ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കുഞ്ഞയ്യപ്പൻ സിനിമയിൽ സജീവമാകുന്നു. ചെറുപ്പം മുതൽ കലാരംഗത്ത് സജീവമായിരുന്ന പുനലൂർ സ്വദേശിയായ കുഞ്ഞയ്യപ്പൻ പതിനാറ് വർഷത്തെ പട്ടാള ജീവിതത്തിന് ശേഷമാണ് സിനിമാ രംഗത്തേക്ക് പ്രവേശിക്കുന്നത്. പട്ടാളത്തിൽ നിന്ന് വിരമിച്ച ശേഷം നാട്ടിൽ തിരിച്ചെത്തിയ കുഞ്ഞയ്യപ്പൻ പന്ത്രണ്ട് വർഷത്തോളം തിരുവനന്തപുരത്ത് പബ്ലിക് റിലേഷൻ വകുപ്പിൽ ജോലി ചെയ്തു. ഈ കാലത്താണ് ഷോർട്ട് ഫിലിമുകളിലൂടെ കലാരംഗത്ത് കൂടുതൽ സജീവമാകുന്നത്.
അന്തകുയിൽ നീ താനാ
സിനിമ നിർമ്മിക്കാൻ തീരുമാനിച്ചപ്പോൾ അത് തമിഴിൽ ഒരുക്കാനാണ് കുഞ്ഞയ്യപ്പൻ തീരുമാനിച്ചത്. അങ്ങനെ സൗണ്ട് എഫക്ടിലൂടെ ശ്രദ്ധേയനായ രാജ് മാർത്താണ്ഡവുമായി ചേർന്ന് പൊന്നു ഫിലിംസിന്റെ ബാനറിൽ അന്തകുയിൽ നീ താനാ എന്ന സിനിമയൊരുക്കാൻ നിശ്ചയിച്ചു. വേഴാമ്പൽ, അമ്മയും മകളും, ആ പെൺകുട്ടി നീ ആയിരുന്നെങ്കിൽ തുടങ്ങിയ സിനിമകളിലൂടെ ഒരു കാലത്ത് മലയാളത്തിൽ ശ്രദ്ധേയനായിരുന്ന സ്റ്റാൻലി ജോസായിരുന്നു ചിത്രം സംവിധാനം ചെയ്തത്. കീർത്തി കൃഷ്ണയായിരുന്നു നായിക. മുത്തു എന്ന നായക വേഷത്തിൽ കുഞ്ഞയ്യപ്പൻ സിനിമയിലെത്തി. തമിഴ്‌നാട്ടിലെ ഒരു കുഗ്രാമത്തിൽ ജനിച്ച മുത്തുവും പവിഴവും തമ്മിലുള്ള പ്രണയവും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമായിരുന്നു ചിത്രം പറഞ്ഞത്. ടൂറിസ്റ്റ് ഗൈഡായ മുത്തുവും ശങ്കർബാല എന്ന ശാസ്ത്രജ്ഞന്റെ ഭാര്യ അഞ്ജലിയുമായുള്ള സൗഹൃദം തെറ്റിദ്ധരിക്കപ്പെടുന്നതും തുടർന്ന് എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് ഗ്രാമത്തിൽ സംഭവിച്ച കാര്യങ്ങളുമായിരുന്നു ചിത്രത്തിന്റെ പ്രമേയം. 2016 പുറത്തിറങ്ങി തരക്കേടില്ലാത്ത സാമ്പത്തിക വിജയം നേടിയ ചിത്രം മൊഴി മാറ്റി തെലുങ്കിലും പ്രദർശനത്തിനെത്തി. ഈ ചിത്രത്തിലൂടെ നായകനും നിർമ്മാതാവും വിതരണക്കാരനുമായി കുഞ്ഞയ്യപ്പൻ തമിഴിൽ അരങ്ങേറ്റം കുറിച്ചു.
ഷോർട്ട് ഫിലിമുകളിലൂടെ തുടക്കം
ചെറുപ്പം മുതൽ നാടകങ്ങളിലും മറ്റും അഭിനയിച്ചിട്ടുണ്ടെങ്കിലും പട്ടാളത്തിൽ നിന്ന് മടങ്ങിയെത്തിയ ശേഷമാണ് അഭിനയത്തെ ഗൗരവമായി കണ്ടു തുടങ്ങിയതെന്ന് കുഞ്ഞയ്യപ്പൻ പറയുന്നു. കുളത്തൂപ്പുഴ ബാലകൻ എന്ന ഷോർട്ട് ഫിലിം നിർമ്മിച്ചുകൊണ്ടായിരുന്നു തുടക്കം. തുടർന്ന് ഈ നാദം നിലയ്ക്കുമോ, കുപ്പയിലെ മാണിക്യം തുടങ്ങിയ ഷോർട്ട് ഫിലിമുകളിൽ പ്രധാന വേഷങ്ങൾ ചെയ്തു. അഭിനയത്തിന് നിരവധി പുരസ്ക്കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തി. ഫിൽകാ ഇന്റർനാഷണൽ അവാർഡ് സുപ്രസിദ്ധ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനിൽ നിന്നും സ്വീകരിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ വലിയൊരു ഭാഗ്യമായി കുഞ്ഞയ്യപ്പൻ കാണുന്നു.
