19 March 2025, Wednesday
KSFE Galaxy Chits Banner 2

ബാങ്കുകളിലെ ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍

മാർച്ച് 24,25 ദേശീയ ബാങ്ക് പണിമുടക്ക്
സി എച്ച് വെങ്കിടാചലം
March 17, 2025 4:30 am

രാജ്യത്തെ ബാങ്ക് ജീവനക്കാരുടെ സംഘടനകൾ സംയുക്തമായി ഈമാസം 24, 25 തീയതികളിൽ ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ബാങ്കിങ് മേഖലയിൽ നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിന് ഉടൻ നിയമനം നടത്തുക എന്ന പ്രധാന മുദ്രാവാക്യമാണ് സംഘടനകള്‍ ഉന്നയിക്കുന്നത്. ജീവനക്കാരുടെ രൂക്ഷമായ ക്ഷാമം കാരണം ബാങ്ക് ശാഖകളുടെ പ്രവർത്തനം തന്നെ താളംതെറ്റുന്ന നിലയിലാണ്. ധാരാളം ഒഴിവുകൾ നികത്തപ്പെടാതെ അവശേഷിക്കുകയാണ്. ഇത് നിലവിലുള്ള ജീവനക്കാർക്ക് അധിക ജോലിഭാരവും ഉപഭോക്താക്കൾക്ക് സേവന തടസവും സൃഷ്ടിക്കുന്നു. ഈ സാഹചര്യത്തിലാണ് ജീവനക്കാർ പണിമുടക്കിന് നിർബന്ധിതമായത്. 

കഴിഞ്ഞ കുറേക്കാലമായി പൊതുമേഖലാ ബാങ്കുകളിൽ താഴെത്തട്ടിലുള്ള ജീവനക്കാരുടെ നിയമനം പൂർണമായും നിരോധിക്കപ്പെട്ട നിലയിലാണ്. അതേസമയം ഉന്നത ഉദ്യോഗസ്ഥരുടെ എണ്ണം വർധിക്കുകയും ചെയ്യുന്നുണ്ട്. ഇതു കാരണം സാധാരണ സമയത്തിനുള്ളിൽ ജോലി പൂർത്തിയാക്കാൻ ജീവനക്കാർക്ക് കഴിയാതെ വരുന്നു. സ്ഥിരം നിയമനം നടക്കാത്ത സാഹചര്യത്തിൽ ബാങ്ക് ശാഖകളുടെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്നതിന് താൽക്കാലിക ജീവനക്കാരെയും കരാർ അടിസ്ഥാനത്തിൽ ആളുകളെയും ഉപയോഗിക്കുന്ന പ്രവണതയാണ് നിലനിൽക്കുന്നത്. 

അതേസമയം ബാങ്കുകളിൽ ഒഴിവുള്ള തസ്തികകളിലെ 95 ശതമാനവും നികത്തി എന്നാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയിൽ നൽകിയ മറുപടിയിൽ പറയുന്നത്. ഇതിന് ആധാരമായി ചില കണക്കുകളും അദ്ദേഹം അനുബന്ധമായി അവതരിപ്പിക്കുകയുണ്ടായി. പൊതുമേഖലാ ബാങ്കുകളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ 2025 ജനുവരി ഒന്നിന്റെ കണക്കനുസരിച്ച് ക്ലർക്കുമാരും ഇതര ജീവനക്കാരുമായി ഒഴിവുള്ളതിൽ 95 ശതമാനം പേരുടെ നിയമനം നടത്തിയിട്ടുണ്ട് എന്നാണ് സിപിഐ നേതാവ് വി ശെൽവരാജിന്റെ ചോദ്യത്തിനുള്ള മറുപടിയിൽ മന്ത്രി പറയുന്നത്. ജീവനക്കാരുടെ ജോലി ക്രമീകരണവും മറ്റുമായി ബന്ധപ്പെട്ട കാരണങ്ങളാൽ അല്പം ഒഴിവുകൾ മാത്രമാണ് ബാക്കി എന്ന് അദ്ദേഹം അവകാശപ്പെടുന്നു.
മന്ത്രിയുടെ മറുപടിയനുസരിച്ച് 2011ൽ 2,39,997 ഓഫിസർമാരുടെ തസ്തികകളാണ് ഉണ്ടായിരുന്നത്. 2017ൽ ഇത് 3,19,685, 2024ൽ 4,12,977, 2025 ജനുവരി ഒന്നിന് 4,21,584 എന്നിങ്ങനെയായി ഉയർന്നു. അതേസമയം ക്ലർക്കുമാരുടെ എണ്ണത്തിൽ ഈ വർധന ഉണ്ടായിട്ടില്ലെന്ന് അദ്ദേഹത്തിന്റെ മറുപടിയിൽ നിന്നുതന്നെ വ്യക്തമാകുന്നു. 2011ൽ 2,54,232, 2017ൽ 2,69,271, 2024ൽ 2,48,539, 2025 ജനുവരി ഒന്നിന് 2,48,173 എന്നീ ക്രമത്തിലാണ് ക്ലർക്കുമാരുടെ എണ്ണം. അതിനു താഴെത്തട്ടിലുള്ള ജീവനക്കാരുടെ എണ്ണത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. 2011ൽ 1,24,609 പേരുണ്ടായിരുന്നത് 2017 1,19,288, 2024ൽ 95,199, 2025 ജനുവരി ഒന്നിന് 88,851 എന്നിങ്ങനെയായി കുറയുകയാണുണ്ടായത്. ഇതില്‍ നിന്ന് ഓഫിസർമാരുടെ എണ്ണത്തിൽ വർധന ഉണ്ടായിട്ടുണ്ടെങ്കിലും താഴെത്തട്ടിലുള്ള ജീവനക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവാണുണ്ടായതെന്ന് വ്യക്തമാകുന്നു.
2011നും 24നും ഇടയിൽ ഓഫിസർമാരുടെ എണ്ണത്തിലുള്ള വർധന 1,72,980 ആണെങ്കിൽ ക്ലർക്കുമാര്‍ 5,693, താഴെത്തട്ടിൽ ഉള്ള ജീവനക്കാര്‍ 29,410 വീതം കുറവാണുണ്ടായത്. ദൈനംദിന പ്രവർത്തനങ്ങൾ കൃത്യമായി മുന്നോട്ടു കൊണ്ടുപോകേണ്ട താഴെത്തട്ടിലുള്ള ജീവനക്കാരുടെ എണ്ണക്കുറവു കാരണം ഓഫിസർമാരുടെ ഉൾപ്പെടെ ജോലിഭാരം ക്രമാതീതമായി വർധിക്കുകയും ഉപഭോക്താക്കൾക്ക് ലഭിക്കുന്ന സേവനത്തിൽ കാലതാമസം നേരിടുകയും ചെയ്യുന്ന സ്ഥിതിയുണ്ട്.
മന്ത്രി ലോക്‌സഭയിൽ നൽകിയ മറുപടിയുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകൾ. എന്നാൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലെ കണക്കുകൾ ഇതിൽ നിന്ന് വ്യത്യസ്തമാണെന്നതും ശ്രദ്ധേയമാണ്. 

