19 December 2024, Thursday
KSFE Galaxy Chits Banner 2

അഭൗമ കോകിലവാണി

രമേശ് ബാബു
മാറ്റൊലി
February 23, 2023 5:00 am

വാണിജയറാം എന്ന അതുല്യ ഗായിക നമ്മുടെ മനസിലും സ്മരണകളിലും ഇനി അനശ്വര സ്വരസാന്നിധ്യം മാത്രമായിരിക്കും. വിയോഗം മനുഷ്യജീവിതത്തിൽ അനിവാര്യമാണല്ലോ. 1970കളിൽ മലയാള ചലച്ചിത്ര പിന്നണി ഗാനലോകത്തേക്ക് വാണി ജയറാം പറന്നെത്തിയത് സൗവർണ പരാഗശോഭ സ്ഫുരിക്കുന്ന ആലാപന വൈഭവത്തോടെയായിരുന്നു. ‘സൗരയൂഥത്തിൽ വിടർന്നോരു’ (സ്വപ്നം-ഒഎൻവി, സലിൽ ചൗധരി) എന്ന ഗാനത്തിലൂടെ പുതുമുഖ ഗായിക മലയാളികളുടെ ഹൃദയത്തിൽ കയറി ഇരിപ്പുറപ്പിക്കുകയായിരുന്നു. 2023 ൽ വിടപറയുന്നതിന് മുമ്പ് വാർധക്യത്തിലും വാണി ജയറാം ആലപിച്ച മലയാള ഗാനങ്ങൾ ‘ഓലഞ്ഞാലിക്കുരുവി…’,(ജയചന്ദ്രനൊപ്പം-ചിത്രം 1983, ബി കെ ഹരിനാരായണൻ‑ഗോപിസുന്ദർ), ’ പൂക്കൾ‍ പനിനീർ പൂക്കൾ’-(യേശുദാസിനൊപ്പം, ചിത്രം-ആക്ഷൻ ഹീറോ ബിജു, സന്തോഷ് വർമ്മ‑ജെറി അമൽദേവ്), ‘മാനത്തേ മാരിക്കുറുമ്പേ’. (പുലിമുരുകൻ, മുരുകൻ കാട്ടാക്കട–ഗോപിസുന്ദർ) പോലും ആലാപന മികവിന്റെ അപ്രാപ്യമായ ഗിരിശൃംഗമാണ് താൻ എന്ന് തെളിയിക്കുന്നവയായിരുന്നു.
മലയാള പിന്നണി ഗാനരംഗത്ത് യേശുദാസിനെപ്പോലെ ലോകം മുഴുവൻ അറിയുന്ന സുവർണ ശബ്ദമുള്ള ഒരു ഗന്ധർവ ഗായകനുണ്ടെങ്കിലും ആ ഉയരത്തിൽ ഗായികമാർ അന്നും ഇന്നും ഉണ്ടായിട്ടില്ല. ആ ഒഴിവിലേക്കാണ് ഇതര ഭാഷാ ഗായികമാർ മലയാള ഗാനങ്ങൾ പാടുവാനായ് എത്തുന്നത്. ദക്ഷിണേന്ത്യ മുഴുവൻ അറിയപ്പെടുന്ന പി ലീലയെന്ന ക്ലാസിക്കൽ ശബ്ദമാധുരിയുള്ള ഗായിക നമുക്ക് ഉണ്ടായിരുന്നെങ്കിലും കാല്പനിക ഭാവങ്ങളെ പ്രതിഫലിപ്പിക്കുന്ന കുയിൽനാദമുള്ള ഗായികമാരെയാണ് സംഗീത സംവിധായകർ ഏറെ പരിഗണിച്ചത്. ശാന്താ പി നായർ, സുലോചന, ഗായത്രി ശ്രീകൃഷ്ണൻ, ജാനമ്മ ഡേവിഡ് തുടങ്ങി ഒട്ടേറെ ഗായികമാർ മലയാള ഗാനരംഗത്ത് സജീവമായി നില്ക്കുമ്പോഴാണ് പി സുശീലയും എസ് ജാനകിയും വേറിട്ട ശബ്ദഭംഗിയുമായി പിന്നണി ഗാനശാഖയെ സ്വരസമ്പന്നമാക്കുന്നത്.


