കഴിഞ്ഞയാഴ്ച അമേരിക്കൻ ഭൂഖണ്ഡത്തിൽ സുപ്രധാനമായ രണ്ടു സംഭവങ്ങളുണ്ടായി. യുഎസിന്റെയും സഖ്യശക്തികളുടെയും ഉപരോധവും അതേസമയം ആഭ്യന്തര രാഷ്ട്രീയപാർട്ടികളുടെ വെല്ലുവിളികളും കാരണം പ്രയാസങ്ങളും പ്രതിസന്ധികളും നേരിടുന്ന വെനസ്വേലയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഇരുപതോളം രാജ്യങ്ങളുടെയും സംഘടനകളുടെയും പ്രതിനിധികൾ യോഗം ചേർന്നതായിരുന്നു അതിലൊന്ന്. ആറു പതിറ്റാണ്ടായി തുടരുന്ന യുഎസ് ഉപരോധത്തിനിടെ ആ രാജ്യത്തു നിന്നുള്ള നൂറുകണക്കിന് യുവാക്കളുടെ പ്രതിനിധി സംഘം ക്യൂബ സന്ദർശിച്ചു എന്നതായിരുന്നു മറ്റൊന്ന്. വെനസ്വേലയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ച ചെയ്യുന്നതിനായിരുന്നു കൊളംബിയൻ പ്രസിഡന്റ് ഗുസ്റ്റാവോ പെട്രോയുടെ നേതൃത്വത്തിൽ ബഗോട്ടയിൽ ഏകദിന സമ്മേളനം നടന്നത്. വെനസ്വേലൻ രാഷ്ട്രീയ പ്രക്രിയയെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനം എന്ന് പേരിട്ട സമ്മേളനം കൊളംബിയൻ വിദേശകാര്യമന്ത്രാലയത്തിന്റെ ആസ്ഥാനത്തായിരുന്നു ഏപ്രിൽ 25 ന് നടന്നത്. കൊളംബിയൻ പ്രസിഡണ്ട് പെട്രോയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ 19 രാജ്യങ്ങളിലെയും യൂറോപ്യൻ യൂണിയനിലെയും പ്രതിനിധികള്‍ പങ്കെടുത്തു. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ സർക്കാരും യുഎസ് പിന്തുണയോടെ രാജ്യത്ത് പ്രവർത്തിക്കുന്ന തീവ്രവാദ — പ്രതിപക്ഷ വിഭാഗങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ പരിഹരിക്കുകയും ചർച്ചകൾക്ക് വഴിയൊരുക്കുകയും ചെയ്യുക എന്നതായിരുന്നു യോഗത്തിന്റെ ലക്ഷ്യം. കഴിഞ്ഞവർഷം നവംബറിനു ശേഷം ഇരുവിഭാഗങ്ങളും തമ്മിലുള്ള ചർച്ചകൾ നടന്നിരുന്നില്ല.
വെനസ്വേല, ക്യൂബ, നിക്കരാഗ്വ തുടങ്ങിയ രാജ്യങ്ങളിൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധങ്ങളെ പരാമർശിച്ചുകൊണ്ടായിരുന്നു കൊളംബിയൻ പ്രസിഡന്റ് പെട്രോ തന്റെ ആമുഖപ്രസംഗം ആരംഭിച്ചത്. അമേരിക്കക്കാരുടെ ഉപരോധങ്ങളുടെ ഇടമാകാൻ കഴിയില്ലെന്നും സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും ഇടമായിരിക്കണം ഈ മേഖലയെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിന്റെ അവസാനം കൊളംബിയൻ വിദേശകാര്യ മന്ത്രി അൽവാനോ ലേയ്വ അവതരിപ്പിച്ച പ്രഖ്യാപനം പ്രതിനിധികളുടെ അഭിപ്രായങ്ങൾ കൂടി കൂട്ടിച്ചേർത്ത് യോഗം അംഗീകരിച്ചു. 2021 നവംബറിൽ നടന്ന വെനസ്വേലന്‍ പ്രാദേശിക തെരഞ്ഞെടുപ്പിൽ പ്രമുഖ പ്രതിപക്ഷ കക്ഷികൾ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച സാഹചര്യത്തിൽ എല്ലാവരെയും പ്രക്രിയയുടെ ഭാഗമാക്കിക്കൊണ്ടുള്ള ഒരു തെരഞ്ഞെടുപ്പ് സമയക്രമം രൂപീകരിക്കുന്നതിന് ശ്രമിക്കണം, സർക്കാരും പ്രതിപക്ഷവും തമ്മിലുള്ള കരാറുകൾ രാജ്യത്തിന് എതിരായ വിവിധ ഉപരോധങ്ങൾ നീക്കുന്നതിന് സമാന്തരമായിരിക്കണം, നോർവേയുടെ മധ്യസ്ഥതയിൽ മെക്സിക്കോയിൽ നടന്ന ചർച്ചകളുടെ തുടർച്ചയുണ്ടാവണം, യുഎസിന്റെ ഉപരോധങ്ങൾക്കെതിരായി രാജ്യത്തിന്റെ താല്പര്യങ്ങൾക്കനുസരിച്ച് ഇരുവിഭാഗങ്ങളും ഒരുമിച്ചു പ്രവർത്തിക്കണം തുടങ്ങിയവയായിരുന്നു പ്രഖ്യാപനത്തിന്റെ കാതൽ.
