വടകരയില്‍ കസ്റ്റഡിയില്‍ എടുത്ത യുവാവ് മരിച്ച സംഭവത്തില്‍ മൂന്നു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. വടകര പോലീസ് സ്‌റ്റേഷനിലെ എസ്ഐ നിജീഷ്, എഎസ്ഐ. അരുണ്‍, സിപിഒ. ഗിരീഷ് എന്നിവരെയാണ് കണ്ണൂര്‍ റേഞ്ച് ഡിഐജി രാഹുല്‍ ആര്‍ നായര്‍ സസ്‌പെന്‍ഡ് ചെയ്തത്. ഇവരുടെ നടപടിക്രമങ്ങളില്‍ പ്രഥമദൃഷ്ടാ തെറ്റ് സംഭവിച്ചുവെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍.
വടകര കല്ലേരി താഴേകോലത്ത് പൊൻമേരി പറമ്പിൽ സജീവനാണ് (42) മരിച്ചത്. സജീവനെയും സുഹൃത്തിനെയും വ്യാഴാഴ്ച രാത്രി 11:30 ഓടെ വാഹനാപകടക്കേസിനെത്തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മദ്യപിച്ചതിന്റെ പേരിൽ പൊലീസ് മർദിച്ചെന്നാണ് ആരോപണം. രോഗിയാണെന്ന് പറഞ്ഞിട്ടും സജീവനെ പൊലീസ് മർദ്ദിച്ചെന്നും സ്റ്റേഷന് പുറത്ത് കുഴഞ്ഞ് വീണിട്ടും പൊലീസ് തിരിഞ്ഞ് നോക്കിയില്ലെന്നുമാണ് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുന്നത്. സ്റ്റേഷനിൽ വെച്ച് തന്നെ സജീവൻ നെഞ്ച് വേദനിക്കുന്നു എന്ന് പറഞ്ഞിരുന്നുവെന്നും എന്നാൽ ഗ്യാസിന്റെ പ്രശ്നം വല്ലതും ആയിരിക്കുമെന്ന് പറഞ്ഞ് പൊലീസ് ഇത് നിസാരവൽക്കരിക്കുകയായിരുന്നുവെന്നും സുഹൃത്തുക്കൾ വ്യക്തമാക്കുന്നു. സജീവനെ ആംബുലൻസിൽ വടകര സഹകരണ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചു.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ആർഡിഒയുടെ സാന്നിധ്യത്തിൽ പോസ്റ്റ് മാര്‍ട്ടം നടത്തി. സജീവനെ മർദ്ദിക്കുന്നത് ചോദ്യം ചെയ്തതിന് തങ്ങൾക്കും പൊലീസ് മർദ്ദനം ഏറ്റെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ആരോപിച്ചു. രാത്രിയിലുണ്ടായ വാഹനാപകടത്തെത്തുടർന്ന് നഷ്ടപരിഹാരത്തെ ചൊല്ലി ഇരുകൂട്ടരും തമ്മിൽ റോഡിൽ ബഹളമുണ്ടായിരുന്നു. പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന്റെ പേരിലാണ് കസ്റ്റഡിയിൽ എടുത്തത് എന്നാണ് പൊലീസ് പറയുന്നത്. സജീവനെ മർദിച്ചിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. വടകര ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ സംഘടനകള്‍ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
English Summary;Vadakara custodial death; Suspension of three policemen
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.