14 November 2024, Thursday
KSFE Galaxy Chits Banner 2

Related news

September 5, 2024
August 25, 2024
May 10, 2024
May 8, 2024
January 10, 2024
November 21, 2023
October 16, 2023
October 9, 2023
September 17, 2023
September 8, 2023

വാക്സിനേഷന്‍ ആക്ഷന്‍പ്ലാന്‍ രൂപീകരിച്ചു ; മന്ത്രി വീണാ ജോര്‍ജ്

Janayugom Webdesk
തിരുവനന്തപുരം
January 1, 2022 4:54 pm

15 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷന്‍ തിങ്കളാഴ്ച ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ ആക്ഷന്‍പ്ലാന്‍ രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വകുപ്പുതല, ജില്ലാതല, സംസ്ഥാനതല മീറ്റിംഗുകള്‍ ചേര്‍ന്ന ശേഷമാണ് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചത്.
മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് ആക്ഷന്‍ പ്ലാനിന് അന്തിമ രൂപം നല്‍കിയത്. നിലവിലെ 18 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന്‍, കുട്ടികളുടെ വാക്സിനേഷന്‍ എന്നിവ ഫലപ്രദമായി നടപ്പിലാക്കാന്‍ വേണ്ടിയാണ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള പ്രത്യേക വാക്സിനേഷന്‍ ടീമിനെ തയ്യാറാക്കുന്നതാണ്. കുട്ടികള്‍ക്കുള്ള വാക്സിനേഷനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചതായും മന്ത്രി വ്യക്തമാക്കി.

ഇന്നും നാളെയും പ്രത്യേക വാക്‌സിന്‍ യജ്ഞം;

18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കായി സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിന്‍ യജ്ഞം നടത്തും. രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാനുള്ളവരും വാക്‌സിനെടുക്കാന്‍ സമയം കഴിഞ്ഞവരും ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്. തിങ്കള്‍ മുതല്‍ വാക്‌സിനേഷന് കുട്ടികള്‍ക്കായിരിക്കും മുന്‍ഗണന. ഒമിക്രോണ്‍ പ്രതിരോധത്തില്‍ വാക്‌സിനുള്ള പങ്ക് വലുതായതിനാല്‍ എല്ലാവരും എത്രയും വേഗം വാക്‌സിനെടുക്കേണ്ടതാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് അറിയിച്ചു.

കുട്ടികള്‍ക്ക് കോവാക്‌സിന്‍ വിതരണം ചെയ്യാനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. ഇതിന്റെ ഭാഗമായി അഞ്ചുലക്ഷം ഡോസ് കോവാക്‌സിന്‍ ഇന്ന് സംസ്ഥാനത്തെത്തും. 15 മുതല്‍ 18 വയസ് വരെ പ്രായത്തിലുള്ള കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ പ്രത്യേക വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളില്‍ കൂടിയായിരിക്കും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സൗകര്യമില്ലാത്ത കുട്ടികളുടെ രജിസ്‌ട്രേഷന്‍ സ്‌കൂളുകള്‍ വഴി പൂര്‍ത്തിയാക്കും. ഇതിന് വിദ്യാഭ്യാസ വകുപ്പിന്റെ പൂര്‍ണ പിന്തുണയുണ്ട്. സംസ്ഥാനത്ത് 98 ശതമാനത്തിലധികം പേര്‍ ആദ്യ ഡോസ് വാക്‌സിനും 79 ശതമാനം പേര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്.

