19 April 2024, Friday

Related news

March 25, 2024
March 10, 2024
March 5, 2024
February 29, 2024
February 26, 2024
February 24, 2024
February 24, 2024
January 17, 2024
January 15, 2024
January 7, 2024

തണുത്തുറഞ്ഞ് സമരാഗ്നി; സമാപനവേദിയിലും തമ്മിലടിച്ച് നേതാക്കള്‍

സ്വന്തം ലേഖകന്‍
തിരുവനന്തപുരം
February 29, 2024 10:32 pm

സംസ്ഥാനമെങ്ങും ആളിപ്പടരുമെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതൃത്വം നടത്തിയ സമരാഗ്നി ജാഥ ഒടുവില്‍ വേനല്‍ച്ചൂട് പോലുമില്ലാതെ കെട്ടടങ്ങി. സംസ്ഥാന അധ്യക്ഷനും പ്രതിപക്ഷ നേതാവും തമ്മിലുള്ള ഭിന്നത അവസാനദിനത്തിലും പ്രകടമായതോടെ, പാര്‍ട്ടി അണികള്‍ക്കുള്‍പ്പെടെ കടുത്ത നിരാശ സമ്മാനിച്ചാണ്  വ്യാഴാഴ്ച തിരുവനന്തപുരത്ത് ജാഥയ്ക്ക് സമാപനമായത്.

പുത്തരിക്കണ്ടം മൈതാനിയില്‍ നടന്ന സമാപനസമ്മേളനം തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ് ഉദ്ഘാടനം ചെയ്തത്. സച്ചിന്‍ പൈലറ്റ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്ത വേദിയിലും കെ സുധാകരനും വി ഡി സതീശനും തമ്മിലുള്ള അഭിപ്രായ വ്യത്യാസം പ്രകടമായി. കാലിയായ കസേരകള്‍ ചൂണ്ടിക്കാട്ടി പ്രവര്‍ത്തകരെ ശകാരിക്കുകയായിരുന്നു സുധാകരന്‍. എന്നാല്‍ നേരത്തേ വന്നിരുന്ന പ്രവര്‍ത്തകര്‍ വെെകിയപ്പോള്‍ പിരിഞ്ഞുപോയതാണെന്നായിരുന്നു സതീശന്റെ തിരുത്ത്.

സുധാകരനും സതീശനും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ രൂക്ഷമായ സമയത്തായിരുന്നു ജാഥ ആരംഭിച്ചത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മൈക്കിനുവേണ്ടി പിടിവലി നടത്തിയ സംഭവം ഏറെ ചര്‍ച്ചയായിരുന്നു. പ്രശ്നങ്ങളില്ലെന്ന് വരുത്തിത്തീര്‍ക്കാനും, മൂപ്പിളമ തര്‍ക്കം പരിഹരിക്കാനുമായി ഇരുനേതാക്കളും ഒരുമിച്ച് ജാഥ നടത്തണമെന്ന് കേന്ദ്ര നേതൃത്വം നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ ജാഥയ്ക്കിടയിലും ഇരുവരും തമ്മിലുള്ള തര്‍ക്കം പരസ്യമായത് പാര്‍ട്ടിക്ക് നാണക്കേടായി.

ആലപ്പുഴയില്‍ ജാഥയുടെ ഭാഗമായി നടന്ന വാര്‍ത്താസമ്മേളനത്തിനിടയില്‍, പ്രതിപക്ഷ നേതാവിനെ കെപിസിസി പ്രസിഡന്റ് പരസ്യമായി തെറിവിളിച്ചു. പിന്നീട് പത്തനംതിട്ടയില്‍ സംയുക്ത വാര്‍ത്താസമ്മേളനം ഒഴിവാക്കുകയും ചെയ്തു. ആരോഗ്യപ്രശ്നങ്ങളുള്ളതുകൊണ്ടാണന്നായിരുന്നു വി ഡി സതീശന്‍ വിശദീകരിച്ചത്. ഫെബ്രുവരി ഒമ്പതിന് കാസര്‍കോട് നിന്നാണ് ജാഥയ്ക്ക് തുടക്കമായത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി നടത്തിയ ജാഥയിലുടനീളം സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്താനാണ് നേതാക്കള്‍ സമയം ചെലവഴിച്ചത്. മോഡിക്കും കേന്ദ്രഭരണത്തിനുമെരെയുള്ള വിമര്‍ശനം കാര്യമായുണ്ടായില്ല എന്ന് പ്രാദേശിക നേതാക്കള്‍ക്ക് തെന്ന പരാതിയുണ്ട്.

മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ നവകേരള സദസിനെ പരിഹസിച്ചുകൊണ്ടിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍, അതേ മാതൃകയിലാണ് സമരാഗ്നി യാത്രയും നടത്തിയത്. സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ പ്രതിനിധികളുമായി മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ പ്രഭാതസദസുകളും സമരാഗ്നിയില്‍ പകര്‍ത്തുകയായിരുന്നു. എന്നാല്‍ നേതാക്കളുടെ അഭിപ്രായവ്യത്യാസം പ്രവര്‍ത്തകരെയും ബാധിച്ചതോടെ, പലയിടങ്ങളിലും സമരാഗ്നി ആളില്ലാതെ കടന്നുപോയാണ് ഒടുവില്‍ നനഞ്ഞ പടക്കമായി തിരുവനന്തപുരത്ത് സമാപിച്ചത്.

Eng­lish Sum­ma­ry: v d satheesan against k sudhakaran
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.