21 December 2024, Saturday
KSFE Galaxy Chits Banner 2

കലയും സംസ്കാരവും കൈകോര്‍ക്കുന്ന വാരാണസി

ബിന്നി യു എം
March 3, 2024 7:30 am

കാശിയിലെ കാഴ്ചകൾ ഏകാന്തമായൊരു ധന്യതയാണ്. വിവിധഘാട്ടുകളിലൂടെയുള്ള ഗംഗാസഞ്ചാരങ്ങൾ അത്തരമൊരു ഏകാന്തത നമ്മിൽ നിറയ്ക്കുകതന്നെ ചെയ്യും.
പുലർച്ചെ മണികർണ ഘട്ടിലെത്തുമ്പോൾ ചിതറി വീണ ചാറ്റൽ മഴയായിരുന്നു ഞങ്ങളെ വരവേറ്റത്. എറണാകുളം — പാട്ന എക്സ്പ്രസെന്ന ദുരിതപർവത്തിലെ വാരാണസിയിലേക്കുള്ള നരകയാതന അല്പം മുമ്പ് അവസാനിച്ചതേയുള്ളൂ. ഗംഗയുടെ തണുത്ത തീരത്ത് ശരീരത്തിൽ വീണ മഴത്തുള്ളികൾ ഒരു ആശ്വാസമായിത്തോന്നി. വെളുപ്പിന് മണകർണികഘട്ടിൽ അഞ്ചാറു ചിതകളെരിയുന്നു. ചുടലച്ചാരം ചൂടി ഗംഗ കലങ്ങി മറിഞ്ഞ് ചാരനിറത്തിൽ ശാന്തമായൊഴുകുന്നു. ചിതയിലേക്ക് ഉറ്റുനോക്കി ചിലർ ചിതറി നിൽക്കുന്നു. ചില ചിതകൾ എരിഞ്ഞമരുന്നു. ചിലവ ചാറ്റൽ മഴയിലും ഭ്രാന്തമായ ജ്വാലകളാൽ കത്തുന്നു.
മരണം ഒരു വിങ്ങലായ്, എരിയുന്ന ചിതകളായി, കനലെരിയുന്ന മനസുകളായി മണികർണികാഘട്ടിൽ വിറങ്ങലിച്ചു നിന്നു. അതിരാവിലെ അപ്രതീക്ഷിതമായ ഈ കാഴ്ചകൾ വല്ലാത്ത പ്രതിസന്ധിയുണ്ടാക്കി. ഗംഗയിലൂടെ ചിതറി ഒഴുകുന്ന കടും വർണനിറത്തിലുള്ള ജമന്തിപ്പൂക്കൾ ചിന്തകളെയും വെള്ളത്തിൽ കല്ല് പതിച്ചപോലെ ശിഥിലമാക്കി. ഗംഗയെ പലസ്ഥലികളിൽ വച്ച് അടുത്തും അകന്നും കണ്ടിട്ടുണ്ട്. കലാതീതമായ ഒരു പ്രവാഹംപോലെ മെലിഞ്ഞും കവിഞ്ഞും ഒഴുകുന്ന ഗംഗ. ഹിമാലയത്തിൽ, ഗംഗോതിയിലെ ഗോമുഖിൽ ഭാഗീരഥിയായി, വെള്ളാരം കല്ലുകൾ നിറഞ്ഞ ഒരു വൻ സ്ഫടിക ഭരണയിൽ നിന്നെന്നവണ്ണം കുത്തിയൊലിച്ചൊഴുകുന്നത് കൺനിറയെ കണ്ടിട്ടുണ്ട്. അവിടെ ഗംഗ ഭാഗിരഥിയായി പ്രയാണം തുടങ്ങുകയായിരുന്നു. 

ഉത്തരാഖണ്ഡിലെ തെഹ്രി — ഗഡ്വാൾ ജില്ലയിൽ സമുദനിരപ്പിൽ നിന്നും 2723 അടി ഉയരത്തിലുള്ള നഗരമായ ദേവപ്രയാഗിൽ ഹിമാലയത്തിലെ സന്തോചാന്ത് മലനിരകളിൽ നിന്നും ഉത്ഭവിക്കുന്ന അളകനന്ദാനദിയും ഗോമുഖിൽ നിന്നു വരുന്ന ഭാഗീരഥിയും സംഗമിച്ച് ഗംഗയായി ഒഴുകുന്നത് ഒരുപാട് നോക്കിനിന്നിട്ടുണ്ട്.