ഇതുകൂടി വായിക്കൂ: എതോ ജന്മകല്പനയിൽ


പി സുശീല എന്ന ഇന്ത്യയിലെ ഏറ്റവും മികച്ച പിന്നണി ഗായികയുടെ ആലാപനത്തികവിൽ മലയാള ഭാഷയുടെ മാദകഭംഗി തെളിഞ്ഞുനിന്നപ്പോൾ ജാനകിയാകട്ടെ മധുരാർദ്രമായ ശബ്ദത്തിൽ ആസ്വാദകഹൃദയത്തെ തരളിതമാക്കുകയായിരുന്നു. ഈ രണ്ട് യുഗഗായികമാരുടെ ഇടയിലേക്കാണ് 1973 ൽ കലൈവാണിയെന്ന വാണി ജയറാം മലയാളക്കരയിലേക്ക് സൗരയൂഥത്തിൽ വിടർന്ന കല്യാണ സൗഗന്ധികവുമായി വന്ന് ചേക്കേറുന്നത്. ഗായിക എന്ന നിലയിൽ തികവുറ്റ പി സുശീലയെക്കാളും അനുരാഗ സുഗന്ധിയായ എസ് ജാനകിയെക്കാളും വാണി ജയറാമിനെ സവിശേഷയാക്കുന്നത് അവരുടെ അഭൗമശബ്ദമാണ്. മറ്റേതോ ലോകത്തു നിന്ന് ഒഴുകിയെത്തുന്ന മന്ത്രധ്വനിപോലെയാണ് ശ്രുതിശുദ്ധമായ ആ ശബ്ദം കേൾവിക്കാരുടെ ആത്മാവിലേക്ക് പടരുന്നത്. അത് തിരിച്ചറിഞ്ഞാണ് ഉസ്താദ് അബ്ദുൾ റഹ്‌മാൻ എന്ന ഗുരു വാണിയെ സംഗീത സംവിധായകൻ വസന്ത് ദേശായിയോട് ശുപാർശ ചെയ്യുന്നത്. വസന്ത് ദേശായിയുടെ സംഗീത സംവിധാനത്തിൽ കുമാർ ഗന്ധർവയുമായി ചേർന്ന് വാണി പാടിയ യുഗ്മഗാനം ‘മണാനുബന്ധമാ’ മഹാരാഷ്ട്രക്കാരെയാകെ അവരുടെ ആരാധകരാക്കുകയായിരുന്നു. ലതാ മങ്കേഷ്കറുടെ ആധിപത്യം ബോളിവുഡിൽ ചോദ്യം ചെയ്യപ്പെടാൻ ആരും ധൈര്യപ്പെടാത്ത കാലത്തുതന്നെയായിരുന്നു വസന്ത് ദേശായി 1970 ൽ ‘ഗുഡ്ഡി’ എന്ന ചിത്രത്തിനുവേണ്ടി ‘ബോലേ രേ പപ്പീഹരാ’ എന്ന ഗാനം വാണിയെക്കൊണ്ട് പാടിപ്പിക്കുന്നത്. മിയാകി മൽഹാറിന്റെ ആലാപന മാധുരി പൂർണമായി ആവാഹിച്ച ആ ഗാനം വാണി ജയറാമിന് ഹിന്ദി മേഖലയിൽ സ്വന്തം സിംഹാസനം ഒരുക്കിക്കൊടുക്കുകയായിരുന്നു. പിന്നണി ഗാനമേഖലയിലെ എക്കാലത്തെയും ഹിറ്റായ ഈ ഗാനം രാഗം അടിസ്ഥാനമാക്കിയ ഏറ്റവും മികച്ച ഹിന്ദി ചലച്ചിത്ര ഗാനത്തിനുള്ള താൻസൻ സമ്മാനം ഉൾപ്പെടെ അഞ്ച് പുരസ്കാരങ്ങളാണ് നേടിയത്. വാണി ജയറാം ദേശീയശ്രദ്ധ നേടിയത് രസിക്കാതെ വന്ന ലതാ മങ്കേഷ്കർ വസന്ത് ദേശായിയോട് പരിഭവിക്കുകയും അദ്ദേഹത്തോട് പിന്നീട് അധികം സഹകരിക്കാതെയുമായി. ‘മീര’ എന്ന ചിത്രത്തിൽ പണ്ഡിറ്റ് രവിശങ്കർ ഭജൻസ് പാടാൻ വാണി ജയറാമിനെ തെരഞ്ഞെടുത്തതും ലതാ മങ്കേഷ്കറിന്റെ അനിഷ്ടത്തോടെയായിരുന്നു. ഹിന്ദി മേഖലയിൽ വാണി ജയറാമിന് തല്പരകക്ഷികൾ അവസരങ്ങൾ മുടക്കിയെങ്കിലും 19 ഭാഷകളിലായി പതിനായിരത്തിലേറെ പാട്ടുകളാണ് അവർ പാടിയത്.


