21 November 2024, Thursday
KSFE Galaxy Chits Banner 2

എഴുന്നൂറാം വേദി പിന്നിട്ട് രംഗചേതന

ജോൺ തോമസ്
November 10, 2024 2:48 am

അപ്പ അമ്മ എന്നു മാത്രം വിളിക്കാൻ കഴിയുന്ന ഒരു കുട്ടി ജനക്കൂട്ടത്തിനിടയിലൂടെ കടന്ന് വരുന്നത് കണ്ടാൽ അതിനെ നിസാരമായി കാണരുത്. തന്റെ മാതാപിതാക്കളിൽ നിന്ന് കൈവിട്ടുപോയ ഒരു നിസഹായന്റെ നിലവിളിയാവാം അത്. ഭിന്ന ശേഷിക്കാരനായി ജനിച്ചു എന്ന കാരണത്താൽ മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ടവനുമാകാം. അവൻ സമൂഹത്തിന്റെ പരിഗണന അർഹിക്കുന്നവനാണ്. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ഒരു നാടകമാണ് രംഗോത്സവം എഴുന്നൂറാം അരങ്ങിനോടനുബന്ധിച്ചു അവതരിപ്പിച്ച ‘അപ്പ അമ്മ’ എന്ന നാടകം. കെ വി ഗണേഷ് രചനയും സംവിധാനവും നിർവഹിച്ച നാടകം കേവലം ആസ്വാദനത്തിന് വേണ്ടി രചിക്കപ്പെട്ട ഒന്നായിരുന്നില്ല. യാതനകളും വേദനകളും അനുഭവിച്ചു, സമൂഹത്തിൽ പല നിലകളിലുള്ള അവഗണന അനുഭവിക്കുന്നവരുടെ യഥാർത്ഥ ജീവിതം തന്നെയാണ് കഥാപാത്രങ്ങളായി അരംഗത്തു ആടിയത്.

ഭിന്നശേഷിക്കാരുടെ സംരക്ഷണ കേന്ദ്രമായ ‘അമ്മ’ എന്നസ്ഥാപനത്തിലെ അന്തേവാസികളാണ് തങ്ങൾ അനുഭവിക്കുന്ന നേർ ജീവിതം നാടകമായി പ്രേക്ഷകർക്കു മുൻപിൽ ആടിയത്. ജീവിതത്തിന്റ നിരർത്ഥകത തിരിച്ചറിയാൻ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ചുടുകാട്. പല നിലയിലുള്ള പൊങ്ങച്ചങ്ങൾ ചുമന്നു നടക്കുന്ന മനുഷ്യർക്ക്‌ അവയോരൊന്നും തരം തിരിച്ചു കാണാൻ ചുട്കാട് പോലെ ഇണങ്ങുന്ന മറ്റൊരു സ്ഥലവുമില്ല. ജി ശങ്കരപ്പിള്ള രചിച്ച ‘രാത്രിഞ്ചരർ’ എന്ന നാടകത്തിന്റെ ആശയം വ്യക്തമാക്കുന്നത് ഈ വിഷയമാണ്. വി എം ചിത്രയാണ് ഈ നാടകം സംവിധാനം ചെയ്തത്. വാസൻ പുത്തൂർ രചിച്ചു, ഷൈജു കല്ലായിയിൽ സംവിധാനം ചെയ്ത ‘ഗംഗപ്രസാദിന്റെ ഡയറി’ എന്ന നാടകം നമ്മുടെ സമകാലിക അവസ്ഥകളുടെ വെളിപ്പെടുത്തലായിരുന്നു. നമുക്ക് ചുറ്റുമുള്ള ജീവിതസാഹചര്യങ്ങൾ എല്ലാം നമ്മുടെ അനുഭവ മണ്ഡലങ്ങളോട് യോജിക്കുന്നു. ഇത് കേവലം യാദൃച്ഛികമായി സംഭവിക്കുന്ന ഒന്നല്ല. കണ്ണാടിയിൽ കാണുന്നതെല്ലാം നമ്മുടെ മുഖമായി മാറിയാലുള്ള അവസ്ഥയെ എങ്ങനെയാണു നമുക്ക് നേരിടാൻ കഴിയുന്നത്…? ജീവിതം ഒന്നേയുള്ളു എന്നും അത് പല രൂപത്തിൽ നമ്മുടെ മുമ്പിൽ നിഴൽ നാടകം ആടുക മാത്രമാണ് ചെയ്യുന്നതെന്നതാണ് വാസ്തവം.
45 വർഷങ്ങളായി തൃശ്ശൂരിന്റെ സാംസ്കാരിക മണ്ഡലത്തിൽ മുദ്രചാർത്തിയ നാടക സംഘമാണ് രംഗചേതന. ജി. ശങ്കരപ്പിള്ളയുടെ ആശീർവാദത്തടെ ദീപം തെളിച്ച രംഗചേതന അമച്വർ നാടകരംഗത്തു സമാനതകൾ ഇല്ലാത്ത പ്രസ്ഥാനമാണ്. ലോക നാടക വേദിയിലെ ക്ലാസിക്കുകൾ ഉൾപ്പെടെ ഒട്ടധികം നാടകങ്ങൾ രംഗചേതനയിലൂടെ സാഷാത്കാരം നേടിയിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖരായ നാടകകൃത്തുക്കളുടെ എണ്ണമറ്റ കഥാപാത്രങ്ങൾ രംഗചേതനയുടെ തട്ടിൽ നടന വൈഭവം പ്രകടിപ്പിച്ചിട്ടുണ്ട്. കുട്ടികൾക്ക് വേണ്ടിയുള്ള ‘കളിവട്ടം’, മുതിർന്നവർക്ക് വേണ്ടി ഒരു വർഷം നീണ്ട ‘സൺഡേ തീയറ്റർ’ എന്നിവ രംഗചേതനയുടെ സമാന്തര നാടക പരിശീലന പദ്ധതികളാണ്. ഈ പഠന ക്കളരിയിൽ നിന്ന് രൂപപ്പെട്ടവർ പിന്നീട് നാടക, സിനിമാ രംഗങ്ങളിൽ തങ്ങളുടെ പ്രാഗല്ഭ്യം തെളിയിച്ചിട്ടുണ്ട്. നാടക രചയിതാക്കൾ, അഭിനേതാക്കൾ, സംഗീതസംവിധായകർ, സാങ്കേതിക പ്രവർത്തകർ, സംവിധായകർ, സാമൂഹ്യ സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്നവർ എന്നിങ്ങനെ നിരവധി കലാകാരന്മാർ ഇന്ത്യയിലും വിദേശങ്ങളിലുമായി പ്രവർത്തിക്കുന്നു. മൺമറഞ്ഞ നാടക പ്രതിഭകളെ അനുസ്മരിക്കുന്ന പരിപാടികൾ ലോക നാടകരചയിതാക്കളെയും ക്ലാസിക് കൃതികളെയും ഓർമിപ്പിക്കുന്ന പ്രഭാഷണ പരമ്പരകൾ, ലോക നാടക ദിനത്തോടനുബന്ധിച്ചുള്ള പരിപാടികൾ എന്നിങ്ങനെ നിരവധി പരിപാടികളാണ് രംഗ ചേതന സംഘടിപ്പിച്ചു വരുന്നത്.

