ഇന്ത്യയിൽ നിന്ന് ഫിന്‍ലന്‍ഡിലേക്കു താമസിക്കാനായി എത്തുന്ന കുടുംബങ്ങൾ പലപ്പോഴും ചോദിക്കുന്ന ചോദ്യമാണ് കുട്ടികളെ ചേർക്കാൻ പറ്റിയ ഏറ്റവും നല്ല സ്കൂൾ ഏതാണ്, അല്ലെങ്കിൽ മികച്ച സ്കൂളുകൾ ഉള്ള സ്ഥലങ്ങൾ ഏതാണ് എന്നൊക്കെ. ഒരു പക്ഷെ മറ്റു പല രാജ്യങ്ങളിലും സ്കൂളുകൾ തമ്മിൽ നിലവാരത്തിൽ വലിയ അന്തരം ഉള്ളത് കൊണ്ടാവാം അത്. അവരോടൊക്കെ പറയാറുള്ള മറുപടി ഫിന്‍ലന്‍ഡിലെ എല്ലാ സ്കൂളുകളും ഏതാണ്ട് ഒരേ നിലവാരമുള്ളതാണ് എന്നതാണ്. നല്ല സ്കൂളുകൾ അന്വേഷിച്ചു നടക്കേണ്ട കാര്യമില്ല. മാത്രമല്ല
എവിടെ താമസിച്ചാലും എല്ലാവർക്കും നടന്നെത്താവുന്ന ദൂരത്തിൽ ലോവർ — മിഡിൽ സ്കൂളുകൾ ഉണ്ടാവുകയും ചെയ്യും.
പൊതുവെ ഫിന്‍ലന്‍ഡിലെ സ്കൂളുകൾക്ക് കുട്ടികൾക്ക് ഹോംവർക്ക് കൊടുക്കാത്ത വിദ്യാഭ്യാസ സമ്പ്രദായം എന്നൊരു ഖ്യാതി ഉണ്ട്. എന്നാൽ അതിലേറെ ശ്രദ്ധിക്കപ്പെടേണ്ട ഒരു പാട് ഗുണങ്ങൾ ഈ വിദ്യാഭ്യാസ സമ്പ്രദായത്തിന് ഉണ്ടെന്നതാണ് സത്യം.
അതിൽ പ്രധാനപ്പെട്ട ഒരു കാര്യം സ്കൂളുകളെല്ലാം ഒരേ പോലെ പൊതുവായി ഫണ്ട് ചെയ്യപ്പെടുന്നവയാണ് എന്നതാണ്. അത് പോലെ അധ്യാപകരെല്ലാം തുല്യ യോഗ്യതയുള്ളവരുമാണ്. വിരലെണ്ണാവുന്നത്ര സ്വകാര്യ സ്കൂളുകൾ മാത്രമേ ഉള്ളൂ. സ്കൂളുകൾ തമ്മിലും വിദ്യാർത്ഥികൾക്കിടയിലും തുല്യത നിലനിർത്തുക എന്നത് ഫിന്നിഷ് വിദ്യാഭാസത്തിൽ പ്രാധാന്യമുള്ള ഒരു ധർമ്മമാണ്. സ്കൂളുകളുടെ റിസൾട്ടിൽ ഉണ്ടാവുന്ന വ്യത്യാസം അവിടെ പഠിക്കുന്ന കുട്ടികളുടെ കഴിവിനനുസരിച്ചു മാത്രമാണ് എന്നാണ് പഠനങ്ങൾ കാണിക്കുന്നത്.
കുട്ടികളെ തമ്മിൽ മാർക്കിന്റെയോ വേറെ ഏതെങ്കിലും മാനദണ്ഡം അനുസരിച്ചോ താരതമ്യം ചെയ്യാറില്ല. മറ്റു കുട്ടികളുടെ മാർക്കുകൾ രക്ഷിതാക്കൾ ഒരിക്കലും അറിയില്ല; സ്വന്തം മക്കൾ കൂട്ടുകാരുടെ മാർക്കുകൾ വീട്ടിൽ വന്നു പറഞ്ഞാലല്ലാതെ. കുട്ടിയുടെ പഠനത്തിലോ പെരുമാറ്റത്തിലോ തുടരെയുള്ള പ്രശ്നങ്ങൾ കാണുമ്പോഴല്ലാതെ മാതാപിതാക്കളോട് കുട്ടികളുടെ പഠനത്തിൽ ഇടപെടാൻ ആവശ്യപ്പെടാറില്ല.
