19 April 2024, Friday

കൗമാരകലയുടെ പുതുവസന്തം

വി ശിവൻകുട്ടി
(പൊതുവിദ്യാഭ്യാസ മന്ത്രി) 
January 3, 2023 4:30 am

കലകളുടെ കൗമാരസംഗമത്തിന് ചരിത്രനഗരിയായ കോഴിക്കോട് വേദിയാവുകയാണ്. ഇനിയുള്ള ദിനരാത്രങ്ങൾ മലയാളിയുടെ കണ്ണും കാതും സാമൂതിരിയുടെ തട്ടകത്തിലേക്ക്. കലാകേരളത്തിന്റെ പുതുനാമ്പുകളെ വരവേല്ക്കാൻ നിറഞ്ഞ മനസോടെ കാത്തിരിക്കുകയാണ് പെരുമപെറ്റ ഈ മണ്ണ്.  61-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിനാണ് കോഴിക്കോട് ഈ വർഷം ആതിഥ്യമരുളുന്നത്. 1957ൽ ഇരുനൂറോളം പേർ പങ്കെടുത്ത ഒരു കലാമത്സരം എന്ന നിലയിൽ തുടങ്ങിയ സ്കൂൾ കലോത്സവം വളർച്ചയുടെ പടവുകൾ പിന്നിട്ട് കോഴിക്കോട്ട് എത്തുന്നത് പതിനാലായിരത്തിലേറെ മത്സരാർത്ഥികളുമായാണ്. എറണാകുളം ഗേൾസ് ഹൈസ്കൂളിലാണ് ആദ്യ കലാമേള നടന്നത്. 1958 ൽ തിരുവനന്തപുരത്തും തുടർന്ന് ചിറ്റൂരിലും കലോത്സവം സംഘടിപ്പിക്കുകയുണ്ടായി. നാല് വർഷം മാത്രമാണ് മേള മുടങ്ങിയത്. പുതിയ ഇനങ്ങൾ കൂട്ടിച്ചേർത്തും പ്രോത്സാഹനങ്ങൾ ഏർപ്പെടുത്തിയുമാണ് മേള ഓരോ പടവും പിന്നിട്ടത്. ഒരു ദിവസത്തെ മത്സര പരിപാടി എന്ന നിലയിൽ നിന്നും ഒരാഴ്ചത്തെ മഹോത്സവമായി മാറിയതിനു പിന്നിൽ ഒട്ടേറെ ആലോചനകളും ചർച്ചകളും ഉണ്ടായിരുന്നു. മത്സരങ്ങളുടെ ഗൗരവം വർധിച്ചപ്പോൾ കൃത്യമായ നിയമാവലികൾ രൂപപ്പെടേണ്ട സാഹചര്യം വന്നു. ഇത് യുവജനോത്സവ മാന്വലിന്റെ ആവിർഭാവത്തിലേക്ക് നയിച്ചു. കലാതിലകം-കലാപ്രതിഭ പട്ടങ്ങൾ, ഗ്രേസ് മാർക്ക് തുടങ്ങിയവ മേളയുടെ മുഖ്യാകർഷകമായി മാറി.

 


ഇതുകൂടി വായിക്കു; കലാമാമാങ്കത്തിന് അരങ്ങുണരുന്നു: ആസ്വാദകരും കോഴിക്കോട്ടേയ്ക്ക്


 

കടുത്ത മത്സരങ്ങൾ അനാരോഗ്യ പ്രവണതകൾക്ക് വഴിതെളിച്ചത് ചിലപ്പോഴൊക്കെ മേളയുടെ നിറം കെടുത്തുന്നതിന് കാരണമായി. സിനിമാരംഗത്തേക്കുള്ള പ്രവേശന കവാടമായി കലാമേളയിലെ പ്രകടനം പലർക്കും പ്രയോജനപ്പെട്ടു. ഇത്തരം സാധ്യതകൾ തുറന്നുവന്നത് മേളയെ കൂടുതൽ കടുത്ത മത്സരവേദിയാക്കി. കലാതിലകം, കലാപ്രതിഭാ സ്ഥാനങ്ങൾ ഉപേക്ഷിച്ചതും പകരം ഗ്രേഡ് മാത്രം പ്രഖ്യാപിക്കുന്ന രീതി അവലംബിച്ചതും ഈ പശ്ചാത്തലത്തിലാണ്.  വിപുലീകൃത ആലോചനായോഗവും സംഘാടകസമിതി രൂപീകരണവുമെല്ലാം വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 239 ഇനങ്ങളിലായി ഹയർ സെക്കന്‍ഡറി, ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്നായി 14,000ത്തോളം മത്സരാർത്ഥികളും അതിനിരട്ടിയോളം രക്ഷിതാക്കളും അനുഗമിക്കുന്ന അധ്യാപകരും അടക്കം 30,000ത്തോളം പേർ മത്സരവേദികളിൽ എത്തും. ഇവർക്ക് പുറമെ കാണികളായി വരുന്ന വിദ്യാർത്ഥികളും അധ്യാപകരും പൊതുജനങ്ങളും വേറെയും. വിവിധതലങ്ങളിലെ സംഘാടകരായി മൂവായിരത്തോളം പേരും കാണും.