സത്യജിത് റേ അവാർഡ്, ഭരതൻ സ്മാരക അവാർഡ്, 24 ഫ്രെയിംസ് സ്പെഷ്യൽ ജൂറി പുരസ്ക്കാരം എന്നിവയും ഇദ്ദേഹത്തെ തേടിയെത്തി. വേൾഡ് ഡ്രമാറ്റിക് സ്റ്റഡി സെന്റർ സംഘടിപ്പിച്ച ഭരതൻ സ്മാരക ഹ്രസ്വചിത്ര മത്സരത്തിലാണ് ഈ നാദം നിലയ്ക്കുമോ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്ക്കാരം ലഭിക്കുന്നത്. അനിൽ ശ്രീരാഗമായിരുന്നു കുപ്പയിലെ മാണിക്യം സംവിധാനം ചെയ്തത്. ദുർഗുണ പാഠശാലയിൽ ശിക്ഷയനുഭവിക്കുന്ന മാണിക്യം എന്ന പന്ത്രണ്ടു വയസ്സുകാരന്റെ ജീവിത യാഥാർത്ഥ്യങ്ങളായിരുന്നു കുപ്പയിലെ മാണിക്യം പറഞ്ഞത്.
‘എൻ കാതൽ ഉനക്കാക’
ആദ്യ തമിഴ് ചിത്രമായ അന്തകുയിൽ നീ താനാ തരക്കേടില്ലാത്ത പ്രതികരണം ഉണ്ടാക്കിയപ്പോൾ പല നിർമ്മാതാക്കളും വിളിച്ചിരുന്നെങ്കിലും കൂടുതൽ മികച്ച വേഷത്തിനായി കാത്തിരിക്കാനായിരുന്നു കുഞ്ഞയ്യപ്പന്റെ തീരുമാനം. ഇപ്പോൾ പുതിയ തമിഴ് ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങളിൽ സജീവമാണ് ഇദ്ദേഹം. രാജ് മാർത്താണ്ഡവുമൊത്ത് രണ്ടാമത്തെ തമിഴ് ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പുകളിലാണ് കുഞ്ഞയ്യപ്പൻ. ‘എൻ കാതൽ ഉനക്കാക’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സ്ക്രിപ്റ്റ് പൂർത്തിയായിട്ടുണ്ട്. ഈ പ്രണയ ചിത്രം ഒരു ഫാക്ടറിയുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. മെയ് ആദ്യവാരത്തോടെ തേനി, കമ്പം, തെന്മല എന്നിവടങ്ങളിലായി ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. ബഹുഭാഷാ ചലച്ചിത്ര രചയിതാവും ഗാനരചയിതാവും സഹസംവിധായകനുമായ പുതിയങ്കം മുരളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അന്തകുയിൽ നീ താനാ എന്ന ചിത്രത്തിന്റെ സീനിയർ അസോസിയേറ്റ് ഡയറക്ടറും സ്പെഷ്യൽ കൺസള്‍ട്ടന്റും പുതിയങ്കം മുരളിയായിരുന്നു. ലോക പ്രസിദ്ധമായ രാമോജി ഫിലിം സിറ്റിയുടെ തമിഴ്- മലയാളം ചലച്ചിത്ര നിർമ്മാണോപദേഷ്ടാവായിരുന്നു മുരളി.
ഭദ്രന്റെ എന്റെ മോഹങ്ങൾ പൂവണിഞ്ഞു, ചങ്ങാത്തം, ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ തുടങ്ങിയ ചിത്രങ്ങളുടെ സ്ക്രിപ്റ്റ് സഹായിയായും ഗാനരചയിതാവായും പ്രവർത്തിച്ചു. സൂപ്പർഹിറ്റായ ലയനം എന്ന ചിത്രത്തിന് സംഭാഷണം രചിച്ചതും പുതിയങ്കം മുരളിയായിരുന്നു. പ്രിയപ്പെട്ട കുക്കു, ഗാന്ധാരി, ഓർമ്മയിലെന്നും മിഴിയോരങ്ങൾ, അപൂർവ്വ സംഗമം തുടങ്ങിയ ചിത്രങ്ങളിലും ഇദ്ദേഹം പാട്ടുകൾ എഴുതിയിട്ടുണ്ട്. ഒരു യാത്രാമൊഴിയുടെ തമിഴ് മൊഴിമാറ്റമായ പയനത്തിൻ മൊഴി എന്ന ചിത്രത്തിന്റെ ഗാനരചനയും സംഭാഷണവും പുതിയങ്കം മുരളിയായിരുന്നു. ഏറെ പുതുമകളുള്ള എൻ കാതൽ ഉനക്കാകെ മികച്ച വിജയമാകുമെന്ന പ്രതീക്ഷയിലാണ് കുഞ്ഞയ്യപ്പൻ. ഇപ്പോൾ സെക്രട്ടറിയേറ്റിൽ ജോലി ചെയ്യുന്ന കുഞ്ഞയ്യപ്പൻ തിരുവനന്തപുരം കരമനയിലാണ് താമസം. ഭാര്യ സുഭജ. രണ്ടു മക്കളുണ്ട്. കുടുംബത്തിന്റെ പൂർണ്ണ പിന്തുണയിലാണ് കലാരംഗത്ത് തന്റെ യാത്രയെന്ന് കുഞ്ഞയ്യപ്പൻ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.