1996 സെപ്റ്റംബർ മാസം കേരള സാഹിത്യ അക്കാദമിയുടെ യുവ എഴുത്തുകാർക്കായുള്ള സാഹിത്യക്യാമ്പ് തിരുവനന്തപുരത്ത് നടക്കുകയാണ്. എം ടി വാസുദേവൻ നായരും കെ എൽ മോഹനവർമ്മയുമാണ് സാഹിത്യ അക്കാഡമി ഭാരവാഹികൾ. ആ ക്യാമ്പിൽ നോവൽ സാഹിത്യത്തെക്കുറിച്ച് യുവമനസുകളുമായി സംവദിക്കുവാൻ എത്തിയവരിൽ ഒരാൾ ജി വിവേകാനന്ദനായിരുന്നു. ‘ശ്രുതിഭംഗം’ എന്ന നോവലിലൂടെ സാഹിത്യ അക്കാദമി അവാർഡ് അദ്ദേഹത്തിന് ലഭിച്ചിരുന്നെങ്കിലും ജി വിവേകാനന്ദന്‍ ശ്രദ്ധേയനാകുന്നത് ‘കള്ളിച്ചെല്ലമ്മ’ എന്ന നോവലിലൂടെയാണ്. ശാക്തീകരണത്തിന്റെയും ധെെര്യത്തിന്റെയും ആത്മാഭിമാനത്തിന്റെയും സ്ത്രീരൂപമായി കള്ളിച്ചെല്ലമ്മ നിറഞ്ഞുനിന്ന രചന.
ക്യാമ്പ് അംഗങ്ങളുടെ ചോദ്യങ്ങൾക്ക് നിറപുഞ്ചിരിയോടെ അദ്ദേഹം മറുപടി പറഞ്ഞുകൊണ്ടേയിരുന്നു. കള്ളിച്ചെല്ലമ്മയെക്കുറിച്ചായിരുന്നു അധികം ചോദ്യങ്ങളും. ഒടുവിൽ കള്ളിച്ചെല്ലമ്മയുടെ പിറവിക്ക് പിന്നിലെ കഥ അദ്ദേഹം പറഞ്ഞുതുടങ്ങി. കേരളകൗമുദി വർക്കല ലേഖകന്റെ ഒരു വാർത്തയാണ് കള്ളിച്ചെല്ലമ്മയിലേക്ക് ജി വിവേകാനന്ദനെ നയിച്ചത്. ചെല്ലമ്മ എന്ന ഒരു സ്ത്രീ രാത്രി തെങ്ങിൽ കയറി ഒരു കുല തേങ്ങയും മോഷ്ടിച്ച് താഴേക്കിറങ്ങുമ്പോൾ ഉടമസ്ഥൻ പിടികൂടി. കൂടാതെ തേങ്ങാക്കുല ചെല്ലമ്മയുടെ തലയിൽ വയ്പിച്ച് പൊലീസിൽ ഏല്പിച്ചു. ഈ വാർത്തയിലെ ചെല്ലമ്മയാണ് ജി വിവേകാനന്ദനിലേക്ക് കുടിയേറിയത്. കൂടാതെ കോയമ്പത്തൂർ യാത്രക്കിടയിൽ കണ്ട കാഴ്ചയും നോവലിന് പ്രചോദനമായി. മുണ്ടും മടക്കിക്കുത്തി നീളൻ ടോർച്ച് കയ്യിൽ പിടിച്ച് മുറുക്കാനും ചവച്ചുനിന്ന ഭാനു എന്ന കോയമ്പത്തൂർകാരിയിലൂടെ കള്ളിച്ചെല്ലമ്മ യാഥാർത്ഥ്യമാകുന്നു.
