വിമി പുത്തൻവീട്ടിൽ

November 24, 2021, 3:48 pm

ഫിൻലൻഡ്‌ നൽകുന്ന സാമൂഹ്യപാഠങ്ങൾ

Janayugom Online

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി ഫിൻലൻഡ്‌ കണക്കാക്കപ്പെടുന്നു എന്നത് ഇന്ന് ഒരു വാർത്ത അല്ലാതായിരിക്കുന്നു. 2018‑ൽ ആദ്യമായി സസ്‌റ്റൈനബിൾ ഡെവലൊപ്മെൻറ് സൊല്യൂഷൻ നെറ്റ്‌വർക്ക് പ്രസിദ്ധീകരിച്ച ലോകരാജ്യങ്ങളുടെ സന്തോഷത്തിന്റെ റാങ്കിങ്ങിൽ 149 രാജ്യങ്ങളെ പിന്തള്ളി ഒന്നാമതെത്തിയപ്പോഴാണ് യൂറോപ്പിന്റെ വടക്കു കിഴക്കുള്ള ഈ കൊച്ചുരാജ്യം ലോകശ്രദ്ധയുടെ നെറുകയിൽ എത്തുന്നത്. അന്ന് മുതൽ 2021വരെ നാല് വർഷമാണ് ഫിൻലൻഡ്‌ തുടർച്ചയായി ലോക രാജ്യങ്ങളുടെ സന്തോഷത്തിന്റെ റാങ്കിങ്ങിൽ ഒന്നാമതെത്തുന്നത്.

ഫിൻലണ്ടിലെ ഏറ്റവും വലിയ ആഘോഷമാണ് ക്രിസ്മസ്. എന്നാൽ ക്രിസ്മസ് രാവിൽ ഫിന്ലാന്ഡിലെ ഒരു തെരുവിലൂടെ നടക്കുന്ന ഒരാൾക്ക് അവിടെ അങ്ങനെ ഒരു ആഘോഷം നടക്കുന്നതായി തോന്നില്ല. ലോകത്തിൽ മറ്റു പ്രമുഖ നഗരങ്ങളിൽ നിന്നും വിഭിന്നമായി തീർത്തും വിജനവും മൂകവും ആയിരിക്കും അന്ന് ഫിന്ലാന്ഡിലെ തെരുവുകൾ. കടകളും ഭക്ഷണശാലകളും മറ്റെല്ലാ സ്ഥാപനങ്ങളും എല്ലാം നേരത്തെ അടച്ചു എല്ലാവരും വീടുകളിൽ കുടുംബത്തോടൊപ്പം ശാന്തമായി ക്രിസ്മസ് ആഘോഷിക്കുകയായിരിക്കും. അന്ന് നിരത്തുകളിൽ വാഹനങ്ങൾ പോലും കാണില്ല. ഫിൻലൻഡുകാരുടെ ഉൾവലിഞ്ഞ പൊതുസ്വഭാവത്തിന്റെ ഒരു ലക്ഷണം മാത്രമാണ് ഇത്. ആളുകൾ കൂട്ടം ചേർന്ന് തെരുവുകളിൽ പാട്ടുപാടിയും നൃത്തം ചെയ്തും വിശേഷാവസരങ്ങൾ ആഘോഷിക്കുന്ന മറ്റു സംസ്കാരങ്ങൾ കണ്ടു പരിചയമുള്ളവർക്ക് ഇത് കാണുമ്പോൾ ഫിൻലൻഡ്‌ ലോകത്തിലെ ഏറ്റവും സന്തോഷമുള്ളവരുടെ നാടാണ് എന്ന് വാർത്ത അവിശ്വസനീയമായി തോന്നും.

