5 October 2024, Saturday
KSFE Galaxy Chits Banner 2

ജീവിതഗന്ധിയായ ഒരു ഓര്‍മ്മച്ചെപ്പ്

ഡോ. ലൈലാ പ്രസാദ്
വായന
July 7, 2024 2:40 am

കഥാകാരിയായ ഡോ. എ കെ ജയശ്രീ പലപ്പോഴായി പല താളുകളില്‍ കോറിയിട്ട ഓര്‍മ്മകളുടെ ഏകീകരണമാണീ ആത്മകഥ. ഓര്‍മ്മകള്‍ തുടങ്ങുന്നിടത്താണ് നമ്മുടെ കുട്ടിക്കാലം ആരംഭിക്കുന്നത്. ആകാശവും കാറ്റും മരങ്ങളും കിളികളും വെറുതെ കോരിത്തരിപ്പിച്ച മറ്റുള്ളവരുടെ ദുഃഖങ്ങള്‍ മനസിലാവാത്ത അച്ഛനുമമ്മയും മാത്രം ചേര്‍ന്ന അണുവിലും അണുവായൊരു ബാല്യത്തില്‍ നിന്നുമാണ് ജയശ്രീ ആത്മകഥ തുടങ്ങുന്നത്. അതുകൊണ്ട് തന്നെയാവാം ദുഃഖിതരായ കുറച്ചു പേരെയെങ്കിലും നെഞ്ചോടു ചേര്‍ത്തുപിടിക്കാന്‍ അവര്‍ക്ക് ആശ്വാസം നല്‍കാന്‍ സ്വപ്രയത്നത്താല്‍ നേടിയ ഡോക്ടര്‍ പദവിപോലുമുപേക്ഷിച്ച് ഒരു സാമൂഹ്യ പ്രവര്‍ത്തകയായി മാറിയത്. മലര്‍ക്കെ തുറന്ന വാതിലുകളാണ് സ്കൂളുകള്‍. ക്ലാസ് സമയത്തിനും സിലബസിനും പുറത്ത് നമുക്കെന്തു ലഭിക്കുന്നു എന്നതായിരിക്കും സ്കൂള്‍ ജീവിതത്തിന്റെ ഹാപ്പിനെസ് ഇന്‍ഡക്സ് എന്ന് ജയശ്രീ അഭിപ്രായപ്പെടുന്നു. ഒറ്റയ്ക്കിരിക്കാന്‍ ഇഷ്ടപ്പെടുന്ന കുട്ടി, സ്വപ്നത്തില്‍ സ്ഥിരമായി കാണുന്ന ലബോറട്ടറിയിലെ ഗവേഷക, ശാസ്ത്രജ്ഞയാകുമെന്ന പ്രതീക്ഷ തുടങ്ങി കഥാകാരി സ്വന്തം ഭൂതഭാവികാലങ്ങളെക്കുറിച്ചുണ്ടായിരുന്ന സങ്കല്പങ്ങളെ വളരെ ലാളിത്യത്തോടെ ചിത്രീകരിക്കുന്നു. വീടിന്റെ ഒരു ഭാഗത്തൊരു ക്ലിനിക് പ്രവര്‍ത്തിച്ചിരുന്നതും അവിടെ നിന്നും പല സ്ത്രീകളുടെയും ഉച്ചത്തിലുള്ള രോദനം കേട്ടിരുന്നതും കുട്ടിയായ ജയശ്രീയെ നോവിച്ചിരുന്നു. അതിന്റെ കാരണങ്ങള്‍ അന്വേഷിച്ച് കണ്ടുപിടിച്ചത് വളരെ വൈകിയാണെങ്കിലും ഉള്ളിന്റെയുള്ളില്‍ എവിടെയോ ആശുപത്രിയോടുള്ള സ്നേഹവും സേവന മനോഭാവവും വളര്‍ന്നുവന്നു. അധ്യാപകരായ അച്ഛന്റെയും അമ്മയുടെയും മകളായതുകൊണ്ടാവാം കുട്ടിക്കാലത്തുതന്നെ കവിതാ രചനയിലും വായനയിലുമുള്ള താല്പര്യം മനസിലാക്കി മഹാത്മാഗാന്ധി, നെഹ്രു, സുഭാഷ് ചന്ദ്രബോസ്, ടാഗോര്‍ തുടങ്ങിയവരുടെ ആശയങ്ങള്‍ വായിച്ചറിയാനും അവയിലെ നന്മകള്‍ ഉള്‍ക്കൊള്ളാനും കഴിഞ്ഞിട്ടുണ്ട്. 