അളകനന്ദ ഇളം പച്ചനിറത്തിലും, ഭാഗീരഥി മലവെള്ളപ്പാച്ചിലിൽ ഇരുണ്ടുകലങ്ങിയും ഇരു നിറങ്ങളിൽ ഇരുവഴികളിൽ നിന്ന് ഒന്നായി മഹാനദിയായ ഗംഗയായി ഒഴുകുന്നു.
കാലഭൈരവന്റെ വാരാണാസിയിൽ ഗംഗയെ കാണുമ്പോൾ ചെമ്പട്ടുടുത്ത സൂര്യൻ അകലെ ഗംഗയെയും അരുണാഭമാക്കി മാറ്റിയിരുന്നു. വെളിച്ചത്തിൽ കനലാടി, ഗംഗാനദി അതിവീതിയിൽ സൗമ്യമായൊഴുകുന്നു. വീണലിഞ്ഞ സൂര്യതേജസിനെ കൈക്കുമ്പിളിൽ തലയിൽ തൂകുന്ന തീർത്ഥാടക സംഘങ്ങൾ… അതോ ബലിയിടുന്നവരോ…? വാരാണസി പ്രഭാതത്തിൽ ജീവൻ വച്ചു കൊണ്ടേയിരിക്കുന്നു.
അതിപുരാതന നഗരമായ കാശി, പുതിയ കാലത്തും അതിന്റെ പൗരാണികത, പ്രൗഢിയിൽ തന്നെനിലനിർത്തുന്നു. തട്ടുകളായ സ്നാനഘട്ടങ്ങളും ഉയർന്നുകാണുന്ന ക്ഷേത്രഗോപുരങ്ങളും ജീവിതത്തിന്റെ തുടിപ്പുകൾ പോലെ ഓളത്തിലലിയുന്ന ചെറുവഞ്ചികളും ഒഴുകിയെത്തുന്ന തീർത്ഥാടകരും കാശിനഗരിയെ സജീവമാക്കുന്നു. കാശിപകരുന്ന ഏകാന്തമായ ഒരു അനുഭവത്തെ പുൽകുവാനായി ഞങ്ങളുടെ സംഘത്തിൽ നിന്നും ഞാൻ അടുത്ത ദിവസങ്ങളിൽ ഏകാന്തനാവുകതന്നെ ചെയ്തു. കാശിയുടെ പുരാതനവഴികളിലൂടെ ഒരു സോളോടിപ്പ്.
കാശിയും ബനാറസും വാരാണസിയും ഒന്നാണ്. കാശി പുരാതനമായ പേരാണ്. ബിസി ആറാം നൂറ്റാണ്ടിൽ തന്നെ കാശി നിലനിന്നിരുന്നതായാണ് കരുതുന്നത്. ആ സംസ്കൃതിയിൽ ചിരപുരാതനമായി കാശി ഇന്നും ജീവിക്കുന്നു എന്നതാണ് ഈ നഗരിയെ വ്യത്യസ്ഥമാക്കുന്നത്. കാശിയുടെ തെക്കും വടക്കും അതിരുകളിൽ നിന്നും ഗംഗയിൽ ചേരുന്ന ‘വരുണ’യെന്നും ‘അസി‘യെന്നും പേരുള്ള തോടുകളിൽ നിന്നാണ് കാശി വാരാണസിയായത്. വാരാണസി പരിഷ്കരിച്ച് ബനാറസ് ആയി. ഇംഗ്ലീഷുകാരുടെ നാവ് വഴങ്ങിയത് ബനാറസിനാണ്. ലോകത്ത് ഏറ്റവുമേറെക്കാലം മനുഷ്യവാസം ഉണ്ടായിരുന്ന ഒരു നഗരമായി കാശിക്ക് വിശേഷണം ചാർത്താറുണ്ട്. ചരിത്രവും, കലയും, ആത്മീയതയും മാനവികതയും എല്ലാം അടയാളപ്പെടുത്തുന്ന പുരാതനമായ ഒരു ഇടനാഴിയാണ് ബനാറസ്.