അധികം മിണ്ടാത്ത സൗഹൃദം പ്രകടിപ്പിക്കാനോ കൊച്ചുവർത്തമാനം പറയാനോ അറിയാത്ത അപരിചിതരെ കണ്ടാൽ മുഖം കൊടുക്കാത്ത തങ്ങൾ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ജനതയോ എന്നായിരുന്നു സ്വതസിദ്ധമായ വിനയത്തോടെ ഇന്നാട്ടുകാരുടേയും ആദ്യ പ്രതികരണം. സ്വന്തം നാടിനെകുറിച്ച് ഊതിവീർപ്പിച്ച അഹങ്കാരം കൊണ്ട് നടക്കാത്തവരാണ് ഫിൻലൻഡുകാർ. എന്നിരുന്നാലും തങ്ങൾ വളരെ സംതൃപ്‌തരായ ഒരു ജനതയാണ് എന്ന് ഇവരും സമ്മതിക്കുന്നു.
വേൾഡ് ഹാപ്പിനെസ്സ് റിപ്പോർട്ട് ഉയർത്തുന്ന ചോദ്യങ്ങൾ പലതാണ്. ഒരു രാജ്യത്തിൻറെ സന്തോഷത്തിന്റെ അളവുകോൽ എന്താണ് എന്നതാണ് അതിൽ ഏറ്റവും പ്രധാനം. സ്വന്തം ക്ഷേമത്തെക്കുറിച്ചുള്ള ഓരോ രാജ്യത്തിലെയും പൗരന്മാരുടെ ആത്മനിഷ്ഠമായ വിലയിരുത്തലുകളെ അടിസ്ഥാനമാക്കിയുള്ളതാണ് വേൾഡ് ഹാപ്പിനെസ്സ് റാങ്കിങ്. അത് കൊണ്ട് തന്നെ അതിനായി ഉപയോഗിക്കുന്ന സർവ്വേയിൽ അനുകൂലമായി ആളുകൾ പ്രതികരിക്കാനുള്ള കാരണങ്ങൾ കണ്ടെത്തുക പാഠങ്ങൾ ഉൾക്കൊള്ളുക എന്ന നിലയിൽ പ്രധാനമാണ്.

ഫിൻലൻഡുകാരെ നിരീക്ഷിക്കുമ്പോൾ നമുക്കു മനസ്സിലാകുക ധാരാളം പണം സമ്പാദിക്കുന്നതല്ല ജീവിതത്തിൽ സന്തോഷം നേടാനുള്ള മാർഗ്ഗം എന്നൊരു തത്വത്തിൽ നിലയൂന്നി ജീവിക്കുന്ന ഒരു ജനതയാണ് ഫിൻലണ്ടിലേതു എന്നാണ്. മനസ്സിന് ഇഷ്ടപ്പെട്ട തൊഴിൽ ചെയ്യുകയും ജോലിയും വ്യക്തിജീവിതവും ഒരു സമതുലിതാവസ്ഥയിൽ കൊണ്ടുപോവുകയും ചെയ്യുന്നതിൽ ഏറ്റവും സംതൃപ്തി കണ്ടെത്തുന്നവരാണ് ഫിൻലന്റുകാർ. വരുമാനം നേടുന്നതിന് ഒപ്പം ജീവിതം ആസ്വദിക്കാനും കുടുംബത്തിനോടൊപ്പം ചിലവഴിക്കാനും സമയം ഉണ്ടാവണം എന്ന നിർബന്ധമുള്ള ആളുകൾ ആണ് ഇവർ. സമൂഹത്തിന്റെ പരിപൂർണ്ണ പിന്തുണ ഉള്ളത് കൊണ്ട് ഭൂരിപക്ഷം പേർക്കും ഈ സന്തോഷം കണ്ടെത്താനും കഴിയുന്നു. തൊഴിൽസംസ്കാരവും തൊഴിൽ നിയമങ്ങളും ഇതിനു അനുകൂലമാണ്. സമൂഹത്തിനെ ബോധിപ്പിക്കുക എന്നതിലുപരി സ്വന്തം ഇഷ്ടത്തിന് പ്രാധാന്യം കൊടുക്കാനും ഇവിടത്തെ സംസ്കാരം അനുവദിക്കുന്നു.

