50 വര്‍ഷം പിന്നിട്ട ഇന്നസെന്റ് എന്ന നടന്റെ സാമീപ്യം മലയാളത്തിലെ ഒട്ടുമിക്ക താരങ്ങള്‍ക്കും സംവിധായകര്‍ക്കും തങ്ങളുടെ കരിയര്‍ പടുത്തുയര്‍ത്താനുള്ള പടവുകളായിട്ടുണ്ട്.
മോഹന്‍ സംവിധാനം ചെയ്ത ‘വിടപറയും മുമ്പേ’, പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കി നിര്‍മ്മിച്ച ‘ഇളക്കങ്ങള്‍’, ഗോപിയും മാധവിയും മുഖ്യവേഷത്തിലഭിനയിച്ച ‘ഓര്‍മ്മയ്ക്കായി’, കോടമ്പക്കത്തെ സിനിമാ ലോകത്തെ പിന്നാമ്പുറക്കഥകള്‍ പറഞ്ഞ ‘ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക്’ എന്നീ ചിത്രങ്ങള്‍ക്ക് കാശ് മുടക്കിക്കൊണ്ടാണ് ഇന്നസെന്റ് മലയാള സിനിമാ ലോകത്ത് ഇരിപ്പിടമുറപ്പിച്ചത്. 1972 ല്‍ പുറത്തിറങ്ങിയ ആദ്യചിത്രമായ ‘നൃത്തശാല’യിലെ പത്രപ്രവര്‍ത്തകന്‍ മുതല്‍ കിട്ടിയ കൊച്ചുകൊച്ചു വേഷങ്ങള്‍ പ്രേക്ഷകശ്രദ്ധ നേടുന്ന രീതിയില്‍ അവതരിപ്പിക്കാന്‍ ഇന്നസെന്റിനായി.
സിദ്ധിക്കും ലാലും സംവിധാനം ചെയ്ത ‘റാംജിറാവ് സ്പീക്കിംഗി‘ലെ മാന്നാര്‍ മത്തായി ശ്രദ്ധിക്കപ്പെട്ടതോടെയാണ് ഇന്നസെന്റിന്റെ തലവര മാറി തുടങ്ങിയത്. ആദ്യചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഇന്നസെന്റിനെ പിന്നെയുള്ള മിക്ക ചിത്രങ്ങളിലും സിദ്ധിക്കും ലാലും കൂടെ കൂട്ടി. അവര്‍ ഒരുമിച്ച് സംവിധാനം ചെയ്ത ‘ഇന്‍ ഹരിഹര്‍ നഗറി‘ലൊഴികെയുള്ള ചിത്രങ്ങളില്‍ ഇന്നസെന്റ് പ്രധാന കഥാപാത്രങ്ങളിലൊന്നായി മാറി. ‘ഗോഡ്ഫാദറി‘ലെ സ്വാമിയേട്ടന്‍, ‘വിയറ്റ്‌നാം കോളനി‘യിലെ കെ കെ ജോസഫ്, ‘കാബൂളിവാല’യിലെ കന്നാസ്… ഇങ്ങനെ മലയാളിക്ക് എക്കാലത്തും ചിരിക്കാനുള്ള കഥാപാത്രങ്ങളെ ഇന്നസെന്റിലൂടെ വെള്ളിത്തിരയിലെത്തുകയായിരുന്നു. പിന്നീട് ഈ കൂട്ടായ്മയില്‍ നിന്നും പുറത്തിറങ്ങിയ ‘മാന്നാര്‍ മത്തായി സ്പീക്കിം‘ഗ്, ‘ഹിറ്റ്‌ലര്‍’, ‘ക്രോണിക്ക് ബാച്ചിലര്‍’ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളും ഇന്നസെന്റിലെ നടന് തെളിയാന്‍ അവസരമൊരുക്കി.
