19 December 2024, Thursday
KSFE Galaxy Chits Banner 2

ഹൃദയത്തിനുള്ളിൽ

എ ഐ ശംഭുനാഥ്
January 30, 2022 2:45 am

ഇരുണ്ട പശ്ചാത്തലമുള്ള സിനിമകൾക്കാണ് കോവിഡ് കാലം കൂടുതലും സാക്ഷ്യം വഹിച്ചത്. പ്രേക്ഷകരുടെ അഭിരുചിയും അതിനൊത്ത് ക്രമീകരിക്കപ്പെട്ടു എന്ന് വാദിച്ച ആളുകളുമുണ്ട്. എന്നാൽ, കണ്ടിറങ്ങുന്നവന്റെ മനസ്സിൽ ആനന്ദം പകരുന്ന സിനിമകൾക്ക് എന്നും ജനസ്വീകാര്യത ഉണ്ടെന്നത് പരമാർത്ഥമാണ്. ആർആർആർ ഉൾപ്പടെയുള്ള പല സിനിമകളും കോവിഡിന്റെ അതിതീവ്ര വ്യാപനത്തെ ഭയന്ന് റിലീസ് ഡേറ്റ് മാറ്റിയപ്പോഴും ‘ഹൃദയം’ ടീം തങ്ങൾ മുൻകൂട്ടി നിശ്ചയിച്ച ഡേറ്റായ ജനുവരി 21 — ന് തന്നെ തിയേറ്ററിൽ സിനിമ റിലീസിനെത്തിച്ചു. അതിന് നിർമ്മാതാവായ വിശാഖ് സുബ്രഹ്മണ്യം പ്രത്യേക പ്രശംസയ്ക്ക് അർഹനാകുന്നു. ഒരുകാലത്ത് മലയാള സിനിമയുടെ മുഖമുദ്രയായിരുന്ന മെറിലാൻഡ് സിനിമാസിന്റെ പഴയ ലോഗോ സ്ക്രീനിൽ തെളിഞ്ഞ് വരുമ്പോൾ ഗൃഹാതുരതയുടെ ഏതോ കോണിലേക്ക് അവ മലയാള സിനിമാപ്രേക്ഷകരെ കൂട്ടികൊണ്ടുപോകുന്നുണ്ട്. സിനിമ തുടങ്ങുമ്പോഴുള്ള നന്ദി രേഖപ്പെടുത്തുന്ന ടൈറ്റിലുകളിൽ വരെ ഒരു റെട്രോ ടച്ച് അനുഭവപ്പെടുന്നുണ്ട്. 

വിനീത് ശ്രീനിവാസൻ ചിത്രങ്ങളുടെ മാന്ത്രികത എന്തെന്നാൽ കാണികളുടെ മനസ്സിലേക്ക് സിനിമയുടെ അതേ ഊർജ്ജവും താളവും മറ്റു വികാരങ്ങളും പകുത്ത് നൽകുന്നു എന്നതാണ്. ഹൃദയം വിനീതിന്റെ സംവിധാനത്തിലൊരുങ്ങിയ അഞ്ചാമത്തെ ചിത്രമാകുമ്പോഴും സിനിമയുടെ അവതരണത്തിൽ പുതുമയുടെ വേറിട്ട അദ്ധ്യായങ്ങൾ തുറക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. സിനിമ പൂർണതയിൽ ആസ്വദിക്കേണ്ടുന്ന കലയാണെന്ന് സംവിധായകൻ തന്റെ സൃഷ്ടിയിലൂടെ ഇവിടെ വീണ്ടും ഓർമ്മിപ്പിക്കുന്നുണ്ട്.
അരുൺ നീലകണ്ഠൻ എന്ന യുവാവിന്റെ എഞ്ചിനീയറിംഗ് കോളേജിലെ നാല് വർഷകാലയളവാണ് ചിത്രത്തിന്റെ ആദ്യ പകുതി. സിനിമയിലെ കാമ്പസ് മുഹൂർത്തങ്ങളെ ധന്യമാക്കുന്നത് രചയിതാവിന്റെ സൂക്ഷ്മമായ കോർത്തിണക്കലാണെന്ന് നിസ്സംശയം പറയാം. ഇന്നത്തെ യുവ തലമുറയിൽ പെട്ട പലർക്കും തങ്ങളുടെ കോളേജ് കാലഘട്ടവുമായി അടുത്ത് ബന്ധിപ്പിക്കാൻ സാധിക്കുന്ന തരത്തിലാണ് കഥയുടെ ഒഴുക്ക്. രണ്ടാം പകുതിയിൽ കോളേജിനു ശേഷമുള്ള അരുണിന്റെ വ്യക്തിജീവിതത്തിലെ സംഭവവികാസങ്ങളാണ് അരങ്ങേറുന്നത്. 