കുട്ടികളെ വിലയിരുത്തുമ്പോൾ എത്ര മാർക്കുണ്ട് എന്നതിനേക്കാൾ എങ്ങനെ പഠനത്തെ സമീപിക്കുന്നു എന്നതിനും പെരുമാറ്റത്തിനും കൂടൂതൽ ഊന്നൽ നൽകുന്നു. ഒറ്റയ്ക്കും സംഘമായും ജോലികൾ ചെയ്തു തീർക്കുക ആവശ്യമുള്ള വിവരങ്ങൾ ശേഖരിയ്ക്കുക നിർദേശങ്ങൾ മനസിലാക്കുകയും അതനുസരിച്ചു പ്രവർത്തിയ്കുക ക്ലാസ്സിൽ ഇരിക്കാനുള്ള ഏകാഗ്രത തുടങ്ങി പഠനത്തിനാവശ്യമായ പ്രായോഗിക കഴിവുകൾ ഉണ്ടോ എന്ന് വിലയിരുത്തുകയും ഇല്ലാത്തവ വികസിപ്പിച്ചെടുക്കാൻ സഹായിക്കുകയും ചെയ്യുന്നു. പക്ഷെ നേരത്തെ പറഞ്ഞത് പോലെ മാർക്ക് വേണ്ട സന്ദർഭങ്ങളിൽ മാർക്കു തന്നെ വേണം. ഹൈസ്കൂൾ അല്ലെങ്കിൽ യൂണിവേഴ്സിറ്റി പ്രവേശനം മുതലായ സന്ദർഭങ്ങളിൽ നല്ല പെരുമാറ്റം കൊണ്ട് മാത്രം പ്രവേശനം ലഭിക്കില്ല.
“സ്പൂൺഫീഡിങ് ” രീതി ഫിന്‍ലന്‍ഡിലെ സ്കൂളുകളിൽ ഇല്ല. പരീക്ഷകളിൽ നല്ല മാർക്കു വാങ്ങാനുള്ള ഉത്തരങ്ങൾ പഠിപ്പിച്ചു കൊടുക്കുകയല്ല മറിച്ചു കുട്ടികൾക്ക് വിഷയങ്ങൾ ആഴത്തിൽ മനസ്സിലാക്കാനും പഠിച്ച വിഷയം പ്രയോഗികമാക്കാനും ഉള്ള അദ്ധ്യാപനം ആണ് സ്കൂളുകളിൽ നടക്കുന്നത്. വിഷയത്തെ കുറിച്ച് ചോദ്യങ്ങൾ ചോദിക്കാനും ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ സ്വയം കണ്ടെത്താനും കുട്ടികളെ പ്രാപ്തരാകുകയാണ് അദ്ധ്യാപനത്തിന്റെ ലക്‌ഷ്യം. ഉദാഹരണത്തിന് ഏഴാം ക്ലാസ്സിൽ എന്റെ മകൻറെ മ്യൂസിക് ക്ലാസ്സിൽ ചെയ്ത ഒരു പ്രവർത്തി കുട്ടികൾ ചെറിയ ഗ്രൂപ്പുകൾ ആയി ബാൻഡ് ഉണ്ടാക്കുക എന്നതാണ്. ആ ബാൻഡിനെ കുറിച്ചുള്ള സകല തീരുമാനങ്ങളും കുട്ടികൾ തന്നെ എടുക്കുകയും അവർ ഇഷ്ടപെടുന്ന ഇനം ഗാനങ്ങൾ രചിച്ചു കമ്പോസ് ചെയ്തു അവതരിപ്പിക്കുകയും ചെയ്തു. പഠിപ്പിച്ചു കൊടുത്ത പാട്ടുകൾ മനഃപാഠമാക്കി പാടുക എന്നതിനപ്പുറം സ്വന്തം സർഗ്ഗാത്മകത പ്രകടിപ്പിക്കുന്നതിനെക്കുറിച്ചും സംഗീത വ്യവസായത്തെക്കുറിച്ചും കുട്ടികൾ ഗഹനമായി ചിന്തിക്കാനും കുറെ കാര്യങ്ങൾ അന്വേഷിച്ചു കണ്ടെത്താനും ഈ ഒരു പ്രവർത്തി കൊണ്ട് സാധിച്ചു.