ഇതുകൂടി വായിക്കൂ: സുഗന്ധം പൊഴിക്കുന്ന സ്വരമാധുരി


സംഗീത ഇതിഹാസങ്ങളായ മുഹമ്മദ് റാഫി, മുകേഷ്, കിഷോർ കുമാർ, തലത്ത് മഹമൂദ്, മഹേന്ദ്രകുമാർ തുടങ്ങിയ ഗായകർക്കൊപ്പവും നൗഷാദ്, ലക്ഷ്മികാന്ത് പ്യാരേലാൽ, ജയദേവ്, ഒ പി നയ്യർ, മദൻ മോഹൻ, കല്യാൺജി ആനന്ദ് ജി, ആർ ഡി ബർമൻ എന്നീ സംഗീത സംവിധായകർക്കൊപ്പവും വാണി ജയറാം അവരുടെ ശബ്ദസൗകുമാര്യം പങ്കിട്ടിട്ടുണ്ട്. കർണാടക ഹിന്ദുസ്ഥാനി സംഗീതശാഖകളിൽ ആഴത്തിൽ അറിവുള്ള വാണി ജയറാമിന്റെ സ്വരമാധുരികൊണ്ട് ദക്ഷിണേന്ത്യയിലെ ഉന്നത സംഗീത സംവിധായകരായ കെ വി മഹാദേവൻ, എം എസ് വിശ്വനാഥൻ, ഇളയരാജ, എം കെ അർജുനൻ, ദേവരാജൻ, ദക്ഷിണാമൂർത്തി, ബാബുരാജ്, എം ബി ശ്രീനിവാസൻ, ശ്യാം, എ റ്റി ഉമ്മർ, കെ ജെ ജോയി, ജെറി അമൽദേവ്, ജോൺസൺ, രവീന്ദ്രൻ, ശങ്കർ ഗണേഷ്, ജിതിൻ ശ്യാം, ഗുണസിങ് തുടങ്ങിയവരെല്ലാം അത്ഭുതങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. മൂന്നു തവണ ദേശീയ അവാർഡും (1975 അപൂർവ രാഗങ്ങൾ, 1980–ശങ്കരാഭരണം, 1991–സ്വാതികിരണം) തമിഴ്‌നാട്, ഒഡിഷ, ആന്ധ്രാപ്രദേശ്, ഗുജറാത്ത് തുടങ്ങി വിവിധ സംസ്ഥാനങ്ങളുടെ അവാർഡും ഒടുവിൽ പത്മഭൂഷണും അവരെ തേടിയെത്തി. എങ്കിലും വാണി ജയറാം ഏറെ ഇഷ്ടപ്പെട്ട മലയാളത്തിൽ നിന്ന് പുരസ്കാരങ്ങളൊന്നും ലഭിക്കാത്തത് അവരുടെ സങ്കടമായിരുന്നു. സീമന്തരേഖയിൽ ചന്ദനം ചാർത്തിയ, ധൂം തന ധൂം തന, കൃഷ്ണപ്രിയദളം, നവനീതചന്ദ്രികേ, തിരയും തീരവും, ഒരു പ്രേമലേഖനം എഴുതി മായ്ക്കും, ആഷാഢ മാസം, ഇളം മഞ്ഞിൽ തേരോട്ടം, നാദാപുരം പള്ളിയിലെ, ഓമൽക്കിനാവുകളേ, മറഞ്ഞിരുന്നാലും മനസിന്റെ കണ്ണിൽ, നിമിഷങ്ങൾ തോറും വാചാലമാകും, നായകാ പാലകാ, തിരുവോണപ്പുലരിതൻ, ഏതോ ജന്മ കല്പനയിൽ, പ്രിയതരമാകും ഒരു രാഗം, വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി, മഞ്ഞിൽ ചേക്കേറും, ചന്ദ്രിക ചാർത്തിന്റെ, പകൽ സ്വപ്നത്തിൽ, ആയില്യം പാടത്തെ പെണ്ണേ, പൊന്നലയിൽ അമ്മാനമാടി, മുല്ലമാല ചൂടിവന്ന, മാമലയിലെ പൂമരം, സപ്തസ്വരങ്ങളാടും, രാഗം ശ്രീ രാഗം തുടങ്ങിയ ഗാനങ്ങളിലൂടെ കേരളീയരുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ വാണി ജയറാമിന് വേറൊരു പുരസ്കാരമെന്തിന്?
കർണാടക സംഗീതത്തിലെ ത്രിമൂർത്തികളെപ്പോലെയോ ത്രിവേണികളെപ്പോലെയോ ചലച്ചിത്ര ഗാനരംഗത്ത് സ്ഥാനമുറപ്പിച്ച പി സുശീല, എസ് ജാനകി, വാണി ജയറാം എന്നിവരിൽ ഒരാൾ സ്വരസ്മൃതിയായിരിക്കുന്നു. ചില ജീവിതങ്ങൾ നിയതിയാൽ‍ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതാണെന്ന് പറയാറുണ്ട്. വാണിയുടെ അച്ഛൻ ദൊരൈസ്വാമിയുടെയും ഭർത്താവ് ജയറാമിന്റെയും കരുതലുകളിലൂടെ കാലം അവരുടെ സിദ്ധിയെ നമുക്കായി സാധകം ചെയ്യിക്കയായിരുന്നു. വാണിയുടെ ജീവിതത്തിന് താളവും ലയവും പകർന്ന ജയറാം 2018 ൽ വിടചൊല്ലിയിട്ടും അനപത്യയായ വാണി ജയറാം സംഗീതവും ചിത്രകലയും കവിതയുംകൊണ്ട് ജീവിതത്തെ അർത്ഥപൂർണമാക്കുകയായിരുന്നു മരണം വരെ.

മാറ്റൊലി

ഒരു കുളിർക്കാറ്റിൽ വരവായ്
നിന്നെ പിരിയാനരുതാതെ.…

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.