1 March 2024, Friday

ജീവിതം വായിച്ചൊരാൾ

വിജയ് സി എച്ച്
November 26, 2023 7:00 am

വൈശാഖൻ എഴുതിയ കഥകളിലൊക്കെയും സാധാരണക്കാരന്റെ ഹൃദയതാളമുണ്ടായിരുന്നു. ആ കഥകളൊക്കെ മലയാള സാഹിത്യത്തെ ജനകീയമാക്കാൻ സഹായിച്ചു. ഒറ്റപ്പെട്ടുകിടക്കുന്ന തെന്നിന്ത്യൻ ഗ്രാമങ്ങളിലെ റെയിൽവേ പ്ലേറ്റുഫോമുകളിൽ പോലും രാത്രിയിൽ കിടന്നുറങ്ങിയിട്ടുള്ളൊരാൾ, സാധാരണക്കാരന്റെ കഥകൾ എഴുതിയിട്ടില്ലെങ്കിലേ അതിശയമുള്ളൂ! “പുസ്തകങ്ങളേക്കാളേറെ ഞാൻ വായിച്ചിട്ടുള്ളത് ജീവിതങ്ങളാണ്.” മലയാള ചെറുകഥയ്ക്കു വേറിട്ടൊരു ഭാവുകത്വം നൽകിയ വൈശാഖന്‍ പറയുന്നു. ആറു വർഷം കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷനായി പ്രവർത്തിച്ച വൈശാഖൻ സംസാരിക്കുന്നു…

എഴുത്തുകള്‍ക്ക് ആധാരം ജീവിതവീക്ഷണം

1964ൽ റെയില്‍വേയില്‍ സ്റ്റേഷൻ മാസ്റ്ററായി ജോലിയിൽ പ്രവേശിച്ചു. പിന്നീട് സ്റ്റേഷനുകളിൽ നിന്നു സ്റ്റേഷനുകളിലേയ്ക്കുള്ള യാത്രയായിരുന്നു എന്റെ ജീവിതം. ആന്ധ്രയിലും, കർണാടകത്തിലും, തമിഴ് നാട്ടിലും, കേരളത്തിലുമായി ഏകദേശം നൂറു സ്ഥലങ്ങളിൽ താമസിച്ചു. ലഭിച്ചത് ഇന്ത്യയിലെ അതിസാധാരണക്കാരായ മനുഷ്യരുമായി അടുത്തിടപഴകാനുള്ള അവസരമാണ്. ജീവിതത്തെക്കുറിച്ചുള്ളൊരു വീക്ഷണം രൂപീകരിക്കാൻ ഇതെന്നെ സഹായിച്ചു. ജോലി കഴിഞ്ഞു തിരിച്ചു വീട്ടിൽ പോകാൻ കഴിയാത്ത രാത്രികളിൽ ഞാൻ പ്ലാറ്റുഫോമിലാണ് കിടന്നുറങ്ങിയിരുന്നത്. അടുത്ത ബെഞ്ചിൽ കിടക്കുന്നതു ചിലപ്പോൾ ഒരു ഭിക്ഷക്കാരനായിരിക്കും, അല്ലെങ്കിൽ ദരിദ്രനായൊരു കർഷകൻ. സർവസാധാരണമായ ഇന്ത്യ എന്താണെന്നു ഞാൻ മനസിലാക്കുകയായിരുന്നു. എന്റെ അനുഭവങ്ങളിൽ മഹാൻമാരില്ല, ചരിത്ര സംഭവങ്ങളുമില്ല, സാധാരണ ജീവിതങ്ങളേയുള്ളൂ! ഈ ജീവിത വീക്ഷണമാണ് എന്റെ എഴുത്തുകൾക്ക് ആധാരം. പുസ്തകങ്ങളേക്കാളേറെ ഞാൻ വായിച്ചിട്ടുള്ളത് ജീവിതങ്ങളാണ്. ഒരുപാടു പച്ചയായ ജീവിതങ്ങൾ തൊട്ടടുത്തു കണ്ടു. ഈ അനുഭവങ്ങളാണു എന്റെ എഴുത്തിന്റെ സ്രോതസ്‌.