ചെറിയ ക്ലാസ്സ് മുതൽ തന്നെ പഠനരംഗത്തെ സത്യസന്ധ എന്ന മൂല്യം കുട്ടികളിൽ വേരുറപ്പിക്കുന്നു. ഗൃഹപാഠങ്ങൾ ചെയ്യുമ്പോൾ ഉപയോഗിക്കുന്ന റഫറൻസ് രചനകൾ പ്രസിദ്ധപ്പെടുത്താൻ സ്കൂളിൽ തന്നെ പരിശീലനം ഉണ്ട്. സ്വന്തം ക്രിയാത്മകത ഉപയോഗിക്കാതെ അന്ധമായി പകർത്തിയെഴുതൽ പൂർണമായും തടഞ്ഞിട്ടുണ്ട്.
അദ്ധ്യാപകർ വിദ്യാർത്ഥികളിൽ നിന്ന് വിധേയത്വം ആഗ്രഹിക്കുകയോ അവരിൽ സർവ്വാധികാരം ഉണ്ടെന്നു കരുതുകയോ ചെയ്യുന്നില്ല. അദ്ധ്യാപകരെ കാണുമ്പോൾ എഴുന്നേറ്റു നിൽക്കുക, ഉപചാരം ചെയ്യുക എന്ന കീഴ്‌വഴക്കങ്ങൾ ഒന്നുമില്ല. അദ്ധ്യാപകരെ പേര് വിളിച്ചു അഭിസംബോധന ചെയ്യുകയും ചെയ്യാം. സമൂഹത്തിലെ മറ്റേതു മേഘലയിലും എന്ന പോലെ പരസ്പരം ബഹുമാനത്തോടെയുള്ള പെരുമാറ്റമാണ് ഇരുകൂട്ടരും പ്രതീക്ഷിക്കുന്നത്.
കുട്ടികളിലുടെ ജനനം മുതൽ തന്നെ അവരുടെ വളർച്ച നിരീക്ഷിക്കുന്നതിലൂടെ സ്കൂളിലെത്തുന്നതിനു മുൻപു തന്നെ പഠനവൈകല്യങ്ങൾ തിരിച്ചറിയാൻ ഒരു പരിധി വരെ സാധിക്കുന്നു. പഠനവൈകല്യങ്ങൾ ഉള്ളവർക്കും ഭിന്നശേഷിക്കാർക്കും പിന്തുണയ്ക്കായി വൻ സന്നാഹം തന്നെയുണ്ട്. അവർക്കു വീട്ടിൽ നിന്ന് സ്കൂളിലേക്ക് യാത്ര ചെയ്യാനുള്ള സൗകര്യം പോലും സ്കൂൾ തന്നെ ഒരുക്കി കൊടുക്കുന്നു.
ഇങ്ങനെ എണ്ണമിട്ട നിരത്തിയാൽ പറയാൻ ഏറെ ഉണ്ടെങ്കിലും
ഫിന്‍ലന്‍ഡിലെ സ്കൂളുകളെ കുറിച്ച് മാധ്യമങ്ങളിൽ കാണാറുള്ളതു ഒന്നോ രണ്ടോ ചെറിയ കാര്യങ്ങൾ ഊതിപ്പെരുപ്പിച്ച വാർത്തകൾ ആണ്. പക്ഷെ സമഗ്രമമായി അവലോകനം ചെയ്താൽ മറ്റേതു നാട്ടിലും മാതൃകയാക്കി പിന്തുടരാവുന്ന വലിയ മൂല്യങ്ങൾ നമുക്ക് ഇവിടത്തെ സ്കൂളുകളിൽ നിന്ന് പഠിക്കാനാകും.
(അവസാനിച്ചു)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.