19 December 2024, Thursday
KSFE Galaxy Chits Banner 2

അസൽ മലയാളി സൂപ്പർ ഹീറോ

അശ്വതി വി പി
January 9, 2022 2:00 am

അമാനുഷികതയും മനുഷ്യസാധ്യമല്ലാത്ത പ്രവൃത്തികളും കുട്ടികളെന്നോ മുതിർന്നവരെന്നൊ വ്യത്യാസമില്ലാതെ എല്ലാവരും ശ്രദ്ധിക്കുകയും കൗതുകമുണർത്തുകയും ചെയ്യുന്നു. സ്വയം പ്രബുദ്ധരെന്ന് അവകാശപ്പെടുന്ന മലയാളിയും ഇക്കാര്യത്തിൽ പിന്നോട്ടല്ല. പല വേഷം കെട്ടിയ ഓൺലെെൻ, ഓഫ് ലൈൻ തട്ടിപ്പു സംഘങ്ങൾ നമ്മുടെ നാട്ടിലും തടിച്ചുകൊഴുക്കുന്നതും അവസാനം പൊ‍ട്ടിത്തെറിക്കുന്നതും ഇടതടവില്ലാതെ അവ ആവർത്തിക്കുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല. നമുക്ക് അസാധ്യമെന്ന് മനസിലുറപ്പിച്ചിട്ടുള്ളവ മറ്റൊരാൾ ചെയ്യുന്നതു കാണുമ്പോഴുള്ള അത്ഭുതം കലർന്ന കൗതുകളം വളരെ വലുതാണ്. ഒരു മിന്നൽപ്പിണർ മിന്നിമായുമ്പോൾ പുറത്തുവരുന്നത് ഒരു ബില്യൺ വോൾട്ട് ഇലക്ട്രിസിറ്റികൊണ്ട് ഒരു ബില്യൺ വീടുകളുടെ ഗാർഹിക ഉപഭോഗം സാധ്യമാണെങ്കിൽ അത്രയും ഇലക്ട്രിസിറ്റി സ്വന്തം ശരീരത്തിൽ സൂക്ഷിക്കാൻ കഴിയുന്ന ഒരാളുടെ ശക്തി ഓർത്തു നോക്കൂ. ഒരു മിന്നൽകൊണ്ട് ജീവിതം സ്ഫോടനാത്കമകായ വിധം പ്രകാശപൂരിതനായ മുരളി എന്ന അയൽപക്കത്തെ ചെറുപ്പക്കാരനെക്കുറിച്ചാണ് മലയാളി ഒരാഴ്ചയായി ചർച്ച ചെയ്യുന്നത്. മികച്ച അഭിനേതാവെന്ന പേര് നേടിയ ബേസിൽ ജോസഫ് സംവിധാനം ചെയ്ത ‘മിന്നൽ മുരളി’ ഭ്രമകല്പനയുടെ തനത് മലയാള വ്യാഖ്യാനം കൂടിയാണ് കാഴ്ചവയ്ക്കുന്നത്.

നന്മ VS തിന്മ
ഒരു നാണയത്തിന്റെ ഇരുവശങ്ങൾ പോലെയാണ് നന്മയും തിന്മയും നിഴലിക്കുന്ന ജീവിതപ്പോരാട്ടങ്ങൾ. അപ്രതീക്ഷിതമായി ലഭിക്കുന്ന സൂപ്പർപവർ എങ്ങനെ ഉപയോഗിക്കണം എന്നത് അത് ലഭിക്കുന്ന ആളുടെ തിരഞ്ഞെടുപ്പിനെ മാത്രം ആശ്രയിച്ചിരിക്കും. സൃഷ്ടിപരമായ ഞാനെന്ന സ്വത്വത്തിനപ്പുറം ഞാൻ നിലകൊള്ളുന്ന പരിസരത്തെ സർവചരാചരങ്ങളെയും നോവിക്കാതെ ഉൾക്കൊണ്ടുകൊണ്ടും അതുപയോഗിക്കാം. അല്ലെങ്കിൽ ഞാനെന്ന സ്വാർത്ഥതയിലും അഹംഭാവത്തിലും ഉരുകൊള്ളുന്ന സർവസംഹാരത്തിനായും അതിനെ ഉപയോഗിക്കാം.

ആ തിരഞ്ഞെടുപ്പിന്റെ ശരിതെറ്റുകളിലാണ് ഒരു വ്യക്തിയുടെ ജീവിതത്തിന്റെ അർത്ഥവും സാരാംശവും നിലകൊള്ളുന്നത്. ജീവിതത്തിന്റെ വളരെ ലളിതമായ ഈ പൊരുൾ അങ്ങേയറ്റം കോമിക്കായി പറയാൻ ശ്രമിച്ചതാണ് മിന്നൽ മുരളി ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇന്ന് ട്രോളുകൾ സൃഷ്ടിക്കുന്നത്. ഇത് ഒരു താൽക്കാലിക പ്രതിഭാസം മാത്രമാണ്. ഇതേ വേഗത്തിൽ തന്നെ വെെകാതെ അത് കെട്ടടങ്ങുകയും ചെയ്യും.