അർജന്റീന, ബാർബഡോസ്, ബൊളീവിയ, ബ്രസീൽ, കാനഡ, ചിലി, ഫ്രാൻസ്, ജർമ്മനി, ഹോണ്ടുറാസ്, ഇറ്റലി, മെക്സിക്കോ, നോർവേ, പോർച്ചുഗൽ, തുർക്കി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് യോഗത്തിനെത്തിയത്. വെനസ്വേലൻ സർക്കാരിന്റെയോ പ്രതിപക്ഷ കക്ഷികളുടെയോ പ്രതിനിധികളെ യോഗത്തിൽ വിളിച്ചിരുന്നില്ലെങ്കിലും യോഗാനന്തരം വെനസ്വേലൻ സർക്കാരിന്റെ പ്രസ്താവന പുറത്തു വരികയുണ്ടായി.
യോഗത്തിന്റെ പ്രഖ്യാപനം അംഗീകരിച്ചുകൊണ്ട് വെനസ്വേലൻ ജനതയ്ക്കെതിരെ കടന്നാക്രമണങ്ങൾ സൃഷ്ടിക്കുന്ന അന്താരാഷ്ട്ര നിയമത്തിന്റെയും ഏകപക്ഷീയവും അപകടകരവുമായ നിർബന്ധിത നടപടികൾ എടുത്തു കളയേണ്ടതിന്റെ ആവശ്യകതയുമാണ് പ്രസ്താവന ഊന്നുന്നത്. വെനസ്വേലൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതും വിദേശരാജ്യങ്ങളും ധനകാര്യ സ്ഥാപനങ്ങളും അനധികൃതമായി കൈവശം വച്ചിരിക്കുന്നതുമായ സ്വത്തുക്കൾ തിരികെ നൽകണമെന്നും യു എസിൽ അന്യായമായി തടവിലാക്കിയ നയതന്ത്രജ്ഞൻ അലക്സ് സാബിനെ മോചിപ്പിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും പ്രസ്താവന തുടർന്നു പറഞ്ഞു.
മേഖലയിലെ രാജ്യങ്ങൾക്കെതിരെ യുഎസ് തുടരുന്ന ഉപരോധത്തിനെതിരെ ശക്തമായ നിലപാടെടുക്കുന്ന കൊളംബിയൻ പ്രസിഡന്റ് പെട്രോ ഏപ്രിൽ 20ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി നടത്തിയ കൂടിക്കാഴ്ചയിൽ വെനസ്വേലയ്ക്കെതിരായ സാമ്പത്തിക നടപടികൾ അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി നടന്ന യോഗം വെനസ്വേലയ്ക്കകത്ത് യുഎസ് പിന്തുണയോടെ പ്രവർത്തിക്കുന്ന പ്രതിപക്ഷ കക്ഷികളെ കൂടി കൂട്ടിയോജിപ്പിക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളുടെ തുടക്കമായാണ് വിലയിരുത്തപ്പെടുന്നത്. ക്യൂബൻ തലസ്ഥാനമായ ഹവാനയിൽ നടക്കുന്ന മേയ്ദിന റാലിയിൽ പങ്കെടുത്ത് തിരിച്ചു പോവുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഏപ്രിൽ 24ന് 200ലധികം വരുന്ന യുവജന പ്രതിനിധി സംഘം ക്യൂബയിലെത്തിയത്. യുഎസ് ഭരണാധികാരികൾ ക്യൂബയ്ക്ക് ഉപരോധം