തിരക്കിക്കുള്ള കാലം തിരക്കില്ലാത്ത കാലം

കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ ആകുന്നതിനു മുമ്പു അഞ്ചു വർഷത്തോളം ഞാൻ പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു. അതിനു ശേഷം ആറു വർഷത്തോളം സാഹിത്യ അക്കാദമിയുടെ അധ്യക്ഷൻ. ഇതു തീർച്ചയായും വളരെ തിരക്കുള്ള കാലമായിരുന്നു. സാഹിത്യ അക്കാദമിയുടെ അധ്യക്ഷ സ്ഥാനത്തിരുന്നുകൊണ്ടു ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്തുവെന്ന തൃപ്തിയാണ് എനിയ്ക്കുള്ളത്. എല്ലാം ചെയ്തു എന്നല്ല, കുറേയേറെ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞതിലുള്ള സംതൃപ്തിയാണ്. അതേ സമയം നമുക്കു കുറച്ചു ശാന്തതയും സ്വസ്ഥതയുമൊക്ക വേണം താനും.

ഇപ്പോൾ പാലക്കാട് ചിറ്റൂരിലുള്ള ഭവനത്തിൽ താമാസിയ്ക്കുന്നു. വളരെ നല്ല അന്തരീക്ഷമാണിവിടെ. ധാരാളം വായിക്കാൻ കഴിയുന്നു. ബാക്കി സമയം ഒടിടിയിൽ ചില സിനിമകൾ കാണും. ദിനവും അരമണിക്കൂറെങ്കിലും മലയാളം, തമിഴു ഗാനങ്ങൾ ആസ്വദിയ്ക്കുകയും ചെയ്യും. അങ്ങനെ വളരെ സന്തോഷകരമായാണു സമയം ഉപയോഗപ്പെടുത്തുന്നത്. കൂടാതെ തൃശ്ശൂർ, എറണാകുളം, മലപ്പുറം ജില്ലകളിലെ സാഹിത്യ സംബന്ധമായ യോഗങ്ങളിൽ പങ്കെടുക്കാറുണ്ട്. ദൂരയാത്രകൾക്കു ആരോഗ്യ സ്ഥിതി അനുവദിക്കുന്നില്ല.

പുതിയ ഇടപെടലുകൾ

ഞാൻ മുൻപും ഒരുപാടെഴുതുന്ന ഒരാളായിരുന്നില്ല. ഇരുനൂറോളം കഥകൾ മാത്രമേ ആകെ ഞാൻ എഴുതിയിട്ടുള്ളൂ. കുറച്ചു കാലമായി അത് വർഷത്തിൽ ഒന്നോ രണ്ടോ കഥകളായി ചുരുങ്ങിയിട്ടുമുണ്ട്. മൂന്നാലു ഓണപ്പതിപ്പുകളിൽ ഈയിടെ കഥകൾ എഴുതിയിരുന്നു. ഇനിയും എഴുതണമെന്നുണ്ട്, പുതിയ കഥകൾ മനസിലുമുണ്ട്. സാഹചര്യം ഒത്തുവരുമ്പോൾ എഴുതും. സാഹിത്യ സംബന്ധമായ നിരവധി പരിപാടികളിൽ പങ്കെടുത്തു വരുന്നു.

‘പ്രിയപ്പെട്ട കഥകൾ’

എന്റെ ‘പ്രിയപ്പെട്ട കഥകൾ’ വലിയൊരു കഥാസമാഹാരമാണ്. പേരു സൂചിപ്പിക്കുന്നതു പോലെ എന്റെ പ്രിയപ്പെട്ട, തിരഞ്ഞെടുക്കപ്പെട്ട കുറേ നല്ല കഥകളാണ് പുസ്തകത്തിലുള്ളത്. ഇപ്പോൾ അതിന്റെ അഞ്ചാം പതിപ്പാണ് എൻബിഎസ് ഇറക്കിയിരിക്കുന്നത്. അതാണ് കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രദർശിപ്പിച്ചത്.

‘നൂൽപാലം കടക്കുന്നവർ’