നൂറു ശതമാനം എന്റർടെയിനർ
ഇതുവരെ പാശ്ചാത്യ സിനിമയിലെ സൂപ്പർഹീറോകളെയാണ് നമ്മുടെ കുട്ടികളും ഫാന്റസി പ്രിയരായ മുതിർന്നവരും നെഞ്ചേറ്റി ലാളിച്ച് കൊണ്ടുനടന്നിരുന്നത്. എടുത്താൽ പൊങ്ങുന്നതുമാത്രം എടുത്താൽ പോരേ എന്ന മട്ടിലുള്ള ആത്മനിന്ദയില്ലാത്ത തനിനാടൻ മലയാളി ശെെലിയിലുള്ള സൂപ്പർഹീറോയാണ് ടൊവിനൊ തോമസ് അവതരിപ്പിക്കുന്ന ‘ജയ്സൺ’ എന്ന നാട്ടിൻപുറപ്പയ്യൻ. സൂപ്പർ ഹീറോയിസത്തിലെ പരിമിതകളെയും പൂർണമനസോടെയും ആത്മവിശ്വാസത്തോടെയും സ്വീകരിക്കാനും തുറന്നുസമ്മതിക്കാനും തയ്യാറാകുന്ന ജെയ്സനെയാണ് പ്രേക്ഷകർ നെഞ്ചോട് ചേർക്കുന്നത്. ജയ്സണിന്റെ മറുവശം കാണിക്കാൻ ബേസിൽ ഉപയോഗിച്ചത് തീയറ്റർ ആർട്ടിസ്റ്റായ ഗുരു സോമസുന്ദരത്തിന്റെ പുതുമയുള്ള ശരീരഭാഷയാണ്. സോമസുന്ദരത്തിന്റെ വില്ലൻ കഥാപാത്രത്തിന്റെ പേരുതന്നെ പ്രേക്ഷകരെ ചിരിപ്പിച്ചു തുടങ്ങും- ‘ഷിബു’. സഹകഥാപാത്രങ്ങളായ ഉഷയും ബ്രൂസ് ലി ബിജിയും പോത്തനും ബിൻസിയുമൊക്കെ പേരും പെരുമയും കൊണ്ടുതന്നെ ചിരി പടർത്തുന്നവരാണ്. കഥ നടക്കുന്ന കാലത്തെക്കുറിച്ച് സൂചനയൊന്നും ചിത്രത്തിൽ വ്യക്തമാക്കുന്നില്ല എന്നതാണ് മറ്റൊരു കാര്യം. ഷിബുവിന്റെ അംഗവിക്ഷേപങ്ങളും വേഷവുമൊക്കെ പഴയകാലത്തെ ഓർമ്മിപ്പിക്കുമ്പോൾ ഒപ്പം ജീവിക്കുന്ന ജയ്സൺ ആധുനിക സാങ്കേതികവിദ്യയുടെ പുതിയ യുഗത്തിന്റെ പ്രതിനിധിയുമാകുന്നത് പലപ്പോഴും ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. എങ്കിലും മനസിനും മസിലിനും ബലംകൊടുക്കാതെ പോപ്കോണിനൊപ്പം റിലാക്സ് ചെയ്യാവുന്ന കോമഡി എന്റർടെയിനാണ് മിന്നൽ മുരളി.

ലോകം കാണുന്ന മുരളി
കോവിഡ് സാഹചര്യത്തിൽ ഇതൾ വിടർന്ന ഒടിടി പൂമരത്തിന്റെ ശാഖകൾ നീണ്ടുവളർന്നത് 190 രാജ്യങ്ങളിലേക്കാണ്. ‘മിന്നൽ മുരളി’ നെറ്റ്ഫ്ലിക്സിലൂടെ പുറത്തുവന്നപ്പോൾ 190 രാജ്യങ്ങളിലെ സിനിമാപ്രേക്ഷകരുടെ അകത്തളങ്ങളിലേക്കാണ് ഒരേ സമയം അതെത്തിച്ചേർന്നത്. നെറ്റ്ഫ്ലിക്സിലൂടെ ഏറ്റവും കൂടുതൽ പേർ കണ്ട മലയാള ചിത്രമായി മിന്നൽ മുരളി. സ്പാനിഷ്, പോർച്ചുഗീസ് ഉൾപ്പെടെ എട്ട് ഭാഷകളിലേക്ക് ഈ ചിത്രം ഡബ് ചെയ്തിട്ടുണ്ട് എന്നതും ചെറിയ കാര്യമല്ല. മലയാളത്തെ ലോകശ്രദ്ധയിലെത്തിക്കാൻ മിന്നൽ മുരളിയും അങ്ങനെ പങ്കാളിയാവട്ടെ. ഇതൊക്കെയാണെങ്കിലും രണ്ടേമുക്കാൽ മണിക്കൂർ നീട്ടേണ്ടിയിരുന്നില്ല മിന്നൽ പ്രകടനം. കുറച്ചുകൂടി കയ്യൊതുക്കത്തോടെ ചുരുക്കിപ്പറഞ്ഞിരുന്നെങ്കിൽ കൂടുതൽ നന്നായേനെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.