ജവഹർലാൽ നെഹ്റു ഒരിക്കല്‍ ഇങ്ങനെ എഴുതി, “കാശിയിലേക്ക് പോയി അവളുടെ ചരിത്ര
ഗാഥകളിലേക്ക് ചെവിയോർക്കുക… വാർധക്യമേറിയതും ദുർഗന്ധമുള്ളതും അഴുക്കുപുരണ്ടതും എന്നാൽ ജീവനുള്ളതുമായ കാലങ്ങളുടെ ബലമാണ് ബനാറസ്. അവളുടെ കണ്ണുകളിൽ നിന്ന് ഇന്ത്യയുടെ ചരിത്രം കാണുക. അവളുടെ ജലമർമ്മരത്തിൽ
കഴിഞ്ഞുപോയകാലത്തിന്റെ ശബ്ദം കേൾക്കുക.”

നിങ്ങൾക്ക് കാശിയിലേക്ക് വണ്ടികയറാൻ ഇത്രയും മതി. ധാരാളം ഉത്സവങ്ങൾ കാശിയുടെ ഭാഗമാണ്. ‘രാമലീല’ അതിൽ പ്രധാനമാണ്. ബിസി ആറാം നൂറ്റാണ്ടിൽ കാശി സ്വതന്തമായ ഒരു നാട്ടു രാജ്യമായിരുന്നു. പല അധിനിവേശങ്ങളിലും നഗരം നശിപ്പിക്കപ്പെട്ടു. 1950 ൽ സ്വമേധയാ ഇന്ത്യൻ യൂണിയനിൽ ഈ നാട്ടു രാജ്യവും ലയിച്ചു. ഇന്ന് ഉത്തരപ്രദേശ് സംസ്ഥാനത്തിന്റെ തെക്കൻ പദേശത്തുള്ള ഒരു ജില്ലയാണ് വാരാണസി. നാല്പതുലക്ഷത്തോളം ജനസംഖ്യ. വാരാണിസി നഗരമാണ് ജില്ലയുടെ ആസ്ഥാനം വാരാണസിയുടെ തലപ്പൊക്കമാണ് വിശ്വപ്രസിദ്ധമായ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി. മുകളിൽ അസിമുതൽ താഴെ വരുണ ഗംഗയിൽ ചേരുന്ന സ്ഥലം വരെയാണ് സ്നാനഘട്ടങ്ങൾ. അസിഘാട്ടു മുതൽ താഴോട്ട് ഇടവിട്ടാണ് വിവധ ഘാട്ടുകളും. മറുകരയിൽ പഴയ കാശി രാജാവിന്റെ രാംനഗർ കൊട്ടാരവുമാണ്. വിശാലമായ പച്ചപ്പുകൾക്കു നടുവിലാണ് അകലെയായി കൊട്ടാരം കാണാൻ കഴിയുന്നത്. 

വാരാണാസിയിലെ ഘാട്ടുകൾ
*****************************
അസിഘാട്ടുകമുതൽ വരുണവരെ എൺപതോളം ഘാട്ടുകൾ. ബലികർമ്മങ്ങളും പൂജകളും ചെയ്യുന്ന പാണ്ഡമാരുടെ പിടിയിലാണ് ഈ ഭാഗങ്ങളെല്ലാം. ഹരിചന്ദഘാട്ടിലും മണികർണാഘാട്ടിലുമാണ് പധാനമായും സംസ്കാരങ്ങൾ നടക്കുന്നത്.
മരണം നിലയ്ക്കാത്ത കാഴ്ചകളാണ് മണികർണികയിൽ. മേളപ്പെരുക്കങ്ങളോടെ ശവമഞ്ചങ്ങൾ ഒഴുകുകയാണ് ഗംഗാതീരത്തേക്ക്. മരിച്ചവന്റെ ചെവിയിൽ ശിവതാരകമന്തമോതുമ്പോഴാണ് മരണം സത്യമാകുന്നതെന്നാണ് ആചാരം. കൊട്ടും പാട്ടുമായി ചിതയിലേക്കെടുക്കുന്ന ശവഘോഷയാത്രകൾ ജീവിതത്തിന്റെ കാഴ്ചകളെ നിസാരമാക്കുന്നു. മണികർണികയിൽ ആളിപ്പടർന്ന് എരിഞ്ഞടങ്ങുന്ന ശരീരങ്ങൾ ‘ജീവിതത്തിന്റെ എതിർപദമല്ല, ഒരു ഭാഗം മാത്രമാണ് മരണ’മെന്ന ജാപ്പനീസ് എഴുത്തുകാരൻ മുറാകാമിയുടെ വാക്കുകളാണ് ഓർമിപ്പിച്ചത്. 