സത്യന്‍ അന്തിക്കാട് എന്ന സംവിധായകന്റെ സിനിമകളിലെ സ്ഥിരം ചേരുവകളിലൊന്നായിരുന്നു ഇന്നസെന്റ് എന്ന നടന്‍. ‘സന്‍മനസുള്ളവര്‍ക്ക് സമാധാന’ത്തിലെ കുഞ്ഞിക്കണ്ണന്‍ നായര്‍, ‘പൊന്‍മുട്ടയിടുന്ന താറാവി‘ലെ പണിക്കര്‍, ‘പട്ടണപ്രവേശ’ത്തിലെയും ‘നാടോടിക്കാറ്റി‘ലെയും ബാലന്‍, ‘വരവേല്‍പ്പി‘ലെ ചാത്തൂട്ടി, ‘മഴവില്‍ക്കാവടി‘യിലെ ശങ്കരന്‍കുട്ടി മേനോന്‍, ‘തലയണ മന്ത്ര’ത്തിലെ ഡാനിയേല്‍, ‘സസ്‌നേഹ’ത്തിലെ ഈനാശു, ‘സന്ദേശ’ത്തിലെ യശ്വന്ത് സഹായ്, ‘പിന്‍ഗാമി‘യിലെ അയ്യങ്കാര്‍, ‘നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക’യിലെ ജോണി വെള്ളക്കാല, ‘മനസിനക്കര’യിലെ ചാക്കോ മാപ്പിള, ‘രസതന്ത്ര’ത്തിലെ മണികണ്ഠന്‍ ആശാരി, ‘വിനോദയാത്ര’യിലെ തങ്കച്ചന്‍, ‘സ്‌നേഹവീടി‘ലെ മത്തായി, ‘എന്നും എപ്പോഴു‘മിലെ കറിയാച്ചന്‍, ‘മകളി‘ലെ ഡോ. ഗോവിന്ദന്‍ വരെ നിരവധി സത്യന്‍ കഥാപാത്രങ്ങള്‍ ഇന്നസെന്റിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നിട്ടുണ്ട്. ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘വടക്കുനോക്കിയന്ത്ര’ത്തിലും ‘ചിന്താവിഷ്ടയായ ശ്യാമള’യിലും ശക്തമായ കഥാപാത്രങ്ങളായി ഇന്നസെന്റ് എത്തിയിട്ടുണ്ട്.
‘കിലുക്ക’ത്തിലെ കിട്ടുണ്ണിയെ സൃഷ്ടിച്ച പ്രിയദര്‍ശനും ഇന്നസെന്റ് ഒഴിവാക്കാനാവാത്ത ഒരു ചേരുവയായിരുന്നു. ‘അദ്വൈത’ത്തിലെ ശേഷാദ്രി അയ്യരും ‘മിഥുന’ത്തിലെ കുറുപ്പും, ‘ചന്ദ്രലേഖ’യിലെ ഇരവിയും ‘കാക്കക്കുയി‘ലെ പൊതുവാളുമൊക്കെ അതില്‍ ചിലത് മാത്രം. ബോളിവുഡിലും കോളിവുഡിലും ഇന്നസെന്റിനെ കൂടെ കൂട്ടാനും പ്രിയദര്‍ശന്‍ മറന്നില്ല.
കൊണ്ടും കൊടുത്തും കഥാപാത്രങ്ങളെ മെച്ചപ്പെടുത്തുന്ന മലയാളത്തിലെ നായക നടന്‍മാര്‍ക്കും ഇന്നസെന്റ് ഒഴിച്ചുക്കൂട്ടാനാവാത്ത ഒരു മുതല്‍ക്കൂട്ടാണ്. നായകന്റെ കോമാളിത്തരങ്ങള്‍ക്കൊപ്പം ചിരിക്കുകയും ഹീറോയിസത്തിന് കയ്യടിക്കുകയും ചെയ്യുന്ന സില്‍ബന്തി വേഷങ്ങള്‍ക്കപ്പുറം വളരാനും ഇന്നസെന്റിനായിട്ടുണ്ട്. ‘എന്താടോ വാര്യരെ ഞാന്‍ ഇങ്ങനെയായിപ്പോയ’തെന്ന് ചോദിച്ച് നായകന്റെ കുറവുകളും കുറ്റങ്ങളും വ്യക്തമാക്കാനുള്ള കഥാപാത്രങ്ങളായിരുന്നു ഇന്നസെന്റിലൂടെ പുറത്തുവന്നത്.
