ ആദിത്യനാഥ് മന്ത്രിസഭയില്‍ നിന്ന് ഒബിസി/പിന്നാക്ക രാഷ്ട്രീയമുഖമായ മന്ത്രിമാരും എംഎല്‍എമാരും രാജിവച്ച് സമാജ്‌വാദി പാര്‍ട്ടിയുടെ ഭാഗമായി മാറിയതോടെ ജാതി രാഷ്ട്രീയ ചര്‍ച്ചകള്‍ വീണ്ടും രാഷ്ട്രീയ സൂചികയില്‍ സ്ഥാനം പിടിക്കുകയാണ്. പിന്നാക്ക രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന അഖിലേഷ് യാദവ് 1990 കളില്‍ മുലായവും ലാലുവും കാന്‍ഷിറാമും പയറ്റിയ രാഷ്ട്രീയം തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ്. 2014ലെയും 2019ലെയും ലോക്സഭാ തെരഞ്ഞെടുപ്പിലും 2017ലെ ഉത്തര്‍പ്രദേശ് അടക്കമുള്ള നിയമസഭാ ഇലക്ഷനുകളിലും മുന്നാക്ക‑പിന്നാക്ക രാഷ്ട്രീയം അഥവാ മണ്ഡല്‍-കമണ്ഡല്‍ പയറ്റി അധികാരത്തില്‍ എത്തിയ ബിജെപിക്ക് വലിയ വെല്ലുവിളിയാണ് മണ്ഡല്‍ രാഷ്ട്രീയ പരീക്ഷണം.


ഇതുകൂടി വായിക്കൂ: തീർന്നു, പഞ്ചാബിൽ ഇനി പഞ്ചഗുസ്തിയില്ല


2014 മുതല്‍ മേല്‍ക്കൈ നേടിയ ഹിന്ദുത്വരാഷ്ട്രീയ കുത്തൊഴുക്കില്‍ സമാജ്‌വാദി പാര്‍ട്ടിക്കും ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിക്കും കോണ്‍ഗ്രസിനും അടിതെറ്റി. പക്ഷെ 2022 ആയപ്പോഴേക്കും കര്‍ഷകസമരം ഉണര്‍ത്തിവിട്ട ബിജെപി വിരുദ്ധ രാഷ്ട്രീയവും പിന്നോക്കരാഷ്ട്രീയവും തുറുപ്പ് ചീട്ടാക്കി അനുകൂലമാക്കാനാണ് അഖിലേഷ് യാദവ് ശ്രമിക്കുന്നത്. 2014ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി വിജയത്തിന് സഹായമായി മാറിയ ഒബിസി വോട്ട് ബാങ്കില്‍ വലിയ പങ്കും ബിജെപിക്ക് നഷ്ടപ്പെടും എന്നുതന്നെയാണ് വിലയിരുത്തപ്പെടുന്നത്. യോഗി മന്ത്രിസഭയില്‍ നിന്ന് രാജിവച്ച സ്വാമി പ്രസാദ് മൗര്യ നിരവധി മണ്ഡലങ്ങളില്‍ പോലും സ്വാധീനമുള്ള ഒബിസി വിഭാഗമായ മൗര്യ വിഭാഗ നേതാവാണ്. ബിജെപി വിട്ട് സമാജ്‌വാദിയില്‍ ചേക്കേറിയ മറ്റൊരു മന്ത്രിയായ ദാരാസിങ് ചൗഹാന്‍ വാരാണസി ഉള്‍പ്പെടെയുള്ള കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ സ്വാധീനമുള്ള സാനിയാ വിഭാഗക്കാരനാണ് ജാട്ട് സമുദായ പാര്‍ട്ടിയായ ആര്‍എല്‍ഡി എസ്‌പിക്ക് ഒപ്പമാണ്.