തെക്കൻ തിരുവിതാംകൂറിന്റെ ഭാഷയും സംസ്കാരവും ജി വിവേകാന്ദന്റെ രചനകളിൽ കാണാം. പാർശ്വവത്കരിക്കപ്പെട്ട വ്യക്തികളും സമൂഹവും ജീവിതങ്ങളും കൂട്ടിച്ചേർക്കപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ കഥാപാത്രങ്ങളും കഥാതന്തുക്കളും. അതുകൊണ്ട് തന്നെ ശ്രേഷ്ഠമായ കലാദർശനപാടവമോ, അത്യപൂർവമായ കഥാതന്തുക്കളൊ അദ്ദേഹത്തിന്റെ കൃതികളിൽ കാണാൻ കഴിഞ്ഞേക്കില്ല. എന്നാൽ ശക്തമായ വികാര പ്രപഞ്ചത്തിലൂടെയാണ് അദ്ദേഹത്തിന്റെ പല കൃതികളും കടന്നുപോകുന്നത്. സമൂഹത്തിലെ ദുഃഖിക്കുന്നവരുടെ ജീവിതം അനാവരണം ചെയ്ത് അതിൽ വായനക്കാരനെ ലയിപ്പിക്കുന്ന രസതന്ത്രം അദ്ദേഹത്തിനുണ്ട്. എന്നാൽ കാല്പനികതയുടെ തീക്ഷ്ണത ‘യക്ഷിപ്പറമ്പ്’ എന്ന നോവലിലൂടെ നാം തിരിച്ചറിയുന്നുമുണ്ട്.
അനുഭവസമ്പത്തുകൊണ്ട് തന്റെ രചനാലോകത്തിന് അടിത്തറ പാകിയ എഴുത്തുകാരിൽ ഒരാളാണ് ജി വിവേകാനന്ദൻ. വിദ്യാഭ്യാസത്തിന് ശേഷം പല ജോലികളിലും ഏർപ്പെട്ടു. രണ്ടാം ലോകമഹായുദ്ധ കാലത്ത് പട്ടാളത്തിൽ സേവനം അനുഷ്ഠിച്ചു. അതിനുശേഷം തിരുവനന്തപുരം സർക്കാർ ആശുപത്രിയിൽ കമ്പോണ്ടറായി. തുടർന്ന് ആകാശവാണിയിൽ. ആകാശവാണിയിലെ ജോലി ഉപേക്ഷിച്ചാണ് സംസ്ഥാന പബ്ലിക് റിലേഷൻസ് വകുപ്പിൽ കൾച്ചറൽ ഡെവലപ്മെന്റ് ഓഫീസറായും പ്രവർത്തിച്ചു. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ മാനേജിങ് ഡയറക്ടറായിരിക്കെയാണ് ചിത്രാഞ്ജലി സ്റ്റുഡിയോ തിരുവല്ലത്ത് സ്ഥാപിച്ചത്. കുറച്ചുകാലം പത്രസ്ഥാപനത്തിലും ജോലി നോക്കി.
മുപ്പതോളം നോവലുകൾ ഇരുപതോളം ചെറുകഥകൾ, നാടകങ്ങൾ, ഗദ്യകൃതികൾ എന്നിങ്ങനെ പോകുന്നു ജി വിവേകാനന്ദന്റെ രചനാ സമ്പത്ത്.
സാഹിത്യരംഗത്ത് മാത്രമല്ല, ചലച്ചിത്രരംഗത്തും അദ്ദേഹം തന്റെ പ്രതിഭയെ അടയാളപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം രചനയും തിരക്കഥയും സംഭാഷണവും നിർവഹിച്ച ‘കള്ളിച്ചെല്ലമ്മ’ മലയാളത്തിലെ ആദ്യ ഓർവ്വോ കളർചിത്രമായി പി ഭാസ്കരന്റെ സംവിധാനത്തിൽ തിരശീലയിൽ പ്രേംനസീറും ഷീലയും നിറഞ്ഞാടി. തുടർന്ന് മലയാളത്തിലെ സൂപ്പർഹിറ്റുകളായ ‘ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു’, ‘മഴക്കാറ്’, ‘ടാക്സി ഡ്രെെവർ’, ‘വാർഡ് നമ്പർ ഏഴ്’, ‘ഒരു യുഗന്ധ്യ’, ‘വിസ’ എന്നീ ചലച്ചിത്രങ്ങളുടെ കഥാകാരനായി ജി വിവേകാനന്ദൻ. 1999 ജനുവരി 23നാണ് അദ്ദേഹം നമ്മോട് കഥപറച്ചിൽ അവസാനിപ്പിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ നമ്മോട് കഥ പറഞ്ഞുകൊണ്ടേയിരിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.