വാരാണസിയിലെ ഘാട്ടുകളും ഗംഗയിലെ ആരതിപോലെ ഒരു ദീപക്കാഴ്ചയാണ്. എരിയുന്ന ചുടലകളിലെ ചാരമാണ് കാശി വിശ്വനാഥനെ അണിയിക്കുന്നതെന്ന് പറഞ്ഞറിഞ്ഞു. മരണം ഇവിടെയൊരാഘോഷമാകുന്നു. ‘Death cel­e­brat­ed here’ മണികർണികയെ ഇങ്ങനെ വിശേഷിപ്പിക്കാറു പോലുമുണ്ട്. വാരാണസിയുടെ ഹൃദയഭൂമിയാണ് മണികർണികാഘട്ട്. പുരാണത്തിൽ ശിവപത്നിയായ പാർവതി തന്റെ കമ്മലുകൾ (മണികർണികി) പുണ്യനദിയായ ഗംഗയിലേക്ക് ഉപേക്ഷിച്ചസ്ഥലമെന്ന് ഐതിഹ്യം. ഐതീഹ്യങ്ങൾക്കു തന്നെ ഒരുപാട് വകഭേദങ്ങളുമുണ്ട്. മണികർണികയിലെ ആരാധനാലയം 1850ൽ അവധ് മഹാരാജാവ് പണികഴിപ്പിച്ചതാണ്. കാശിവിശ്വനാഥ ക്ഷേത്രത്തിന് വളരെ അടുത്താണ് എന്നത് മണികർണികാഘാട്ടിന്റെ പ്രത്യേകതയാണ്. കാശിയിലെ ഈ വലിയ ചുടു
കാട്ടിൽ വർഷം മുഴുവനും, രാപകലില്ലാതെ ശവങ്ങൾ ദഹിപ്പിക്കുന്നു. അതിന്റേതായ പാരിസ്ഥിതിക ഫ്രശ്നങ്ങൾ കൊണ്ടും മണികർണികാഘട്ടിന്റെ അന്തരീക്ഷം ആകെ മലിനമാണ്. ഒരു സഞ്ചാരിക്ക് അസ്വസ്ഥമായ ഒരുപാട് കാഴ്ചകളിലൂടെയുള്ള ഒരു പലായനമാണ് ഈ ഘാട്ടിലെ സന്ദർശനങ്ങൾ. ആ അസ്വസ്ഥകളിലും കാഴ്ചകളുടെ കടും നിറങ്ങൾ നിങ്ങളെ അനുഭൂതികളുടെ മറ്റൊരു കടവിലെത്തിക്കും. യാത്ര മണികർണികയിൽ വല്ലാത്തൊരു അനുഭവമായി മാറുകയായിരുന്നു. ഏറെ നേരം മണികർണികയെ കണ്ട് കടവുകളിലൊന്നിലെ മണ്ഡപത്തിലിരുന്നു. വെയിലുറയ്ക്കുന്തോറും ചിതകളിലെ തീ കൂടുതൽ ആളിക്കത്തി തീജ്വാലകളും അജയ്യതതെളിയിക്കുകയാണ്. 

ഗംഗ അതിന്റെ തീരത്തെ ദശലക്ഷക്കണക്കിനുള്ള ജീവിതങ്ങളെ ഒരു ചരടിൽ കോർക്കുന്ന ജലപ്രവാഹമാണ്. സിന്ധു നദീതട സംസ്കാരങ്ങളുടെ കാലത്തു തുടങ്ങിയ ജീവൽ സ്പന്ദനങ്ങളുടെ ഗംഗയുടെ തീരങ്ങളിലെ കുടിയേറ്റങ്ങൾക്ക് രണ്ടായിരത്തി അഞ്ഞൂറു വർഷങ്ങളുടെ പഴക്കമുണ്ടെന്നാണ് നരവംശ ശാസ്ത്രജ്ഞൻമാർ കണക്കു കൂട്ടുന്നത്. മണ്ണിൽ ചുട്ടെടുത്ത ഇഷ്ടികകൾ ഉപയോഗിച്ചുള്ള ഗൃഹനിർമ്മിതികളും, മൺപാതങ്ങളും ഗംഗാതടത്തിൽ രൂപം കൊണ്ട പുതിയ സംസ്കൃതിയുടെ അടയാളങ്ങളാണ്. അതിന് കർമ്മികത്വം വഹിച്ച ഗംഗാതീരമായ കാശിയും ഉന്നതശീർഷമായ ഒരു പൗരാണികതയുടെ കീർത്തി നേടി. അനന്തമായ കാലത്ത് ബുദ്ധമതത്തിന്റെ തേരോട്ടത്തിനും കാശി നഗരം സാക്ഷിയായി. കാശിയുടെ വിവിധഭാഗങ്ങളിൽ നടന്ന ഖനനങ്ങൾ സമ്പന്നമായ അതിന്റെ യശസും തീർത്ഥാടന കേന്ദ്രമെന്ന ഖ്യാതിയുമൊക്കെ അടിവരയിടുന്നതാണ്. 