ഫിൻലൻഡ്‌ അടക്കമുള്ള ക്ഷേമരാഷ്ട്രങ്ങളിൽ ഉയർന്ന ജീവിത സംതൃപ്തി ഉള്ളതായാണ് കാണുന്നത്. തൊഴിലില്ലാത്തവർക്കും രോഗികൾക്കും വയോധികർക്കും വിദ്യാർത്ഥികൾക്കും എന്നിങ്ങനെ സമൂഹത്തിലെ ബുദ്ധിമുട്ടു അനുഭവിക്കുന്ന ജനവിഭാങ്ങൾക്കു ഒട്ടേറെ സഹായങ്ങളും ആനുകൂല്യങ്ങളും ലഭിക്കുന്നു. വരുമാന മാർഗത്തെ കുറിച്ച് ആശങ്ക കുറവാണ് എന്ന് മാത്രമല്ല വലിയ സമ്മർദങ്ങൾ ഇല്ലാതെ ജീവിതത്തിൽ തീരുമാനങ്ങൾ എടുക്കാനും സാധിക്കുന്നു. ഏതു പ്രായത്തിലും പുതിയ തൊഴിൽ മേഖലയിലേക്ക് പ്രവേശിക്കാനും പുതിയ വിഷയങ്ങൾ പഠിക്കാനുമുള്ള സൗകര്യങ്ങളും ഉണ്ട്. 

വലിയതോതിൽ ആദായനികുതി നൽകുന്നവരാണ് ഫിന്ലാന്ഡിലെ ജനങ്ങൾ. ഈ നികുതിപണം കൊണ്ട് എല്ലാവർക്കും ഒരു പോലെ പ്രയോജനപ്പെട്ട പൊതു സൗകര്യങ്ങൾ സർക്കാർ ഉറപ്പു വരുത്തുന്നു. ഉദാഹരണത്തിന്, നക്ഷത്രഹോട്ടലുകളിൽ കാണാറുള്ളത് പോലെയുള്ള നീന്തൽകുളങ്ങൾ ഉപയോഗിക്കാൻ ധനികനാകണം എന്നില്ല. മുൻസിപ്പാലിറ്റികളുടെ ഉടമസ്ഥതയിലുള്ള ഒന്നാംതരമായി പ്രവർത്തിക്കുന്ന സ്വിമ്മിങ് പൂളുകൾ പണക്കാരനും പാവപ്പെട്ടവനും എന്ന് വേർതിരിവില്ലാതെ എല്ലാവരും ഒരു പോലെ ഉപയോഗിക്കുന്നു. അവ എണ്ണത്തിൽ ആവശ്യത്തിന് ഉണ്ട് താനും. അത് പോലെയാണ്, വിപുലമായ ശേഖരങ്ങളുള്ള ലൈബ്രറികൾ, പാർക്കുകൾ, പൊതുഗതാഗതം എന്നിവ . അല്ലലില്ലാതെ ജീവിക്കാൻ കനത്ത വരുമാനത്തിന്റെ ആവശ്യം വരുന്നില്ല. അതുകൊണ്ടു പണം സമ്പാദിക്കാനുള്ള പരക്കം പാച്ചിലാവുന്നില്ല ജീവിതം ഇവിടെ. ജോലിയിടങ്ങളിൽ പണത്തിനോ അന്തസ്സിനോ വേണ്ടി മാത്രം ഉയർന്ന പദവികളിൽ കയറിപ്പറ്റാൻ ഫിൻലൻഡുകാർക്കിടയിൽ വലിയ താല്പര്യം കാണാറില്ല. ഇഷ്ടമുള്ള ഒരു പദവിയിൽ തന്നെ ഫിൻലന്റുകാർ ദശകങ്ങളോളം തുടരുന്നത് കണ്ടിട്ട് അലസത കൊണ്ടാണ് എന്ന് മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർ തെറ്റിദ്ധരിക്കാറുണ്ട്. വിദ്യഭ്യാസവും ആരോഗ്യപരിപാലനവും ഇവിടെ സൗജന്യമാണ്. സൗകര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിരളമായതു കൊണ്ട് തന്നെ എല്ലാവർക്കും സർക്കാർ സ്ഥാപനങ്ങളിൽ ഒരേ സൗകര്യങ്ങളും അവസരങ്ങളും ലഭിക്കുന്നു. അതുകൊണ്ട് തന്നെ ഉള്ളവനും ഇല്ലാത്തവനും എന്നൊരു തരംതിരിവ് സമൂഹത്തിൽ പ്രകടമായ രീതിയിൽ ഇല്ല. സമൂഹത്തിൽ നിലനിൽക്കുന്ന ഈ ഒരു തുല്യത പൊതുവിൽ രാജ്യത്തിൻറെ സന്തോഷമാപിനിയിൽ വലിയ അളവ് രേഖപെടുത്താൻ ഒരു കാരണമാവുന്നു.