ഇതുകൂടി വായിക്കൂ: കശ്മീരിന്റെ തെരഞ്ഞെടുപ്പ് ഭൂപടം മാറ്റിവരയ്ക്കുന്നു


പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ സ്വാധീനമുള്ള ജാട്ട് കര്‍ഷകര്‍ കര്‍ഷക സമരത്തിന്റെ വലിയ പിന്‍ബലമായിരുന്നു. പിന്നാക്ക രാഷ്ട്രീയത്തെ പ്രതിനിധാനം ചെയ്യുന്ന ബിഎസ്‌പിയില്‍ നിന്നും എസ്‌പിയിലേക്ക് നേതാക്കള്‍ ഒഴുകുകയാണ്. അഴിമതിയുടെ കറപുരണ്ട മായാവതിക്കും പാര്‍ട്ടിക്കും ഇത്തവണത്തെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ വലിയ സാധ്യതയൊന്നും പ്രവചിക്കുന്നില്ല. 3,000 കോടി രൂപ മുടക്കി നിര്‍മ്മിച്ച കാശി ഇടനാഴി ഉയര്‍ത്തിക്കാട്ടി ഹിന്ദുത്വ അജണ്ടയെ ഒന്നുകൂടി ഉറപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ കാശി ഇടനാഴി നിര്‍മ്മാണത്തില്‍ അവഗണിക്കപ്പെടുകയും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്ത ചെറുക്ഷേത്രങ്ങളും വിശ്വാസികളും സര്‍ക്കാരിന് എതിരാകുന്ന കാഴ്ചയുമുണ്ട്. ഹിന്ദുത്വ‑വികസന പരിപ്രേക്ഷ്യ ചര്‍ച്ചയില്‍ സംവാദങ്ങളെ തടയിടാമെന്ന ബിജെപി തെരഞ്ഞെടുപ്പ് തന്ത്രം പൊളിയുന്നു എന്നുള്ളതാണ് ഉത്തര്‍പ്രദേശില്‍ നടക്കുന്ന ജാതി-രാഷ്ട്രീയ ചര്‍ച്ചകള്‍ തെളിയിക്കുന്നത്.

ബി പി മണ്ഡലിന്റെ അധ്യക്ഷതയില്‍ രൂപീകൃതമായ മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് വി പി സിങ്ങിന്റെ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിച്ചെങ്കിലും സംവരണ വിരുദ്ധസമരവും കോടതി കേസുകളും കാരണം ആ സര്‍ക്കാരിന്റെ കാലത്ത് ദൗത്യം പൂര്‍ണമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ചരിത്രപരമായി പാര്‍ശ്വവല്ക്കരിക്കപ്പെട്ട ഒരു ജനതയെ മുഖ്യധാരയിലേക്ക് എത്തിക്കാനുള്ള പുരോഗമന സ്വഭാവമുള്ള ഒരു ഗവണ്‍മെന്റിന്റെ ശരിയായ ദിശയിലുള്ള ഒരു ചുവടുവയ്പായിരുന്നു മണ്ഡല്‍ കമ്മിഷന്‍ നടപ്പാക്കല്‍. ബിഹാറിലും ഉത്തര്‍പ്രദേശിലും മണ്ഡല്‍ കമ്മിഷന്‍ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ക്കായി. ബിഹാറില്‍ ലാലുപ്രസാദ് യാദവും ഉത്തര്‍പ്രദേശില്‍ മുലായം സിങ്ങും മണ്ഡല്‍ രാഷ്ട്രീയ വിജയം നേടിയവരാണ്.


ഇതുകൂടി വായിക്കൂ: പ്രധാനമന്ത്രി നടത്തിയത് തെരഞ്ഞെടുപ്പ് പ്രസംഗം മാത്രം: ബിനോയ് വിശ്വം


നിയമസഭകളിലേക്കും പാര്‍ലമെന്റിലേക്കും മണ്ഡല്‍ സംവരണം ഒന്നും ഇല്ലാതിരുന്നിട്ടും മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയതിനുശേഷം സംസ്ഥാന നിയമസഭകളിലേക്കും പാര്‍ലമെന്റിലേക്കും തെരഞ്ഞെടുക്കപ്പെടുന്ന പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരുടെ അംഗസംഖ്യ വലിയ തോതില്‍ ഉയര്‍ന്നു. ഇത് പിന്നാക്ക വിഭാഗങ്ങള്‍ സാമ്പത്തിക‑സാമൂഹിക‑രാഷ്ട്രീയ മേഖലകളില്‍ ഉണ്ടാക്കിയ നേട്ടത്തെ പ്രതിഫലിപ്പിക്കുന്നതാണ്. ജനങ്ങളെ ജാതി തിരിച്ച് കാണുന്ന ഇന്ത്യന്‍ വ്യവസ്ഥിതിക്ക് മേലുള്ള പ്രഹരമായിരുന്നു മുസ്‌ലിം വിഭാഗത്തെ ഒബിസി സംവരണത്തില്‍ ഉള്‍പ്പെടുത്തിയ മണ്ഡല്‍ റിപ്പോര്‍ട്ട്.