ഉസ്താദിന്റെ ഷെഹ്നായി
*******************
പണ്ഡിതന്മാരും സംഗീതജ്ഞൻമാരുമൊക്കെ കാശിയുടെ പതിവു സന്ദർശകായിരുന്നു. ഉസ്താദ് ബിസ്മില്ലാ ഖാൻ ഏറെക്കാലം കാശിയുടെ ഓരത്തെ പഴയവീട്ടിൽ താമസിച്ചിരുന്നു.
ഷഹ്നായി വാദകനായ ബിസ്മില്ലായുടെ അമ്മാവൻ കാശി വിശ്വനാഥക്ഷേത്രത്തിലെ ആസ്ഥാനവാദകനായിരുന്നു. നിതാന്തമായ സംഗീതസാധനയിൽ ബിസ്മില്ലാഖാന്റെ ജീവിതത്തിന്റെ ഭാഗമായി ഒഴുകുന്ന ഗംഗയും വാരാണസിയും. വാരാണസിയിലെ സമ്പന്നമായ സംഗീതസദസുകളാണ് ബിസ്മില്ലാഖാനെയും രൂപപ്പെടുത്തിയത്. ഉസ്താദ് ഇൻഡ്യൻ ഗാമീണസംഗീതത്തെ തന്റെ ഷെഹ്നായിയിലേക്ക് സ്വാംശീകരിച്ചതിന് വാരാണസിയും നിമിത്തമായി. മതസൗഹാർദ്ദത്തിന്റെ ഉദാത്തമാതൃകയായി ബിസ്മില്ലയെ സാംസ്കാരികലോകം വിലയിരുത്തുന്നു. തന്നെ വിദേശത്ത് താമസിക്കാൻ ക്ഷണിച്ച ആരാധകരോട് ഉസ്താദ് പറഞ്ഞത്, ‘എന്റെ ഗംഗ ഇവിടെയാണ്, ഞാൻ എങ്ങനെ അന്യനാട്ടിൽ അഭയം പ്രാപിക്കു‘മെന്നാണ്.
വികസനത്തിന്റെ പേരിൽ ഉസ്താദിന്റെ വാരാണസിയിലെ വീട് പൊളിക്കാൻ തീരുമാനിച്ചിരുന്നു. സാംസ്കാരിക പവർത്തകർ ഇടപെട്ട് പൊളിക്കുന്നത് നിർത്തിവപ്പിക്കുകയും സംരക്ഷിത സ്മാരകമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതോടെ പൊളിക്കൽ നിർത്തിവച്ചു.
വാരാണസി ഹധാസരായിലെ ഇടുങ്ങിയ വഴിയിലെ ഉസ്താദിന്റെ അവശേഷിക്കുന്ന വീട് സംഗീതപേമികളുടെ പ്രാർത്ഥനപോലെ ഇപ്പോഴും നിലനിൽക്കുന്നു. ഉന്മൂലന രാഷ്ട്രീയത്തിന്റെ കെട്ടകാലത്ത് ഉസ്താദിന്റെ സ്മാരകം പോയിട്ട് ഓർമ്മകൾ പോലും സംരക്ഷിതമല്ലെന്നാണ് കാലത്തിന്റെ ചുവരെഴുത്ത്. ‘ജ്ഞാനവാപി‘യുടെ മറവിൽ തേച്ചുമിനക്കുന്ന കൊലക്കത്തി വിശുദ്ധമായ ഷെഹ്നായി സംഗീതത്തെപ്പോലും ഒരുപക്ഷേ കരിമ്പടംകൊണ്ടു മറച്ചേക്കാം. 