ഞാൻ ‘നൂൽപാലം കടക്കുന്നവർ’ എഴുതിയത് 53 വർഷം മുന്നെയാണ്. അതിലെ ജീവിതാവസ്ഥകൾക്ക് ഇപ്പോഴും വലിയ വ്യത്യാസമൊന്നുമില്ല. ശമ്പളം, അല്ലെങ്കിൽ തുകകളെക്കുറിച്ചു പറയുന്നിടത്തു മാത്രമേ കാലം മാറിയതിന്റെ വ്യത്യാസങ്ങൾ ആ കഥയിൽ ഇപ്പോൾ വരുന്നുള്ളൂ. അന്നു ദിനപത്രത്തിനു ഒരു മാസം കൊടുക്കേണ്ടതു അഞ്ചു രൂപയായിരുന്നു. കഥയിൽ പ്രതിപാദിച്ചിട്ടുള്ള ഒരു കുടുംബത്തിന്റെ പ്രതിമാസ മൊത്തം ചിലവ് 200 രൂപയിൽ താഴെയാണ്. റെയിവേ സ്റ്റഷൻ മാസ്റ്ററുടെ ശമ്പളം 150 രൂപയായിരുന്നു. ഇന്നത് അഞ്ചക്ക സംഖ്യയിലേയ്ക്കു എത്തിയിട്ടുണ്ട്. പണത്തിന്റെ മൂല്യത്തിൽ വന്ന വലിയ വ്യത്യാസം ആ പുസ്തകത്തിന്റെ പുതിയ വായനക്കാരിൽ അത്ഭുതം ഉളവാക്കിയേക്കാം. വ്യത്യാസം ധനസംബന്ധമായതു മാത്രമാണ്. എന്നാൽ, കഥാപാത്രങ്ങളുടെ ജീവിതാവസ്ഥയും ആന്തരിക സംഘർഷവും, അവയോടു അവർ സ്വീകരിച്ച പ്രതികരണങ്ങൾക്കും പുതിയ കാലത്തു വലിയ വ്യത്യാസങ്ങൾ ഒന്നും വരാൻ സാധ്യതയില്ല. പുതിയ ലോകത്തെ വായനക്കാർക്കും ‘നൂൽപാലം കടക്കുന്നവർ’ ആസ്വദിച്ചു വായിക്കുവാൻ കഴിയുമെന്നാണെന്റെ വിശ്വാസം.

പുതിയ എഴുത്തുകാര്‍

പുതിയ തലമുറയിൽ വളരെ ശക്തരായ എഴുത്തുകാരുണ്ട്. പ്രതിഭാശാലികളായ എഴുത്തുകാർ മിക്കവാറും നോവലെഴുത്തിലാണു ശ്രദ്ധിക്കുന്നത്. ചെറുകഥകൾ ധാരാളം പേർ എഴുതുന്നുണ്ടെങ്കിലും, ബുദ്ധിമുട്ടുള്ളൊരു സാഹിത്യരൂപമാണിത്. ശ്രമിച്ചാൽ പൂർണതയുടെ അടുത്തു നിൽക്കുന്ന മികവോടെ എഴുതുവാൻ കഴിയും. ആവശ്യമില്ലാത്ത വർണനകൾകൊണ്ടു ചെറുകഥകൾ ചിലപ്പോൾ സ്ഥൂലമാകുന്നതായി തോന്നുന്നു. എന്നാൽ, വളരെ ആനുകാലികമായ ജീവിതപ്രശ്നങ്ങൾ സമൃദ്ധമായി കൈകാര്യം ചെയ്യുന്ന എഴുത്തുകാരുമുണ്ട്. പുതിയ എഴുത്തുകാരെക്കുറിച്ചു പൊതുവെ എനിയ്ക്കു പ്രതീക്ഷയാണുള്ളത്.

പുതിയ വായനക്കാർ

വളരെ ഗൗരവമായി സാഹിത്യത്തെ സമീപിക്കുന്നവരാണ് പുതിയ വായനക്കാർ. എഴുത്തുകാരേക്കാളേറെ ശക്തമായി ഒരു കൃതിയെ വിലയിരുത്താൻ കഴിവുള്ള വായനക്കാരുണ്ടു നമുക്ക്. പലപ്പോഴും അതു മനസിലാകുന്നതു വ്യക്തിപരമായി സംസാരിക്കുമ്പോഴും, പത്രാധിപർക്കുള്ള കത്തുകൾ വായിക്കുമ്പോഴും മറ്റുമാണ്. വലിയ നിരൂപകരേക്കാൾ കൂടുതൽ സൂക്ഷ്മമായി നിരീക്ഷിക്കാനും വിമർശിക്കാനും കഴിവുള്ള വായനക്കാരുണ്ടെന്നാണ് എന്റെ അഭിപ്രായം.

വായന കുറയുന്നു?