ദേശീയ രാഷ്ട്രീയത്തില്‍ ബിജെപി പിടിമുറുക്കിയതോടെ ജാതിസമവാക്യങ്ങള്‍ മാറിമറിഞ്ഞു. മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയതിലൂടെ ലഭിച്ച അവസരങ്ങള്‍ പിന്നാക്ക വിഭാഗങ്ങളെ വിട്ടുപോകുന്നു എന്നതാണ് വര്‍ത്തമാനകാല യാഥാര്‍ത്ഥ്യം. ബിജെപിയുടെ ഭൂരിപക്ഷം മുന്നാക്ക വിഭാഗങ്ങളുടെ അമിതമായ രാഷ്ട്രീയ പ്രാതിനിധ്യത്തിന് വഴിവയ്ക്കുന്നു. 2014 ലേയും 2019ലേയും മോഡി തരംഗത്തില്‍ മുന്നാക്കക്കാര്‍ നഷ്ടപ്പെട്ട രാഷ്ട്രീയ ആധിപത്യം തിരിച്ചുപിടിക്കുന്നതാണ് കാണുന്നത്. 2019ലെ തെരഞ്ഞെടുപ്പില്‍‍ ബിജെപിക്ക് ഹിന്ദി ഹൃദയഭൂമിയില്‍ നിന്ന് മാത്രം 88 മുന്നാക്ക വിഭാഗത്തില്‍പ്പെട്ട എംപിമാരുണ്ട്. മണ്ഡല്‍ രാഷ്ട്രീയത്തിനെ തടയിടാന്‍ ബിജെപി കൊണ്ടുവന്ന കമണ്ഡല്‍ രാഷ്ട്രീയമായിരുന്നു അയോധ്യ പ്രശ്നം, കോവിഡ് മഹാമാരിയെ കൈകാര്യം ചെയ്ത കേന്ദ്ര സര്‍ക്കാരിന്റെയും ആദിത്യനാഥ് സര്‍ക്കാരിന്റെയും പരാജയം തെരഞ്ഞെടുപ്പില്‍ പ്രതികരിക്കും എന്ന ഭയത്തിലാണ് ബിജെപി.


ഇതുകൂടി വായിക്കൂ: മോഡിയുടെ വേഷം കെട്ട് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്; വെറും പുറംമോടി; ഉള്ളിലൊന്നുമില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി


കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചുകൊണ്ട് പ്രത്യക്ഷത്തില്‍ കര്‍ഷക സമരം അവസാനിച്ചെങ്കിലും താങ്ങുവില അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമാകാത്തതും ഇതിനപ്പുറം കര്‍ഷകരുടെ ജീവത്യാഗവും ലഖിംപുര്‍ഖേരി കൊലപാതകവും കര്‍ഷകര്‍ മറക്കാനിടയില്ല എന്നുള്ളത് ബിജെപിയെ തെല്ലൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്. ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായി നടക്കുന്ന ആക്രമണങ്ങള്‍ ആദിത്യനാഥിന്റെ യുപിയിലെ ക്രമസമാധാന നില വ്യക്തമാകുന്നുണ്ട്.

മണ്ഡല്‍ വിരുദ്ധ പോരാട്ടങ്ങളിലൂടെ സവര്‍ണ‑ഹിന്ദുത്വത്തെ ഉപയോഗപ്പെടുത്തിയ ബിജെപി-ബാബറി മസ്ജിദ് തര്‍ക്കത്തിലൂടെ ഹിന്ദുത്വ രാഷ്ട്രീയം മുന്നോട്ടുവച്ച് മുന്നാക്ക‑പിന്നാക്ക വിഭാഗങ്ങളെ തങ്ങളുടെ കീഴില്‍ അണിനിരത്തുന്നതില്‍ വിജയം കണ്ടു. അങ്ങനെ ഒരിക്കല്‍ തങ്ങള്‍ എതിര്‍ത്ത മണ്ഡല്‍ വിഭാഗങ്ങളേയും തങ്ങള്‍ക്കൊപ്പം നിര്‍ത്തി അധികാരം കൈയ്യാളിയ ബിജെപി തന്ത്രങ്ങള്‍ക്കുള്ള മറുപടിയാണ് ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തിലേക്ക് തിരിച്ച് എത്തുന്ന പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.