ഗൗതമബുദ്ധനും കാളിദാസനും മഹാവീരനും കബീറും തുളസീദാസുമൊക്കെ ഈ വിശുദ്ധനഗരമായി ബന്ധപ്പെട്ടവരാണ്. മഹാകവി കാളിദാസനെ ബന്ധപ്പെടുത്തി പലഐതീഹ്യങ്ങളുടേയും കൂട്ടത്തിൽ കാശിയുമായി ബന്ധപ്പെട്ടും ചിലവ പ്രചാരത്തിലുണ്ട്. കവി തുളസീദാസിന്റെ ജീവിതത്തിൽ അധികവും ചെലവിട്ടത് വാരാണസിയിലായിരുന്നു. അദ്ദേഹം സംസ്കൃതവും തത്വചിന്തയും അവിടെയാണ് അഭ്യസിച്ചത്. മഹാകവിയുമായുള്ള ബന്ധമാണ് വാരാണസിയിലെ തുളസീഘാട്ടിന് ആ പേരു വന്നതിനു പിന്നിൽ. തുളസീദാസ് തന്റെ ജീവിതത്തിലെ അവസാന നാളുകൾ ഇവിടെയാണ് ചെലവഴിച്ചതെന്നു വിശ്വസിക്കുന്നു.
മതങ്ങളെത്തന്നെ വിമർശനപരമായി സമീപിച്ച കബീർദാസ് വാരാണസിയുടെ പുത്രനാണ്.
ഒരു കാലത്ത് വാരാണസിയിലെ പ്രധാനതൊഴിൽ മേഖലയായിരുന്നു തുണി നെയ്ത്ത്. ബനാറസ് പട്ടുസാരികളുമായി ബന്ധപ്പെട്ട നെയ്ത്തു ജോലികളിൽ ഏർപ്പെട്ടിരുന്നവരിൽ ഭൂരിപക്ഷവും മുസ്ലീങ്ങളായിരുന്നു. പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നതെന്നു കരുതുന്ന സൂഫികവി കബീർദാസ് അവരിൽപ്പെട്ടയാളായിരുന്നു. ഹിന്ദു-സിഖ്-മുസ്ലീം ദർശനങ്ങളെ സ്വാംശീകരിച്ചും നിരാകരിച്ചുമെഴുതിയ കബീറിന്റെ രചനകൾ സൂഫി സംഗീതവുമായി ബന്ധപ്പെട്ടും ഏറെ പചാരം നേടിയവയാണ്. 

നെയ്ത്ത് വ്യവസായം ബനാറസിന്റെ കൊടിയടയാളമാണ്. ലോകകമ്പോളത്തിൽ തന്നെ ബനാറസിനെ ഉയർത്തിപ്പിടിക്കുന്ന ഉപജീവനമാർഗമാണ്. മറ്റെവിടുത്തേയും പോലെ സഹനത്തിന്റെയും സമരത്തിന്റെയും കഥകൾ പറയാനുണ്ട് വാരണാസിലെ നെയ്ത്തുതൊഴിലാളികൾക്ക്. ആഗോളവൽക്കരണത്തിൻറെ കെടുതികളും സമീപകാലത്ത് കോവിഡുമൊക്കെച്ചേർന്ന് വലിയ പ്രതിസന്ധികളാണ് ഈ തൊഴിൽ മേഖലയിൽ ഉണ്ടാക്കിയിരിക്കുന്നത്. ഇടുങ്ങിയ ചെറിയ മുറികളുള്ള പഴയകടകളിൽ വിടരുന്നത് ബനാറസ് പട്ടിന്റെ ഇന്ദ്രജാലങ്ങളാണ്. പുരാതനമായ പട്ടു വ്യവസായത്തിന് മതമൈത്രിയുടെ കഥകൂടി പറയാനുണ്ട്. ഹിന്ദു മുസ്ലീം സൗഹാർദ്ദത്തിന്റെ വിളനിലങ്ങൾ കൂടിയാണ് നെയ്ത്തുമേഖലയിലെ തൊഴിലിടങ്ങൾ. വാരാണസിയിൽ ഒരു നെയ്ത്തുശാലയെങ്കിലും സന്ദർശിക്കണം. ആധുനിക നെയ്ത്തുശാലകളൊക്കെ വന്നെങ്കിലും പരമ്പരാഗത നെയ്ത്തുശാലകൾ കാശിയുടെ സമ്പന്നമായ ഭൂതകാലസ്മരണകളുമായി കുറച്ചുണ്ട്. സമീപകാലത്ത് തൊഴിൽ ലഭ്യതയിൽ മരണവാറണ്ടായി കോവിഡ് മഹാമാരി ദുരന്തം വിതച്ചു. ലോക്ഡൗൺ ജീവതത്തെത്തന്നെ ഇരുട്ടിലാഴ്ത്തി. നെയ്തസാരികൾക്ക് മാർക്കറ്റിൽ വില നന്നായി ഇടിഞ്ഞു. വർധിച്ച വൈദ്യുതിച്ചാർജ്ജ് മറ്റൊരു ഇരുട്ടടിയായി.