കുട്ടികളുടെ വാക്സിനേഷന്‍; ഓൺലൈനിൽ ബുക്ക് ചെയ്യാന്‍

  1. 1. https://www.cowin.gov.in എന്ന ലിങ്കിൽ പോയശേഷം ഹോം പേജിന് മുകൾ വശത്തായി കാണുന്ന രജിസ്റ്റർ/സൈൻ ഇൻ യുവർസെൽഫ് എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യുക
    2. വരുന്ന പേജിൽ മൊബൈൽ നമ്പർ നൽകുക. മൊബൈൽ നമ്പർ നൽകി ഗെറ്റ് ഒടിപി ക്ലിക്ക് ചെയ്യുമ്പോൾ എസ്എംഎസ് ആയി ലഭിക്കുന്ന ഒടിപി നമ്പർ നൽകി വെരിഫൈ ക്ലിക്ക് ചെയ്യുക.
    3. ഫോട്ടോ ഐഡി പ്രൂഫ് കോളത്തിൽ ആധാറോ സ്കൂൾ ഐഡി കാർഡോ സെലക്ട് ചെയ്യുക. ഫോട്ടോ ഐഡിയുടെ നമ്പരും അതിലുള്ള പേരും പെൺകുട്ടിയാണോ ആൺകുട്ടിയാണോ അദേഴ്സ് ആണോ എന്നും ജനിച്ച വർഷവും നൽകുക. അതിന് ശേഷം രജിസ്റ്റർ ബട്ടൺ ക്ലിക്ക് ചെയ്യുക.
    4. ഇതോടെ ആ ആളുടെ പേര് രജിസ്റ്റർ ചെയ്തുകഴിഞ്ഞു. ഇതുപോലെ ആഡ് മോർ ഓപ്ഷൻ നൽകി മറ്റ് മൂന്ന് പേരെ കൂടി രജിസ്റ്റർ ചെയ്യാം. വാക്സിനേഷനായി എങ്ങനെ അപ്പോയ്മെന്റെടുക്കാം?
    5. വാക്സിൻ എടുക്കാനുള്ള അപ്പോയ്മെന്റിനായി രജിസ്റ്റർ ചെയ്ത പേരിന് തൊട്ട് താഴെയുള്ള ഷെഡ്യൂളിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ വരുന്ന പേജിൽ താമസ സ്ഥലത്തെ പിൻ കോഡ് നൽകുക. അങ്ങനെ ലഭിക്കുന്നില്ലെങ്കിൽ ജില്ല സേർച്ച് ചെയ്യാവുന്നതാണ്.
    6. ഓരോ തീയതിയിലും വാക്സിൻ കേന്ദ്രങ്ങളുടെ ഒഴിവ് കാണാൻ സാധിക്കും. താൽപര്യമുള്ള കേന്ദ്രവും തീയതിയും സമയവും നൽകി കൺഫേം ബട്ടൺ ക്ലിക്ക് ചെയ്യാം. അപ്പോൾ കൺഫേം ചെയ്ത സന്ദേശം ആ പേജിലും എസ്എംഎസ് ആയും വരും.
    7. എന്തെങ്കിലും കാരണത്താൽ നിശ്ചിത കേന്ദ്രം കിട്ടിയില്ലെങ്കിൽ തൊട്ടടുത്ത ദിവസം മൊബൈൽ നമ്പറും ഒടിപി നമ്പരും നൽകി കോവിൻ സൈറ്റിൽ കയറി ബുക്ക് ചെയ്യാം.
    8. വാക്സിനേഷൻ നടക്കുന്നതുവരെ രജിസ്ട്രേഷന്റെയും അപ്പോയ്മെന്റിന്റേയും രേഖകൾ എഡിറ്റ് ചെയ്യാൻ കഴിയും.
    9. വാക്സിനെടുക്കാനായി വാക്സിനേഷൻ കേന്ദ്രത്തിൽ പോകുമ്പോൾ രജിസ്റ്റർ ചെയ്ത പ്രിന്റൗട്ടോ എസ്എംഎസോ കാണിക്കുക. രജിസ്റ്റർ ചെയ്ത ഫോട്ടോ ഐഡി കയ്യിൽ കരുതേണ്ടതാണ്.

eng­lish summary;Vaccination action plan for­mu­lat­ed in kerala
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.