ഏർപ്പെടുത്തുകയും അത് ശക്തിപ്പെടുത്തി മുന്നോട്ടു പോവുകയുമാണെങ്കിലും അവിടെയുള്ള ജനങ്ങൾ ക്യൂബയ്ക്ക് ഒപ്പമാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു സംഘത്തിന്റെ സന്ദർശന ലക്ഷ്യം. ഏപ്രിൽ 24ന് ഹവാനയിൽ എത്തിയ സംഘം യൊറോബ കൾച്ചറൽ സെന്ററിൽ ചേർന്ന യോഗത്തിൽ വച്ച് തലസ്ഥാനത്തെ വിവിധ വിഭാഗം ജനങ്ങളുമായി സംവദിച്ചു. കാലാവസ്ഥാ വ്യതിയാനം, വംശീയതക്കെതിരായ പോരാട്ടം, പാർപ്പിട പ്രശ്നം, ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകൾ എന്നിങ്ങനെ വിവിധ വിഷയങ്ങളാണ് ഇരുവിഭാഗങ്ങളും തമ്മിൽ ചർച്ച ചെയ്തത്. 60 വർഷമായി തുടരുന്ന ഉപരോധത്തിനിടെ ക്യൂബയിലെ ജനങ്ങളും യുഎസിലെ ജനങ്ങളും തമ്മിൽ അനുഭവങ്ങൾ പരസ്പരം പങ്കുവയ്ക്കുന്നതിന് സാധിക്കാതെ പോയതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു കൂടിക്കാഴ്ചയ്ക്കും സംവാദത്തിനും അവസരം ഒരുങ്ങിയത്. ഇന്റർനാഷണൽ പീപ്പിൾസ് അസംബ്ലി ആയിരുന്നു യുഎസിലെ വിവിധ സമരങ്ങളിലും സംഘടനകളിലും നേതൃത്വപരമായ പങ്ക് വഹിക്കുന്ന യുവജനങ്ങളുടെ സംഘത്തിന് ക്യൂബ സന്ദർശിക്കുന്നതിന് അവസരമൊരുക്കിയത്.
കറുത്ത വിഭാഗക്കാരുടെ സാമൂഹ്യ മുന്നേറ്റത്തിനായി യുഎസിൽ പ്രവർത്തിക്കുന്ന ബ്ലാക്ക് മെൻ ബിൽഡ്, ബ്ലാക്ക് യൂത്ത് പ്രോജക്ട് 100, ബ്ലാക്ക് ലൈവ്സ് ഗ്രാസ്റൂട്ട്, എന്നിവയ്ക്കൊപ്പം പലസ്തീനിയൻ യൂത്ത് മൂവ്മെന്റ്, സോഷ്യലിസം ആന്റ് ലിബറേഷൻ പാർട്ടി, പീപ്പിൾസ് ഫോറം തുടങ്ങിയ സംഘടനയിൽ നിന്നുള്ളവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ക്യൂബ അതിന്റെ വിജയങ്ങളെയും നേട്ടങ്ങളെയും കൊണ്ടാണ് യുഎസിനെപ്പോലുള്ള സാമ്രാജ്യത്വ ശക്തികളുടെ ഇരകളായി മാറിയതെന്നായിരുന്നു സംഘാംഗമായിരുന്ന ആഫ്രാേ അമേരിക്കൻ സ്റ്റഡീസ് പ്രോഗ്രാമിലെ സുലേകാ റൊമായുടെ പ്രതികരണം. കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ ലോകത്തെ പല രാജ്യങ്ങൾക്കും പ്രത്യാശയുടെ കരങ്ങൾ നീട്ടുന്നതിന് തങ്ങളുടെ രാജ്യത്തിനല്ല ക്യൂബക്കാണ് സാധിച്ചത് എന്ന് പ്രതിനിധി സംഘാംഗങ്ങൾ പറഞ്ഞു.