ഒട്ടനേകം വൈബ്രന്റായ നിമിഷങ്ങളാണ് രണ്ടാം പകുതി നമുക്കായി സമ്മാനിക്കുന്നത്. അരുണിന്റെ ജീവിതത്തിനൊപ്പം പ്രേക്ഷകരും സഞ്ചരിക്കുന്ന അനുഭൂതിയാകും ഏവർക്കും ലഭിക്കുക. ചെന്നൈ പശ്ചാത്തലമാക്കിയാണ് എൻഞ്ചിനീയറിംഗ് കോളജ് ചിത്രത്തിൽ കാണിക്കുന്നത്. കഥ നടക്കുന്ന ഭൂമികയുടെ ഉൾകാഴ്ചകളെ പരമാവധി ഉൾപ്പെടുത്തിക്കൊണ്ടാണ് അണിയറപ്രവർത്തകർ സിനിമ ചിട്ടപ്പെടുത്തിയിരിക്കുന്നത്. തമിഴ് ദേശക്കാരായി കാണിക്കുന്ന സെൽവ അടക്കമുള്ള കഥാപാത്രങ്ങളുടെ സ്വഭാവസവിശേഷതകളിൽ തമിഴ് ഗന്ധമുണ്ട്.
സിനിമയുടെ രണ്ടാം പകുതി അരുണിന്റെ കോളേജിനു ശേഷമുള്ള ജീവിതം പറയുന്നത് തീർത്തും പുതുമയാർന്ന ശൈലിയിലാണ്. അനവധി പരിണാമങ്ങൾ കഥാപാത്രങ്ങൾക്ക് സംഭവിച്ചെന്ന് പ്രേക്ഷകർക്ക് അങ്ങേയറ്റം റിയലിസ്റ്റിക്കായി അനുഭവപ്പെടും. ഇത്തരം വികാരം കാണികൾക്ക് നൽകുന്നത് സംവിധായക കുപ്പായമണിഞ്ഞ വിനീതിന്റെ നൈപുണ്യം ഒന്നു കൊണ്ടു മാത്രമാണ്.
അരുൺ ആയിയിട്ടുള്ള പ്രണവ് മോഹൻലാലിന്റെ പ്രകടനം തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. വളരെ പോളിഷ്ഡായ പ്രകടനമാണ് പ്രണവ് കാഴ്ചവെക്കുന്നത്. മുൻപ് അഭിനയിച്ച സിനിമകളിൽ നിന്നും തീർത്തും വ്യത്യസ്തമായ അഭിനയമുറയാണ് പ്രണവ് സ്വീകരിച്ചിട്ടുള്ളത്. 