കോവിഡ് വ്യാപന കാലത്ത് ലോക്ക് ഡൗൺ നിയമങ്ങൾ പാലിച്ചുകൊണ്ട് തന്നെ നാടക പ്രവർത്തകരുടെ വീടുകളെ കേന്ദ്രീകരിച്ചുകൊണ്ട് നാടകാവതരണങ്ങൾ നടത്തി രംഗചേതന ചരിത്രം സൃഷ്ടിച്ചിരുന്നു. രംഗചേതനയുടെ പ്രാരംഭം മുതൽക്കേ ഞായറാഴ്ചകളിൽ നാടകാവതരണം മുടക്കമില്ലാതെ തുടരുന്നു. ഇ ടി വർഗീസ് മാഷിന്റെ നേതൃത്വത്തിൽ സമർപ്പണമുള്ള ഒരു വലിയ കൂട്ടായ്മയാണ് രംഗചേതനയെ മുന്നോട്ട് കൊണ്ടുപോകുന്നത്. ഇപ്പോഴും രംഗചേതന ജീവൻ നിലനിർത്തുന്നത് അതിന്റെ അണിയറയിൽ പ്രവർത്തിക്കുന്നവരുടെ ആത്മാർത്ഥമായ ത്യാഗം കൊണ്ട് മാത്രമാണ്. രംഗചേതനയുടെ പ്രതിവാര നാടകാവതരണത്തിന്റെ 700മത് വേദിയാണ് ഒക്ടോബർ 13 മുതൽ 20 വരെ തൃശ്ശൂരിൽ സംഗീത നാടക അക്കാദമിയുടെ നാട്യഗൃഹത്തിൽ അരങ്ങേറിയത്. എട്ടു ദിവസം നീണ്ടുനിന്ന നാടകോത്സവത്തിൽ, നാടക അവതരണങ്ങളും അനുസ്മരണങ്ങളും ചർച്ചകളുമാണ് നടന്നത്.
കെ വി ഗണേഷ് രചനയും സംവിധാനവും നിർവഹിച്ച ‘ജനസാഗരം’, എസ്എൽ പൂരം സദാനന്ദന്റെ ‘കാട്ടുകുതിര’ (സംവിധാനം അജിത് കുമാർ ) ‘നാവു മരങ്ങൾ പൂക്കുന്നിടം (രചന, സംവിധാനം എൻ വിനോദ് ) സിഎൻ ശ്രീകണ്ഠൻ നായർ രചിച്ച ‘ആ കനി തിന്നരുത്’ (സംവിധാനം പ്രേംകുമാർ ശങ്കരൻ) എന്നിവയാണ് അവതരിപ്പിച്ച മറ്റു നാടകങ്ങൾ.

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 20, 2024
November 20, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.