രോഗികള്‍ക്കൊപ്പമുള്ള ജീവിതത്തിലെ ദുഃഖകരമായ ചില സംഭവങ്ങളൊഴിച്ചാല്‍ മെഡിക്കല്‍ കോളജ് പഠനം വളരെ ആസ്വാദ്യകരമായിരുന്നു. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും മാത്രമല്ല ജനങ്ങളുടെ കൂടി സ്ഥാപനമാണവിടം. സുവോളജിയില്‍ പിജി കഴിഞ്ഞാണവിടെ പഠനമാരംഭിച്ചതെന്നതിനാല്‍ കാര്യങ്ങള്‍ കുറെക്കൂടി സുഗമവുമായി. ജനനം, മരണം, വേദന, ആശ്വാസം എന്നിങ്ങനെ വൈരുധ്യങ്ങളുടെ കേന്ദ്രമാണ് ആതുരാലയങ്ങള്‍ എന്നതൊരു സത്യം തന്നെയാണ്. ഇക്കാലത്ത് ഡോക്ടര്‍മാര്‍ ടെക്നോക്രാറ്റുകളായി പരിണമിച്ചെങ്കില്‍ അവരില്‍ നിന്നും രോഗികള്‍ പ്രതീക്ഷിക്കുന്നത് സ‍ാന്ത്വനമാണെന്ന് ജയശ്രീ വരയിട്ടു പറയുന്നു. മെഡിക്കല്‍ വിദ്യാഭ്യാസത്തെക്കുറിച്ചും അവിടത്തെ പഠനരീതികളെക്കുറിച്ചും നമുക്കജ്ഞാതമായ പല കാര്യങ്ങളും വ്യക്തതയോടെ വിശകലനം ചെയ്തിരിക്കുന്നൊരു കൃതിയാണിത്. മെഡിക്കല്‍ വിദ്യാഭ്യാസത്തിലുപരി ഗുരുകുലവാസമായിരുന്നു ജയശ്രീ ആഗ്രഹിച്ചിരുന്നത്. ബന്ധങ്ങളില്‍ വച്ച് ഏറ്റവും തീവ്രമായത് ഗുരു ശിഷ്യ ബന്ധമാണെന്നവര്‍ വിശ്വസിച്ചു. കുട്ടിക്കാലത്ത് വീട്ടില്‍ വരുത്തിയിരുന്ന ‘വിവേകോദയം’ എന്ന മാസികയുടെ വായനയിലൂടെ ആധ്യാത്മികതയിലേക്കാകര്‍ഷിക്കപ്പെട്ടു. ശ്രീനാരായണഗുരുവിന്റെ കൃതികളും വ്യാഖ്യാനങ്ങളും വായിച്ചു തുടങ്ങിയപ്പോള്‍ ആധ്യാത്മികതയിലുപരി സമൂഹത്തിന്റെ ഭൗതിക വളര്‍ച്ചയിലായിരുന്നു ഗുരുവിന് താല്പര്യമെന്നും ക‍ൃഷി, വ്യവസായം, വാണിജ്യം, വിദ്യാഭ്യാസം, സയന്‍സ്, ആശയവിനിമയം തുടങ്ങിയവയ്ക്കാണ് പ്രാധാന്യം നല്കിയിരുന്നതെന്നും മനസിലായതോടെ ഗുരുവിനോടുള്ള മതിപ്പു വര്‍ധിച്ചു.