ആയിരത്തിൽപരം മാധ്യമ പ്രവർത്തകരാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി കലോത്സവ വിശേഷങ്ങൾ ഒപ്പിയെടുക്കാൻ കോഴിക്കോട്ട് എത്തുന്നത്. ഇത്രയും വലിയ ഒരു ജനാവലിക്ക് കുറ്റമറ്റ വരവേല്പ് നൽകാനുള്ള എല്ലാ ഒരുക്കങ്ങളും സംഘാടക സമിതി പൂർത്തിയാക്കിക്കൊണ്ടിരിക്കുന്നു. കോവിഡിന്റെ ഭീഷണി നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുന്നു.

 


ഇതുകൂടി വായിക്കു;  കലാപ്രതിഭകളെ വരവേറ്റ് കോഴിക്കോട്


 

കേരളത്തിന്റെ സാംസ്കാരിക തനിമ അനാവരണം ചെയ്യാനുള്ള വ്യത്യസ്തങ്ങളായ കലാരൂപങ്ങളെ സമൂഹത്തിന് പൊതുവെയും കുട്ടികൾക്ക് വിശേഷിച്ചും അനുഭവവേദ്യമാക്കുന്ന പഠനപരിപാടി കൂടിയാണ് സ്കൂൾകലോത്സവങ്ങൾ. ദൗർഭാഗ്യവശാൽ ചിലരെങ്കിലും ഈ പൊതുപഠനവേദിയെ അമിതമായ മത്സരത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ച് മലീമസമാക്കാൻ ശ്രമിക്കുന്നുവെന്നതും ഒരു ദുഃഖസത്യമാണ്. ഇതിനെതിരെ സ്വയം ജാഗ്രത്താവാൻ നമുക്ക് കഴിയേണ്ടതുണ്ട്. കുട്ടികൾക്ക് നിർഭയമായി തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാനുള്ള അന്തരീക്ഷം സൃഷ്ടിച്ചേ മതിയാകൂ. ഒരുമയുടെ സന്ദേശം സ്വയം ഉൾക്കൊള്ളേണ്ട, മറ്റുള്ളവരെ ഉൾക്കൊള്ളാൻ സഹായിക്കേണ്ട ഈ അവസരത്തെ ആ രീതിയിൽ ഉയർത്താൻ നിർണായക പങ്ക് വഹിക്കേണ്ടത് രക്ഷിതാക്കളാണ്. ഇത് തിരിച്ചറിഞ്ഞുകൊണ്ട് കേരള സ്കൂൾ കലോത്സവം കേരളീയ സംസ്കൃതിയുടെയും തനിമയുടെയും ആവിഷ്കാരവേദിയാക്കി മാറ്റാം. ആത്മവിശ്വാസത്തോടെ കുട്ടികൾക്ക് ഈ സാംസ്കാരികോത്സവത്തിൽ പങ്കെടുക്കാൻ കഴിയട്ടെ എന്ന് ഒരിക്കൽ കൂടി ആശംസിക്കുന്നു. ‘മത്സരം വേണ്ട, ഉത്സവം മതി’ എന്ന കുഞ്ഞുണ്ണിമാഷിന്റെ അഭിപ്രായത്തിന്റെ സത്ത ഉൾക്കൊള്ളാൻ സംസ്ഥാന സ്കൂൾ കലോത്സവത്തിന് കഴിയുമെന്ന് നമുക്ക് പ്രത്യാശിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.