ക്യൂബയിലെ 80 ശതമാനത്തിലധികം ജനങ്ങളും ഭവന ഉടമകളായി മാറിയതിന്റെ വിവരണങ്ങൾ വിസ്മയത്തോടെയാണ് യുഎസ് യുവത മനസ്സിലാക്കിയത്. കൊളോണിയൽ വാഴ്ചയുടെ അവശേഷിപ്പുകൾ ഉണ്ടായിരുന്നുവെങ്കിലും, യുഎസിൽ ഇപ്പോഴും നിലനിൽക്കുന്ന വർണവിവേചനത്തെ ക്യൂബ പടിക്കുപുറത്ത് നിർത്തിയതിനെക്കുറിച്ചും യുഎസിൽ കറുത്തവരുടെ വിമോചനത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന യുവജന പ്രവർത്തകർ കേട്ടറിഞ്ഞു. യുഎസ് സർക്കാറിന് ഇതുവരെ മനസ്സിലായിട്ടില്ലാത്ത പല കാര്യങ്ങളും ക്യൂബയിൽ നിന്നു പഠിക്കാനുണ്ടെന്ന് കാസ ഡി ലാസ് അമേരിക്കയുടെ പ്രസിഡണ്ട് ആബേൽ പ്രീറ്റോ അഭിപ്രായപ്പെട്ടു. സാമൂഹ്യനീതിയുടെയും ജനപങ്കാളിത്തത്തിന്റെയും സമത്വത്തിന്റെയും ജനാധിപത്യത്തിന്റെയും അടിസ്ഥാനത്തിലാണ് ക്യൂബ മുന്നോട്ട് പോകുന്നതെന്ന അടിസ്ഥാന തത്വം പാഠം യുഎസ് പഠിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഹവാനയിൽ നടക്കുന്ന മേയ്ദിന റാലിയിൽ പങ്കെടുക്കുക എന്നതും പ്രതിനിധി സംഘത്തിന്റെ പരിപാടികളിൽ ഉൾപ്പെട്ടിരുന്നുവെങ്കിലും കാലാവസ്ഥാ പ്രശ്നങ്ങളെ തുടർന്ന് പരിപാടി മാറ്റിവയ്ക്കപ്പെട്ടു. അന്നേദിവസം ക്യൂബൻ പ്രസിഡന്റ് മിഗ്വൽ ഡിയാസ് കാനൽ യുഎസ് യുവജന സംഘങ്ങളുമായി കൂടിക്കാഴ്ചയ്ക്ക് സന്നദ്ധമായി. യുഎസിൽ നിന്നും വളരെ കാലത്തിനുശേഷം എത്തിയ യുവജനങ്ങളുടെ ഈ വലിയ പ്രതിനിധി സംഘത്തെ വളരെയേറെ ആഹ്ലാദത്തോടെയാണ് പ്രസിഡന്റ് സ്വീകരിച്ചത്.
കൊട്ടാരവളപ്പിൽ ഒത്തുകൂടിയ 300 ഓളം വരുന്ന പ്രതിനിധി സംഘങ്ങളുമായി പ്രസിഡണ്ട് സംസാരിച്ചു. ക്യൂബയോടുള്ള പ്രതിബദ്ധതയെക്കുറിച്ചും യുഎസിന്റെ മനുഷ്യത്വരഹിതമായ ഉപരോധത്തിനെതിരായി കൂടുതൽ ശക്തിയോടെ പോരാടുന്നതിനെക്കുറിച്ചും കൂടുതൽ യുവാക്കളെ ആ പോരാട്ടത്തിലേക്ക് ചേർക്കുന്നതിനെക്കുറിച്ചും ഒക്കെ ആയിരുന്നു പ്രതിനിധി സംഘാംഗങ്ങൾ പ്രസിഡണ്ടിനോട് സംസാരിച്ചത്. ക്യൂബയിലെ ഈ ദിവസങ്ങളിൽ ഉണ്ടായ അനുഭവം അതിശയകരമായിരുന്നുവെന്ന് അമേരിക്കൻ സാമൂഹ്യപ്രവർത്തകനായ മനോരോ ഡി ലോ സാൻഡോസ് സംഭാഷണത്തിനിടെ സൂചിപ്പിച്ചു. യുഎസ് ഭരണാധികാരികൾ ഇപ്പോഴും തുടരുന്ന ഉപരോധത്തിന്റെ സാഹചര്യത്തിലും ഇരു രാജ്യങ്ങളിലെയും ജനവിഭാഗങ്ങൾ തമ്മിലുള്ള ഐക്യദാർഢ്യത്തിന്റെ കരുത്ത് വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള സന്ദർശനം ക്യൂബയും അതുപോലെതന്നെ പ്രതിനിധി സംഘാംഗങ്ങളും ഹൃദയത്തിൽ ഏറ്റെടുത്തുവെന്നാണ് സന്ദർശനം വ്യക്തമാക്കുന്നത്. അതേസമയം ക്യൂബയിലെത്തിയ അംഗങ്ങള്‍ നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അനധികൃതമായി കസ്റ്റഡിയിലെടുത്താണ് യുഎസ് അധികൃതര്‍ പ്രതികരിച്ചത്‍. യുഎസ് മിയാമി, നെവാർക്ക് ലിബർട്ടി അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ നിന്നാണ് കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പട്രോളിങ് സേന സംഘാംഗങ്ങളെ കസ്റ്റഡിയിലെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.