സന്തോഷമുള്ള മറ്റു രാജ്യങ്ങളിലെന്ന പോലെ ഇവിടെ സർക്കാരിൽ ജനങ്ങൾക്കു വിശ്വാസം ഉണ്ട്. അതെ സമയം സർക്കാരിൽ നിന്ന് മികച്ച പ്രകടനം ഇവർ പ്രതീക്ഷിക്കുകയും അത് പിടിച്ചു വാങ്ങുകയും ചെയ്യുന്നു. ഈ നാടിൻറെ മറ്റൊരു പ്രത്യേകത ആഴമുള്ളതും അർത്ഥവത്തായതുമായ മാനുഷിക ബന്ധങ്ങൾ ആണ്. ഈ വ്യക്തിഗത സമൂഹത്തിൽ അത് പക്ഷെ വ്യക്തിസ്വാതന്ത്ര്യത്തെ നഷ്ടപെടുത്തുന്നില്ല. ഫിന്ലാന്ഡില് ‘സിസൂ’ എന്നൊരു സങ്കൽപം ഉണ്ട്. മനോബലത്തിലൂടെയും ദൃഢനിശ്ചയത്തിലൂടെയും പ്രതികൂല അവസ്ഥകളെ മറികടക്കുക എന്നതാണ് സിസൂവിൻ്റെ അർഥം. കൊടും ശൈത്യമുള്ള രാജ്യമാണ് ഫിൻലൻഡ്‌. കടുത്ത തണുപ്പും ഇരുട്ടും ജനസാന്ദ്രത കുറഞ്ഞത് മൂലം അനുഭവപ്പെടുന്ന ഏകാന്തതയും ഉണ്ടാക്കുന്ന പ്രതികൂലാവസ്ഥയിൽ സിസൂവിലൂടെ തങ്ങൾ മനസ്സുഖം കണ്ടെത്തുന്നു എന്നാണ് ഫിൻലൻഡിലെ ഒരു വിശ്വാസം. സിസൂവാണ് തങ്ങളെ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ജനതയാക്കുന്നത് എന്ന് വിശ്വസിക്കുന്നു കുറച്ചു പേരെങ്കിലും.

സന്തോഷത്തിന്റെ ഒന്നാം റാങ്കിനർത്ഥം ഫിൻലൻഡിൽ വെല്ലുവിളികൾ ഇല്ല എന്നല്ല. യൂറോപ്പിൽ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്ക് ഉള്ള രാജ്യങ്ങളിൽ ഫിൻലൻഡ്‌ ഉൾപ്പെടും വ്യാപകമായ സ്ത്രീകൾക്കെതിരായ ഗാർഹിക പീഡനം, വിവാഹമോചനങ്ങൾ എന്നിങ്ങനെ പല സാമൂഹിക തിന്മകളും ഈ നാട്ടിൽ നിലനിൽക്കുന്നു. ലോകത്തിൽ ഏറ്റവും അധികം വിവാഹമോചനങ്ങൾ നടക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഫിൻലൻഡ്‌. പ്രശ്നങ്ങളെകുറിച്ച് ശാസ്ത്രീയമായ രീതിയിൽ പഠനങ്ങൾ നടത്തുകയും ഇവയെ നേരിടാൻ ആത്മാർത്ഥമായ ശ്രമങ്ങൾ സർക്കാരിന്റെ ഭാഗത്ത്‌ നിന്നുണ്ടാവുകയും ചെയ്യുന്നത് കൊണ്ട് ജനങ്ങൾക്കു അധികാരികളിൽ വിശ്വാസം ഉണ്ട്. 