ദശാശ്വമേധിലേക്കുള്ള ഇടുങ്ങിയ വഴിയിൽ ഒരു കല്പടവിലാണ് പ്യാരേലാലിനെ കാണുന്നത്. ഏതോ പതിവുകച്ചവടക്കാരനാണെന്നേതോന്നിയുളളൂ. കുറെ ചിത്രങ്ങൾ മുന്നിൽ നിരത്തിയിരിക്കുന്നു. അടുത്തുകൂടിയപ്പോൾ പ്യാരിലാൽ ചിത്രരചനയിലാണ്. വാരണാസിയുടെ മിഴിവാർന്ന ലാൽഡ്സ്കേപ്പ് ചിത്രങ്ങൾ. അത്ഭുതപ്പെടുക തന്നെ ചെയ്തു. ഒഴുകുന്ന പേനവരകളിൽ ജലഛായം പടർത്തിയ മനോഹരചിത്രങ്ങൾ വാരണാസിഘാട്ടുകളുടെ സൗമ്യതയും ഗലികളുടെ നിറസാന്ദ്രതയുമൊക്കെ നന്നായി വിളക്കിച്ചേർത്ത പെയിന്റിങ്ങുകൾ. ജലഛായത്തിന്റെ സുതാര്യതയും താളവും പ്യാരേലാലിന് നന്നായി വഴങ്ങുന്നു. സ്വതവേ ഇരുണ്ടഗലികളിൽ സൂര്യൻ വരച്ചിടുന്ന വെയിൽക്കീറുകൾ തീഷ്ണമായി കാൻവാസുകളിൽ ചിതീകരിച്ചിരിക്കുന്നു. പ്യാരേലാൽ ഏറെക്കാലം കൽക്കത്തയിലായിരുന്നു. അവിടെ സത്യൻ സർക്കാർ എന്ന ചിതകാരൻറെയടുത്ത് പരിശീലനം. ഇപ്പോൽ പത്തിരുപതുവർഷമായി വാരണാസിയിൽ. വാരണാസിയുടെ ദൃശ്യചാരുത കട്ടിയുള്ള വെള്ള ഹാൻഡ്മെയിഡ് പേപ്പറിൽ പകർത്തി ഉപജീവനം. പ്യാരിലാൽ വരച്ചുകൊണ്ടേയിരിക്കുന്നു. നിർബന്ധങ്ങളില്ല, താല്പര്യമുള്ളവർക്ക് വാങ്ങാം. 

ബനാറസ് ഹിന്ദുയൂണിവേഴ്സിറ്റിയിലെ കലാവിദ്യാർത്ഥികൾക്കും കാഴ്ചകളുടെ ചാകരയാണ് വാരാണസിയിലെ ഘാട്ടുകൾ. ദശാശ്വമേധ്ഘട്ടിൽ കാഴ്ചകളെ ചാർക്കോൾ വരകളിലാക്കുന്ന വിദ്യാർത്ഥികളെക്കണ്ടു. നേച്ചർസ്റ്റഡിയും മറ്റുമായി വാരണാസിയുടെ പരിസരങ്ങളെ കലാവിദ്യാർത്ഥികളും പയോജനപ്പെടുത്തുന്നു. നഗരമാകെ ഒരു യാത്രികന് മ്യൂസിയം പോലെ അനുഭവപ്പെടാൻ ഇതൊക്കെത്തന്നെ ധാരാളമെന്ന് തോന്നി. സമ്പന്നമായ ചിത്രകലാപാരമ്പര്യവും നൃത്തവും, സംഗീതവുമൊക്കെ കാശിയുടെ പുരാവൃത്തത്തെ ആധുനിക കാലവുമായി ഇണക്കിച്ചേർക്കുന്നു. കലയും സംസ്കാരവും ഇവിടെ അനാദിയായ പുഴപോലെ ഇവിടെ ഒഴുകുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.