ആർബിഐയുടെ റിപ്പോർട്ട് അനുസരിച്ച് 2011ലെ 3,10,961 ഓഫിസർ തസ്തികകൾ 2024ൽ 4,05,366 ആയി ഉയർന്നു. ആകെ വർധന 94,405. എന്നാൽ കേന്ദ്ര മന്ത്രി നൽകിയ മറുപടി പ്രകാരം വർധന 1,72,980. ആർബിഐ കണക്ക് പ്രകാരം 56,842 ജീവനക്കാരുടെ കുറവാണ് ആകെയുള്ളത്. അതേസമയം മന്ത്രിയുടെ മറുപടി പ്രകാരം 29,410 മാത്രവും.
ക്ലർക്കുമാരുടെ എണ്ണം 2013ൽ 3,98,810 ആയിരുന്നത് 2024ൽ 2,46,965 ആയി കുറയുക വഴി 1,51,836 തസ്കികകളിലാണ് ജീവനക്കാരില്ലാത്ത സ്ഥിതിയുള്ളത്. ഇതനുസരിച്ചാണ് ക്ലർക്കുമാരുടെ 1.5 ലക്ഷം, അതിന് താഴെയുള്ള തസ്കികകളിൽ 50, 000 തസ്തികകൾ വീതം പൊതുമേഖലാ ബാങ്കുകളിൽ രണ്ട് ലക്ഷത്തോളം ഒഴിവുകളുണ്ടെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടനകൾ പറയുന്നത്.
സ്വകാര്യ ബാങ്കുകളുടെ കാര്യം പരിശോധിച്ചാൽ ജീവനക്കാരുടെ അന്തരം ഭീമമാണെന്ന് വ്യക്തമാകുകയും ചെയ്യും. 2011ൽ സ്വകാര്യ ബാങ്ക് ജീവനക്കാരുടെ എണ്ണം 1,71,071 ആയിരുന്നുവെങ്കിൽ 2024ൽ 8,46,530 ആയി ഉയരുകയാണ് ചെയ്തത്.
95 ശതമാനം തസ്തികകളിലും ഒഴിവ് നികത്തിയെന്ന് മന്ത്രി പറയുന്നത് ഏതടിസ്ഥാനത്തിലാണെന്ന് വ്യക്തമല്ല. മന്ത്രിയുടെയും ആർബിഐയുടെയും കണക്കുകളിലെ പൊരുത്തക്കേടിലൂടെതന്നെ യഥാർത്ഥ ഒഴിവുകൾ മറച്ചുവയ്ക്കുവാൻ ശ്രമം നടക്കുന്നുവെന്ന് വ്യക്തമാകുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് ബാങ്ക് ജീവനക്കാർ സംയുക്തമായി ദ്വിദിന ദേശീയ പണിമുടക്കിന് നിർബന്ധിതമായിരിക്കുന്നത്. 

TOP NEWS

March 19, 2025
March 19, 2025
March 19, 2025
March 19, 2025
March 19, 2025
March 19, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.