തൊഴിൽ വിപണി വളരെ സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്നു എന്നതു ഏറ്റവും പ്രധാനമാണ്. അതിലെ കയറ്റിറക്കങ്ങള്ക്കനുസരിച്ചു പ്രവർത്തനങ്ങൾ ക്രമീകരിയ്ക്കാൻ സർക്കാർ സജ്ജമാവുകയും ചെയ്യുന്നു. ഡിമാൻഡ് ഉള്ള ജോലികൾക്കു തൊഴിലന്വേഷകരെ പരിശീലിപ്പിക്കുക തൊഴിൽദാതാക്കളുമായി ചേർന്ന് പുതിയ മേഖലകൾ പരീക്ഷിച്ചു നോക്കാൻ ഉദ്യോഗാർഥികൾക്കു അവസരങ്ങൾ ഒരുക്കുക എന്നിങ്ങനെ ഈ രംഗത്ത് സർക്കാർ നടത്തുന്ന ഇടപെടലുകൾ വിപുലമാണ്. പുതിയ മേഖലകൾ രൂപപ്പെടുമ്പോൾ യൂണിവേഴ്സിറ്റികൾ വേഗത്തിലാണ് ഈ മേഖലയിലേക്ക് ആവശ്യമുള്ള വിഷയങ്ങൾ പഠിപ്പിക്കാൻ തയ്യാറാകുന്നത്.
ഗാർഹിക പീഡന നിരക്ക് കുറയ്ക്കാൻ പല പദ്ധതികളും സർക്കാർ പലസമയങ്ങളിലായി ആവിഷ്കരിച്ചിട്ടുണ്ട്. ഇസ്താൻബുൾ കൺവെൻഷൻ അംഗീകരിച്ച രാജ്യമാണ് ഫിൻലൻഡ്‌. 

പീഡനത്തിന് ഇരയാവുന്നവരുടെ സംരക്ഷണത്തിന് ഹെൽപ്‌ലൈനുകൾ രഹസ്യസംരക്ഷണ കേന്ദ്രങ്ങൾ അടിയന്തിര നിരോധനം നേടാനുള്ള സൗകര്യം നിയമസഹായം എന്നിങ്ങനെ നിരവധി സംവിധാനങ്ങൾ നിലവിലുണ്ട്. ഫിന്നിഷ് ഭാഷ വശമില്ലാത്തവരെയും ഈ സംവിധാനങ്ങളിൽ പ്രത്യേകം പരിഗണിച്ചിട്ടുണ്ട്. ഗാർഹിക പീഡന കേസുകളിലും വിവാഹമോചനങ്ങളിലും ഇരയാവുന്ന കുട്ടികളുടെ സംരക്ഷണത്തിനും പരിചരണത്തിനും ഏറ്റവും ഊന്നൽ കിട്ടുന്നു. ഇങ്ങനെ ബുദ്ധിമുട്ടുകൾ ഉള്ള സാഹചര്യങ്ങളിൽ വ്യക്തികൾ ഒറ്റപ്പെടാതിരിക്കാൻ സാമൂഹ്യവ്യവസ്ഥിതികൾ എല്ലാ ശ്രമങ്ങളും നടത്തുന്നു. ഈ ശ്രമങ്ങൾ വിജയം കാണുമ്പോൾ പൗരന്മാരുടെ ക്ഷേമവും ജീവിതസംതൃപ്തിയും ഉയരുന്നു. പോരായ്മകളിൽ നിന്ന് കരകയറാനുള്ള ഈ രാജ്യത്തിൻറെ ശ്രമങ്ങളുടെ വിജയം കൂടിയാണ് ഏറ്റവും സന്തോഷമുള്ള ജനതയെ ഉണ്ടാക്കാൻ സാധിച്ചത്.