മോഹന്‍ലാലിനൊപ്പം ‘ദേവാസുരം’, ‘നരസിംഹം’, ‘മിഥുനം’, ‘മാടമ്പി’, ‘രസതന്ത്രം’, ‘രാവണപ്രഭു’… ഇങ്ങനെ നിരവധി ചിത്രങ്ങളില്‍ ഇന്നസെന്റ് പ്രധാന കഥാപാത്രമായെത്തിയിട്ടുണ്ട്. മമ്മൂട്ടി ഹാസ്യകഥാപാത്രത്തിന്റെ കുപ്പായമണിഞ്ഞ ‘പട്ടണത്തിലും ഭൂതം’, ‘തുറുപ്പു ഗുലാന്‍’, ‘ക്രോണിക്ക് ബാച്ചിലര്‍’ എന്നീ ചിത്രങ്ങളിലെ ഹാസ്യരംഗങ്ങള്‍ക്ക് തിരികൊളുത്താന്‍ ഇന്നസെന്റ് കൂടെയുണ്ടായിരുന്നു. ‘വേഷം’, ‘ബസ് കണ്ടക്ടര്‍’ തുടങ്ങിയ ചിത്രങ്ങളില്‍ ശക്തമായ കഥാപാത്രമായും. ഇന്നസെന്റിനോടൊപ്പം ഒരുമിച്ചഭിനയിച്ച് തന്റെ കഥാപാത്രത്തെ കട്ടയ്ക്ക് കൂടെ നിര്‍ത്താന്‍ ഏറ്റവും കൂടുതല്‍ ഭാഗ്യം ലഭിച്ചത് ജയറാമിനാണ്. ആദ്യ ചിത്രമായ ‘അപര’നില്‍ തുടങ്ങി ജയറാമിന്റെ കഴിഞ്ഞ വര്‍ഷത്തെ റിലീസായ മകള്‍ക്ക് വരെ അതിലുള്‍പ്പെടുന്നു. ‘മനസിനക്കരെ’, ‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്’, ‘മഴവില്‍ക്കാവടി’, ‘മാലയോഗം’, ‘തലയണമന്ത്രം’, ‘പൂക്കാലം വരവായി’, ‘ശുഭയാത്ര’ അങ്ങനെ പോകുന്നു ആ ചിത്രങ്ങള്‍. ഇന്നസെന്റിനെ ഇന്നസെന്റിനെക്കാള്‍ മനോഹരമായി മിമിക്രി വേദിയില്‍ അവതരിപ്പിച്ചിരുന്ന ദിലീപിനും അദ്ദേഹത്തോടൊപ്പം നിരവധി വേദികള്‍ പങ്കിടാനായി.
മലയാള സിനിമയിലെ കഴിഞ്ഞുപോയ ദശാബ്ദങ്ങളെ നാട്ടിന്‍പുറത്തെ ഒരു കുളക്കടവായി സങ്കല്‍പ്പിച്ചാല്‍ ആ കുളക്കടവിലെ നല്ലൊരു അലക്കുകല്ലായിരുന്നു ഇന്നസെന്റ്. സത്യന്‍ അന്തിക്കാടും പ്രിയദര്‍ശനും ശ്രീനിവാസനും മോഹനനും സിദ്ധിക്ക് ലാലുമുള്‍പ്പെടെയുള്ള സംവിധായകര്‍ക്ക് തങ്ങളുടെ കഥാപാത്രങ്ങളെ അലക്കി വൃത്തിയാക്കി വെളുപ്പിച്ചെടുക്കാനുള്ള ഒരു അലക്കുകല്ല്. ഈ അലക്കുകല്ലില്‍ വെളുപ്പിച്ചെടുത്ത കൂപ്പായത്തോടൊപ്പം ചേരുമ്പോള്‍ അതിനേക്കാള്‍ ഒട്ടും തിളക്കം കുറയാതെ ശോഭിക്കാന്‍ കൂടെ അഭിനയിച്ച മറ്റു നടന്‍മാര്‍ക്കുമാവുമായിരുന്നു. നെടുമുടി വേണുവും കെപിഎസി ലളിതയും പപ്പുവും തിലകനും മുരളിയുമുള്‍പ്പെടെയുള്ള കഥാപാത്രങ്ങളെ അലക്കിവൃത്തിയാക്കിക്കൊടുത്തിരുന്ന അലക്കുകല്ലുകള്‍ ഓരോന്നായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. പുതിയ ഡിസൈനുകളില്‍ പുറത്തിറങ്ങുന്ന ന്യൂജന്‍ വാഷിംഗ് മെഷീനുകളില്‍ നിന്നും നിശ്ചിത സമയം കൊണ്ട് കഴുകിഉണക്കി കിട്ടുന്ന കഥാപാത്രങ്ങള്‍ക്ക് ആ വെണ്‍മയും തിളക്കവും ലഭിക്കില്ലെന്നുറപ്പാണ്. പക്ഷേ ഇനിവരുന്ന തലമുറയ്ക്ക് ഇങ്ങനെ വെളുപ്പിച്ചെടുക്കുന്ന കഥാപാത്രങ്ങളെ ഇഷ്ടപ്പെടാന്‍ മാത്രമേ നിര്‍വാഹമുള്ളു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.