കഥാപാത്രത്തിന്റെ ഗ്രാഫ് നല്ലരീതിയിൽ കൊണ്ടുപോയിട്ടുണ്ട്. അഭ്രപാളികളിൽ പ്രണവിന്റെ കഥാപാത്രത്തിന്റെ സാന്നിദ്ധ്യം തെളിഞ്ഞ് നിൽക്കുന്നു. കൃത്രിമത്വം ഒരു തരി പോലും കലരാത്ത സംഭാഷണങ്ങളാണ് കേന്ദ്രകഥാപാത്രം പറഞ്ഞുഫലിപ്പിച്ചിട്ടുള്ളത്. പ്രണവിനെപ്പറ്റി വ്യക്തമായ നിരീക്ഷണബോധ്യമുള്ള ഒരാൾ സൃഷ്ടിച്ച കഥാപാത്രമാണ് അരുൺ എന്നത് തീർച്ച. എത്തേണ്ട കരങ്ങളിൽ എത്തിയപ്പോൾ മലയാള സിനിമയുടെ പുതിയൊരു നടന്റെ കാണാപുറങ്ങൾ നാം കണ്ടു എന്ന് പറയാം. നായകകഥാപാത്രം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റുക ദർശനാ രാജേന്ദ്രനും കല്യാണി പ്രിയദർശനും അവതരിപ്പിച്ച കഥാപാത്രങ്ങളാണ്. ഒന്നിനൊന്ന് മികച്ചതായി മാറി ഇരുവരുടേയും പ്രകടനങ്ങൾ. സസൂക്ഷ്മമായി നിരീക്ഷിച്ചാൽ പല ഭാവങ്ങളും ഇരുവരും വളരെ ഭംഗിയായി ചെയ്തു ഫലിപ്പിച്ചിട്ടുണ്ട്. തിരക്കഥ ആവശ്യപ്പെടുന്ന നായികാഭാവനകൾക്കതീതമാണ് രണ്ടു പേരുടേയും ശക്തമായ ഭാവപ്രകടനങ്ങൾ.
ഹൃദയത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ് അതിന്റെ കാസ്റ്റിംഗാണ്. എല്ലാ അഭിനേതാക്കളും തങ്ങളൾക്ക് ലഭിച്ച കഥാപാത്രങ്ങളോട് പരമാവധി നീതി പുലർത്തും വിധമുള്ള പ്രകടനമാണ് വെള്ളിത്തിരയിൽ നടത്തിയത്. വിജയരാഘവൻ, ജോണി ആന്റണി, അശ്വത് ലാൽ, അജു വർഗ്ഗീസ്, അരുൺ കുര്യൻ, കാലേഷ് രാമാനന്ദ്, അനു ആന്റണി, തുടങ്ങിയവർ അരങ്ങിൽ തങ്ങളുടെ ദൗത്യങ്ങളെ മികവുറ്റതാക്കി. ഒരാളുടെ ജീവിതയാത്ര പറയുന്ന സിനിമയായതിനാൽ അനവധി അഭിനേതാക്കാൾ സിനിമയിലുടനീളം വന്നുപോകുന്നുണ്ട്. എന്നാൽ എല്ലാവർക്കും അവരവരുടേതായ അർഹമായ ഇടങ്ങൾ സംവിധായകൻ കൊടുത്തിട്ടുണ്ട്. 

ഹിഷാം അബ്ദുൾ വഹാബിന്റെ സംഗീതമാണ് സിനിമയുടെ ആത്മാവ്. പതിനഞ്ച് പാട്ടുകളാണ് മൊത്തമായി ഹൃദയത്തിലുള്ളത്. സിനിമയുടെ ഒഴുക്കിനൊത്ത് ഹിഷാമിന്റെ സംഗീതവും സഞ്ചരിക്കുന്നു. സംഗീതവും സിനിമയും തമ്മിലുള്ള ഉത്തമമായ കൂടിചേരലിനാണ് പലയിടത്തും പ്രേക്ഷകർ സാക്ഷ്യം വഹിക്കുക. ആഗോളതലത്തിലുള്ള സംഗീതോപകരണങ്ങളുടെ ഉപയോഗം ഒരു സമകാലീകമായ സംഗീതാസ്വാദനതലം സമ്മാനിക്കുന്നുണ്ട്. പഴയകാല ഓഡിയോ കാസറ്റുകൾ വഴി ഹൃദയത്തിലെ പാട്ടുകൾ മാർക്കറ്റ് ചെയ്ത രീതിയൊക്കെ ഈ കാലഘട്ടത്തിൽ തീർത്തും വേറിട്ട ആശയമായി കാണാം. 