പത്രാധിപരില്ലാത്ത പ്രസിദ്ധീകരണങ്ങളാണു നവമാധ്യമങ്ങൾ. അവയിൽ നിരവധി ഗ്രൂപ്പുകളുണ്ട്, അവയെല്ലാം എഴുതുവാനുള്ള പ്ലാറ്റുഫോമുകളാണ്. ധാരാളം പേർ അവയിൽ എഴുതിക്കൊണ്ടിരിക്കുന്നു. എഴുത്തിലൂടെ ലോകത്തോടും ജീവിതത്തോടും പ്രതികരിക്കുമ്പോൾ എഴുത്തു വർധിക്കുന്നത് സാധാരണമായ കാര്യമാണ്. അച്ചടിമാധ്യമങ്ങളെ ആശ്രയിക്കാതെ തന്നെ അഭിപ്രായങ്ങൾ പറയാനും കലാസൃഷ്ടികൾ അവതരിപ്പിക്കാനും സൗകര്യമുണ്ട്. അതുകൊണ്ടാണു എഴുത്തു കൂടുന്നതായി തോന്നുന്നത്. എഴുത്ത് ഒരിക്കലും കൂടുതലാവുകയില്ല, അത് ആവശ്യമാണ്, പ്രത്യേകിച്ചും ദൃശ്യമാധ്യമങ്ങളുടെ ആധിപത്യമുള്ള കാലത്ത്.

വായനയെ ഗൗരവമായെടുക്കുന്ന വായനക്കാർ ഏതു കാലത്തും കുറവായിരുന്നു. അത്രയും പേർ ഇപ്പോഴുമുണ്ട്. വിനോദത്തിനു പുതിയ വഴികൾ ഇന്നു ധാരാളമുള്ളതുകൊണ്ടു വായനക്കാരുടെ സമയം കുറെ ആ വഴിയ്ക്കും ചിലവഴിക്കപ്പെടുന്നുണ്ട്. ഇന്നത്തെ ജീവിതം ദ്രുതവും ധൃതിപിടിച്ചതുമാണ്. അതിജീവനത്തിന്റെ മത്സര ഓട്ടങ്ങളാണു പുതിയ ജീവിതത്തെ നയിക്കുന്നത്. ഇത്തരം ജീവിത വ്യഗ്രതകൾ വായനയെ ബാധിച്ചിട്ടുണ്ട്. പക്ഷേ, ഇതേക്കുറിച്ചൊരു സർവെയൊന്നും കേരളത്തിൽ ഇതു വരെ നടന്നിട്ടില്ല. വാസ്തവത്തിൽ ഗ്രന്ഥശാലാ സംഘങ്ങളും അതു പോലെയുള്ള സംഘടനകളും ഇക്കാര്യങ്ങളറിയാൻ ചെറുപ്പക്കാരുടെ ഇടയിൽ ഒരു സർവേ നടത്തുന്നതു നന്നായിരിയ്ക്കും. ഇരുപത്തിയഞ്ചു വയസിനു താഴെയുള്ളവരുടെ അഭിരുചികൾ അറിയാൻ ഒരു പഠനം വേണമെന്നു എനിയ്ക്കു തോന്നിയിട്ടുണ്ട്. അതു നമ്മുടെ പുതിയ തലമുറയുടെ സാസ്കാരിക സമീപനങ്ങളെക്കുറിച്ചു ഒരു ധാരണയുണ്ടാക്കാൻ സഹായിക്കും. ചെറുപ്പക്കാർ ക്ലാസിക്കുകൾ ധാരാളം വായിക്കണം. വായിക്കുന്നതിനേക്കാൾ താൽപര്യം എഴുതാൻ കാണിച്ചാൽ, അതു സാഹിത്യത്തിന്റെ നിലവാരത്തകർച്ചയ്ക്കു കാരണമാകും. കൂടുതൽ വായിക്കുക, അതിൽ കൂടുതൽ ചിന്തിക്കുക, കുറച്ചെഴുതുക. അതാണ് ശരി.

 സമൂഹമാധ്യമങ്ങളുടെ സ്വാധീനം

സമൂഹമാധ്യമങ്ങളിൽ വളരെ ആരോഗ്യകരമായ വിമർശനങ്ങൾ നടക്കുന്നുണ്ട്. വർഗീയതക്കെതിരെ ശക്തമായ പ്രചാരണം നടക്കുന്നുണ്ട്. അതേ സമയം തികഞ്ഞ വർഗീയ വാദികൾ അവരുടെ വീക്ഷണം പ്രചരിപ്പിയ്ക്കാനും സമൂഹമാധ്യമങ്ങളെ ഉപയോഗിക്കുന്നുണ്ട്. അവയിൽ സെൻസർഷിപ്പില്ലല്ലൊ. എല്ലാ കാര്യവും നമ്മൾ അതിനെ എങ്ങനെ ഉപയോഗിക്കുന്നുവെന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇരിയ്ക്കുന്നത്. മനുഷ്യന്റെ അതിജീവനത്തിനും അതേ സമയം തന്നെ മനുഷ്യരാശിയെ നശിപ്പിക്കാനും ശാസ്ത്രം ഉപയോഗിക്കാം.

