26 December 2024, Thursday
KSFE Galaxy Chits Banner 2

ലക്ഷ്മണരേഖ

-രേഖ ആർ താങ്കൾ
January 23, 2022 4:35 am

ലക്ഷ്മണരേഖകളൊക്കെ
സാങ്കല്പികങ്ങളാണ്
യഥാർത്ഥ പ്രതിബിംബം
ഉണ്ടാക്കാത്തതിനാൽ
സ്ക്രീനിൽ പതിപ്പിക്കാനാവില്ല
എപ്പോഴും
കുത്തി നോവിക്കുന്നില്ലെന്ന് കരുതി
ചത്തുപോയെന്ന് കരുതരുത്
തൊണ്ടയ്ക്ക് കുടുങ്ങിപ്പോയ
മീൻമുള്ള് പോലെ
ഇറക്കാൻ ശ്രമിക്കുമ്പോൾ മാത്രം
അവിടെയുണ്ടെന്ന്
ഓർമിപ്പിച്ചുകൊണ്ടിരിക്കും
കാലമൊഴുകിയ തിണർപ്പുകളിലൊക്കെ
വേർതിരിക്കാനാവാത്തവർ
അലിഞ്ഞു ചേർന്നിട്ടുണ്ടാവും
തലങ്ങും വിലങ്ങും
നെയ്തിട്ടിരിക്കുന്നവ
വർത്തമാനത്തിന്റെ
ആസക്തികൾക്കിടയിൽ
ദൃഷ്ടിഗോചരമാവാനിടയില്ല
നാടുകടത്തപ്പെടാനും
നാളിതുവരെ സ്വന്തമായിരുന്ന
നാട്ടുരാജ്യങ്ങളൊക്കെ
അന്യാധീനപ്പെടാനും
കാക്കക്കാലിന്റെ തണലുപോലുമില്ലാതെ
തളച്ചിടപ്പെടാനും
തയ്യാറുള്ളവർ മാത്രമേ
മുറിച്ചുകടക്കാനൊരുങ്ങാവൂ! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.