രണ്ട് മണിക്കൂർ അൻപത്തി രണ്ട് മിനിറ്റ്. ഇത് സിനിമയെ സംബന്ധിച്ച് വളരെ വലിയ ദൈർഘ്യമാണ്. എന്നാൽ രഞ്ജൻ എബ്രഹാമിന്റെ എഡിറ്റിങ്ങ് മികവ് സിനിമയുടെ ആസ്വാദനതലത്തെ പകരംവയ്ക്കാനാകാത്ത തരത്തിൽ ഉയർത്തി കാട്ടുന്നു. ഓരോ ഷോട്ടും അതിന്റെ മനോഹാരിതയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ട്രാൻസിഷൻസ് യാഥാർത്ഥ്യബോധത്തോടുകൂടി കൈകാര്യം ചെയ്തിട്ടുണ്ട്. നീണ്ട ദൈർഘ്യം എന്നത് സിനിമയുടെ ഒരു ഘട്ടത്തിലും മുഷിപ്പ് തോന്നിപ്പിക്കുകയോ പോരായ്മയായി അനുഭവപ്പെടുകയോ ചെയ്യുന്നില്ല. ഏതൊരു സീനിലും രസകരമായി മുന്നോട്ട് പോകുന്ന മുഹൂർത്തങ്ങൾ മാത്രം. 

വിശ്വജിത്ത് ഒടുക്കത്തിലിന്റെ ഛായാഗ്രഹണം പ്രേത്യേകമായി പരാമർശിക്കേണ്ട ഒന്നാണ്. കഥയുടെ വശങ്ങൾക്ക് ഇണങ്ങുന്ന രീതിയിലാണ് ക്യാമറാ കണ്ണുകൾ ചലിക്കുന്നത്. ചില സന്ദർഭങ്ങളിലെ ലൈറ്റിങ്ങും ക്യാമറാ പൊസിഷനിങ്ങുമൊക്കെ കഥാപാത്രങ്ങളുടെ മാനസികാവസ്ഥയെ വ്യക്തമായി വരച്ചുകാട്ടുന്നു. ആദ്യ പകുതിയിലേയും രണ്ടാം പകുതിയിലേയും ദൃശ്യഭാഷ വെവ്വേറെ രീതിയിലാണ് ട്യൂൺ ചെയ്തിട്ടുള്ളത്. വിശ്വജിത്തിന്റെ ക്രിയാത്മകമായ വീക്ഷണത്തിന്റെ ഫലമാണതെന്ന് വ്യക്തമാണ്.
ഹൃദയത്തിന്റെ തിരക്കഥയിലൂടെ വിനീത് പുതിയൊരു ചലച്ചിത്രഭാഷ്യത്തിന് രൂപം കൊടുത്തിരിക്കുകയാണ്. സംഗീതസാന്ദ്രമായ രംഗങ്ങളിലൂടെ മനുഷ്യമനസ്സുകളുടെ ഹൃദയം എങ്ങനെ സ്പർശിക്കാമെന്നതിന്റെ വ്യാഖ്യാനമായി ഈ രചന മാറുന്നു. മാറുന്ന സിനിമാരചനാ രീതിയുടെ വിപ്ലവകരമായ ചുവടുവയ്പ്പ് എന്ന് അതിനെ വിശേഷിപ്പിക്കാം. ദുഖമായാലും സന്തോഷമായാലും അതിന് ജീവിതത്തിൽ ഞൊടിയിടയുടെ ആയുസ്സ് മാത്രമേയുള്ളൂ എന്ന് ഹൃദയം പ്രേക്ഷകരോട് പറയുന്നു. നമ്മളുടെ ചിന്തയിൽ ഊട്ടി ഉറപ്പിക്കുന്നതാണ് ജീവിതത്തിലെ ശാശ്വതമായ കാര്യങ്ങൾ എന്നും ചിത്രം സംസാരിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.