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനെക്കുറിച്ചു (എഐ) ആശങ്കാകുലരായി ശാസ്ത്രജ്ഞന്മാർ തന്നെ സംസാരിച്ചു തുടങ്ങിയിട്ടുണ്ട്. വളരെ അപകടകരമായ രീതിയിൽ അതിനെ ദുർവിനിയോഗം ചെയ്യാനുള്ള സാധ്യതകൾ അവർ ചൂണ്ടികാട്ടുന്നുമുണ്ട്. ജനപ്രിയ വേദിയായ ചാറ്റ് ജിപിടി ഉൾപ്പെടെയുള്ള എഐ അധിഷ്ഠിത നൂതന സാങ്കേതിക വിദ്യകൾ വരെ അപകടകരമാം വിധം ദുരുപയോഗം ചെയ്യാൻ കഴിയുമത്രെ! ആയതിനാൽ വളരെ വിവേചനത്തോടു കൂടി വേണം സമൂഹമാധ്യമങ്ങളെ സമീപിക്കാൻ എന്നാണ് എന്റെ അഭിപ്രായം.

മലയാള സാഹിത്യം

തീർച്ചയായും നമ്മുടെ സാഹിത്യം പുരോഗതിയുടെ പാതയിൽ തന്നെയാണ്! യഥാസ്ഥിതികത്വത്തിനെതിരെ, അന്ധവിശ്വാസത്തിനെതിരെ, സമഗ്രാധിപത്യത്തിനെതിരെ, അതിശക്തമായി എഴുതുന്ന ധാരാളം പുതിയ എഴുത്തുകാരുണ്ടിവിടെ. വലിയ പ്രതീക്ഷയാണത്. നവലോകത്ത് മനുഷ്യൻ നേരിടുന്ന വെല്ലുവിളികളെ അതിസൂക്ഷ്മമായ നിരീക്ഷണത്തോടുകൂടി അവതരിപ്പിക്കുന്ന നോവലുകളും, കഥകളും, കവിതകളും രചിക്കപ്പെടുന്നുണ്ട്. എഴുത്തുകാരുടെയും പ്രസിദ്ധീകരണങ്ങളുടെയും എണ്ണം കൂടിയിട്ടുമുണ്ട്. പുതിയ നൂറെഴുത്തുകാരിൽ പത്തുപേർ ഒന്നാന്തരമാണെങ്കിൽ, അതുതന്നെ മതിയല്ലൊ!

അംഗീകാരങ്ങള്‍ പാഥേയങ്ങള്‍

അംഗീകാരം തരുന്നവരോടു സ്നേഹവും ബഹുമാനവുമുണ്ട്. എം ടി വാസുദേവൻ നായർ ഒരിയ്ക്കൽ പറഞ്ഞിരുന്ന പുരസ്കാരം പാഥേയമാണെന്ന്. പാഥേയം വഴിച്ചോറാണ്. തീർച്ചയായും അതു നമ്മെ പ്രചോദിപ്പിയ്ക്കും. കേരളത്തിൽ ആയിരക്കണക്കു പുരസ്കാരങ്ങളുണ്ട്. പക്ഷേ, അവയിൽ ചിലതിനു സവിശേഷതകൾ ഏറെയാണ്. വൈക്കം മുഹമ്മദു ബഷീറിന്റെ പേരിലുള്ള പുരസ്കാരം ദോഹയിലെ മലയാളികളാണ് ജൂലായിൽ എനിയ്ക്കു നൽകിയത്. പ്രവാസി ദോഹ ബഷീർ പുരസ്കാരം. അതുപോലെ തന്നെ കെ പി കേശവമേനോൻ സ്മാരക പുരസ്ക്കാരം. ഇവയൊക്കെ നമുക്കു തരുന്നത് പ്രത്യേക സന്തോഷമാണ്. മറ്റു പുരസ്കാരങ്ങൾ മോശമാണെന്നല്ല ഞാൻ ഉദ്ദേശിക്കുന്നത്. പുരസ്കാരങ്ങൾ ധാരാളമുണ്ടെന്നതിനർത്ഥം ഭാഷ ശ്രദ്ധിക്കപ്പെടുന്നുവെന്നും, രചയിതാക്കളെ ആദരിക്കാൻ ആളുകൾ തയ്യാറാണെന്നുമാണ്. സാഹിത്യത്തെ സംബന്ധിച്ചു ഇതു വളരെ നല്ല കാര്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.