ജീവിതത്തിന് സമഗ്രമായൊരു ദര്‍ശനം നല്കാന്‍ കഴിയുന്ന അറിവ് എവിടെ? എന്ന ന്വേഷണത്തിലാണ് നടരാജ ഗുരുവിനെ അറിയുന്നതും അദ്ദേഹത്തെ പിന്തുടരുന്ന ഒരു വ്യക്തിയാണ് ഗുരു നിത്യചൈതന്യയതി എന്ന് മനസിലാക്കുന്നതും യതിയുടെ ചില ലേഖനങ്ങള്‍ വായിച്ചതിലൂടെ യതിയുടെ ആരാധികയായിത്തീര്‍ന്നതും. യതിയുമായുണ്ടായിരുന്ന ബന്ധമാണ് ജയശ്രീയെ യതിയുടെ അടുത്ത ബന്ധുവായ മൈത്രേയനിലെത്തിച്ചത്. അവര്‍ക്കിടയിലെ ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കുമിടയിലെപ്പോഴോ പ്രണയവും രൂപപ്പെട്ടു. ഒന്നിച്ചു ജീവിക്കുവാന്‍ തീരുമാനിക്കുകയും അച്ഛനമ്മമാരുടെ സമ്മതത്തോടെ ചടങ്ങുകളും ആര്‍ഭാടവുമില്ലാതെ ഒരു ഓണക്കാലത്ത് എഴുകോണിലെ വീട്ടിലെത്തി ജയശ്രീയെയും കൂട്ടി ഒരു ബസില്‍ കയറിയാണ് മൈത്രേയന്‍ സ്വന്തം വീട്ടിലേക്ക് പോയത്. വഴിയിലുടനീളം എല്ലാവരോടും ഞങ്ങള്‍ ഒരുമിച്ചു ജീവിക്കാന്‍ പോവുകയാണെന്ന് പറഞ്ഞുകൊണ്ടേയിരുന്നു. എന്നാല്‍ രണ്ടു പേര്‍ക്കുമിടയില്‍ പല കാര്യങ്ങളിലും അന്നും ഇന്നും അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നു. ജയയുടെ ഹൗസ് സര്‍ജന്‍സി കാലത്താണ് കുഞ്ഞു ജനിക്കുന്നത്. അവളെ അച്ഛന്‍ ‘കനി‘യെന്നു വിളിച്ചു. സ്കൂളില്‍ ചേര്‍ക്കുന്ന സമയത്ത് അമ്മ (ജയച്ചേച്ചി) കുസൃതി എന്നു കൂടി ചേര്‍ത്ത് അവള്‍ ‘കനികുസൃതിയായി’, ഇപ്പോള്‍ ലോക പ്രശസ്തയും. 

ഈ ആത്മകഥയിലുടനീളം സ്ത്രീകളുടെ വിദ്യാഭ്യാസം, സമത്വം, സാമ്പത്തികം, സാംസ്കാരികം, ജീവിത നിലവാരമുയര്‍ത്തല്‍ തുടങ്ങിയ വിഷയങ്ങളില്‍ ജയശ്രീ നടത്തിയ ശ്രമങ്ങള്‍ നമുക്ക് വായിച്ചെടുക്കാവുന്നതാണ്. കുട്ടിക്കാലത്ത് ഉണ്ടാകുന്ന ചില വ്യത്യസ്താനുഭവങ്ങള്‍ അര്‍ത്ഥമറിയാതെയോ വ്യാപ്തി അറിയാതെയോ ഉള്ളില്‍ കുടുങ്ങിക്കിടക്കും. തിരിച്ചറിവുണ്ടാകുന്ന കാലത്ത് അതോര്‍ത്ത് ദുഃഖമോ സന്തോഷമോ ദേഷ്യമോ തോന്നാം. അത്തരം ചില അനുഭവങ്ങളാകാം ജയയെ ഒരു ഫെമിനിസ്റ്റ് ചിന്താഗതിയിലേക്ക് നയിച്ചത്. സാഹചര്യത്തിന്റെ സമ്മര്‍ദ്ദത്താല്‍ വഴിതെറ്റിപ്പോകുന്ന സ്ത്രീജന്മങ്ങള്‍, ഇന്നും കളിയാക്കലുകള്‍ക്ക് പാത്രമാകുന്ന ട്രാന്‍സ്ജെന്‍ഡറുകള്‍, അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുവാനും കൈത്താങ്ങാകുവാനും ജയശ്രീയിലെ നന്മകാരണമായിട്ടുണ്ട്. അറിയപ്പെടുന്നൊരു സാമൂഹ്യ പ്രവര്‍ത്തക എന്നതിലുപരി ബുദ്ധിമതിയായൊരു എഴുത്തുകാരിയെക്കൂടി നമുക്ക് ഈ കൃതിയില്‍ കാണാം. 

എഴുകോണ്‍
(ആത്മകഥ)
എ കെ ജയശ്രീ
റാറ്റ് ബുക്സ്
വില: 900 രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.